Current Date

Search
Close this search box.
Search
Close this search box.

ചാപ്പയടിക്കാരോട് വിനയപൂർവ്വം

ബോളിവുഡിലെ വിസ്മയം ദിലീപ് കുമാറിന്റെ മരണത്തോടെ ഉത്തരേന്ത്യയിലെ ഓൺലൈൻ മുഫ്തിമാർക്ക് രണ്ടാമത് ജീവൻ വെച്ചിരിക്കുന്നു. അദ്ദേഹത്തിന്റെ അനറബി പേരിൽ തുടങ്ങി വളരാത്ത താടിരോമത്തിൽ വരെ മതം ചികയുന്ന മൃതഭോഗികൾ അധികവും അറബി പേരുള്ളവരും ദൃശ്യമായ താടിരോമങ്ങളാലും മാത്രം സമൃദ്ധരാണ് എന്നാണ് എന്നാണ് അവരുടെ ചാപ്പയടി പ്രസ്താവനകൾ സുതരാം വ്യക്തമാക്കുന്നത്. ഇപ്പോൾ പലയിടത്തും ലോക്ക്ഡൗണോ കർഫ്യൂവോ നിലനില്ക്കുന്നത് കൊണ്ടോ സ്വർഗ്ഗത്തിന്റെയും നരകത്തിന്റെയും സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്യുന്ന അറബിക്കോളേജുകളും മറ്റും പൂട്ടായതു കൊണ്ടും ഉമ്മതിലെ മുഫ്തിമാർക്കും ധാരാളം സമയമുണ്ട്. ഏതാണ്ട് ഒരു നൂറ്റാണ്ട് (1922 – 2021) ഇന്ത്യാ-പാക് അഭ്രപാളിയിൽ നിറഞ്ഞു നിന്ന ‘ദുരന്ത നായക’നെ മരിച്ചിട്ടും വിടാതെ പിന്തുടരുന്ന ഭൂതക്കണ്ണാടികളെ കുറിച്ച് നമുക്ക് പറയാനുള്ളത് “സ്വന്തം കണ്ണിൽ തടിയിരിക്കെ, അപരൻറെ കരടിനെക്കുറിച്ച് എങ്ങനെ ആകുലപ്പെടാനാകും? ” എന്ന് മാത്രമാണ്. അദ്ദേഹത്തിന്റെ ജീവിതത്തിലെ അധികം ചർച്ചചെയ്യപ്പെടാത്ത ചില മായാകാഴ്ചകളാണ് താഴെപ്പറയുന്നത്.

അപോയിന്റ്മെന്റുകൾ കൂടാതെ ബോളിവുഡിൽ കാണാൻ കഴിയുന്ന സാധാരണക്കാരിൽ സാധാരണക്കാരനായിരുന്നു യൂസുഫ് ഖാൻ എന്ന ദിലീപ് കുമാർ എന്നാണ് ഉറുദു -പേർഷ്യൻ സാഹിത്യകാരനായ മഹമൂദ് അഹ്മദ് ഖാൻ ദരിയാബാദിയും പ്രാദേശിക വ്യാപാരിയായ ആബിദ് പട്ടേലും സാക്ഷ്യപ്പെടുത്തുന്നത്.

കാമറക്ക് പുറത്ത് അഭിനയമേ അറിയാത്ത പച്ച മനുഷ്യനായിരുന്നു ഖാൻ സാഹിബെന്നാണ് അവരുടെ അനുഭവ പരിചയം. ശൈഖ് ഥാനവിയുടെ ശിഷ്യനായ മൗലാനാ അബ്റാറുൽ ഹഖുമായി മരണം വരെ ഗുരു – ശിഷ്യ ബന്ധമാണ് അദ്ദേഹം നിലനിർത്തിയിരുന്നുന്നതെന്നും മതവിഷയങ്ങളിലെല്ലാം മൗലാനയോടോ ശിഷ്യനായ ശൈഖ് ശിഹാബുദ്ദീനോടോ ഫോണിലൂടെയെങ്കിലും ഫത് വ ചോദിക്കാതെ ഖാൻ സാഹിബ് ഒന്നും തന്നെ ചെയ്യാറുണ്ടായിരുന്നില്ല എന്ന സത്യവും ഇപ്പോഴാണ് നാമറിയുന്നത് എന്ന് മാത്രം.

ഒരിക്കൽ മൂന്നുപേരും ചേർന്ന് ( ഖാൻ , ദരിയാബാദി , പട്ടേൽ ) മുംബൈ സെൻട്രലിനടുത്തുള്ള സുഹാഗ് പാലസിന്റെ ഒൻപതാം നിലയിലെ അന്തരിച്ച മുഹമ്മദ് ഭായ് പട്‌നിയുടെ ഫ്ലാറ്റിൽ (ഇന്നും ഉത്തരേന്ത്യൻ മതപണ്ഡിതന്മാർ മുംബൈയിൽ വന്നാൽ വിശ്രമിക്കുന്ന അതിഥി മന്ദിരമാണത്) മൗലാനാ അബ്റാറുൽ ഹഖ് സാഹിബിനെ കണ്ട ഒരനുഭവം ദരിയാബാദി എഴുതുന്നു. മഗ് രിബിന് തൊട്ടു ശേഷം നഅത് മജ്‌ലിസ് ( പ്രവാചക കീർത്തന സദസ്സ്) നടക്കുമ്പോൾ ഞങ്ങളവിടെ ഇരിക്കുമ്പോൾ ഖാൻ സാഹിബ് സലാം ചൊല്ലി വന്ന് മൗലാനയുടെ അടുത്ത് വന്നിരുന്നു. കീർത്തന സദസ്സിൽ യാതൊരു വിധ ശല്യവുമില്ലാത്ത വിധമായിരുന്നു ആ ഹീറോവിന്റെ വരവും സാധാരണ കസേരയിലുള്ള ഇരുത്തവുമെല്ലാം യാതൊരു ജാഡയുമില്ലാത്ത കേവല ശ്രോതാവിന്റെതായിരുന്നു. ( അപ്പോഴദ്ദേഹം ഫിലിം സ്റ്റാർ മാത്രമല്ല; രാജ്യസഭാ എം.പി കൂടിയായിരുന്നുവെന്നോർക്കണം ) നഅതിലെ ഓരോ വരികളും ശ്രദ്ധയോടെ കേൾക്കുകയും സുബ്ഹാനല്ലാഹ്, മാശാ അല്ലാഹ് എന്ന ഔപചാരിക ആസ്വാദന വാചകങ്ങൾ പറയുന്നതിലോ ഖാൻ സാഹിബ് യാതൊരും ലുബ്ധും കാണിച്ചില്ല എന്നും ദരിയാബാദി ഓർക്കുന്നു. ഇശാ നമസ്കാരത്തിനു ശേഷം ഒന്നോ രണ്ടോ അതിഥികൾക്ക് വ്യക്തിപരമായി മൗലാനയെ കാണാനുള്ള അവസരം ലഭിക്കാറുണ്ട്. അന്ന് പതിവിന് വിപരീതമായി ഖാൻ സാഹിബിനെ കൂടാതെ ഹസ്രത് മൗലാനാ മുഫ്തി ഉസൈറുറഹ്മാൻ സാഹിബ് ഫത്തേപുരിയും മൗലാനയെ കാണാൻ നേരത്തെ അപ്പോയിന്റ്മെന്റ് എടുക്കാതെ വന്നവരായിരുന്നുവെങ്കിലും രണ്ടുപേർക്കും അവസരം ലഭിച്ചു. പത്തുമിനിറ്റിനു ശേഷം സുസ്മേര വദനനായി പുറത്തിറങ്ങി , കാറിൽ കയറി പോയി. ഈ സംഭവം ദിലീപ് കുമാറിന്റെ ഹൃദയത്തിലുള്ള വിശ്വാസത്തിന്റെ വെളിച്ചവും അദ്ദേഹത്തിന്റെ ഹൃദയത്തിൽ വിജ്ഞാനമുള്ളവരോടുള്ള ആദരവിന്റെ വ്യാപ്തിയും പ്രവാചക സ്നേഹത്തിന്റെ ആഴവും വ്യക്തമാക്കുന്നതാണെന്നാണ് ദരിയാബാദിയുടെ നിരീക്ഷണം. സിനിമയായിരുന്നു അദ്ദേഹത്തിന്റെ മേഖലയെങ്കിലും പേരു പോലെ അത്ര ലിബറലല്ലായിരുന്നു ഖാൻ എന്ന സംഗതി വ്യക്തമാക്കാനാണ് ദരിയാബാദി ഈ അനുഭവം അനുസ്മരിച്ചത്.

ഇന്നത്തെ അറബിപ്പേരുള്ള പല ഹോളിവുഡ് അഭിനേതാക്കളെപ്പോലെയായിരുന്നില്ല ദിലീപ് കുമാർ . തിരക്കുള്ള നടനായിരുന്നപ്പോഴും അദ്ദേഹം തന്റെ മതത്തോടും സമുദായത്തോടും സംവേദനക്ഷമതയുള്ളവനായിരുന്നു, മാത്രമല്ല അദ്ദേഹം ഈ മതപരത ജീവിതത്തിലുടനീളം നിലനിർത്തി പോരുകയും ചെയ്തു. തന്റെ മതത്തെ ആരുടെ മുന്നിലും അദ്ദേഹം തെറ്റായി ചിത്രീകരിച്ചിട്ടില്ല, ഇസ്‌ലാമിനോടുള്ള തന്റെ ഭക്തിയും പ്രായോഗികമായി സമുദായവുമായുള്ള ബന്ധവും ഇഴയടുപ്പം മനസ്സിൽ കാത്തു സൂക്ഷിച്ചിരുന്ന മഹാമേരുവായിരുന്നു അഭ്രപാളിയിലെ ആദ്യ ഖാൻ….
۔
ചലച്ചിത്ര ലോകത്തേക്ക് പോകുന്ന മിക്ക അഭിനേതാക്കളും നിർമാതാക്കളും സംവിധായര കരുമെല്ലാം രണ്ടോ നാലോ ഹ്രസ്വചിത്രങ്ങളിൽ തലകാട്ടുമ്പോഴേക്കും നിരീശ്വരവാദവും മതത്തോടുള്ള വെറുപ്പുൽപാദകരുമാവുന്ന ഇന്നത്തെ സവിശേഷമായ സാഹചര്യത്തിൽ വേണം പേരിൽ ദിലീപ് കുമാറായി നിന്നുകൊണ്ട് തന്നെ നാമമാത്ര ഖാൻമാരോട് “മതം മനുഷ്യരാശിയെ സംബന്ധിച്ചിടത്തോളം വളരെ പ്രധാനമാണ്, മനുഷ്യനെ ഒരു തികഞ്ഞ മനുഷ്യനാക്കുന്നത് യഥാർഥത്തിൽ മതമൂല്യങ്ങളാണ്”എന്ന് ഉണർത്തിയിരുന്നത് 1982 ഗുൽഫാം മാഗസിൻ കവർ സ്റ്റോറി പ്രസിദ്ധീകരിച്ചത് ഓർത്തെടുക്കുകയാണ് അക്കാലത്തെ പ്രധാന ഉറുദു പത്ര പ്രവർത്തകനായിരുന്ന സമീഉല്ലാഹ് ഖാൻ .

ദിലീപ് കുമാർ തന്റെ സമുദായത്തെ വളരെയധികം സ്നേഹിച്ചിരുന്നു. മുസ്‌ലിംകളുടെ പ്രശ്‌നങ്ങളെയും അവരുടെ കഷ്ടപ്പാടുകളുടെയും കാഴ്ചക്കാരനാകാൻ അദ്ദേഹത്തിനായില്ല ബാബരി മസ്ജിദ് രക്തസാക്ഷിത്വം വരിച്ചപ്പോൾ അദ്ദേഹവും മാനസികമായി വല്ലാതെ അസ്വസ്ഥനായി. അത് പരസ്യമായി പലയിടത്തും പറയുകയും ചെയ്തു. അദ്ദേഹത്തിന്റെ കരിയറിനെയും പ്രശസ്തിയെയും കാര്യമാക്കിയില്ല, അതിനുശേഷം അദ്ദേഹം അവരുടെ അവകാശങ്ങൾക്കായി നിലകൊള്ളാൻ മുസ്‌ലിംകളെ പ്രോത്സാഹിപ്പിച്ചു കൊണ്ടിരുന്നു. വർഗീയ വിരുദ്ധ രാഷ്ട്രീയത്തിന് ധാർമ്മിക, ഭൗതിക പിന്തുണയും നൽകി കൂടാതെ, ബാബറി മസ്ജിദ് കേസിൽ ദിലീപ് കുമാറാണ് അന്നത്തെ പ്രധാന അഭിഭാഷകനായ സഫര്യാബ് ജീലാനിയേയും മറ്റും ലഖ്നോവിലേയും മുബൈയിലേയും ഇടക്കിടെയുള്ള കൂടിക്കാഴ്ചകളിലൂടെ വളർന്നു വരാൻ പ്രേരിപ്പിച്ചത് എന്നാണ് സമീഉല്ലാഹ് ഖാൻ അനുസ്മരിക്കുന്നത്.

തൊണ്ണൂറുകളിലെ ബോസ്നിയൻ യുദ്ധകാലത്ത് അടിച്ചമർത്തപ്പെട്ട ബോസ്നിയൻ മുസ്ലീങ്ങളുടെ സാമ്പത്തിക സഹായത്തിനായി ദിലീപ് കുമാർ ഇന്ത്യയിലുടനീളം കാമ്പയിൻ നടത്തി. ബോസ്നിയൻ മുസ്‌ലിംകളുടെ ദുരവസ്ഥ അദ്ദേഹത്തിന് അനുഭവപ്പെടുകയും സാഹോദര്യം കാണിക്കുകയും അവരെ സഹായിക്കുകയും ചെയ്തത് ക്യാമ്പയിനിങ്ങുകൾ എങ്ങനെ കൈകാര്യം ചെയ്യണമെന്നതിന്റെ ഒരു പാഠമാണ്.

അതേ കാലത്ത് ബോംബെ കലാപസമയത്ത് ദിലീപ് കുമാർ പീഡിതരോടൊപ്പമായിരുന്നു. കലാപബാധിതരുടെ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി അദ്ദേഹം തന്റെ ബംഗ്ലാവ് തുറന്നു കൊടുത്തു. അതിനുശേഷമാണ് വർഗീയ ശക്തികളുടെ കൊല്ലാക്കൊല ദിലീപ് കുമാറിനെതിരെ ഉണ്ടാവുന്നത്. ദിലീപ് കുമാറിന് പാകിസ്ഥാൻ ഗവൺമെന്റ് നിശാനെ ഇംതിയാസ്/മാർക്ക് ഓഫ് ഡിസ്റ്റിംഗ്ഷൻ അവാർഡ് നൽകിയപ്പോൾ അന്നത്തെ ശിവസേനാ മേധാവി ബാൽ താക്കറെ ശക്തമായെതിർത്തു. പാകിസ്ഥാൻ അവാർഡ് പിൻവലിപ്പിക്കാൻ പല നിലക്കും സമ്മർദ്ദം ചെലുത്തി. ഒരു വർഗീയ വാദി വിചാരിച്ചാൽ ഒരു കലാകാരനെ എന്തു ചെയ്യാൻ കഴിയുമെന്നതിന് അക്കാലത്തെ മഹാരാഷ്ട്രാ ചരിത്രം തന്നെ ധാരാളം.

ഉസ്മാനി ഖിലാഫതിനെതിരെ ചാരനായി വേഷമിടുന്ന വേഷമുള്ള ബിഗ് ബജറ്റ് ഹോളിവുഡ് ഫിലിം ഓഫർ അദ്ദേഹം പുറംകാല് കൊണ്ട് തട്ടിത്തെറിപ്പിച്ചു ഖാൻ സാഹിബ്.

സ്വാതന്ത്ര്യസമരസേനാനി കൂടിയായിരുന്നു ദിലീപ് കുമാർ . ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനെതിരെ സംസാരിച്ചതിന് നാല്പതുകളിൽ അദ്ദേഹം അറസ്റ്റിലായിട്ടുണ്ട്.അദ്ദേഹത്തെ യറോഡജയിലിൽ തടവിലാക്കിയ വിവരം The Substance and Shadow എന്ന തന്റെ ആത്മകഥയിൽ അനുസ്മരിക്കുന്നുണ്ട് ഖാൻ .

അത്യാവശ്യത്തിന് ആധുനിക സാങ്കേതിക വിദ്യയെ കുറിച്ച് അറിവുള്ള ആളായിരുന്നു ദിലീപ് കുമാർ .അദ്ദേഹത്തിന് ഉറുദു ഭാഷയിലേക്കുള്ള അറിവ് വളരെ മികച്ചതായിരുന്നു മുസ്‌ലിംകളുടെ വിദ്യാഭ്യാസവും വികസനവും ആഗ്രഹിക്കുന്ന അദ്ദേഹം മുസ്‌ലിംകൾക്കിടയിൽ വിദ്യാഭ്യാസ അവബോധത്തിനായി പതിവായി ഒട്ടേറെ വ്യക്തിപരമായ ശ്രമങ്ങളുംനടത്തിയിട്ടുണ്ട്.

ദിലീപ് കുമാർ ജനിച്ചു വളർന്ന തന്റെ മതത്തോട് എന്നും പ്രതിജ്ഞാബദ്ധനായിരുന്നു, ഖുർആനിലും ഇസ്ലാമിക അധ്യാപനങ്ങളിലും വിശ്വസിക്കുകയും അല്ലാഹുവിനെ ഭയപ്പെടുകയും പ്രവാചകനെ സ്നേഹിക്കുകയും ചെയ്യുന്ന വിശ്വാസിയാണ് താനെന്ന് പലപ്പോഴും വ്യക്തമാക്കിയിരുന്നു. കഅ്ബയിലും മസ്ജിദുന്നബവിയിലും നെടുവീർപ്പിടുകയും വിറച്ചു കൊണ്ട് പ്രാർഥിക്കുകയും ചെയ്യുന്നതായി എണ്ണമറ്റ ആളുകൾ പലപ്പോഴായി അദ്ദേഹത്തെ കണ്ടിട്ടുണ്ട്.

ബോളിവുഡിൽ നിന്ന് പിരിഞ്ഞതിനുശേഷം അദ്ദേഹം തന്റെ അവസാന ജീവിതം ഖുർആൻ പാരായണത്തിലും നമസ്കാരത്തിലും
ദാനധർമ്മങ്ങൾ നിർവഹിക്കുന്നതിലും വാപൃതനായിരുന്നു. അവസാനം വർഷങ്ങളായി രോഗം ബാധിച്ച് ചികിത്സയിലായിരുന്ന നേരത്തും മതത്തിനും ഉമ്മത്തിനും വേണ്ടിയുള്ള പിന്തുണ അദ്ദേഹം പരസ്യമായി പ്രകടിപ്പിക്കുകയും അക്കാര്യത്തിൽ ഒരാക്ഷേപകന്റെയും ആക്ഷേപം അദ്ദേഹം പരിഗണിച്ചിട്ടില്ല.

കാളപ്പെറ്റെന്ന് കേൾക്കുമ്പോഴേക്കും അതിന്റെ മതവിധി മാത്രം ചർച്ചയാക്കുന്ന വൈദിക മതത്തിന് മതിപ്പുണ്ടാക്കുന്ന വേഷങ്ങൾക്ക് പ്രാധാന്യം നൽകുന്നത് ദിലീപ് കുമാറിൽ കാണില്ലെങ്കിൽ ദൈവത്തിന്റെ കാരുണ്യത്തെ എന്നുമാഗ്രഹിക്കുന്ന കാനേഷുമാരി മുസ്ലിം നടികരേക്കാൾ എത്രയോ മുന്നേ വേഗത്തിൽ നടന്ന പ്രവാചക സ്നേഹിയായിരുന്നു അദ്ദേഹമെന്നതിന് നാട്ടുകാർ സാക്ഷി . അല്ലാഹു അദ്ദേഹത്തിനോട് ക്ഷമിക്കുകയും സ്വർഗത്തിൽ പ്രവേശിപ്പിക്കുകയും പാപങ്ങൾ പൊറുക്കുകയും ചെയ്യട്ടെ എന്ന് പ്രാർഥിക്കുന്നു.

(അവലംബം : സുപ്രസിദ്ധ ഉറുദു സാഹിത്യകാരന്മാരായ മഹമൂദ് അഹ്മദ് ഖാൻ ദരിയാബാദി,സമീഉല്ലാഹ് ഖാൻ എന്നിവർ എഴുതിയ അനുശോചന സന്ദേശങ്ങൾ)

Related Articles