Current Date

Search
Close this search box.
Search
Close this search box.

മുര്‍സിയുടെ വീരമൃത്യു; ലോക നേതാക്കളുടെ പ്രതികരണം

മുന്‍ ഈജിപ്‌ഷ്യന്‍ പ്രസിഡണ്ട്‌ മുഹമ്മദ്‌ മുര്‍‌സി വിചാരണ കോടതിയില്‍ വീണു വീരമൃത്യു വരിച്ചു. ചാര വൃത്തി ആരോപിച്ചുള്ള വിചാരണക്കിടയിലാണ്‌ 67 കാരനായ മുഹമ്മദ്‌ മു‌ര്‍‌സിയുടെ അന്ത്യം സം‌ഭവിച്ചതെന്നാണ്‌ അധികൃതരെ ഉദ്ധരിച്ചുള്ള റിപ്പോര്‍‌ട്ട്‌.

മുസ്‌‌ലിം ബ്രദർഹുഡിലെ ഒരു ഉന്നത വ്യക്തിയും ഈജിപ്‌‌തിന്റെ ആധുനിക ചരിത്രത്തിൽ ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെട്ട ആദ്യത്തെ പ്രസിഡന്റുമായ മുർസി 2013 ൽ സൈനിക അട്ടിമറിക്ക്‌ ശേഷം തടവറയിലായിരുന്നു.

ഖത്തര്‍ അമീര്‍ ഷെയ്ഖ് തമീം ബിൻ ഹമദ് അൽ താനി മുർസിയുടെ കുടുംബത്തിനും ഈജിപ്ഷ്യൻ ജനതയ്ക്കും അനുശോചനം രേഖപ്പെടുത്തി. മുൻ ഈജിപ്‌ഷ്യന്‍ പ്രസിഡന്റ് ഡോ. മുഹമ്മദ് മുർസിയുടെ പെട്ടെന്നുള്ള വിയോഗ വാർത്ത ഞങ്ങൾ വളരെ വേദനയോടെയാണ്‌ ശ്രവിച്ചത്. അദ്ദേഹത്തിന്റെ കുടുംബത്തിനും ഈജിപ്ഷ്യൻ ജനതയ്ക്കും അഗാധമായ ദുഃഖം അറിയിക്കുന്നു. നാം ദൈവത്തിന്റേതാണ്, അവനിലേക്ക് തന്നെയാണ്‌ മടക്കം, ”ഷെയ്ഖ് തമീം ട്വിറ്റർ പോസ്റ്റിൽ പറഞ്ഞു.

തുർക്കി പ്രസിഡൻറ് തയ്യിബ്‌ എർദോഗൻ മുർസിയെ “രക്തസാക്ഷി” എന്ന് അഭിസം‌ബോധന ചെയ്‌തു കൊണ്ടാണ്‌ ആദരാഞ്‌ജലി അര്‍‌പ്പിച്ചത്‌. “രക്തസാക്ഷിയുടെ ആത്മാവിന്‌ അല്ലാഹു ശാന്തിയും സമാധാനവും വര്‍‌ഷിക്കുമാറാകട്ടെ,” മുൻ ഈജിപ്‌ഷ്യന്‍ പ്രസിഡന്റുമായി അടുത്ത ബന്ധം പുലർത്തിയിരുന്ന എർദോഗൻ പറഞ്ഞു.

മുർസിയുടെ ബന്ധുക്കൾക്കും അനുയായികൾക്കും ഐക്യരാഷ്ട്ര സഭാ വക്താവ് സ്റ്റീഫൻ ഡുജാറിക് അനുശോചനം അറിയിച്ചു. “പൂർണ്ണമായും മുന്‍‌കൂട്ടി പ്രവചിക്കാമായിരുന്ന ദൗര്‍‌ഭാഗ്യകരമായ മുർസിയുടെ മരണം” എന്ന് ഹ്യൂമൻ റൈറ്റ്സ് വാച്ച് മിഡിൽ ഈസ്റ്റ് ആൻഡ് നോർത്ത് ആഫ്രിക്ക ഡിവിഷൻ എക്സിക്യൂട്ടീവ് ഡയറക്‌ടര്‍ സാറാ ലേഹ്‌ വിറ്റ്സൺ പറഞ്ഞു.അദ്ദേഹത്തിന് മതിയായ വൈദ്യസഹായം അനുവദിക്കുന്നതിൽ ഈജിപ്‌‌ത്‌ സർക്കാർ പരാജയപ്പെട്ടു. എന്നും അവര്‍ പ്രതികരിച്ചു.

“കഴിഞ്ഞ കുറേ വർഷങ്ങളായി അദ്ദേഹത്തിന്റെ മോശം ആരോഗ്യ സ്ഥിതിയെക്കുറിച്ച്‌ ഞങ്ങൾ രേഖപ്പെടുത്തുകയും റിപ്പോര്‍‌ട്ട്‌ നല്‍‌കുകയും ചെയ്‌തിതിരുന്നു. ജഡ്‌ജിയുടെ മുമ്പാകെ ഹാജരാകുമ്പോഴെല്ലാം അദ്ദേഹം വൈദ്യ സഹായവും ചികിത്സയും അഭ്യർത്ഥിച്ചിരുന്നതായും” വിറ്റ്സൺ, അൽ ജസീറയോട് പറഞ്ഞു.

മതിയായ ഭക്ഷണവും മരുന്നും അദ്ദേഹത്തിന് നിഷേധിക്കപ്പെട്ടിരുന്നു. അദ്ദേഹത്തിന്റെ ആരോഗ്യനില വഷളാകുന്നതിനെക്കുറിച്ച്‌ ഈജിപ്ഷ്യൻ സർക്കാരിന് വളരെ വ്യക്തമായി അറിയാമായിരുന്നു.വളരെയധികം ശരീര ഭാരം കുറഞ്ഞ്‌ അവശനായ അദ്ദേഹം കോടതിയിൽ നിരവധി തവണ ബോധരഹിതനായി വീണിട്ടുണ്ട്‌.

“സകല വിധ വാര്‍‌ത്താ സൗകര്യങ്ങളും,പുറം ലോകവുമായി ബന്ധപ്പെടാനുള്ള മാധ്യമങ്ങളും വിലക്കപ്പെട്ടിരുന്നു. സുഹൃത്തുക്കളുമായും കുടുംബവുമായും ആശയവിനിമയ സൗകര്യങ്ങളില്ലാതെ അദ്ദേഹത്തെ ഏകാന്ത തടവറയിലായിരുന്നു പാർപ്പിച്ചിരുന്നത്,”

മുർസിയുടെ മരണത്തെക്കുറിച്ച് സ്വതന്ത്രമായ ഒരു അന്വേഷണം ഉണ്ടാകില്ലെന്ന് വിറ്റ്‌സണ്‍ പറഞ്ഞു.കാരണം അവര്‍ അവരുടെ ജോലിയും ഉത്തര്വാദിത്തവും നിര്‍‌വഹിച്ചു കൊണ്ടിരിക്കുന്നതില്‍ കുറ്റമറ്റവരും സമ്പൂര്‍‌ണ്ണരുമാണെന്നാണ്‌ കരുതിപ്പോരുന്നത്.

ഒരു ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ്‌ മുർസിയുടെ മകൻ അഹമ്മദ് പിതാവിന്റെ മരണം സ്ഥിരീകരിച്ചത്‌. “അല്ലാഹുവിന്റെ മുൻപിൽ ഞാനും എന്റെ പിതാവും ഒന്നിക്കും,”അദ്ദേഹം എഴുതി.

ലണ്ടനിലെ മുസ്‌ലിം ബ്രദർഹുഡിലെ പ്രമുഖ അംഗം മുഹമ്മദ് സുഡാൻ, മുർസിയുടെ മരണത്തെ “മുൻകൂട്ടി തീരുമാനിച്ച കൊലപാതകം” എന്നാണ് വിശേഷിപ്പിച്ചത്, മുൻ പ്രസിഡന്റിന്‌ മരുന്ന് ലഭ്യമാക്കുന്നതിനൊ സന്ദർശിക്കുന്നതിനോ വിലക്കുകളുണ്ടായിരുന്നുവെന്നും അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതിയെക്കുറിച്ച് വളരെക്കുറച്ച് വിവരങ്ങളേ ലഭിച്ചിരുന്നുള്ളൂ എന്നും പറഞ്ഞു.

“വിചാരണ വേളയില്‍ അദ്ദേഹത്തെ ഒരു ഗ്ലാസ് കൂട്ടിന്‌ പിന്നിലാക്കിയാണ്‌ നിര്‍‌ത്താറുള്ളത്. ആർക്കും അദ്ദേഹത്തെ കേൾക്കാനോ എന്താണ് സംഭവിക്കുന്നതെന്ന് അറിയാനോ കഴിയില്ല. മാസങ്ങളോ ഒരു വർഷത്തോളമോ ആയി അദ്ദേഹത്തെ സന്ദര്‍‌ശിക്കാന്‍ അവസരങ്ങള്‍ ലഭിച്ചിരുന്നില്ല.ചികിത്സയും മരുന്നും ലഭ്യമായിരുന്നില്ലെന്ന പരാതികള്‍ അം‌ഗീകരിക്കപ്പെടാറുമില്ല.ഇത് മുൻകൂട്ടി തീരുമാനിച്ച ക്രൂരമായ കൊലപാതകമാണ്. അഥവാ മന്ദഗതിയിലുള്ള മരണമാണ്.”

മുർസിയുടെ മരണം ബോധപൂര്‍‌വ്വമായിരുന്നു എന്നും ഈ പാതകത്തിന്‌ ഈജിപ്ഷ്യൻ അധികാരികളാണ് ഉത്തരവാദികളെന്നും ബ്രദർഹുഡിന്റെ രാഷ്‌‌ട്രീയ മുഖമായ ഫ്രീഡം ആന്‍‌ഡ്‌ ജസ്‌റ്റിസ്‌ പാര്‍‌ട്ടി പ്രസ്‌‌താവനയില്‍ പറഞ്ഞു.

“ഈജിപ്‌ത്‌ അധികാരികൾ അദ്ദേഹത്തെ ഒറ്റയ്ക്കുള്ള തടവിലാണ്‌ പാര്‍പ്പിച്ചിരുന്നത് … അവർ മരുന്ന് വലിച്ചെറിയുകയും മ്‌ളേച്ഛതയുള്ള ഭക്ഷണം നൽകുകയും ചെയ്‌തു പോന്നു .. ഏറ്റവും അടിസ്ഥാനപരമായ മനുഷ്യാവകാശം പോലും നിഷേധിക്കപ്പെട്ടിരുന്നു” എന്ന് രാഷ്‌‌ട്രീയ പാർട്ടിയുടെ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ച ഒരു പ്രസ്‌‌താവനയിൽ വിശദമാക്കി.

മുർസിയുടെ മരണത്തെക്കുറിച്ച് അന്താരാഷ്ട്ര സ്വതന്ത്ര അന്വേഷണം നടത്തണമെന്ന്‌ മുസ്‌ലിം ബ്രദർഹുഡിന്റെ മുതിർന്ന അംഗവും മുർസിയുടെ കീഴിൽ ആസൂത്രണ, അന്താരാഷ്ട്ര സഹകരണ മന്ത്രിയുമായിരുന്ന അമർ ദറാഗ്‌,മുൻ ഈജിപ്ഷ്യൻ നിക്ഷേപ മന്ത്രി യെഹിയ ഹമീദ് എന്നിവർ സംയുക്ത പ്രസ്‌‌താവനയിൽ ആവശ്യപ്പെട്ടു.

“വൈദ്യ ചികിത്സ പൂ‌ര്‍‌ണ്ണമായും നിഷേധിക്കുന്നത് അദ്ദേഹത്തെ അകാല മരണത്തിലേക്ക് നയിക്കുമെന്ന് ഈജിപ്ഷ്യൻ ഭരണകൂടത്തിന് അറിയാമായിരുന്നു.അതിനാല്‍ പ്രസിഡന്റ് മുർസിയുടെ മരണം ഭരണകൂടം സ്പോൺസർ ചെയ്‌‌ത കൊലപാതകത്തിന് തുല്യമാണ്,” അവർ പ്രസ്‌‌താവനയിൽ പറഞ്ഞു.

“ഈജിപ്ഷ്യൻ ഭരണകൂടത്തിന്റെ സംയോജിതവും സജീവവുമായ കുപ്രചാരണത്തിന്റെ പരിണിതിയായി ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെട്ട ആദ്യത്തെ രാഷ്ട്രപതി മരണം വരിച്ചിരിക്കുന്നു. ഇത് അന്താരാഷ്ട്ര നിയമത്തിന്റെ കടുത്ത ലംഘനമാണ്.ഇവ്വിധം ഒരിക്കലും അനുവധിക്കാന്‍ പാടില്ലാത്തതാകുന്നു.”

ഇൻഡിപെൻഡന്റ് ഡിറ്റൻഷൻ റിവ്യൂ പാനലിനു കീഴിൽ മൂന്ന് ബ്രിട്ടീഷ് പാർലമെന്റ് അംഗങ്ങളുടെ റിപ്പോർട്ട് കഴിഞ്ഞ വർഷം വൈദ്യ ചികിത്സയുടെ അഭാവം മുർസിയുടെ അകാല മരണത്തിന് കാരണമാകുമെന്ന് മുന്നറിയിപ്പ് നൽകിയിരുന്നു.

മുർസിയുടെ മരണശേഷം പുറത്തിറക്കിയ പ്രസ്‌താവനയിൽ, പാനൽ ചെയർമാൻ ക്രിസ്പിൻ ബ്ലണ്ട്, കസ്റ്റഡിയിലിരിക്കെയുള്ള അദ്ദേഹത്തിന്റെ മരണം അന്താരാഷ്ട്ര നിയമങ്ങൾക്കനുസൃതമായി തടവുകാരോട് പെരുമാറുന്നതിലുള്ള ഈജിപ്‌‌തിന്റെ നിരുത്തരവാദപരമായ വീഴ്‌ചയാണെന്നു പറഞ്ഞു.

“അദ്ദേഹത്തിന്റെ നിർഭാഗ്യകരമായ മരണം വിശദീകരിക്കാൻ ഈജിപ്ഷ്യൻ സർക്കാരിന് കടമയുണ്ട്, കസ്റ്റഡിയിലുള്ള അദ്ദേഹത്തിന്റെ ചികിത്സയ്ക്ക് ശരിയായ ഉത്തരവാദിത്തമുണ്ടായിരിക്കണം.പീഡനത്തിന് നേര്‍ക്കു നേര്‍ നേതൃത്വം കൊടുത്തവര്‍ മാത്രമല്ല കുറ്റവാളികള്‍,അതിന് ഉത്തരവാദപ്പെട്ടവരും അധികാരികളും കുറ്റക്കാരാണ്‌ ,” അദ്ദേഹം പ്രസ്‌‌താവനയില്‍ പറഞ്ഞു .“സ്വതന്ത്രമായ ഒരു അന്താരാഷ്ട്ര അന്വേഷണമാണ് ഇപ്പോൾ ഏക നടപടി.”

മുർസിയുടെ മരണത്തെക്കുറിച്ച് അന്വേഷിക്കാൻ ആംനസ്റ്റി ഇന്റർനാഷണൽ ഈജിപ്ഷ്യൻ അധികൃതരോട് ആവശ്യപ്പെട്ടു.മുർസിയെ ഏകാന്ത തടവിലാക്കലും പുറം ലോകത്തിൽ നിന്ന് ഒറ്റപ്പെടുത്തലും ഉൾപ്പെടെ നിഷ്‌‌പക്ഷവും സമഗ്രവും സുതാര്യവുമായ അന്വേഷണം നടത്താൻ ഞങ്ങൾ ഈജിപ്ഷ്യൻ അധികാരികളോട് ആവശ്യപ്പെടുന്നു.”ലണ്ടൻ ആസ്ഥാനമായുള്ള മനുഷ്യാവകാശ സംഘം ട്വിറ്റർ പോസ്റ്റിൽ പറഞ്ഞു.

മുർസിക്ക് ലഭിച്ചിരുന്ന വൈദ്യസഹായത്തെക്കുറിച്ച് അന്വേഷിക്കണമെന്നും അന്യായമായി പെരുമാറിയതിന് ഉത്തരവാദികളായവര്‍‌ക്കെതിരെ നടപടിവേണമെന്നും ആവശ്യപ്പെട്ടു.

പലസ്‌തീനിലെ ഹാമാസ്‌, മുർസിയുടെ ദാരുണമായ മരണത്തില്‍ അനുശോചനം രേഖപ്പെടുത്തി “ഈജിപ്റ്റിന്റെയും അവിടുത്തെ ജനങ്ങളുടെയും സേവനത്തിനായി ചെലവഴിച്ച നീണ്ട പോരാട്ടത്തെയും പ്രാഥമികമായി പലസ്‌തീന്‍ വിഷയത്തിലെ നിലപാടിനേയും സന്ദേശത്തില്‍ അനുസ്‌മരിച്ചു.

മുസ്‌ലിം ലോകത്തിന്‌ ഒരു യഥാർഥ ഹീറോയെ നഷ്‌‌ടപ്പെട്ടതായി പാകിസ്‌ഥാന്‍ ജമാഅത്തെ ഇസ്‌ലാമി അനുശോചന സന്ദേശത്തില്‍ എഴുതി.ഈജിപ്ഷ്യൻ ജനതയുടെ അടിസ്ഥാന അവകാശങ്ങൾക്ക് വേണ്ടിയുള്ള പോരാട്ടത്തിലും ഫലസ്‌തീനിനു വേണ്ടിയുള്ള പിന്തുണയുടെ കാര്യത്തിലും തല്‍‌പര കക്ഷികളുടെ സകല വിധ സമ്മർദ്ദങ്ങളിലും മുർസിയുടെ നിലയും നിലപാടും ധീരമായിരുന്നു,” ജമാ‌അത്തെ ഇസ്‌ലാമി മേധാവി സിറാജുല്‍ ഹഖ് ട്വിറ്ററിൽ കുറിച്ചു.പാകിസ്ഥാനിലുടനീളം മുർസിക്ക്‌ വേണ്ടി പ്രാര്‍‌ഥനയും മയ്യിത്ത്‌ നമസ്‌കാരവും നിര്‍‌വഹിക്കുമെന്നും അദ്ദേഹം പറഞ്ഞു.

അവലം‌ബം -അല്‍‌ജസീറ

Related Articles