Current Date

Search
Close this search box.
Search
Close this search box.

ത്യാഗപ്പെരുന്നാൾ

ത്യാഗത്തിന്റെയും സമർപ്പണത്തിന്റെയും ഓർമപ്പെരുന്നാൾ . സന്തോഷത്തിന്റെയും ആഹ്ലാദത്തിന്റെയും മണിക്കൂറുകളെ കൃപയുടെയും ദാനത്തിൻറെയും നാളായി പരിവർത്തിപ്പിക്കുന്ന അവസരം. വിശ്വാസി ചെറിയ പെരുന്നാളിന് ധാന്യമായും വലിയ പെരുന്നാളിന് മാംസമായും നല്കി തിരിച്ചു പിടിക്കാൻ ശ്രമിക്കുന്നത് അവന്റെ സഹോദരന്റെ മുഖത്തെ മാഞ്ഞുതുടങ്ങിയ പുഞ്ചിരിയും ആത്മവിശ്വാസവും കൂടിയാണ്.

പാവങ്ങൾ ധനികർക്കിടയിൽ കറങ്ങി നടക്കാതിരിക്കാനാണ് ഈദുൽ ഫിത്വറിലെ സകാതുൽ ഫിത്വറെങ്കിൽ സമൂഹത്തിന്റെ പാർശ്വങ്ങളിൽ മാത്രം ഒതുങ്ങിക്കൂടുന്ന അഗതിയേയും ദരിദ്രനേയും കൂടെ ധനികരിലേക്ക് ചേർത്തു നിർത്തി ധനം പണച്ചാക്കുകളിൽ മാത്രം കിടന്ന് കറങ്ങാനുള്ളതല്ല എന്ന സമഭാവനയുടെ പാഠം തിരിച്ചു പിടിക്കാനുള്ള ത്യാഗ നിർഭരമായ വാർഷികമാണ് ഈദുൽ അദ്ഹാ . അഥവാ സൗമ്യതയും സന്തോഷവും കൊണ്ട് സ്വന്തം ആത്മാവിനെ നിറയ്ക്കുകയും അപരന്റെ ഹൃദയത്തിന്റെ ശാന്തതയും ആനന്ദവും നിലക്കാതെ സൂക്ഷിക്കുകയുമാണ് ആ ദിനങ്ങളിൽ നാം ചെയ്യേണ്ടത്. അതായത് ത്യാഗത്തിന്റെയും സഹനത്തിന്റെയും പാഠം ഉൾക്കൊണ്ട് പകുത്തു നൽകലിന്റെയും ഉൾക്കൊള്ളന്റിന്റെയും മാതൃകയാവാനുള്ള പരിശീലനമാണ് ഇസ്ലാമിലെ ഓരോ ഈദും .

ജോലിയില്ലാത്ത സമ്പത്ത് ,
മന:സാക്ഷിയില്ലാതെ ആനന്ദം,
സ്വഭാവമില്ലാത്ത അറിവ് ,
ധാർമ്മികതയില്ലാത്ത വാണിജ്യം ,
മാനവികതയില്ലാത്ത ശാസ്ത്രം ,
ത്യാഗമില്ലാത്ത ആരാധന,
തത്വമില്ലാത്ത രാഷ്ട്രീയം എന്നിവ ഏഴ് സാമൂഹിക പാപങ്ങളാണെന്ന് പ്രഘോഷണം നടത്തിയ പുരോഹിതനായിരുന്നു ഫ്രെഡറിക് ലൂയിസ് ഡൊണാൾഡ്സൺ (1860-1953). മത വിശ്വാസികളിലെങ്കിലും ആ ഒരു വികാരമില്ലെങ്കിൽ ലോകമെന്നോ ഊഷര ഭൂമിയാവുമായിരുന്നു !

വ്യാപകമായി തെറ്റിദ്ധരിപ്പിക്കപ്പെട്ട വാക്കുകളിൽ ഒന്നാണ് ത്യാഗം.ഉപേക്ഷിക്കൽ, വേണ്ടെന്നുവയ്ക്കൽ എന്നെല്ലാമാണ് ത്യാഗമെന്ന പദത്തിന്റെ പ്രഥമാർഥം.ഒഴിവാക്കണമെങ്കിൽ ആദ്യം അത് നമ്മുടെ കൈവശം ഉണ്ടായിരിക്കണം.അപ്പോൾ നമ്മുടെ കൈവശം നമ്മുടേത്‌ മാത്രമായി എന്താണ് ഉള്ളത്? ധനം? ആരോഗ്യം?സൌന്ദര്യം? പ്രസക്തി?!! ഇവയെല്ലാം നമുക്ക് എങ്ങനെയോ വന്നു ചേരുന്നതാണ്.അത് പോകുകയും ചെയ്യും.എന്നാൽ ജനനത്തോടെ നമുക്കായി ലഭിച്ചതും,മരണം വരെ നമ്മുടെ കൂടെ ഉള്ളതും രണ്ടെണ്ണം മാത്രമാണ്.അത് ത്യജിക്കുമ്പോൾ മാത്രമേ ത്യാഗം എന്ന് പറയാൻ പറ്റൂ.അത് ആഗ്രഹവും, വെറുപ്പുമാണ്.അതേ നമുക്ക് ത്യജിക്കാൻ പറ്റൂ.നമ്മുടെ ബാധ്യതയായി നാം ചെയ്യുന്ന കാര്യം നമ്മുടെ ആത്മ സംതൃപ്തിക്ക് വേണ്ടി മാത്രമല്ല.അതൊരിക്കലും ത്യാഗവുമല്ല.അത് ധർമ്മമാണ്.ഒരാൾ ആശുപത്രിയിൽ കിടക്കുമ്പോൾ ശുശ്രൂഷിക്കുവാൻ മറ്റെന്തും മാറ്റിവെച്ച് മറ്റൊരാൾ തുനിഞ്ഞാൽ അത് അയാൾ ഇഷ്ടപ്രകാരം ചെയ്യുന്നതും, മാനുഷിക ധർമ്മവുമാണ്.അതിനെ ത്യാഗമെന്ന് പറയാൻ പറ്റില്ല.അയാൾ ഇവിടെ ഒന്നും ത്യജിച്ചിട്ടില്ല. മറ്റുള്ളവരെ സഹായിക്കാൻ ഇറങ്ങി പുറപ്പെടുമ്പോളൊക്കെ അതിനെ ത്യാഗം എന്ന് പലരും പറയാറുണ്ട്‌. ഉമ്മ മക്കളെ നോക്കുന്നത് ത്യാഗം എന്ന കണക്കിലാണ് പലരും വരവുവെക്കുന്നത്.സത്യത്തിൽ അത് ത്യാഗമല്ല.മാതൃ ധർമ്മമാണ് ; പ്രതിഫലാർഹവും ആണ്. ഇഷ്ടവും അനിഷ്ടവും മറ്റുള്ളവർക്ക് വേണ്ടി ഒഴിവാക്കുന്നതാണ് യഥാർത്ഥ ത്യാഗം.

സമൂഹനന്മയ്ക്കുവേണ്ടി സ്വന്തം ഇഷ്ടങ്ങൾ ത്യജിക്കലാണ് യഥാർഥ ത്യാഗം. അല്ലാഹുവിന്റെ പ്രീതിയാണ് ത്യാഗത്തിന്റെ പ്രചോദനം. നോമ്പുകാലത്ത് അന്നപാനീയങ്ങൾ ത്യജിക്കുന്നതിലൂടെ ഇഷ്ടങ്ങളെയും താത്പര്യങ്ങളെയും മാറ്റിവെക്കാൻ വിശ്വാസി പരിശീലിക്കുന്നു. പാവപ്പെട്ടവന്റെ വിശപ്പ് പണക്കാരനും കുറച്ചൊക്കെ അക്കാലത്ത് അനുഭവിക്കുന്നു. അധ്വാനിച്ചുണ്ടാക്കിയ സമ്പത്ത് ഓരോ മനുഷ്യന്റെയും സ്വകാര്യ അഹങ്കാരമാണ്. അതിലൊരു പങ്ക് തന്റേതല്ല എന്ന തിരിച്ചറിവിൽ പാവങ്ങൾക്കുവേണ്ടി ത്യജിക്കുന്ന മഹത്തായ ആരാധനയാണ് സകാതും സ്വദഖയും ഉദ്ഹിയ്യതുമെല്ലാം .

മനുഷ്യൻ സാമൂഹ്യജീവിയാണ്. ത്യാഗസന്നദ്ധതയില്ലാതെ സമൂഹജീവിതം സാധ്യമാകില്ല. വൈവിധ്യങ്ങളുടെ ആകത്തുകയാണ് സമൂഹജീവിതം. ഉള്ളവനും ഇല്ലാത്തവനും പണ്ഡിതനും പാമരനും ബലവാനും ദുർബലനും ചേർന്നതാണ് സമൂഹം. ഈ വൈവിധ്യത്തെ ഖുർആൻ (43 : 32) പ്രത്യേകം പരാമർശിക്കുന്നുണ്ട്. ഗോത്രമഹിമയിൽ അഹങ്കരിച്ചിരുന്ന സ്വാർഥരായ പ്രാകൃത സമൂഹത്തെ വരത്തനു വേണ്ടി ത്യജിക്കാൻ സന്നദ്ധതയുള്ള ഒരു പരിഷ്കൃത സമൂഹമായി പരിവർത്തിപ്പിക്കുകയായിരുന്നു ഇസ്ലാം പഠിപ്പിച്ച പരക്ഷേമതത്പരത ( ഈസാർ ) . ത്യജിക്കലിന്റെ ഒരു വലിയപാഠമായി ഖുർആൻ 59: 9 ൽ അത് ഹൃദ്യമായി അവതരിപ്പിച്ചിരിക്കുന്നു.

സമ്പത്തും വീടും മറ്റു സൗകര്യങ്ങളുമെല്ലാം അവർ മുഹാജിറുകൾക്കായി പകുത്തുവെച്ച അൻസാറുകളെ ഏറ്റവും വലിയ വിജയികളായാണ് ഖുർആനവിടെ പരിചയപ്പെടുത്തുന്നത്.

ഈ ത്യാഗത്തെ അനുസ്മരിപ്പിക്കുന്ന അത്ഭുത മുദ്രാവാക്യമാണ് ‘അല്ലാഹു അക്ബർ ‘ എന്ന് തുടങ്ങുന്ന തക്ബീറുകൾ . അല്ലാഹുവിനേക്കാൾ വിലപ്പെട്ടതല്ല തന്റെയൊന്നുമെന്ന സത്യപ്രതിജ്ഞാ വാചകമാണ് അറഫ നാൾ മുതൽ അയ്യാമുത്തശ്രീഖിന്റെ അവസാനം വരെ വിശ്വാസി ബോധപൂർവ്വം നിർവ്വഹിക്കുന്നത്.

ഉമറു ബ്നുൽ ഖത്വാബ് ( റ ) പെരുന്നാളിന് മിനയിൽ താഴികക്കുടമുണ്ടാക്കി തക്ബീർ ചൊല്ലിയിരുന്നു. ഈദ് ദിനങ്ങളെത്തിയാൽ
അവിടം തക്ബീർ കൊണ്ട് മുകരിതമാവും;മിന മുഴുവൻ ആ മന്ത്രണങ്ങൾ ഏറ്റെടുക്കും, അവിടെയുള്ള ചെടിയും പൂവുമെല്ലാം അതേറ്റ് ചൊല്ലുമാറ് അവിടം തക്ബീർ നിറയുമായിരുന്നുവെന്ന് ചരിത്രം പറയുന്നു. മിനയുടെയും മുസ്ദലിഫയുടെയും വർത്തമാനവും അതുതന്നെ.

ഇസ്‌ലാമിലെ ഈദുകൾ മോഹങ്ങളുടെയും താൽപ്പര്യങ്ങളുടെയും പിന്നാലെയുള്ള ഓട്ടമല്ല , വിലക്കുകളുടെ ധ്വംസനമോ പരിധികളുടെയോ പവിത്രതകളുടെയോ അതിലംഘനമോ ഒരിക്കലുമല്ല.ഓരോ ഈദും ശുദ്ധ അനുസരണത്തിന് ശേഷം വരുന്ന കൂടുതൽ വിശുദ്ധ അനുസരണമാണ്. നന്ദിയും കടപ്പാടും അറിയിക്കുന്നതാണ് അവന്റെ ആഘോഷങ്ങൾ പോലുമെന്നാണ് രണ്ടു പെരുന്നാളുകളെ കുറിച്ചും ഖുർആൻ പറയുന്നത്.
(2:185, 203)

പ്രത്യേക കാലത്തിന്റെയും സവിശേഷ സ്ഥലത്തിന്റെയും ഓർമ്മകളാണ് രണ്ടാഘോഷങ്ങളിലെയും “അയ്യാമുൻ മഅദൂദാതിന് ” (എണ്ണപ്പെട്ട ദിനങ്ങൾ) ശേഷം വരുന്നത്. വിശ്വാസത്തിന് ആഴമേകാനും നിശ്ചയദാർഢ്യത്തിനെ പ്രകാശിപ്പിക്കാനും ഹൃദയത്തിന്റെ വിശുദ്ധിയെ വർദ്ധിപ്പിക്കാനും റമദാനിലെ 29/30 ദിനങ്ങളും ദുൽ ഹജ്ജിലെ 10 രാത്രികളും വിശ്വാസിയെ പ്രാപ്തനാക്കുന്നു. ആ നാല്പതു ദിവസവും രാവും പകലും മാലാഖമാർ വിശ്വാസിയെ വിളിക്കുന്നു :

തിന്മ അന്വേഷിക്കുന്നവരേ, ചുരുക്കുക …
നന്മ തേടുന്നവരേ, മുന്നേറുക…
നീതിമാന്മാരുടെ ആത്മാക്കളേ,സന്തോഷിക്കുക … ധൈര്യമുള്ളവരുടെ ഹൃദയങ്ങളേ,ആസ്വദിക്കുക …
സ്വർഗം കാംക്ഷിക്കുന്നവരേ, തയ്യാറെടുക്കുക …
ഉപവസിക്കുകയും രാത്രികളിൽ നിന്ന് നമസ്കരിക്കുകയും ചെയ്യുന്നവർ ഭാഗ്യവാന്മാർ ! ത്യാഗവും ദാനവും നൽകിയവർ സുഭഗർ !
റമദാനിൽ ഇങ്ങോട്ട് വന്നു അനുഗ്രഹം ചൊരിയുന്ന മാലാഖമാർ വിശ്വാസികളുടെ ഏറ്റവും വലിയ വാർഷിക സമ്മേളനത്തിന്റെ ദിവസത്തിലെ കാരുണ്യങ്ങൾ ഏറ്റുവാങ്ങാൻ എല്ലാ നാട്ടിലെയും പ്രതിനിധികളെ അങ്ങോട്ട് വിളിച്ചുവരുത്തുന്നു. ഈ മഹാമാരിക്കാലത്തും ഭൂമിയിലെ എല്ലാ വംശങ്ങൾ, വിവിധ ഭാഷകൾ, നൂറുകണക്കിന് രാജ്യങ്ങൾ എന്നിവയുടെ പ്രതിനിധികൾ ഉമ്മതുൻ വാഹിദ: (ഒരേ സമൂഹമായി) മാറുന്ന കാഴ്ചയെ 21:92,23:52 എന്നീ സൂക്തങ്ങളിൽ ഖുർആൻ ചിത്രീകരിക്കുന്നുണ്ട്.

ഇസ്ലാമാണവരെ ഒന്നിപ്പിക്കുന്നത്. ഐക്യമാണ് വിശ്വാസത്തിന്റെ ഏകതാളബോധം അവർക്ക് പകർന്നു നല്കിയത്. ഖുർആൻ 1:6 ലും 3: 101 ലും മറ്റും പറയുന്ന ‘ഋജുവായ മാർഗത്തി ‘ലേക്കും 2: 198 ൽ പ്രഖ്യാപിച്ച ദൈവത്തിന്റേയും സൃഷ്ടികളുടേയും ഏകത്വത്തിന്റെ അടയാളപ്പെടുത്തൽ ഭൂപ്രദേശമായ അറഫയിലേക്കും ഇസ്ലാമിക ലോകത്തെ ഒരു ദിവസത്തേക്കും ആവാഹിക്കുന്നത് ഈ ഐക്യബോധമാണ്. ആ വേളയിൽ, ഭൂമിയുടെ ശ്രദ്ധാ കേന്ദ്രമായ മക്കയുടെ വിളിപ്പാടകലെ നടക്കുന്ന ശുഭ്ര സാഗരം; അവ വിവരണാതീതമായ വികാരങ്ങളാണ്, എഴുതാൻ കഴിയാത്ത വിചാരങ്ങളാണ്, അവ നിർവ്വഹിക്കുന്നവൻ അത് ആസ്വദിക്കുന്നുണ്ട്, അവയിൽ പങ്കെടുക്കുന്നയാൾ അതനുഭവിക്കുന്നുമുണ്ട്, മഹാവ്യാധി സൃഷ്ടിച്ച സാമൂഹിക അകലത്തെ ആദർശ ഐക്യം കൊണ്ട് അതിജയിക്കുന്നുണ്ടവർ. ലോകശാന്തിക്കും രോഗശമനത്തിനും എല്ലാവരും ചേർന്ന് നടത്തുന്ന ഹൃദയ സ്പർശിയായ പ്രാർഥനകളിലൂടെ അവരവിടേക്ക് ലോകത്തെ മുഴുവൻ ആവാഹിക്കുകയാണ്.

ലോകത്ത് രണ്ടേ രണ്ടു സന്തോഷങ്ങളേയുള്ളൂ. താൻ ചെയ്ത നന്മകളുടെ ഫലം കണ്മുമ്പിൽ കാണുമ്പോഴുള്ള സന്തോഷമാണ് അവയിലൊന്ന്.
കൊള്ളയോ കൈക്കൂലിയോ കാപട്യമോ നുണയോ വഞ്ചനയോ അനീതിയോ സ്വേച്ഛാധിപത്യമോ ഇല്ലാത്ത ഒരു മാതൃകാ ലോകം കാണുമ്പോൾ ചുരുങ്ങിയ കാലത്തേക്കെങ്കിലും ഹാജിക്കുണ്ടാവുന്നത് ആ സന്തോഷത്തിന്റെ അനുരണനമാണ്. ഖുർആൻ പറയുന്നതു പോലെ അസത്യത്തിൽ പണിയപ്പെടുന്നതോ (40: 75 ) കേവലഭൗതികസൗകര്യങ്ങൾ നല്കുന്നതോ(28: 76) മതിമറപ്പിക്കുന്നതോ (6:44 ) ഭൗതിക വിഭവങ്ങളിൽ കെട്ടിയിടുന്നതോ (13:26 ) അല്ല യഥാർഥ സന്തോഷമെന്നും നാഥന്റെ ഔദാര്യവും കാരുണ്യവും നേരിട്ടുകാണുമ്പോൾ അനുഭവിക്കുന്നതാണതെന്നും (10 : 58 ) അവനെ ബോധ്യപ്പെടുത്തണം ഈ നാളുകൾ. എന്നെന്നും നിലനില്ക്കുന്ന സന്തോഷത്തെ ഓർമിപ്പിക്കുന്ന (3:170) സന്തോഷത്തിന്റെ മാതൃകയാണവിടെ വിശ്വാസി അനുഭവിക്കുക. താൻ കഴിച്ച് കൊണ്ടിരിക്കുന്ന ഈത്തപ്പഴം പോലും വലിച്ചെറിഞ്ഞ് പാരത്രിക വിജയത്തിന്റെ സന്തോഷമാണ് തനിക്ക് വേണ്ടെതെന്ന് ബദറിൽ പ്രഖ്യാപിച്ച ഉമൈറുബ്നുൽ ഹുമാ(റ)മും മരണ സമയത്തെ വിഷമത്തെ “എന്റെ സന്തോഷമേ ” എന്ന് പറഞ്ഞു നിസ്സാരവത്കരിച്ച ബിലാൽ (റ) ഉമൊക്കെയാണ് നമ്മുടെ സന്തോഷ പ്രകടനത്തിന്റെ റോൾ മോഡലുകൾ ആവേണ്ടത്.
എന്നാലാണ് പങ്കുവെക്കപ്പെടുമ്പോൾ ഇരട്ടിക്കുന്നതാണീ സന്തോഷമെന്ന വിതാനത്തിലേക്ക് നമ്മെ ഉയർത്താൻ കഴിയൂ. അല്ലെങ്കിൽ ഫ്രിഡ്ജിൽ സൂക്ഷിക്കുന്ന മാംസത്തിൽ മാത്രം സന്തോഷം കണ്ടെത്തുന്ന കാനേഷുമാരി മുസ്ലിമായി ജീവിക്കാനാവും നമ്മുടെ വിധി.

അതിനാൽ ഈ ദിവസങ്ങളെ പങ്കുവെപ്പിലൂടെ ലഭ്യമാവുന്ന യഥാർഥ സന്തോഷത്തിന്റെ ദിവസങ്ങളാക്കുക, അപ്പോൾ ദുഃഖത്തിന്റെ കാർമേഘങ്ങളെ ആഹ്ലാദത്തിന്റെ ചാറ്റൽ മഴപോലെയാക്കാം. വിദ്വേഷമോ ശത്രുതയോ ഇല്ലാത്ത സ്നേഹത്തിന്റെയും ശാന്തതയുടെയും ദിവസങ്ങളാക്കുവാൻ അപ്പോഴേ നമുക്കാവൂ. ഇഖ്ബാൽ പറഞ്ഞത് പോലെ :

شام غم لیکن خبر دیتی ہے صبح عید کی…
ظلمت شب میں نظر آئی کرن امید کی…

ദുഃഖത്തിന്റെ സായാഹ്നമെന്നാലും
പെരുന്നാൾ പ്രഭാതത്തിന്റെ സന്തോഷ വാർത്ത…
ഇരുണ്ട രാത്രിയിലും പ്രതീക്ഷയുടെ കിരണങ്ങൾ
കാണാൻ പ്രാപ്തനാക്കുന്നു …

Related Articles