Current Date

Search
Close this search box.
Search
Close this search box.

യഥാര്‍ത്ഥത്തില്‍ ഈദ്ഗാഹ് മൈതാനത്ത് എന്താണ് പ്രശ്‌നം ?

കര്‍ണാടകയിലെ ഹുബ്ബള്ളിയിലെ ഈദ്ഗാഹ് മൈതാനിയില്‍ ഗണേശ ചതുര്‍ത്ഥി ആഘോഷങ്ങള്‍ ആസൂത്രണം ചെയ്തതുപോലെ തന്നെ തുടരാമെന്നാണ് അഞ്ജുമാനെ ഇസ്ലാം സമര്‍പ്പിച്ച ഹര്‍ജി തള്ളിക്കൊണ്ട് കര്‍ണാടക ഹൈക്കോടതി ചൊവ്വാഴ്ച രാത്രി പുറപ്പെടുവിച്ച ഉത്തരവില്‍ പറഞ്ഞത്. ഇത് (ഇദ്ഗാഹ് മൈതാനം) കോര്‍പ്പറേഷന്റെതാണ്, അതിന് ഉചിതമെന്ന് തോന്നുന്നത് ചെയ്യാന്‍ കഴിയുമെന്നാണ് കോടതി പറഞ്ഞത്.

ബംഗളൂരുവിലെ ഈദ്ഗാഹ് മൈതാനം എന്ന സമാനമായ പേരിലുള്ള മറ്റൊരു ഗ്രൗണ്ടില്‍ ആഘോഷങ്ങള്‍ നടത്തുന്നത് തടഞ്ഞ് തല്‍സ്ഥിതി തുടരാന്‍ സുപ്രീം കോടതി ഉത്തരവിട്ട സാഹചര്യത്തിലാണ് അതേദിവസം തന്നെ ഹൈക്കോടതിയുടെ നിരീക്ഷണങ്ങള്‍ വന്നതും.

ഹുബ്ബള്ളി-ധാര്‍വാഡ് മുനിസിപ്പല്‍ കോര്‍പ്പറേഷനാണ് (എച്ച്.ഡി.എം.സി) ഹുബ്ബള്ളിയിലെ ഈദ്ഗാഹ് മൈതാനത്ത് ഗണേശ ചതുര്‍ത്ഥി ആഘോഷങ്ങള്‍ നടത്താന്‍ ആദ്യം തീരുമാനിച്ചത്. നേരത്തെ തര്‍ക്കമുണ്ടായ സ്ഥലത്ത് ഉത്സവം ആഘോഷിക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് തീവ്ര വലതുപക്ഷ ഹിന്ദുത്വ ഗ്രൂപ്പുകള്‍ സിറ്റി കോര്‍പ്പറേഷനെ സമീപിച്ചതിനെ തുടര്‍ന്നായിരുന്നു തീരുമാനം. എന്നിരുന്നാലും, ഈദ്ഗാഹ് മൈതാനവും ബി.ജെ.പിയും തമ്മിലുള്ള ബന്ധം ആശങ്കാജനകമാണ്.

ഹുബ്ബള്ളിയിലെ ഈദ്ഗാഹ് മൈതാനവും ബി.ജെ.പി,സംഘപരിവാറിന്റെ വിവാദ ഭൂതകാലവും

1921ലാണ് അഞ്ജുമാനെ ഇസ്ലാം ആദ്യമായി ഈദ്ഗാഹ് മൈതാന്‍ 999 വര്‍ഷത്തേക്ക് പണയത്തിനെടുക്കുന്നത്. റാണി ചിന്നമ്മ മൈതാന്‍ എന്നും ഇതറിയപ്പെട്ടിരുന്നു. തുടര്‍ന്ന് ട്രസ്റ്റ് ഇവിടെ മതപരമായ പ്രാര്‍ത്ഥനകള്‍ നടത്താന്‍ അനുമതി നല്‍കുകയും ചെയ്തു. 1961ല്‍, ഗ്രൗണ്ടില്‍ കടകള്‍ നിര്‍മ്മിക്കുന്നതിനും ട്രസ്റ്റ് അനുമതി നല്‍കി. എന്നാന്‍, ഒരു ചെറിയ സിവില്‍ തര്‍ക്കത്തിന് ശേഷം, 1973ല്‍ സിവില്‍ കോടതി നല്‍കിയ ഉത്തരവ് പ്രകാരം കടകള്‍ പൊളിക്കാന്‍ തീരുമാനിച്ചു. 1992ല്‍ കര്‍ണാടക ഹൈക്കോടതി അത് വീണ്ടും ശരിവച്ചു.

അതിനിടെ, മൈതാനം പരിപാലിക്കാനുള്ള അവകാശം തങ്ങള്‍ക്ക് നല്‍കണമെന്നും പൊളിക്കുന്നതിന് സ്റ്റേ ഓര്‍ഡര്‍ നല്‍കണമെന്നും ആവശ്യപ്പെട്ട് ട്രസ്റ്റ് സുപ്രീം കോടതിയെ സമീപിച്ചു. രാജ്യത്തെ ഏറ്റവും ദൈര്‍ഘ്യമേറിയ നിയമപോരാട്ടങ്ങളിലൊന്നായി മാറുകയായിരുന്നു തുടര്‍ന്ന് ഈ കേസ്.

1992ല്‍ ബി.ജെ.പി.യും ‘രാഷ്ട്രധ്വജ ഗൗരവ സംരക്ഷണ സമിതി’ എന്ന പേരില്‍ പുതുതായി രൂപീകരിച്ച സംഘടനയും ഓഗസ്റ്റ് 15ന് ഈദ്ഗാഹ് മൈതാനിയില്‍ ദേശീയ പതാക ഉയര്‍ത്താന്‍ തീരുമാനിച്ചതോടെ ഈദ്ഗാ മൈതാനത്തെ ചുറ്റിപ്പറ്റിയുള്ള വിവാദം മൂര്‍ച്ഛിച്ചത്. ഇതിന് മുമ്പൊരിക്കലും ഈദ്ഗാഹ് മൈതാനത്തിനുള്ളില്‍ ദേശീയ പതാക ഉയര്‍ത്തിയിട്ടില്ല. എന്നാല്‍ ദേശീയ പതാക ഉയര്‍ത്താനുള്ള ബി.ജെ.പി പദ്ധതി വര്‍ഗീയ സംഘര്‍ഷം ഭയന്ന് സംസ്ഥാന സര്‍ക്കാരും പോലീസും ചേര്‍ന്ന് തടഞ്ഞു.

രണ്ട് വര്‍ഷത്തിന് ശേഷം, അന്നത്തെ ബി.ജെ.പി നേതാവ് ഉമാഭാരതിയും ചില സന്നദ്ധപ്രവര്‍ത്തകരും പതാക ഉയര്‍ത്താന്‍ നഗരത്തില്‍ പ്രവേശിച്ചതോടെ സ്ഥിതിഗതികള്‍ വീണ്ടും വഷളായി. ആളുകളെ പിരിച്ചുവിടാന്‍ സിവിലിയന്‍മാര്‍ക്ക് നേരെ പോലീസ് വെടിയുതിര്‍ത്തതാടെ സംഭവസ്ഥലത്ത് വെച്ച് തന്നെ അഞ്ച് പേര്‍ കൊല്ലപ്പെടുകയും സംഘര്‍ഷം വ്യാപിക്കുകയും ചെയ്തു.

എന്നാല്‍, മൈതാനത്തെ ആറ് കെട്ടിടങ്ങള്‍ പൊളിക്കരുതെന്നും അന്തിമ വിധി വരുന്നതുവരെ മൈതാനത്തേക്ക് ആരെയും പ്രവേശിപ്പിക്കരുതെന്നും 1995-ല്‍ സുപ്രീം കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചു. 1995 ജനുവരി 26ന് റിപ്പബ്ലിക് ദിനത്തില്‍ ഈദ്ഗാഹ് മൈതാനിയില്‍ അഞ്ജുമാനെ ഇസ്ലാം ട്രസ്റ്റ് ദേശീയ പതാക ഉയര്‍ത്തി. 2010ലെ സുപ്രീം കോടതി വിധി വരെ സംസ്ഥാന സര്‍ക്കാരിന്റെ ധാരണയോടെ പിന്തുടരുന്ന പാരമ്പര്യമായിരുന്നു ഇത്.

1995ലെ പതാക ഉയര്‍ത്തല്‍ ചടങ്ങില്‍ പങ്കെടുക്കാന്‍ കഴിയാതെ വന്ന ചിലര്‍ ചെറിയ സംഘര്‍ഷങ്ങളും കല്ലേറും ഉണ്ടാക്കി. 2001ല്‍ വിശ്വഹിന്ദു പരിഷത്ത് (വി.എച്ച്.പി) അശോക് സിംഗാളിന്റെ ജന്മദിനാഘോഷം ഈദ്ഗാ മൈതാനത്ത് നടത്തിയതോടെയാണ് മൈതാനം വീണ്ടും വിവാദങ്ങളുടെ കേന്ദ്രമായത്. തര്‍ക്കത്തെ തുടര്‍ന്ന് അക്രമം പൊട്ടിപ്പുറപ്പെടുകയും പോലീസ് വെടിവെപ്പില്‍ ഒരാള്‍ കൊല്ലപ്പെടുകയും ചെയ്തു.

2010ല്‍ ജസ്റ്റിസ് ദല്‍വീര്‍ ഭണ്ഡാരി, ജസ്റ്റിസ് എ.കെ പട്‌നായിക് എന്നിവരടങ്ങുന്ന സുപ്രീം കോടതി ബെഞ്ച് ഹൈക്കോടതി പുറപ്പെടുവിച്ച ഉത്തരവ് ശരിവച്ചുകൊണ്ട് ഈദ്ഗാഹ് മൈതാനം എച്ച്.ഡി.എം.സി.യുടെ സ്വത്താണെന്ന് വിധിച്ചു. എന്നിരുന്നാലും, ഇന്നുവരെ ഈദ്ഗാഹ് മൈതാനിയില്‍ ഹിന്ദു ഉത്സവങ്ങളൊന്നും ആഘോഷിച്ചിട്ടില്ല, വിവാദ ഗ്രൗണ്ടില്‍ ആദ്യമായി ആഘോഷിക്കുന്ന ഹിന്ദു ആഘോഷം ഗണേശ ചതുര്‍ത്ഥി ആയിരിക്കും.

ഈദ്ഗാഹ് മൈതാനത്ത് ഗണേശ ചതുര്‍ത്ഥി; പ്രശ്നങ്ങള്‍ വഴിതിരിച്ചുവിടുകയാണ് ബി.ജെ.പി

മുനിസിപ്പല്‍ കോര്‍പറേഷന്‍ ഹൗസ് പാനല്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിനെ തുടര്‍ന്ന് വിശദമായ ചര്‍ച്ചകള്‍ക്ക് ശേഷമാണ് ഗണേശ ചതുര്‍ത്ഥി ആഘോഷങ്ങള്‍ക്ക് അനുമതി നല്‍കാന്‍ ഹുബ്ബള്ളി കോര്‍പ്പറേഷന്‍ തീരുമാനിച്ചത്. 39 പ്രതിനിധികളില്‍ 28 പേര്‍ ആഘോഷത്തെ അനുകൂലിച്ച് വോട്ട് ചെയ്തപ്പോള്‍ പ്രതിപക്ഷമായ കോണ്‍ഗ്രസിന്റെയും എ.ഐ.എം.ഐ.എമ്മിന്റെയും 11 പേര്‍ മൈതാനത്ത് ഗണേശ വിഗ്രഹം സ്ഥാപിക്കാനുള്ള നിര്‍ദ്ദേശത്തെ എതിര്‍ത്തു.

രാഷ്ട്രീയ ലക്ഷ്യങ്ങള്‍ക്കായി മാത്രമാണ് ബി.ജെ.പി ഉത്സവത്തെ ഉപയോഗിക്കുന്നതെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് വി.എസ് ഉഗ്രപ്പ പ്രതികരിച്ചു. ഗണേശ ചതുര്‍ത്ഥി ആഘോഷം ആദ്യമായി പൊതുപരിപാടിയാക്കിയത് കോണ്‍ഗ്രസുകാരനായ ബാലഗംഗാധര തിലകാണെന്നും അദ്ദേഹം പറഞ്ഞു. ബി.ജെ.പി കേന്ദ്രത്തില്‍ 13 വര്‍ഷവും സംസ്ഥാനത്ത് ഏകദേശം 8 വര്‍ഷവും അധികാരത്തിലിരുന്നിട്ടും മുമ്പൊരിക്കലും ഗണേശ ചതുര്‍ത്ഥി ഇത്രയും ആവേശത്തോടെ ആഘോഷിച്ചിട്ടില്ല. എന്തുകൊണ്ടാണ് അവര്‍ ഇപ്പോള്‍ സെന്‍സിറ്റീവ് വിഷയങ്ങള്‍ ഉയര്‍ത്താന്‍ ആഗ്രഹിക്കുന്നത്? ബി.ജെ.പി അനാവശ്യ വിവാദങ്ങളില്‍ ഏര്‍പ്പെടുകയും യഥാര്‍ത്ഥ വിഷയങ്ങളില്‍ നിന്ന് ശ്രദ്ധ തിരിക്കാന്‍ ശ്രമിക്കുകയും ചെയ്യുകയാണെന്നം ഉഗ്രപ്പ പറഞ്ഞു.

ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള എച്ച്ഡിഎംസി കോര്‍പ്പറേഷന്റെ തീരുമാനത്തെ അഭിനന്ദിച്ച് ഹിന്ദുത്വ സംഘടനകള്‍ രംഗത്തുവന്നു. ശ്രീരാമസേനാ മേധാവി പ്രമോദ് മുത്തലിക് മധുരപലഹാരങ്ങള്‍ വിതരണം ചെയ്ത് ‘ഹിന്ദുക്കളുടെ വിജയം’ എന്നാണ് ഇതിനെ വിളിച്ചത്.

അതേസമയം, ആഘോഷങ്ങള്‍ക്കെതിരെ കര്‍ണാടക ഹൈക്കോടതിയെ സമീപിച്ച ഇസ്ലാമിക് ട്രസ്റ്റ് അഞ്ജുമാനെ ഇസ്ലാം നിരാശയിലാണ്. അടുത്ത രണ്ടോ മൂന്നോ ദിവസത്തേക്ക് ആഘോഷങ്ങള്‍ തുടരാന്‍ അനുമതി നല്‍കിയ മുനിസിപ്പല്‍ കോര്‍പ്പറേഷന്റെ തീരുമാനത്തെ ചോദ്യം ചെയ്തുള്ള ഹര്‍ജി ഹൈക്കോടതി തള്ളുകയായിരുന്നു.

ഗണേശ ചതുര്‍ത്ഥി ദിനത്തില്‍ ബെംഗളൂരുവില്‍ ബി.ബി.എം.പി മാംസാഹാര നിരോധനവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. അതേസമയം, സംസ്ഥാന തലസ്ഥാനമായ ബംഗളൂരുവിലും നഗര കോര്‍പ്പറേഷന്‍ – ബ്രഹത് ബംഗളൂരു മഹാനഗര പാലിക (ബി.ബി.എം.പി) ഉത്സവത്തിന്റെ പശ്ചാത്തലത്തില്‍ മാംസത്തിനും കശാപ്പിനും നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

2022 ഓഗസ്റ്റ് 31ന് ഗണേശ ചതുര്‍ത്ഥി പ്രമാണിച്ച് ബെംഗളൂരു കോര്‍പ്പറേഷന്‍ പരിധിയില്‍ മൃഗങ്ങളെ കശാപ്പുചെയ്യുന്നതും മാംസം വില്‍ക്കുന്നതും നിരോധിച്ചിട്ടുണ്ടെന്ന് പൗരസമിതി പാസാക്കിയ സര്‍ക്കുലറില്‍ പറയുന്നുണ്ട്. സംസ്ഥാനത്ത് കൃഷ്ണ ജന്മാഷ്ടമിയിലും രക്തസാക്ഷി ദിനത്തിലും സമാനമായ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ഈ നീക്കത്തിനെതിരെ പ്രതിപക്ഷ പാര്‍ട്ടികളില്‍ നിന്ന് വ്യാപക വിമര്‍ശനം ഉയര്‍ന്നിരുന്നു.

വിവ: സഹീര്‍ വാഴക്കാട്
അവലംബം: ദി ക്വിന്റ്‌

 

???? കൂടുതല്‍ വായനക്ക് വാട്‌സാപ് ഗ്രൂപ്പില്‍ അംഗമാകൂ … ????:https://chat.whatsapp.com/LOeNnwBHadrGqajJzvbLUW

Related Articles