Current Date

Search
Close this search box.
Search
Close this search box.

സ്വവര്‍ഗരതി; അന്തസ്സ് ചോദ്യം ചെയ്യപ്പെടുന്നു

സ്വവര്‍ഗ രതിയുടെ മനസ്സുള്ള ഒരുപാട് മൃഗങ്ങളും പക്ഷികളും മീനുകളുമുണ്ട് എന്നാണ് വായിക്കാന്‍ കഴിഞ്ഞിട്ടുള്ളത്. മനുഷ്യന്‍ ഇരുകാലി മൃഗമാണ് എന്ന് മനസ്സിലാക്കിയാല്‍ അവര്‍ക്കും ഈ നിയമം ബാധകമാണ്. ജൈവ സ്വഭാവത്തില്‍ മനുഷ്യരും മൃഗങ്ങളും ഒരേ രീതിയിലാണ് മുന്നോട്ടു പോകുന്നത്. ജീവന്‍ നില നിര്‍ത്താന്‍ ഭക്ഷണം വായു വെള്ളം എന്നത് പോലെ തലമുറകളെ ഉണ്ടാക്കാനുള്ള മാര്‍ഗവും എല്ലാവരും ഒരേ പോലെ പിന്തുടരുന്നു. മനുഷ്യനെ വ്യത്യസ്തനാക്കുന്നത് വിവേക ബുദ്ധിയുള്ള ജീവി എന്നതിനേക്കാള്‍ സംസ്‌കാരമുള്ള ജീവി എന്നത് കൂടിയാണ്.

ഇണകള്‍ എന്ന് പറഞ്ഞാല്‍ ആരുടെ മനസ്സിലേക്കും കയറി വരിക സ്ത്രീയും പുരുഷനും തന്നെയാണ്. വിദേശ രാജ്യങ്ങളില്‍ പലയിടത്തും സ്വവര്‍ഗ വിവാഹം നിയമ സാധുതയുള്ളതാണ്. നമ്മുടെ നാട്ടില്‍ ഇതുവരെ അത് അംഗീകരിക്കപ്പെട്ടിരുന്നില്ല. ഇന്നത്തെ വിധിയോടെ സ്വവര്‍ഗ രതിക്ക് ഇന്ത്യയിലും നിയമാനുസൃതമായ പരിഗണന ലഭിക്കും. സമൂഹത്തിന്റെ ധാര്‍മികതയും വ്യക്തി സ്വാതന്ത്രവും തമ്മില്‍ കൂട്ടിക്കുഴക്കരുത് എന്നാണു കോടതിയുടെ കണ്ടെത്തല്‍. ആരുമായി ഇണചേരണമെന്നത് വ്യക്തിയുടെ മാത്രം വിഷയമാണ്. കഴിഞ്ഞ 150 വര്‍ഷത്തെ നിയമമാണ് കോടതി ഇതോടെ ഇല്ലാതാക്കിയത്.

ഇന്ത്യയുടെ ചുറ്റുമുള്ള രാജ്യങ്ങളില്‍ ചൈനയില്‍ ഈ നിയമം പണ്ടേ നിലവിലുണ്ട്. ശ്രീലങ്ക, പാകിസ്ഥാന്‍, നേപ്പാള്‍ പോലുള്ള രാജ്യങ്ങളിലെ സ്വവര്‍ഗ പ്രേമികളും ഈ നിയമത്തിനു വേണ്ടി മുറവിളി കൂട്ടുന്നു. സനാതന ധര്‍മങ്ങളില്‍ ജീവിക്കുന്ന രാജ്യമാണ് ഇന്ത്യ എന്നാണ് നാം പറഞ്ഞു വരുന്നത്. പ്രായപൂര്‍ത്തി ആയാലും ഇതുവരെ നാം പറഞ്ഞു വന്നത് പ്രകൃതി വിരുദ്ധം എന്നായിരുന്നു. സ്വവര്‍ഗ രതി പ്രകൃതി പരമല്ല എന്ന് നാം സ്വയം അംഗീകരിച്ച കാര്യമാണ്. നിയമം കൊണ്ട് വന്നത് കൊണ്ട് ഇത് അവസാനിക്കും എന്ന് പറയാന്‍ കഴിയില്ല. പക്ഷെ ഒരു തെറ്റിനു നിയമ സാധുത നല്‍കുക എന്നത് ഒരു സമൂഹത്തിന്റെ സാംസ്‌കാരിക നിലയെ സൂചിപ്പിക്കും. വ്യക്തി സ്വാതന്ത്രം എന്നതിന് അതിരു നിശ്ചയിക്കാതിരുന്നാല്‍ പിന്നീട് സംഭവിക്കുക അരാജകത്വമായിരിക്കും. വ്യക്തി സ്വാതത്രം ധാര്‍മികതയെ ചോദ്യം ചെയ്യുന്നത് നല്ല കാര്യമായി തോന്നുന്നില്ല.

സ്വവര്‍ഗ രതിക്കാരെ സമൂഹം മോശമായി കാണുന്നു. മാത്രമല്ല അവര്‍ കേസിനെ കുറിച്ച ഭയത്തിലാണ് കഴിഞ്ഞു കൂടുന്നത്. ഇതിനു പരിഹാരമായാണത്രെ കോടതി വിധി. പോലീസ് കേസില്‍ നിന്നും ഇവര്‍ക്ക് രക്ഷ കിട്ടിയേക്കാം. പക്ഷെ പ്രകൃതി വിരുദ്ധത എന്ന് നാം സ്വയം തീരുമാനിച്ച വിഷയത്തില്‍ നിന്നും പ്രകൃതി പരം എന്ന് പറയാന്‍ കഴിയില്ല എന്നിടത്തു തന്നെയാണ് വിഷയം നില കൊള്ളുന്നത്. മനുഷ്യന്റെ അന്തസ്സ് ചോദ്യം ചെയ്യുന്ന വിധി എന്നെ ഇതിനെ പറയാന്‍ കഴിയൂ. ഒരു സമൂഹത്തില്‍ സ്വവര്‍ഗ രതി ഉണ്ടായപ്പോള്‍ ഒരു പ്രവാചകനെ അയച്ചു കൊണ്ട് ഇതിനെതിരെ ബോധവല്‍ക്കരണം നടത്തി എന്നതാണ് ഖുര്‍ആന്‍ പറയുന്നത്. അവസാനം ആ ജനതയുടെ അടിമേല്‍ നശിപ്പിച്ചു എന്നും ഖുര്‍ആന്‍ പറഞ്ഞുവെക്കുന്നു.

നന്മയും തിന്മയും മനുഷ്യര്‍ തീരുമാനിച്ചാല്‍ അതിന്റെ പരിണിതി ഇങ്ങനെയാകും. ആദമിനെ സൃഷ്ടിച്ച ദൈവം അടുത്തതായി സൃഷ്ടിച്ചത് ആദമിന് ഒരു ഇണയെയാണ്. അത് സ്ത്രീയായിരുന്നു. അപ്പോള്‍ ജീവിത പങ്കാളി എന്നത് എതിര്‍ ലിംഗത്തില്‍ നിന്നാകണം എന്ന് മനുഷ്യര്‍ തീരുമാനിച്ച കാര്യമാണ്. മതമുള്ളവനും ഇല്ലാത്തവനും അങ്ങിനെ തന്നെ. മനുഷ്യനും മൃഗവും തമ്മില്‍ വ്യതിരിക്തമാകുന്ന പലതും നാം വേണ്ടെന്നു വെച്ചാല്‍ അതൊരു സാമൂഹിക ദുരന്തമാകും തീര്‍ച്ച.

Related Articles