Current Date

Search
Close this search box.
Search
Close this search box.

പ്രളയം കേരളീയനോട് പറഞ്ഞത്

‘ഒരു മഹാപ്രളയം നമുക്കുണ്ടായി. ഒരുപാട് പ്രശ്‌നങ്ങളുമുണ്ടാ
യി. വലിയ ദുരന്തമാണ് നമ്മെ പിടികൂടിയത്. ഒക്കെ ശരിയാണ്. എന്നാല്‍ അതോടൊപ്പം തന്നെ നിരവധി ഗുണങ്ങളും ഉണ്ടായിട്ടുണ്ട്. നമ്മുടെ, മലയാളിയുടെ മനസ്സിന്റെ ആഴങ്ങളില്‍, മലയാള മണ്ണിന്റെ ആഴങ്ങളില്‍ നിരവധി മൂല്യങ്ങള്‍ ഇപ്പോഴും ഉണ്ടെന്ന് നമുക്ക് ബോധ്യപ്പെട്ട സന്ദര്‍ഭം കൂടിയാണിത്.

തകര്‍ന്ന വീടുകളും പാലങ്ങളും റോഡുകളും നമുക്ക് പുനര്‍നിര്‍മ്മിക്കേണ്ടതുണ്ട്. അതോടൊപ്പം തന്നെ ചില മൂല്യങ്ങളെ നാം പൂര്‍വ്വാധികം ശക്തിയില്‍ വീണ്ടെടുക്കുകയും പോഷിപ്പിക്കുകയും ചെയ്യണമെന്ന് നമ്മെ പഠിപ്പിക്കുകയും ചെയ്യുന്നു.

പ്രധാനപ്പെട്ട ഒരു മൂല്യംസമാധാന പരമായ സഹവര്‍ത്തിത്വമാണ്. സാഹോദര്യബോധമാണ്. യഥാര്‍ത്ഥത്തില്‍ ഇതായിരുന്നു നമ്മുടെ പാരമ്പര്യം.എന്നാല്‍ ഇടക്ക് നാം ആ പാരമ്പര്യത്തില്‍ നിന്ന് കുതറി മാറാന്‍ ശ്രമിച്ചു.പക്ഷെ അപ്പഴേക്കും ഒരു പ്രളയം വന്നു കൊണ്ട് പ്രകൃതി നമ്മോട് പറയുകയാണ്, അല്ലെങ്കില്‍ ദൈവം നമ്മോട് പറയുകയാണ്: അരുത്… നിങ്ങള്‍ മഹത്തായ പാരമ്പര്യം വിസ്മരിക്കരുത്. വ്യത്യസ്ത ആശയങ്ങളാണെങ്കിലും നിങ്ങളെല്ലാം മനുഷ്യരെന്ന നിലയില്‍ ഒന്നാണ്.

പ്രളയം നമ്മോടു പറഞ്ഞ മറ്റൊരു കാര്യം നാം സ്വല്‍പം കൂടി വിനയം ശീലിക്കണമെന്നാണ്. നമ്മുടെ ഒരു ഭാഗത്ത് നീണ്ടു നിവര്‍ന്നു കിടക്കുന്ന പശ്ചിമഘട്ടമാണ്. മറുഭാഗത്ത് പ്രവിശാലമായ കടലും. അതിനിടയില്‍ ഒഴുകിയ 44 നദികള്‍ നമുക്ക് അഹങ്കാരമായിരുന്നു. എന്നാല്‍ ദൈവം നമ്മോട് പറയുന്നത് ഈ മലനിരകളും നദികളും മാത്രം മതി, നിങ്ങളെ ഒറ്റ രാത്രി കൊണ്ട് അറബിക്കടലില്‍ എത്തിക്കാന്‍ എന്നാണ്. അതിനാല്‍ നാം വിനയമെന്ന മൂല്യം പൂര്‍വ്വാധികം ശക്തിയില്‍ തിരിച്ചു പിടിക്കണം. സൂക്ഷ്മത നിറഞ്ഞ ജീവിതം ശീലിക്കണം. ചെങ്ങന്നൂരില്‍ നിന്നുയര്‍ന്നത് ദരിദ്രന്റെ മാത്രം നിലവിളിയായിരുന്നില്ല. സമ്പന്നന്റെ കൂടി നിലവിളിയായിരുന്നു. ഉന്നത ഉദ്യോഗസ്ഥമാരുടെയും ജന പ്രതിനിധിയുടെയും നിലവിളിയായിരുന്നു. അതൊക്കെ നല്‍കുന്ന പാഠം മനുഷ്യരെ മതിലു കെട്ടി വേര്‍തിരിക്കരുതെന്നാണ്. മനുഷ്യത്വവും മാനവികതയും ഉയര്‍ത്തിപ്പിടിക്കണമെന്നാണ്.

ഒരു കാര്യം ഉറപ്പ്: ഈ മഹാ ദുരന്തത്തെ നാം ഒറ്റക്കെട്ടായി അതിജീവിക്കും, അതിജയിക്കും അതുവഴി മറ്റുള്ളവരെ നാം അതിശയിപ്പിക്കും.

( ജമാഅത്തെ ഇസ്‌ലാമി അഖിലേന്ത്യ അസി. അമീര്‍ ആണ് ലേഖകന്‍)

Related Articles