Current Date

Search
Close this search box.
Search
Close this search box.

പൗരത്വ ബിൽ ഇന്ത്യയെ ഹിന്ദുത്വ രാഷ്ട്രമാക്കി മാറ്റും

തിങ്കളാഴ്ച, ഇന്ത്യയുടെ കേന്ദ്ര ആഭ്യന്തരമന്ത്രി ഹിന്ദു ഇരവാദം ഉയർത്തിപിടിച്ചുകൊണ്ടുള്ള പ്രകോപനപരമായ പ്രസംഗത്തിന്റെ അകമ്പടിയോടെ പാർലമെന്റിൽ ഒരു ബിൽ അവതരിപ്പിക്കുകയുണ്ടായി. ഇന്ത്യയെ ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാഷ്ട്രം എന്ന നിലയിൽ നിന്നും ഒരു ഹിന്ദു ദേശീയ രാഷ്ട്രമാക്കി മാറ്റുന്നതിനുള്ള നരേന്ദ്ര മോദിയുടെ ഏറ്റവും ധീരമായ നടപടിയാണ് പ്രസ്തുത ബിൽ.

1947ൽ ഇന്ത്യ വിഭജിക്കപ്പെട്ട സമയത്ത് ഹിന്ദു ഭൂരിപക്ഷത്തിനു അനുഭവിക്കേണ്ടി വന്ന അനീതികൾക്കുള്ള പരിഹാരമാണ് പൗരത്വ ഭേദഗതി ബിൽ ലക്ഷ്യവെക്കുന്നത് എന്നാണ് അമിത് ഷാ പറഞ്ഞത്. 80 ശതമാനം ഹിന്ദു ജനസംഖ്യയുള്ള ഒരു രാജ്യത്ത് ഹിന്ദു ഇരവാദം സജീവമാക്കി നിലനിർത്തുന്നതിനു വേണ്ടിയുള്ള ഉദ്യമമായിരുന്നു ആഭ്യന്തര മന്ത്രിയുടെ പ്രസംഗം. ഇന്ത്യ വിഭജിക്കപ്പെട്ടതു മുതൽക്ക്, ഭാരതീയ ജനതാ പാർട്ടിയുടെ പ്രത്യയശാസ്ത്ര സ്രോതസ്സായ രാഷ്ട്രീയ സ്വയംസേവക് സംഘ്, ഹിന്ദു ഭൂരിപക്ഷത്തിന്റെ ഉള്ളിൽ ഒരുതരം വികലമായ ഇരവാദം ഉണർത്തിക്കൊണ്ടിരിക്കുന്നുണ്ട്. പാകിസ്ഥാന്റെ രൂപത്തിൽ മുസ്ലിംകൾക്ക് പ്രത്യേക ഭൂമി നൽകിയതിനാൽ രാജ്യത്തെ എല്ലാ വിഭവങ്ങളുടെയും ആദ്യ വിഹിതം ഹിന്ദുക്കൾക്ക് അവകാശപ്പെട്ടതാണ് എന്നതാണ് സംഘ്പരിവാറിന്റെ വാദം.

രാജ്യത്തെ മുസ്ലിം ജനസംഖ്യാ കണക്കുകൾ അവർ പെരുപ്പിച്ചുകാട്ടിയ വലതു പക്ഷ നേതാക്കൾ ദശാബ്ദങ്ങളോളം വെറുപ്പും വിദ്വേഷവും പ്രചരിപ്പിച്ചു. 2050 ഓടുകൂടി ഇന്ത്യ മുസ്ലിംകൾ കയ്യടക്കുമെന്ന തരത്തിലുള്ള വാട്സാപ്പ് മെസേജുകളും വ്യാജവാർത്തകളും വലതുപക്ഷ വെബ്സൈറ്റുകൾ ഈ വർഷത്തെ തെരഞ്ഞെടുപ്പിന്റെ സമയത്ത് വ്യാപകമായി പ്രസിദ്ധീകരിച്ചിരുന്നു.

എല്ലാ ഇന്ത്യൻ പൗരൻമാർക്കും എല്ലാവിധ വിവേചനങ്ങളിൽ നിന്നും സംരക്ഷണം പ്രദാനം ചെയ്യുന്നതാണ് ഇന്ത്യൻ ഭരണഘടനയുടെ 14-ാം അനുച്ഛേദം. എന്നാൽ ഇന്ത്യൻ പാർലമെന്റ് അങ്കണത്തിൽ പ്രസ്തുത മുസ്ലിം വിരുദ്ധ ബിൽ അവതരിപ്പിച്ചതിലൂടെ, ഹിന്ദു അധീശത്വം എന്ന തങ്ങളുടെ സ്വപ്നത്തിന് മോദി സർക്കാർ ഔദ്യോഗിക നിയമ മുഖം നൽകിയിരിക്കുകയാണ്.

പൗരത്വ ഭേദഗതി ബിൽ ഇന്ത്യൻ ഭരണഘടനയ്ക്കു നേരെയുള്ള ആക്രമണമാണെന്നും രാജ്യത്തിന്റെ സാമ്പത്തിക പരാജയങ്ങളിൽ നിന്നുള്ള ശ്രദ്ധതിരിച്ചുവിടലാണെന്നും ബുദ്ധിജീവികളും രാഷ്ട്രീയ നിരീക്ഷകരും വിശേഷിപ്പിച്ചിരുന്നു. എന്നെ പോലെയുള്ള ഒരുപാടു പേർ വിയോജിപ്പ് രേഖപ്പെടുത്തി. 2014-ൽ അധികാരത്തിലേറിയതു മുതൽക്ക്, ഒരു സമഗ്രാധിപത്യ ഫാസിസ്റ്റ് ഭരണകൂടം എന്ന തന്റെ അജണ്ട മോദി മറച്ചുവെച്ചിരുന്നില്ല. പ്രധാനമന്ത്രി ഓഫീസിലെ ആദ്യ ദിനം മുതൽ തന്നെ ഇന്ത്യൻ മുസ്ലിംകളെ “അപരവത്കരിക്കുന്നതിനുള്ള” രൂപരേഖ അദ്ദേഹം മുന്നോട്ടുവെച്ചിരുന്നു. ഈ വാഗ്ദാനങ്ങളുടെ പൂർത്തീകരണത്തിനാണ് 2019ൽ വർധിച്ച ഭൂരിപക്ഷത്തോടെ മോദിയുടെ ബി.ജെ.പി അധികാരത്തിലേറിയത്.

താമസിയാതെ, ബി.ജെ.പി സർക്കാർ ദേശീയ പൗരത്വ രജിസ്റ്റർ നടപ്പിലാക്കി. വടക്കുകിഴക്കൻ സംസ്ഥാനമായ അസമിലെ 2 ദശലക്ഷം പൗരൻമാർ, അതിൽ ഭൂരിഭാഗവും മുസ്ലിംകളാണ്, സംസ്ഥാനരഹിതരും പൗരത്വമില്ലാത്തവരുമായി മാറി.

രാജ്യത്തെ ഏക മുസ്ലിം ഭൂരിപക്ഷ സംസ്ഥാനമായ കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞതായിരുന്നു അടുത്ത നടപടി. മാസങ്ങളോളം കശ്മീരിൽ നിരോധനാജ്ഞ പ്രഖ്യാപിക്കപ്പെട്ടു. ജനാധിപത്യ നേതാക്കളുടെ കൂട്ട അറസ്റ്റും തടങ്കലും അരങ്ങേറി. 1992ൽ ഹിന്ദു ദേശീയവാദികൾ തകർത്ത ബാബരി മസ്ജിദ് സ്ഥിതി ചെയ്തിരുന്ന തർക്കഭൂമിയിൽ രാമ ക്ഷേത്രം നിർമിക്കുമെന്നും ബി.ജെ.പിയുടെ തെരഞ്ഞടുപ്പ് പ്രകടന പത്രിക വാഗ്ദാനം ചെയ്തിരുന്നു. കഴിഞ്ഞ മാസം, കോടതി വിധി ഹിന്ദുക്കൾക്ക് അനുകൂലമായി ഭൂമി അനുവദിച്ചു.

പൗരത്വ ഭേദഗതി ബില്ലിനെ ഒറ്റപ്പെട്ട ഒന്നായി കാണാൻ സാധിക്കില്ല. രാജ്യത്തുനീളം ദേശീയ പൗരത്വ രജിസ്റ്റർ നടപ്പാക്കുമെന്ന മോദി സർക്കാറിന്റെ കഴിഞ്ഞ മാസത്തെ പ്രഖ്യാപനത്തിന്റെ അനുബന്ധമായി തന്നെ ഇതിനെ കാണണം.

പൗരത്വ ഭേദഗതി ബില്ലിലൂടെ അയൽരാജ്യങ്ങളിലെ പീഡിപ്പിക്കപ്പെടുന്ന ഹിന്ദുക്കളെ പുനരധിവസിപ്പിക്കാനും രക്ഷപ്പെടുത്താനും സർക്കാർ പദ്ധതിയിടുന്ന അതേസമയത്തു തന്നെ, മുസ്ലിം പൗരൻമാരെ കുടിയേറ്റക്കാരും നുഴഞ്ഞുകയറ്റക്കാരുമായി മുദ്രകുത്തി ദേശീയ പൗരത്വ രജിസ്റ്ററിലൂടെ പൗരത്വരഹിതരാക്കി മാറ്റാനും ശ്രമിക്കുന്നുണ്ട്.

ബി.ജെ.പി സർക്കാർ നൽകുന്ന സന്ദേശം വളരെ വ്യക്തമാണ്. അതുകൊണ്ടാണ് രാജ്യത്തെ മുസ്ലിംകൾ ഭയപ്പാടിൽ ജീവിക്കുന്നത്. രേഖകൾ തയ്യാറാക്കി വെക്കാനുള്ള ആഹ്വാനങ്ങൾ ഇന്ത്യയിലെ മുസ്ലിം പള്ളികളിൽ നിന്നും ഉയർന്നുവരുന്നുണ്ട്, എന്നാൽ മുസ്ലിംകൾ സാമൂഹിക സാമ്പത്തിക തലത്തിന്റെ ഏറ്റവും കീഴെ നിലകൊള്ളുന്ന ഒരു രാജ്യത്ത് ഇത് വ്യാപകമായ ഭയത്തിനും ഉത്കണ്ഠയ്ക്കും മാത്രമാണ് വഴിവെച്ചത്.

സൈനുലും അദ്ദേഹത്തിന്റെ ഭാര്യ അമീനയും രണ്ടു വർഷം മുമ്പാണ് മുംബൈയിൽ എത്തിയത്. ഹൂഗ്ലി ജില്ലയിലെ ദനിയഖലിയിൽ നിന്നാണ് അവർ വരുന്നത്. പ്രളയത്തിൽ എല്ലാം നഷ്ടപ്പെട്ടതിനെ തുടർന്നാണ് അവർ മുംബൈയിലേക്ക് ചേക്കേറിയത്. മാസങ്ങളോളം അലഞ്ഞുതിരിഞ്ഞതിനു ശേഷം സൈനുലിന് ഒരു കെട്ടിടനിർമാണ സ്ഥലത്ത് ജോലി കിട്ടി. അമീനയും വിവിധ ജോലികൾക്കു പോയിരുന്നു. ഇപ്പോൾ എട്ടു മാസം പ്രായമായ മകൻ ആബിദും അവരോടൊപ്പമുണ്ട്.

സർക്കാർ പൗരത്വ രജിസ്റ്റർ പ്രഖ്യാപിച്ചതിനെ തുടർന്ന് കഴിഞ്ഞ മാസം സൈനുലിന്റെ നാലു ബന്ധുക്കൾ രേഖകൾ കണ്ടെത്താനായി വെസ്റ്റ്ബംഗാളിലെ തങ്ങളുടെ താമസസ്ഥലത്തേക്ക് പോയിരുന്നു. “ഞങ്ങൾ എവിടെ നിന്നാണ് രേഖകൾ കൊണ്ടുവരിക?” അമീന ചോദിച്ചു. “ഒന്നും അവശേഷിപ്പിക്കാതെ എല്ലാം പ്രളയം കൊണ്ടുപോയി. പിന്നെ എങ്ങനെയാണ് ഞങ്ങൾക്ക് രേഖകൾ ഹാജറാക്കാൻ സാധിക്കുക?”

സൈനുൽ അദ്ദേഹത്തിന്റെ റേഷൻ കാർഡിന്റെ കോപ്പി എനിക്ക് കാണിച്ചു തന്നു. അത് ഏതാണ്ട് കീറിപ്പറിഞ്ഞ അവസ്ഥയിലായിരുന്നു. ടേപ്പു കൊണ്ട് ഒട്ടിച്ച നിലയിലായിരുന്നു അത്. റേഷൻ കാർഡ് കൈവശമുണ്ടെങ്കിലും അതുകൊണ്ടാണ് കാര്യമില്ലെന്ന ഭയത്തിലാണ് അവർ കഴിയുന്നത്. രണ്ടു മാസം മുമ്പ്, പ്രദേശത്തെ പോലിസ് ഉദ്യോഗസ്ഥർ വന്ന്, മുസ്ലിംകൾക്ക് ഭൂരിപക്ഷമുള്ള അൻടോപ്പ് ഹിൽ ചേരി പ്രദേശത്തെ താമസക്കാരെ നുഴഞ്ഞുകയറ്റക്കാരെന്ന പേരിൽ പിടിച്ചു കൊണ്ടുപോയിരുന്നു. കൈയ്യിൽ അവശേഷിച്ചിരുന്നു സമ്പാദ്യമെല്ലാം കൈക്കൂലിയായി കൊടുത്താണ് സൈനുലും അദ്ദേഹത്തിന്റെ അയൽവാസികളും അന്ന് രക്ഷപ്പെട്ടത്.

ന്യൂനപക്ഷങ്ങൾ പീഡിപ്പിക്കപ്പെടുന്ന അയൽരാജ്യങ്ങളുടെ പട്ടികയിൽ നിന്നും മ്യാൻമാറിനെ ബി.ജെ.പി സർക്കാർ ബോധപൂർവം ഒഴിവാക്കിയിട്ടുണ്ട്. കാരണം മ്യാൻമാറിൽ പീഡിപ്പിക്കപ്പെടുന്നത് റോഹിങ്ക്യൻ മുസ്ലിംകളാണ്. റോഹിങ്ക്യൻ മുസ്ലിംകൾ ബി.ജെ.പി സർക്കാറിന്റെ മാനദണ്ഡങ്ങൾക്ക് ഒരിക്കലും ചേരുകയില്ല. അവർ മുസ്ലിംകളാണ്, അതായത് ഇന്ത്യയിൽ രാജ്യത്തിന്റെ ശത്രുക്കളായി നോക്കിക്കാണപ്പെടുന്ന ഒരു വിശ്വാസസംഹിതയുടെ അനുയായികൾ.

ട്വിറ്ററിൽ, ബി.ജെ.പി പോരാളികൾ ബില്ലിനെ ന്യായീകരിച്ചു കൊണ്ടിരിക്കുന്നുണ്ട്. “രാജ്യ സുരക്ഷ”ക്കു വേണ്ടിയാണ് റോഹിങ്ക്യകളെ മ്യാൻമർ പുറത്താക്കിയത് എന്നാണ് അവരുടെ വാദം. അന്താരാഷ്ട്ര കോടതിയിൽ കഴിഞ്ഞ ദിവസം ഹാജറായ ഓങ് സാൻ സൂകി റോഹിങ്ക്യൻ മുസ്ലിംകളുടെ കൂട്ടക്കൊലയെ ന്യായീകരിച്ചാണ് സംസാരിച്ചത്. തങ്ങളുടെ ഭൂമി പിടിച്ചെടുക്കാൻ ഗൂഢാലോചന നടത്തിയ റോഹിങ്ക്യൻ മുസ്ലിംകളെ ഒരു പാഠം പഠിപ്പിച്ച സ്ത്രീ എന്ന നിലയിലാണ് സൂകിയെ മ്യൻമാറിലെ സൂകി അനുയായികൾ കൊണ്ടാടുന്നത്. മോദി അനുയായികളും സൂകി അനുയായികളും ഒരേ റൂൾ ബുക്ക് പ്രകാരമാണ് തങ്ങളുടെ വംശീയാധിപത്യത്തിനു വേണ്ടി പ്രവർത്തിക്കുന്നത് എന്ന് കാണാൻ കഴിയും.

ഗുജറാത്ത് മുഖ്യമന്ത്രിയായി സ്ഥാനമേറ്റതു മുതൽക്ക് മോദിയുടെ രാഷ്ട്രീയ ജീവിതം പിന്തുടർന്ന ഒരു റിപ്പോർട്ടർ എന്ന നിലയ്ക്ക്, ഇന്ത്യയെ വിഭാഗീയയുടെ പേരിൽ വിഭജിക്കാനുള്ള മോദിയുടെ പദ്ധതിയുടെ തുടക്കമോ ഒടുക്കമോ അല്ല ഇതെന്ന് എനിക്ക് അറിയാം. മുസ്ലിംകൾ തലതാഴ്ത്തി മാത്രം നടക്കുന്ന ഇന്ത്യയെന്ന മോദിയുടെ സ്വപ്നത്തിലേക്ക് നാം അടുത്തുകൊണ്ടിരിക്കുകയാണ്. മതേതരത്തിന്റെ സ്ഥാനത്ത് ഹിന്ദു ദേശീയത സ്ഥാപിക്കപ്പെടും. ഗാന്ധിയുടെ ഇന്ത്യയുടെ അവസാനം അടുത്തിരിക്കുന്നു.

അവലംബം: washingtonpost
മൊഴിമാറ്റം: ഇർഷാദ് കാളച്ചാൽ

Related Articles