Current Date

Search
Close this search box.
Search
Close this search box.

മൊറോക്കൊയെ അടക്കി ഭരിച്ച ഫ്രാന്‍സ്; 110 വര്‍ഷം പിറകിലേക്ക് പോയാല്‍

ബുധനാഴ്ച, മൊറോക്കോ തങ്ങളെ മുന്‍ കോളനിക്കാരാക്കിയ ഫ്രാന്‍സുമായി ലോകകപ്പ് സെമിഫൈനലില്‍ ഏറ്റുമുട്ടുകയാണ്. സൗഹൃദ ഗെയിമുകള്‍ക്കും പ്രദര്‍ശന മത്സരങ്ങള്‍ക്കും അപ്പുറം ആദ്യമായാണ് ഇരുടീമുകളും നേര്‍ക്കുനേര്‍ ഏറ്റുമുട്ടുന്നത്. എന്നാല്‍ മെഡിറ്ററേനിയന്‍ കടലിനാല്‍ വേര്‍പിരിഞ്ഞ രാജ്യങ്ങള്‍ തമ്മിലുള്ള ബന്ധത്തെ ദീര്‍ഘവും സങ്കീര്‍ണ്ണവുമായ ചരിത്രവും വര്‍ത്തമാനവും നിഴലിച്ച് കാട്ടുന്നുണ്ട്.

ഫ്രഞ്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്റ്റാറ്റിസ്റ്റിക്സ് ആന്‍ഡ് ഇക്കണോമിക് സ്റ്റഡീസിന്റെ കണക്കനുസരിച്ച് മൊറോക്കന്‍ വംശജരായ 780,000-ത്തിലധികം ആളുകള്‍ ഫ്രാന്‍സിലുണ്ട്. അടുത്തിടെ ഉയര്‍ന്നു വന്ന വിസ തര്‍ക്കം മൂലം മൊറോക്കോയിലുള്ള തങ്ങളുടെ ബന്ധുക്കളെ സന്ദര്‍ശിക്കുന്നതിന് അവരെ ബുദ്ധിമുട്ടാക്കി. രാജ്യത്ത് വിസ നിയന്ത്രണങ്ങള്‍ കൊണ്ടുവന്ന ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ സെമിഫൈനല്‍ മത്സരം കാണാന്‍ ഖത്തറിലുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

മൊറോക്കോയുടെ ഫ്രഞ്ച് കോളനിവല്‍ക്കരണം

മൊറോക്കോ ടീമിന് അവരുടെ ആദ്യ ലോകകപ്പ് സെമിഫൈനലില്‍ ഫ്രാന്‍സിനെതിരെ കൂടുതല്‍ പ്രചോദനം ആവശ്യമുണ്ടെങ്കില്‍, അവര്‍ക്ക് ഫ്രാന്‍സിനെ മുങ്ങിപ്പൊക്കാന്‍ ഒരു നൂറ്റാണ്ടിലേറെയുള്ള ചരിത്രമുണ്ട്. മൊറോക്കോയിലെ സുല്‍ത്താന്‍ അബ്ദുള്‍ ഹാഫിസുമായി 1912-ല്‍ ഫ്രാന്‍സ് ഫെസ് ഉടമ്പടിയില്‍ ഒപ്പുവച്ചു, ഇതിലൂടെ മൊറോക്കോയെ ഔദ്യോഗികമായി ഒരു ഫ്രഞ്ച് സംരക്ഷിത പ്രദേശമാക്കി മാറ്റുകയും തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ അവിടെ ഒരു കോളനി സ്ഥാപിക്കുകയും ചെയ്തു.

ഒന്നാം ലോകമഹായുദ്ധസമയത്ത്, ഫ്രാന്‍സ് തങ്ങളുടെ കൊളോണിയല്‍ സൈന്യത്തില്‍ യുദ്ധം ചെയ്യാന്‍ 40,000 മൊറോക്കന്‍ സൈനികരെ നിര്‍ബന്ധിച്ചു. എന്നാല്‍ രണ്ടാം ലോകമഹായുദ്ധസമയത്ത് ഫ്രാന്‍സിനെതിരായ കൊളോണിയല്‍ വിരുദ്ധത വളരുകയും അതിന് കൂടുതല്‍ അടിത്തറ നേടുകയും ചെയ്തു. പല മുന്‍ യൂറോപ്യന്‍ കോളനികളും സ്വാതന്ത്ര്യം നേടിയ കാലഘട്ടം കൂടിയായിരുന്നു അത്.

1944ല്‍, പുതുതായി രൂപീകരിച്ച ഇസ്തിഖ്ലാല്‍ പാര്‍ട്ടി മൊറോക്കോയുടെ സ്വാതന്ത്ര്യ പ്രഖ്യാപനം പുറപ്പെടുവിച്ചു. 1952ല്‍, കാസബ്ലാങ്കയിലെ കൊളോണിയല്‍ വിരുദ്ധ പ്രക്ഷോഭത്തെ ഫ്രഞ്ച് അധികാരികള്‍ ക്രൂരമായി അടിച്ചമര്‍ത്തി. പിന്നീട് അവര്‍ മൊറോക്കന്‍ കമ്മ്യൂണിസ്റ്റ്, ഇസ്തിഖ്ലാല്‍ പാര്‍ട്ടികളെ നിയമവിരുദ്ധമാക്കി. തുടര്‍ന്ന് സുല്‍ത്താന്‍ മുഹമ്മദ് അഞ്ചാമനെ മഡഗാസ്‌കറിലേക്ക് നാടുകടത്തി.

ഈ നീക്കം കൊളോണിയല്‍ ഭരണത്തിനെതിരായ ചെറുത്തുനില്‍പ്പ് വര്‍ദ്ധിക്കാനിടയാവുകയും, ഒടുവില്‍ മൊറോക്കോയിലേക്ക് മടങ്ങാന്‍ മുഹമ്മദ് അഞ്ചാമനെ ഫ്രാന്‍സ് അനുവദിക്കുകയും ചെയ്തു. 1955 നവംബര്‍ 18-ന് സുല്‍ത്താന്‍ മുഹമ്മദ് രാജ്യത്ത് സ്വാതന്ത്ര്യം പ്രഖ്യാപിക്കുകയും 1956 മാര്‍ച്ചില്‍ ഫ്രഞ്ച് സംരക്ഷക ഭരണം അവസാനിക്കുകയും ചെയ്തു.

കൊളോണിയല്‍ പാരമ്പര്യം

സ്വാതന്ത്ര്യാനന്തരം, ഫ്രഞ്ചുമായി നയതന്ത്രപരവും സാമ്പത്തിക പങ്കാളിയുമായുള്ള നല്ല ബന്ധം നിലനിര്‍ത്തിക്കൊണ്ട് തന്നെ ഫ്രഞ്ച് സ്വാധീനത്തില്‍ നിന്ന് രാജ്യത്തെ മാറ്റാന്‍ സഹായിക്കുന്നതിന് നിരവധി ആഭ്യന്തര നയങ്ങള്‍ മൊറോക്കോ നടപ്പിലാക്കി.

1973ല്‍, ഹസ്സന്‍ രണ്ടാമന്‍ രാജാവ് സ്വകാര്യമേഖലയില്‍ സാമ്പത്തിക പരിഷ്‌കാരങ്ങളുടെ ഒരു പരമ്പര നടപ്പാക്കി, അതിലൂടെ വിദേശ ഉടമസ്ഥതയിലുള്ള 50 ശതമാനത്തിലധികം സംരംഭങ്ങളെ (അവയില്‍ മിക്കതും ഫ്രഞ്ച് ഉടമസ്ഥതയിലുള്ളവ) മൊറോക്കന്‍ ഉടമസ്ഥതയിലേക്ക് മാറ്റി.

1980കളില്‍, രാജാവ് സ്‌കൂള്‍ വിദ്യാഭ്യാസ സമ്പ്രദായത്തില്‍ അറബിവല്‍ക്കരണ നയം നടപ്പിലാക്കി, ആശയവിനിമയ ഭാഷ ഫ്രഞ്ചില്‍ നിന്ന് അറബിയിലേക്ക് മാറ്റി. മുപ്പത് വര്‍ഷത്തിന് ശേഷം, സെക്കന്‍ഡറി സ്‌കൂള്‍ കണക്ക്, ശാസ്ത്രം, ഭൗതികശാസ്ത്രം എന്നിവയില്‍ ഈ നയം തിരിച്ചാക്കുകയും ചെയ്തു.

പിന്നീട് ഫ്രാന്‍സ് മൊറോക്കോയുടെ പ്രാഥമിക വിദേശ നിക്ഷേപകനും വ്യാപാര പങ്കാളിയുമായി തുടരുകയും സൗഹൃദബന്ധം നിലനിര്‍ത്താനുള്ള ശ്രമങ്ങള്‍ നടത്തുകയും ചെയ്തു. 2007ല്‍ ഫ്രാന്‍സിന്റെ അന്നത്തെ പ്രസിഡന്റ് നിക്കോളാസ് സര്‍ക്കോസി അല്‍ ബുറാഖ് എന്ന പേരിലുള്ള അതിവേഗ ട്രെയിന്‍ സര്‍വീസിന്റെ നിര്‍മ്മാണം ആരംഭിക്കുന്നതിന് മേല്‍നോട്ടം വഹിക്കാന്‍ മൊറോക്കോയില്‍ നടത്തിയ സന്ദര്‍ശനം ഉള്‍പ്പെടെ നിരവധി ഉന്നത നയതന്ത്ര യോഗങ്ങള്‍ ഇതില്‍ ഉള്‍പ്പെടുന്നു. ഫ്രാന്‍സ് 51 ശതമാനം ധനസഹായം നല്‍കിയാണ് ട്രെയിന്‍ സര്‍വീസ് നടപ്പിലാക്കുന്നത്.

ഇതിന് രണ്ട് മാസത്തിന് ശേഷം ഫ്രാന്‍സില്‍ നടന്ന ഒരു അന്താരാഷ്ട്ര ഫുട്‌ബോള്‍ സൗഹൃദ മത്സരത്തില്‍ ഇരു രാജ്യങ്ങളും പരസ്പരം ഏറ്റുമുട്ടി. കളി 2-2 സമനിലയില്‍ അവസാനിച്ചു.

എന്നാല്‍ സങ്കീര്‍ണ്ണമായ ബന്ധങ്ങള്‍ അപൂര്‍വ്വമായി നേരായ പാത പിന്തുടര്‍ന്നു. 2014ല്‍ പീഡനാരോപണങ്ങളില്‍ മൊറോക്കോയുടെ ആഭ്യന്തര രഹസ്യാന്വേഷണ വിഭാഗം മേധാവി അബ്ദല്ലത്തീഫ് ഹമ്മൂച്ചിയെ ചോദ്യം ചെയ്യാന്‍ പാരീസ് ശ്രമിച്ചതോടെ മൊറോക്കോ ഫ്രാന്‍സുമായുള്ള ജുഡീഷ്യല്‍ സഹകരണം നിര്‍ത്തിവച്ചു. ഒരു വര്‍ഷത്തിനുശേഷം നയതന്ത്ര പിരിമുറുക്കം കുറയുകയും രാജ്യങ്ങള്‍ സഹകരണം പുനരാരംഭിക്കുകയും ചെയ്തു.

2018ല്‍, മുഹമ്മദ് ആറാമന്‍ രാജാവും ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണും ടാന്‍ജിയറിനും മൊറോക്കോയുടെ തലസ്ഥാനമായ റബാത്തിനും ഇടയില്‍ നിര്‍മിച്ച അതിവേഗ റെയില്‍ ലിങ്കില്‍ ഉദ്ഘാടന യാത്രയ്ക്കായി ഒരുമിച്ചു.

ഇത് സങ്കീര്‍ണ്ണമാണ്

ഈ വര്‍ഷം ആദ്യം, പടിഞ്ഞാറന്‍ സഹാറയ്ക്ക് മേലുള്ള മൊറോക്കോയുടെ സ്വയംഭരണ പദ്ധതിയെ മാക്രോണ്‍ പിന്തുണച്ചിരുന്നു. പടിഞ്ഞാറന്‍ സഹാറയിലെ പോളിസാരിയോ ഫ്രണ്ടിന്റെ നേതൃത്വത്തിലുള്ള പ്രസ്ഥാനം മൊറോക്കോയില്‍ നിന്ന് സ്വാതന്ത്ര്യം തേടി പ്രക്ഷോഭത്തിലായിരുന്നു.
മുന്‍ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് 2020 ഡിസംബറില്‍ ഈ തര്‍ക്കപ്രദേശത്ത് മൊറോക്കോയുടെ പരമാധികാരം അംഗീകരിച്ചതിന് പിന്നാലെയായിരുന്നു മാക്രോണിന്റെ നീക്കം.

2021 സെപ്റ്റംബറില്‍, മൊറോക്കന്‍, അള്‍ജീരിയന്‍ പൗരന്മാര്‍ക്ക് ഫ്രാന്‍സ് നല്‍കുന്ന വിസകളുടെ എണ്ണം 50 ശതമാനവും ടുണീഷ്യക്കാര്‍ക്ക് മൂന്നില്‍ രണ്ട് ശതമാനവുമാക്കി കുറയ്ക്കുമെന്ന് ഫ്രാന്‍സ് പ്രഖ്യാപിച്ചതിന് ശേഷം ഈ രാജ്യങ്ങള്‍ തമ്മിലുള്ള ബന്ധത്തില്‍ ഇടിവുണ്ടായി.
ഫ്രഞ്ച് അധികാരികള്‍ അയച്ച അഭയാര്‍ഥികളെ തിരിച്ചെടുക്കാന്‍ വടക്കേ ആഫ്രിക്കന്‍ സര്‍ക്കാരുകള്‍ വിസമ്മതിച്ചതിനുള്ള പ്രതികരണമാണിതെന്നാണ് ഫ്രഞ്ച് സര്‍ക്കാര്‍ പറഞ്ഞത്.

‘നീതിയില്ലാത്തത്’ എന്നാണ് മൊറോക്കോയുടെ വിദേശകാര്യ മന്ത്രി നാസര്‍ ബൗറിറ്റ ഈ നീക്കത്തെ വിശേഷിപ്പിച്ചത്. ഫ്രാന്‍സില്‍ നിന്ന് പുറത്താക്കപ്പെട്ട മൊറോക്കക്കാര്‍ക്ക് താന്‍ 400 കോണ്‍സുലാര്‍ രേഖകള്‍ നല്‍കിയിട്ടുണ്ടെന്ന് ബൗറിറ്റ പറഞ്ഞു, എന്നാല്‍ വടക്കേ ആഫ്രിക്കന്‍ രാജ്യത്തേക്ക് വീണ്ടും പ്രവേശിക്കുന്നതിന് ആവശ്യമായ നിര്‍ബന്ധിത കോവിഡ് ടെസ്റ്റ് നടത്താന്‍ അവര്‍ വിസമ്മതിച്ചു, അത് ”ഫ്രാന്‍സിന്റെ പ്രശ്‌നമാണ്” എന്ന് അദ്ദേഹം പറഞ്ഞു.

ഇരു രാജ്യങ്ങളും തങ്ങളുടെ ഉഭയകക്ഷി ബന്ധത്തിന്റെ പ്രാധാന്യം തിരിച്ചറിയുന്നുവെന്നത് വ്യക്തമാണ്. 2023 ജനുവരിയില്‍ മാക്രോണ്‍ റബാത്ത് സന്ദര്‍ശിക്കാനിരിക്കുകയാണ്. എന്നാല്‍ അതിനുമുന്‍പായി, ചരിത്രപരമായ ലോകകപ്പ് സെമിഫൈനലില്‍ ഇരു രാജ്യങ്ങളുടെയും ഫുട്‌ബോള്‍ ടീമുകള്‍ നേര്‍ക്കുനേര്‍ ഏറ്റുമുട്ടും. അത് ഇരുപക്ഷത്തിനും എളുപ്പമുള്ള ഗെയിമായിരിക്കില്ല എന്നാണ് ചരിത്രം നമ്മോടു പറയുന്നത്.

അവലംബം: അല്‍ജസീറ
വിവ: സഹീര്‍ വാഴക്കാട്

Related Articles