Current Date

Search
Close this search box.
Search
Close this search box.

ഇറാനെതിരെ യുദ്ധത്തിനു പുറപ്പെടാന്‍ അമേരിക്കക്ക് ന്യായമെന്തെങ്കിലും?

ഇറാനുമായി ഒരു യുദ്ധത്തിന് അമേരിക്ക ആഗ്രഹിക്കുന്നില്ലെന്ന് വിദേശകാര്യ സെക്രട്ടറി മൈക്കല്‍ പോംപിയോ റഷ്യയിലെ സോച്ചിയിലും അമേരിക്കയുമായി യുദ്ധമുണ്ടാകില്ലെന്ന് ഇറാന്റെ സുപ്രീം ലീഡര്‍ ആയത്തുല്ല അലി ഖാംനഇ അദ്ദേഹത്തിന്റെ വെബ്‌സൈറ്റിലൂടെയും (http://english.khamenei.ir/) വ്യക്തമാക്കിക്കഴിഞ്ഞു. അതിനാല്‍ യുദ്ധത്തെക്കുറിച്ച് നാമാരും വേവലാതിപ്പെടേണ്ട.

പിന്നെ ആരാണ് യുദ്ധത്തെക്കുറിച്ച് ഇത്രയും നാള്‍ സംസാരിച്ചുകൊണ്ടിരുന്നത്? ന്യൂക്ലിയര്‍ ആയുധങ്ങള്‍ വഹിക്കാന്‍ ശേഷിയുള്ള ബോംബര്‍ വിമാനങ്ങളെ മിഡിലീസ്റ്റിലേക്ക് അയച്ചത് ആരാണ്? ഇറാനെതിരെ യുദ്ധത്തിനു പുറപ്പെടാന്‍ അമേരിക്കക്ക് ന്യായമെന്തെങ്കിലും? അങ്ങനെ ന്യായം നോക്കിയല്ലല്ലോ അമേരിക്ക രാജ്യങ്ങളെ ആക്രമിക്കാറുള്ളത്. സോമാലിയ, ഇറാഖ്, അഫ്ഗാനിസ്ഥാന്‍…

പക്ഷേ, സദ്ദാമിനോട് ജോര്‍ജ് ബുഷ് ജൂനിയര്‍ കാണിച്ച വങ്കത്തം ഇറാനോട് കാണിച്ചാല്‍ വിവരമറിയുമെന്നത് മറ്റൊരു കാര്യം.

ഡോണാള്‍ഡ് ട്രംപ് നേതൃത്വം നല്‍കുന്ന അമേരിക്കന്‍ ഭരണകൂടവുമായി ചര്‍ച്ചകള്‍ക്ക് ഒരു പ്രസക്തിയുമില്ലെന്നാണ് ഖാംനഇ പറയുന്നത്. മാന്യന്മാരല്ല അവര്‍. 2015ല്‍ യു.എന്നും ലോക രാഷ്ട്രങ്ങളും ചേര്‍ന്ന് ഒപ്പുവെച്ച ചരിത്ര പ്രാധാന്യമുള്ള ആണവകരാറില്‍നിന്ന് ഏകപക്ഷീയമായി പിന്മാറിയവരാണവരെന്നും ഖാംനഇ പറയുന്നു.ഇറാന്‍ പറയുന്നതല്ലേ ശരി.

തന്റെ ഇച്ഛക്കൊത്ത് ലോകം ചലിക്കണമെന്ന് ട്രംപ് എന്ന ബഫൂണും അയാളുടെ ഉപദേശകന്‍ ജോണ്‍ ബോള്‍ട്ടനും വിചാരിച്ചുകൊള്ളട്ടെ. അങ്ങിനെതന്നെ നടക്കണമെന്ന് വാശിപിടിക്കരുതെന്ന് മാത്രം. ഇത്തരം മണ്ടന്‍മാരാണ് ലോകത്തിലെ ഏറ്റവും വലിയ രണ്ട് ജനാധിപത്യ രാജ്യങ്ങളെ നയിക്കുന്നത് എന്നതാണ് ഏറെ സങ്കടകരം. ഒരു പമ്പര വിഡ്ഢിയെ നമ്മളും അനുഭവിച്ചുകൊണ്ടിരിക്കുകയല്ലേ. മേയ് 23നെ കാത്തിരിക്കുകയാണ്.

Related Articles