Current Date

Search
Close this search box.
Search
Close this search box.

സിറിയയിലെ റഷ്യന്‍ ഇടപെടലിന് അഞ്ച് വര്‍ഷം

ജിസ്റ് ഷുഗൂര്‍ നഗരം ലക്ഷ്യം വെച്ചുള്ള റഷ്യയുടെ ആദ്യ വ്യോമാക്രമണത്തില്‍ അന്തരീക്ഷത്തെ പ്രകമ്പനം കൊള്ളിച്ച റഷ്യന്‍ മിസൈലുകളുടെ ഭയാനകമായ ശബ്ദം ഞങ്ങള്‍ക്കൊരിക്കലും മറക്കാനാകില്ല. പോര്‍വിമാനങ്ങളിലും ഹെലികോപ്റ്ററുകളിലും ബോംബ് വര്‍ഷിച്ച് സാധ്യമാകുന്ന അത്രയും പൗരന്മാരെ കൊല്ലുകയും അവരുടെ വീടുകള്‍ തകര്‍ക്കുകയും ചെയ്യുന്ന അസദിന്‍റെ വ്യോമസേനയുടെ പതിവായ മിസൈലാക്രമണങ്ങളുടെ ശബ്ദങ്ങളില്‍ നിന്നും വളരെ വ്യത്യസ്ഥമായിരുന്നു അത്. അഞ്ച് വര്‍ഷങ്ങള്‍ക്കു മുമ്പ് ഹിംസ് നഗരവും അവിടെയുള്ള ആവാസകേന്ദ്രങ്ങളും ലക്ഷ്യം വെച്ചുള്ള വ്യോമാക്രമണത്തിലൂടെയാണ് റഷ്യ സിറിയയില്‍ തങ്ങളുടെ ഇടപെടല്‍ ആരംഭിക്കുന്നത്. അവരുടെ ആക്രമണങ്ങളുടെ ആദ്യ പിടയായിരുന്നുവത്. ഹിംസ് നഗരം ആക്രമിക്കകുയാണെന്ന് പ്രഖ്യാപിച്ച് റഷ്യ നടത്തിയ വ്യോമാക്രമണം ഒന്നോ രണ്ടോ ദിവസത്തില്‍ അവസാനിച്ചില്ല. തുടര്‍ച്ചയായ ദിവസങ്ങളില്‍ റഷ്യന്‍ പട്ടാളം മിസൈലാക്രമണം തുടര്‍ന്നുകൊണ്ടേയിരുന്നു. അവരുടെ പോര്‍വിമാനങ്ങളുടെ ഘോരമായ ശബ്ദം പറഞ്ഞറിയിക്കാനാകില്ല. അതിന്‍റെ അലര്‍ച്ച ഭയാനകമായിരുന്നു. ഹിംസിലെ സ്ഫോടനടത്തിന്‍റെ ശക്തി കാരണം ഭൂകമ്പമാണെന്ന് പോലും തോന്നിപ്പോയി. ജനങ്ങള്‍ ഭയവിഹ്വലരായി അലറിവിളിച്ചോടി. ഉയരുന്ന നിലവിളിക്കും കൂട്ടക്കരച്ചിലുകള്‍ക്കുമിടയില്‍ ഓരോരുത്തരും അവരവരുടെ കുടുംബത്തെ തിരഞ്ഞു. ഭയത്തിന്‍റെ കാഠിന്യം എല്ലാവരുടെ മുഖത്തും പ്രകടമായിരുന്നു. നഗരങ്ങള്‍ നീളെ ആമ്പുലന്‍സുകളുടെ സൈറന്‍ മുഴങ്ങി.

അതിതീവ്രമായ അന്തരീക്ഷത്തിനിടയിലും അല്‍പം കഴിഞ്ഞ് കരച്ചിലും നിലവിളികളും അവസാനിച്ച് ഹിംസ് ശാന്തമായിത്തുടങ്ങി. തൊട്ടുടനെത്തന്നെ റഷ്യ തൊട്ടടുത്തുള്ള മസ്ജിദിലേക്ക് മറ്റൊരു വ്യോമാക്രമണം നടത്തി. അതില്‍ നിരവധി ആളുകള്‍ കൊല്ലപ്പെടുകയും സാരമായ പരിക്കേല്‍ക്കുകയും ചെയ്തു. റഷ്യയുടെ സൈനിക ഇടപെടല്‍ ആവാസകേന്ദ്രങ്ങള്‍, ഹോസ്പിറ്റലുകള്‍, വിദ്യഭ്യാസ സ്ഥാപനങ്ങള്‍, അഭയാര്‍ത്ഥി ക്യാമ്പുകള്‍ ആഭ്യന്തര പ്രതിരോധ കേന്ദ്രങ്ങള്‍ എന്നിവയെ ലക്ഷ്യമിട്ട് പിന്നെയും തുടര്‍ന്നുകൊണ്ടേയിരുന്നു. റഷ്യന്‍ സൈന്യത്തിന്‍റെ ആയിരക്കണക്കിന് വ്യോമാക്രണങ്ങള്‍ക്കൊടുവില്‍ മിസൈലുകളും അതിന്‍റെ ഭീകര ശബ്ദങ്ങളും സിറിയക്കാര്‍ക്ക് സ്ഥിരക്കാഴ്ചകളും കേള്‍വികളുമായി. ഈ സൈനിക ഇടപെടല്‍ മാനുഷിക തലത്തില്‍ വിനാശകരമായ പ്രത്യാഘാതങ്ങളാണ് സൃഷ്ടിച്ചത്.

ആവാസകേന്ദ്രങ്ങളും അടിസ്ഥാന അവിശ്യങ്ങളും നഷ്ടപ്പെട്ടതിന് പുറമെ നിരവധി നിരപരാധികളാണ് ഇതിന് ബലിയാടുകളായത്. വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ഇപ്പോഴും സിറിയക്ക് അതിന്‍റെ പ്രത്യാഘാതങ്ങളില്‍ നിന്നും തിരിച്ചുവരാനായിട്ടില്ല, പ്രത്യേകിച്ചും സിറിയന്‍ ഭരണകൂടത്തിന്‍റെ അധികാര പരിധിക്ക് പുറത്തുള്ള സിറിയന്‍ നഗരങ്ങള്‍. അതെല്ലാം റഷ്യന്‍ സൈന്യത്തിന്‍റെ അപകടകാരികളായ ആയുധങ്ങളൊഴുകുന്ന പോര്‍ക്കളങ്ങളായി മാറി. രണ്ടാം ലോകമഹായുദ്ധത്തിന് ശേഷമുള്ള ഏറ്റവും വിനാശകരമായ ആയുധ പ്രയോഗങ്ങളാണ് അവിടെ നടക്കുന്നത്. നിസ്സംശയം, മാനുഷിക അവഗണനകളുടെ സര്‍വ്വ സീമങ്ങളും ലംഘിച്ചുള്ള ഇടപെടലുകളാണ് റഷ്യയുടേത്. നിരപരാധികളായ സിറിയന്‍ ജനതയെ അവരുടെ ആയുധ പ്രയോഗങ്ങളുടെ പരീക്ഷണശാലയാക്കി അവര്‍ മാറ്റിയിരിക്കുന്നു. അതോടൊപ്പംതന്നെ തങ്ങളുടെ സായുധ കച്ചവടം മെച്ചപ്പെട്ട രീതിയിലാക്കാനുള്ള ശ്രമം കൂടിയാണ് സിറിയിലെ റഷ്യന്‍ ഇടപെടല്‍.

Also read: ശൈഖ് നൂറുദ്ധീന്‍ അല്‍ ഇത്റ്; ഹദീസ്ശാസ്ത്രത്തിലെ മഹാ പ്രതിഭ

2015 സെപ്റ്റംബര്‍ 30 തൊട്ട് തുടങ്ങി 2020 സെപ്റ്റംബര്‍ 20 വരെയുള്ള വ്യാജ സമാധാന ഇടപെടലില്‍ റഷ്യ നടത്തിയ അതിക്രമങ്ങളെക്കുറിച്ചുള്ള സമ്പൂര്‍ണ്ണ വിവരണം വൈറ്റ് ഹെല്‍മറ്റ് സുരക്ഷാസേന റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. റഷ്യയുടെ അഞ്ച് വര്‍ഷത്തെ റഷ്യന്‍ ഇടപെടല്‍ വളരെ ഭയാനകമായിരുന്നു. തുടര്‍ച്ചയായ കൂട്ടക്കുരുതികളിലും ഭവനഭ്രംശങ്ങളിലും പന്ത്രണ്ടായിരത്തോളം പൗരന്മാര്‍ക്ക് ജീവഹാനി സംഭവിക്കുകയോ പരിക്കേല്‍ക്കുകയോ ചെയ്തു. അഞ്ച് വര്‍ഷത്തെ ഇടപെടലിനിടയില്‍ നിരവധി സിറിയന്‍ നഗരങ്ങളാണ് റഷ്യന്‍ പട്ടാളം ലക്ഷ്യം വച്ചത്. വൈറ്റ് ഹെല്‍മറ്റ് റിപ്പോര്‍ട്ട് ചെയ്തത് പ്രകാരം അഞ്ച് വര്‍ഷത്തെ റഷ്യന്‍ ഇടപെടലിനിടയില്‍ സ്ത്രീകളും കുട്ടികളുമടക്കമുള്ളവരില്‍ 3966 പേരുടെ മരണമാണ് കൃത്യമായി രേഖപ്പെടുത്തിയത്. രക്ഷാപ്രവര്‍ത്തനം നടത്തുന്ന സമയത്ത് കണ്ടെടുത്ത് ചികിത്സ നല്‍കപ്പെട്ട ആളുകളുടെയും മൃതശരീരങ്ങള്‍ ലഭ്യമായ ആളുകളുടെ മാത്രം എണ്ണമാണ് അവര്‍ റിപ്പോര്‍ട്ട് ചെയ്തത്. ഇതല്ലാത്ത മറ്റു ഒരുപാട് ആളുകള്‍ കണ്ടെത്തപ്പെടാത്തതായും കെട്ടിടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നവരായുമുണ്ടായിരുന്നു. അവരുടെ കണക്കുകളൊന്നും ഇവര്‍ക്ക് രേഖപ്പെടുത്താനായിട്ടില്ല. റഷ്യന്‍ വ്യോമാക്രമണത്തിലും ഷെല്ലിംഗിലും പരിക്കേറ്റ 8121 ആളുകളെയാണ് വൈറ്റ് ഹെല്‍മറ്റ് രക്ഷപ്പെടുത്തി ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്നത്. മാനുഷിക ഉത്തരവാദിത്വം നിറവേറ്റാന്‍ ആത്മാര്‍ത്ഥമായി രക്ഷാപ്രവര്‍ത്തനത്തിന് ഇറങ്ങിയ സിറിയന്‍ സിവില്‍ ഡിഫന്‍സ് സന്നദ്ധ പ്രവര്‍ത്തകരെ ലക്ഷ്യമിട്ട് നടത്തിയ ഇരട്ട വ്യോമാക്രമണത്തില്‍ 36 സന്നദ്ധ പ്രവര്‍ത്തകര്‍ കൊല്ലെപ്പെടുകയും 158 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

റഷ്യ 182 കൂട്ടക്കൊലകള്‍ നടത്തി

സിറിയയില്‍ റഷ്യ 182 കൂട്ടക്കൊലകള്‍ നടത്തിയതായി സിറിയന്‍ സിവില്‍ ഡിഫന്‍സ് സംഘം റിപ്പോര്‍ട്ട് ചെയ്യുന്നു. ഭരണകൂടത്തിന് അനുകൂലമായുള്ള സൈനിക ഇടപെടലിന്‍റെ ആരംഭം തൊട്ട് ഇന്നേവരെ അവര്‍ നടത്തിയ കൂട്ടക്കുരിതികളുടെ അനന്തരഫലമെന്നോണം 2228 പേര്‍ കൊല്ലപ്പെടുകയും 3172 ലധികം ആളുകള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. പൊതു ഇടങ്ങള്‍, മാര്‍ക്കറ്റുകള്‍, ആവാസകേന്ദ്രങ്ങള്‍ എന്നിവ കേന്ദ്രീകരിച്ചായിരുന്നു കൂട്ടക്കൊലകളെല്ലാം തന്നെ. സാധ്യമാകുന്ന അത്രയും സിറിയന്‍ പൗരന്മാരെ ഉന്മൂലനം ചെയ്യുകയെന്ന ലക്ഷ്യം തന്നെയായിരുന്നു അവര്‍ക്കുണ്ടായിരുന്നത്.

Also read: ഭയപ്പെടുത്തി ഒറ്റപ്പെടുത്തുന്ന ഫാസിസ്റ്റ് ശൈലി

പ്രധാന യന്ത്രോപകരണങ്ങളുടെ ഇറക്കുമതിയായിരുന്നു റഷ്യയുടെ ലക്ഷ്യം

പ്രധാനമായും നഗര കേന്ദ്രങ്ങളും ആവാസകേന്ദ്രങ്ങളുമായിരുന്നു റഷ്യ ആക്രമണത്തിനായി തിരഞ്ഞെടുത്തത്. സിറിയന്‍ പൗരന്മാരെ ഭവനരഹിതരാക്കുക സുസ്ഥിതക്ക് കോട്ടം തട്ടുന്ന തരത്തില്‍ സര്‍വ്വ ജീവിതോപാദികളെയും തകര്‍ക്കുക എന്നതായിരുന്നു ലക്ഷ്യം. വ്യോമാക്രമണത്തിന്‍റെ 69 ശതമാനം(3784 ആക്രമണങ്ങള്‍) ആവാസകേന്ദ്രങ്ങളെയും 15 ശതമാനം(821 ആക്രമണങ്ങള്‍) കൃഷിയിടങ്ങളെയും ലക്ഷ്യം വെച്ചുള്ളതായിരുന്നു. പള്ളികള്‍, ഫാക്ടറികള്‍, പൊതു സ്ഥാപനങ്ങള്‍ എന്നിവക്ക് പുറമെ ഗതാഗത മാര്‍ഗങ്ങള്‍(324 ആക്രമണങ്ങള്‍), ഹോസ്പിറ്റലുകള്‍(70 ആക്രമണങ്ങള്‍), സിവില്‍ ഡിഫന്‍സ് സെന്‍ററുകള്‍(59 ആക്രമണങ്ങള്‍), വ്യാപാര കേന്ദ്രങ്ങള്‍(53 ആക്രമണങ്ങള്‍), വിദ്യാലയങ്ങള്‍(46 ആക്രമണങ്ങള്‍), ഭവനരഹിതരായ ആളുകള്‍ തിങ്ങിപ്പാര്‍ക്കുന്ന അഭയാര്‍ത്ഥി ക്യാമ്പുകള്‍(23 ആക്രമണങ്ങള്‍) എന്നിവയും അവരുടെ ലക്ഷ്യങ്ങളായിരുന്നു.

വ്യോമാക്രമണത്തിന്‍റെ വലിയൊരു ശതമാനം ഇദ്ലിബ് ലക്ഷ്യമാക്കിയായിരുന്നു

സിറിയയില്‍ റഷ്യന്‍ സൈനിക ഇടപെടല്‍ തുടങ്ങിയത് മുതലുള്ള 5476 ആക്രമണങ്ങളുടെ വലിയൊരു ശതമാനം അനുഭവിക്കേണ്ടി വന്നത് ഇദ്ലിബ് നഗരത്തിനാണ്. 3279 വ്യോമാക്രമണങ്ങളാണ് ഇദ്ലിബില്‍ മാത്രം രേഖപ്പെടുത്തിയത്. ഇദ്ലിബ് പോലെത്തന്നെ അലപ്പോ(1167 ആക്രമണങ്ങള്‍), ഹമാത്ത്(515 ആക്രമണങ്ങള്‍), ഡമസ്കസും(255 ആക്രമണങ്ങള്‍) റഷ്യയുടെ ആക്രമണങ്ങളുടെ പ്രധാന ഇരകളായിരുന്നു. 2019 ആയിരുന്നു ഏറ്റവും ഭീകരമായ വര്‍ഷം. ഈ വര്‍ഷം മാത്രം 1567 ആക്രമണങ്ങളാണ് റഷ്യ സിറിയയില്‍ നടത്തിയത്.

കത്തിയെരിയുന്ന ഭൂമി

കഴിഞ്ഞ അഞ്ചു വര്‍ഷമായി ഭരണകൂടത്തിന്‍റെ പിന്തുണയോടെ സിറിയന്‍ ഭൂമികള്‍ മുഴുവന്‍ കത്തിയെരിയിക്കുന്ന നയമാണ് സ്വീകരിച്ചുകൊണ്ടിരിക്കുന്നത്. വ്യത്യസ്തങ്ങളായ ആയുധ പ്രയോഗങ്ങളായിരുന്നു സിറിയന്‍ പൗരന്മാര്‍ക്കെതിരെ റഷ്യന്‍ സൈന്യം നടത്തിയത്. അതിന്‍റെ 92 ശതമാനവും(5025 ആക്രമണങ്ങള്‍) വ്യോമാക്രമണമായിരുന്നു. അന്താരാഷ്ട്ര തലത്തില്‍ തന്നെ നിരോധനം ഏര്‍പ്പെടുത്തിയ ക്ലസ്റ്റര്‍ ബോംബുകള്‍ 318 തവണയാണ് സിറിയന്‍ പൗരന്മാര്‍ക്കെതിരെ അവര്‍ പ്രയോഗിച്ചത്. അതുപോലെ വീടുകളും നഗരങ്ങളും കത്തിച്ചാമ്പലാക്കാന്‍ ശേഷിയുള്ള ആയുധങ്ങള്‍ കൊണ്ട് 130 തവണയാണവര്‍ ആക്രമണം നടത്തിയത്.

Also read: സത്യാനന്തര കാലത്തെ വിധി

നഗരങ്ങളെ ഭവനരഹിതവും ശൂന്യവുമാക്കുന്ന പദ്ധതി

സിറിയയിലെ അസദ് ഭരണകൂടത്തിന്‍റെ പിന്തുണയോടെ ഇടപെടല്‍ തുടങ്ങിയ റഷ്യ തുടക്കത്തില്‍ തന്നെ നഗരങ്ങളിലെ ആവാസകേന്ദ്രങ്ങള്‍ തകര്‍ക്കാനും ആള്‍പാര്‍പ്പുകളില്ലാതെ ശൂന്യമാക്കാനും നന്നായി ശ്രമിച്ചിരുന്നു. റഷ്യന്‍ ഇടപെടലിന്‍റെ ആദ്യ ദുരന്തം അനുഭവിക്കേണ്ടി വന്നത് ഹലബിനാണ്. 2016ല്‍ അലപ്പോ ലക്ഷ്യമാക്കി വന്ന വ്യോമാക്രമണങ്ങള്‍ കിഴക്കന്‍ മേഖലയിലെ ആവാസകേന്ദ്രങ്ങളെയെല്ലാം ചുട്ടെരിക്കുകയും അവിടെ താമസിച്ചിരുന്നവരെയെല്ലാം ഭവനരഹിതരാക്കുകയും ചെയ്തു. 2017ല്‍ ഡമസ്കസിന്‍റെതായിരുന്നു ഊഴം. കിഴക്കന്‍, പടിഞ്ഞാറന്‍ ഡമസ്കസിലെ വാസസ്ഥലങ്ങളെല്ലാം റഷ്യ ബോംബിട്ടു തകര്‍ത്തു. ഭവനരഹിതരായ ജനങ്ങള്‍ കൂട്ട പലായനം തുടങ്ങി. 2018 ആണ് ഭവനരാഹിത്യം രൂക്ഷമായ വര്‍ഷം. തെക്കന്‍ ഡമസ്കസിലെ ഗൂത്ത, ഖാലാമൂന്‍ നഗരങ്ങള്‍ക്കൊപ്പം ഹിംസിന്‍റെ വടക്കന്‍ ഭാഗങ്ങളും തെക്കന്‍ സിറിയയിലെ പ്രധാന നഗരങ്ങളായ ദാറയും ഖുനൈതിറയും പൂര്‍ണമായും തകര്‍ക്കപ്പെട്ടു.

റഷ്യന്‍ പോര്‍വിമാനങ്ങളുടെ തീവ്രമായ ബോംബ് വര്‍ഷത്തോടൊപ്പമുള്ള ഭവനരാഹിത്യമൊന്നും അവസാനിച്ചിട്ടില്ല. കഴിഞ്ഞ വര്‍ഷത്തെ റഷ്യന്‍ അധിനിവേശ വേളയില്‍ വടക്കന്‍ സിറിയയിലെ ജനങ്ങള്‍ അനുഭവിക്കേണ്ടി വന്ന ഭവനരാഹിത്യത്തെ യു.എന്‍ അപലപിച്ചിരുന്നു. സിറിയന്‍ ചരിത്രത്തിലെത്തന്നെ ഏറ്റവും വലിയ പലായനമായിരുന്നു അത് സമ്മാനിച്ചത്. കഴിഞ്ഞ വര്‍ഷം, 1,182,772ല്‍ അധികം ആളുകളാണ് മരണത്തെ ഭയന്ന് അവരുടെ വീടുവിട്ട് ഓടിപ്പോകാന്‍ നിര്‍ബന്ധിതരായത്. 2019 നവംബര്‍ മുതല്‍ 2020 ഫെബ്രുവരി വരെയുള്ള ചുരുങ്ങിയ കാലയളവില്‍ 1,037,890ല്‍ അധികം ആളുകളാണ് സ്വന്തം വീടു വിട്ടുപോകാന്‍ നിര്‍ബന്ധിതരായത്. സിറിയന്‍-റഷ്യന്‍ സൈനിക കാമ്പയ്നുകള്‍ക്കിടിയില്‍ അരീഹാ, സര്‍മൈന്‍, ദാറത്തു ഗസ, അത്താരിബ് എന്നീ നഗരങ്ങളെ സംബന്ധിച്ചെടുത്തോളം ഇദ്ലിബ്, ഹമാത്ത്, അലപ്പോ എന്നിവിടങ്ങളില്‍ നിന്നും അഞ്ച് തവണയാണ് സിറിയന്‍ പൗരന്മാര്‍ ആട്ടിയോടിക്കപ്പെട്ടത്.

ഭവനരഹിതരായവരില്‍ മില്ല്യണ്‍ കണക്കിന് ജനങ്ങളില്‍ പകുതിയും തുര്‍ക്ക് അതിര്‍ത്ഥി പ്രദേശത്തുള്ള അഭയാര്‍ത്ഥി ക്യാമ്പുകളിലേക്കാണ് പലായനം ചെയ്തത്. നേരത്തെ അവിടെയുണ്ടായിരുന്ന മില്ല്യണ്‍ കണക്കിന് അഭയാര്‍ത്ഥികള്‍ക്ക് ഇടിയിലേക്കാണ് ഇവരും വന്നു ചേര്‍ന്നത്. അതേസമയം, മറ്റൊരു പകുതി തെക്കു-കിഴക്കന്‍ അലപ്പോ, അഫ്രീന്‍, അഅ്സാസ്, അല്‍ബാബ്, ജറാബുല്‍സ് എന്നിവിടങ്ങളിലാണ് അഭയം തേടിയത്. വടക്കന്‍ സിറിയിയിലെ സ്വന്തം നാടുകളിലേക്ക് അഭയാര്‍ത്ഥികളിപ്പോള്‍ മടങ്ങിക്കൊണ്ടിരിക്കുകയാണ്. മാര്‍ച്ച് അഞ്ചിന് വെടിനിര്‍ത്തല്‍ കരാറില്‍ ഒപ്പു വെച്ചിട്ടും ഇദ്ലിബിലും അലപ്പോയിലും സിറിയന്‍-റഷ്യന്‍ സഖ്യ സേന സൈനിക നടപടികള്‍ തുടര്‍ന്നുകൊണ്ടിരിക്കുകയാണ്. വെടിനിര്‍ത്തല്‍ കരാറിനെ ദിനംപ്രതി ലംഘിച്ചുകൊണ്ടിരിക്കുന്ന റഷ്യ വ്യോമസേന വീണ്ടും ലക്ഷ്യം വെക്കുന്നത് സാധാരണ ജനങ്ങളെയും അവരുടെ ആവാസകേന്ദ്രങ്ങളെയുമാണ്.

Also read: സൂഫിക്കഥയിലെ ഉമർ

നടപ്പില്‍ വരാത്ത കരാറുകള്‍

നേരിട്ടുള്ള സൈനിക ഇടപെടല്‍ ആരംഭിച്ചതു മുതല്‍ കരാറുള്‍ ലംഘിക്കപ്പെടുന്ന എന്ന വ്യാജ ആരോപണം ഉന്നയിച്ച് സിറിയയുടെ മേലുള്ള പൂര്‍ണ നിയന്ത്രണം നേടാന്‍ ഭരണകൂടത്തിന്‍റെ മേല്‍ ചില ഔദ്യോഗിക ഉടമ്പടികള്‍ ഏര്‍പ്പെടുത്താന്‍ റഷ്യ ശ്രമിച്ചു. ഒരേസമയം റഷ്യ അതില്‍ പങ്കെടുക്കാന്‍ സന്നദ്ധമാവുകയും പിന്നീട് പിന്മാറുകയും ചെയ്തതാണ് ഈ കരാറുകളില്‍ ഏറ്റവും പ്രധാനം. വിനാശകരമായ ദുരന്തങ്ങളാണ് അതിന്‍റെ പരിണിത ഫലമായി ഉണ്ടായത്. ഹിംസ് ഗവര്‍ണറേറ്റിന്‍റെ വടക്ക് ദേശങ്ങള്‍, കിഴക്കന്‍ ഗൗത്ത, തെക്കന്‍ സിറിയയുടെ ഭാഗമായ ദാറ ഖുനൈതിറ നഗരങ്ങള്‍ അടക്കം ലതാക്കിയ, ഹമാത്ത്, അലപ്പോ തുടങ്ങിയ പ്രദേശങ്ങളും ഇദ്ലിബ് ഗവര്‍ണറേറ്റും ഡി-എസ്കലേഷന്‍ നടത്തുന്നതടക്കമുള്ള ഉടമ്പടികളാണ് അതിന്‍റെ ഭാഗമായി 2017 മെയ് മാസം രാജ്യങ്ങള്‍ക്കിടയില്‍ നടത്തിയത്. എന്നാല്‍, റഷ്യ ഈ കരാര്‍ പാലിക്കാന്‍ തയ്യാറായില്ലെന്ന് മാത്രമല്ല ഈ കരാറിനെ അസാധുവാക്കിയതിന് ശേഷം ആദ്യ ഡി-എസ്കലേഷന്‍ പ്രദേശങ്ങളായിരുന്ന ഇദ്ലിബ്, അലപ്പോ, ലതാക്കിയ, ഹമാത്ത് എന്നിവയല്ലാത്ത മറ്റെല്ലാ പ്രദേശങ്ങളും വീണ്ടും ഉപരോധിക്കാനും ആക്രമിക്കാനം തുടങ്ങി.

2018 സെപ്റ്റംബര്‍ 17ന് ഇദ്ലിബ് വിഷയത്തില്‍ തുര്‍ക്കിയും റഷ്യയും സോച്ചി ഉടമ്പടിയിലേക്ക് എത്തിച്ചേര്‍ന്നെങ്കിലും റഷ്യ ഈ ഉടമ്പടിയും ലംഘിച്ചു. മാത്രമല്ല, വടക്കന്‍ സിറിയയില്‍ 2019 ഏപ്രില്‍ 26 മുതല്‍ 2020 മാര്‍ച്ച് 5 വരെ നീണ്ടു നിന്ന സൈനിക നടപടികള്‍ക്ക് സിറിയന്‍ ഭരണകൂടത്തിന് ഒത്താശ ചെയ്തുകൊടുക്കുകയും ചെയ്തു. വെടിനിര്‍ത്തല്‍ കരാര്‍ ഒപ്പുവെച്ച് മാര്‍ച്ച് ആറിന് അത് പ്രാബല്യത്തില്‍ വന്നു. എന്നാല്‍, സിറിയന്‍ ഭരണകൂടവും റഷ്യവും വെടിനിര്‍ത്തല്‍ കരാര്‍ ദിവസേന ലംഘിക്കുകയും പ്രദേശങ്ങളില്‍ പുതിയ സൈനിക നീക്കങ്ങള്‍ ആരംഭിക്കുമെന്ന് നിരന്തരം ഭീഷണിപ്പെടുത്തുകയും ചെയ്തു.

Also read: രോഗ ശമനത്തിന് ഈ ചികില്‍സാ രീതി പരീക്ഷിക്കൂ

സെക്യൂരിറ്റി കൗണ്‍സിലിലെ രാഷ്ട്രീയ പിന്തുണ

യു.എന്‍ സെക്യൂരിറ്റി കൗണ്‍സിലില്‍ പതിനാറ് വീറ്റോകളിലൂടെ റഷ്യ അവരുടെ സൈനിക ഇടപെടലുകള്‍ക്ക് സമാന്തരമായി രാഷ്ട്രീയമായും അസദ് ഭരണകൂടത്തെ പിന്തുണച്ചു കൊണ്ടിരുന്നു. അതില്‍ത്തി കടന്നുള്ള സഹായം ഏര്‍പ്പെടുത്തുന്നതിനുള്ള സംവിധാനം വിപുലീകരിക്കുന്നതിനെതിരെയും അവയെ ഒറ്റ ക്രോസിംഗില്‍ പരിമിതപ്പെടുത്താനുള്ള സമ്മര്‍ദ്ധത്തിനെതിരെയുമുള്ള വോട്ടായിരുന്നു അതില്‍ അവസാനത്തേത്. മനുഷ്യവാകാശവുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ മനുഷ്യവകാശ സമിതിയുടെ എല്ലാ പ്രേമേയങ്ങള്‍ക്കുമെതിരെയും റഷ്യ വോട്ടു ചെയ്തു. അതുപോലെത്തന്നെ സിറിയയിലെ അന്താരാഷ്ട്ര അന്വേഷണ കമ്മീഷന്‍റെ പ്രവര്‍ത്തനം വിപുലീകരിക്കുന്നതിനെതിരെയും സ്വതന്ത്രവും നിഷ്പക്ഷവുമായ അന്വേഷണ സംവിധാനം സ്ഥാപിക്കുന്നതിനെതിരെയും കെമിക്കല്‍ നിരായുധീകരണ കമ്മീഷന്‍റെ പ്രവര്‍ത്തനങ്ങള്‍ക്കെതിരെയുമെല്ലാം റഷ്യ അസദ് ഭരണകൂടത്തെ പിന്തുണച്ചു.

റഷ്യ എല്ലാ ഉത്തരവാദിത്വങ്ങളും നിരസിക്കുന്നു

ഈ വര്‍ഷം ജൂണ്‍ മുതല്‍, ഹോസ്പിറ്റലുകളെ സംരക്ഷിക്കുകയും മാനുഷിക സഹായ ഷിപ്പിംഗുകള്‍ നടത്തുകയും ചെയ്യുന്ന യു.എന്‍ സന്നദ്ധ സംവിധാനത്തില്‍ നിന്നും റഷ്യ പിന്മാറി. ഇത് സിറിയന്‍ പൗരന്മാരെ ആക്രമിക്കുന്നതിനും എല്ലാ മാനുഷിക മൂല്യങ്ങളെയും വ്യക്തമായിത്തന്നെ നിരാകരിക്കുന്നതിനും അന്താരാഷ്ട്ര നിയമങ്ങളോട് റഷ്യ കാണിക്കുന്ന ബഹുമാനക്കുറവാണിത് വ്യക്തമാക്കുന്നത്. കാരണം, യു.എന്‍ സന്നദ്ധ സംവിധാനത്തിന്‍റെ ഭാഗമാകുന്നതോടെ സിറിയയിലെ ഹോസ്പിറ്റലുകളെയും മറ്റു അത്യാവശ്യ സൗകര്യങ്ങളെയും വ്യവസ്ഥാപിതമായി ലക്ഷ്യം വെച്ചുള്ള ആക്രമണങ്ങള്‍ക്ക് ഇത് തടസ്സമാകുമെന്നതാണ് റഷ്യയെ അതിന് പ്രേരിപ്പിക്കുന്നത്.

സിറിയയിലെ രാഷ്ട്രീയ പരിഹാരത്തിന് തടസ്സം നില്‍ക്കുന്ന റഷ്യ

ഒരു വിദേശ ശക്തിയെന്ന നിലയില്‍ സിറിയന്‍ ഭരണകൂടത്തിനുള്ള റഷ്യയുടെ പിന്തുണ ഭരണകൂടവും സിറിയന്‍ പൗരന്മാരും തമ്മിലുള്ള വിള്ളല്‍ വര്‍ദ്ധിപ്പിക്കുന്നതിനും പൗരന്മാരുടെ താല്‍പര്യങ്ങള്‍ക്ക് വിരുദ്ധമായ റഷ്യന്‍ താല്‍പര്യങ്ങള്‍ ഒരു രാഷ്ട്രീയ പരിഹാരത്തെക്കുറിച്ചുള്ള ആലോചനകളെത്തന്നെ അസ്ഥാനത്താക്കുന്നതിനും കാരണമായിട്ടുണ്ട്. എണ്ണ, ഫോസ്ഫറസുകള്‍, ഗ്യാസ്, തുറമുഖങ്ങള്‍ എന്നിവയുടെ മേലുള്ള റഷ്യയുടെ നിയന്ത്രണം ഇനിയൊരു തിരിച്ചുവരവിന് സാധ്യമാകാത്ത വിധം പ്രത്യാഘാതങ്ങളുണ്ടാക്കിയതു പോലെത്തന്നെയാണത്. അസദ് ഭരണകൂടത്തിലൂടെ തങ്ങള്‍ കരസ്ഥമാക്കിയ നേട്ടങ്ങള്‍ നഷ്ടപ്പെട്ടു പോകാതിരിക്കാന്‍ രാഷ്ട്രീയ അസ്ഥിരത നിലനിര്‍ത്തുകയെന്നത് റഷ്യയുടെയും താല്‍പര്യമാണ്.

Also read: വിഭവസമൃദ്ധമായ വ്യക്തിത്വം

റഷ്യ നടത്തുന്ന നരമേധങ്ങളോട് അന്താരാഷ്ട്ര സമൂഹം കണ്ണടക്കുന്ന കാലത്തോളം അസദ് ഭരണകൂടത്തിന്‍റെ പിന്തുണയോടെ റഷ്യന്‍ സൈന്യം സിറിയന്‍ പൗരന്മാരെ കൂട്ടക്കൊല ചെയ്തുകൊണ്ടേയിരിക്കും. പൗരന്മാരെ കൂട്ടക്കൊല ചെയ്തും ഹോസ്പിറ്റലുകള്‍, അടിസ്ഥാന സൗകര്യങ്ങള്‍, വിദ്യാലയങ്ങള്‍, മാര്‍ക്കറ്റുകള്‍ എന്നിവ ബോംബിട്ട് തകര്‍ത്തും റഷ്യ തുടരുന്ന ആക്രമണങ്ങള്‍ നിസാരമായിത്തന്നെ തുടരും. അന്താരാഷ്ട്ര സമൂഹത്തിന്‍റെ മൗനം കൂടൂതല്‍ പൗരന്മാരെ കൊല്ലാനും നഗരങ്ങള്‍ തുടച്ചു നീക്കാനും അവരെ ഭവനരഹിതരാക്കാനും റഷ്യക്ക് ധൈര്യം നല്‍കും. അന്താരാഷ്ട്ര സമൂഹം അവരുടെ ഉത്തരവാദിത്വത്തെക്കുറിച്ച് ബോധവാന്മാരാകുകയും സിറിയന്‍ പൗരന്മാരുടെ സംരക്ഷണത്തിന് വേണ്ടി നിലകൊള്ളുകയും ചെയ്യേണ്ടതുണ്ട്. അതുമാത്രമാണ് ഇനി സിറിയന്‍ പൗരന്മാര്‍ക്കെതിരെ നടക്കുന്ന കുറ്റകൃത്യങ്ങളെ ചെറുക്കാനുള്ള ഏകമാര്‍ഗം.

വിവ- മുഹമ്മദ് അഹ്‌സന്‍ പുല്ലൂര്‍

Related Articles