Current Date

Search
Close this search box.
Search
Close this search box.

സൗദിയുടെ പുതിയ ദേശീയ എയര്‍ലൈന്‍ വിജയിക്കുമോ ?

സൗദി അറേബ്യയെ മിഡില്‍ ഈസ്റ്റിലെ ലോജിസ്റ്റിക്കല്‍ ഹബ്ബാക്കി മാറ്റാനുള്ള ശ്രമത്തിന്റെ ഭാഗമായി രാജ്യത്തിന്റെ രണ്ടാമത്തെ ദേശീയ എയര്‍ലൈന്‍ കമ്പനി വികസിപ്പിക്കാനുള്ള നീക്കം കഴിഞ്ഞയാഴ്ചയാണ് സൗദി അറേബ്യ പ്രഖ്യാപിച്ചത്.

പ്രീമിയം ഫ്‌ളാഗ് കാരിയറുകളായ എമിറേറ്റ്സ്, ഖത്തര്‍ എയര്‍വേയ്സ് എന്നിവയുമായി നേരിട്ട് മത്സരിക്കുക എന്ന ലക്ഷ്യമിട്ടാണ് പദ്ധതി പ്രഖ്യാപിച്ചത്. പുതിയ എയര്‍ലൈന്‍ കമ്പനിയുടെ പേര് എന്താണെന്നോ എന്നാണ് പ്രവര്‍ത്തനമാരംഭിക്കുക എന്നോ നമുക്കറിയില്ലെങ്കിലും മേഖലയിലെ സൗദിയുടെ ഒരു ലക്ഷ്യമാണിതെന്ന വ്യക്തമായ സൂചനയാണ് ഇതിലൂടെ ലഭിക്കുന്നത്.

സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്റെ (എം.ബി.എസ്) നേതൃത്വത്തില്‍ നടപ്പാക്കുന്ന സാമ്പത്തിക പരിഷ്‌കാര തന്ത്രങ്ങളുടെ കൂടി ഭാഗമാണിത്. സൗദിയുടെ ജി.ഡി.പി നരിക്കില്‍ പകുതിയും എണ്ണയില്‍ നിന്നും ഗ്യാസില്‍ നിന്നുമുള്ള വരുമാനമാണ്. ലോകമെമ്പാടുമുള്ള രാജ്യങ്ങള്‍ ഫോസില്‍ ഇന്ധനങ്ങളില്‍ നിന്നും അകലാന്‍ തുടങ്ങിയതിനാല്‍ സൗദിക്കും ഈ മേഖലയെ ആശ്രയിക്കുന്നത് കുറച്ചുകൊണ്ടുവരേണ്ടതുണ്ട്.

രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥ വൈവിധ്യവത്കരിക്കാനും ലോകത്തിന്റെ മറ്റ് ഭാഗങ്ങളുമായുള്ള ബന്ധം മെച്ചപ്പെടുത്താനും വിമാന റൂട്ടുകള്‍ 80 ല്‍ നിന്ന് 250 കേന്ദ്രങ്ങളിലേക്ക് ഉയര്‍ത്തുമെന്നും പ്രതിവര്‍ഷം 4.5 ദശലക്ഷം ടണ്ണില്‍ കൂടുതല്‍ വിമാന ചരക്ക് സേവന ശേഷി വര്‍ദ്ധിപ്പിക്കുമെന്നും എം.ബി.എസ് അറിയിച്ചിരുന്നു.

തത്ഫലമായി പുതിയ തൊഴില്‍ സാധ്യതകള്‍ തുറക്കാന്‍ കഴിയുമെന്നും എയര്‍ലൈന്‍ സര്‍വീസ് വിപുലീകരണം മൂലം അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ ടൂറിസം മേഖല ലക്ഷ്യമിട്ട് ഹോസ്പിറ്റാലിറ്റി മേഖലയില്‍ 260,000 തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനും 38 പുതിയ ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ ആരംഭിക്കാനുമാണ് ലക്ഷ്യമിടുന്നത്.

ലോകത്തിന്റെ പടിഞ്ഞാറിനും കിഴക്കിനും ഇടയില്‍ സ്ഥിതി ചെയ്യുന്നതിനാല്‍ സൗദി അറേബ്യക്ക് വളരാന്‍ പല തരത്തില്‍ സാധ്യതകളുണ്ട്. കൂടുതല്‍ വലിയ കായിക മത്സരങ്ങള്‍ക്ക് ആതിഥേയത്വം വഹിക്കുകയും പാശ്ചാത്യ ശക്തികളുമായി ശക്തമായ ബന്ധം പുലര്‍ത്തുകയും ചെയ്യുന്നതിലൂടെ അടിസ്ഥാന സൗകര്യങ്ങളുടെ നവീകരണം ത്വരിതപ്പെടുത്തുന്നതിന് വലിയ തുക ചെലവഴിക്കാന്‍ രാജ്യം സന്നദ്ധമാണ്.

അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് കീഴില്‍, പുതിയ നിക്ഷേപവും ആയുധ ഇടപാടുകളും ഉപയോഗിച്ച് ഇരു രാജ്യങ്ങളുടെയും ബന്ധങ്ങള്‍ പുതിയ ഉയരങ്ങളിലെത്തി. പുതിയ പ്രസിഡന്റ് ബൈഡനും മികച്ച ബന്ധമാണ് തുടരുന്നത്. വിശാലമായ ഗതാഗത തന്ത്രത്തിന്റെ ഭാഗമായി പുതിയ എയര്‍ലൈന്‍ കാരിയര്‍ ഈ ദശകത്തിനുള്ളില്‍ തന്നെ പ്രധാന വിമാനത്താവളങ്ങളിലേക്ക് പുതിയ സര്‍വീസ് ആരംഭിക്കാനുമാണ് ലക്ഷ്യമിടുന്നത്.

യുണൈറ്റഡ് അറബ് എമിറേറ്റുകളെയും ഖത്തറിനെയും അനുകരിക്കാനും രാജ്യത്തിന്റെ ധനസഹായത്തോടെ ഒറ്റയ്ക്ക് മുന്നോട്ടു പോകാനും പല രാജ്യങ്ങളില്‍ നിന്നും വ്യത്യസ്തമായി പുതിയ സര്‍വീസുമായി മുന്നോട്ടു പോകാനും സൗദി അറേബ്യയ്ക്ക് മതിയായ വിഭവങ്ങളുണ്ട്. നൈജീരിയ അടുത്തിടെ പുതിയ എയര്‍ലൈന്‍ ആരംഭിച്ചെങ്കിലും സ്വകാര്യ കമ്പനിയുടെ ധനസഹായത്തോടെയാണ് അത് മുന്നോട്ടു പോകുന്നത്. നൈജീരിയന്‍ ഭരണകൂടത്തിന് അഞ്ച് ശതമാനത്തില്‍ കൂടുതല്‍ ഓഹരി പോലും അതിലില്ല. ഘാന ഈജിപ്തുമായി ചേര്‍ന്നാണ് അവരുടെ എയര്‍ലൈന്‍ സര്‍വീസിന് ഫണ്ട് കണ്ടെത്തുന്നത്. എന്നാല്‍ സൗദി അറേബ്യയുടെ സമീപനം സര്‍ക്കാരിന്റെ സമാരംഭത്തില്‍ തന്നെ കമ്പനിയില്‍ കൂടുതല്‍ നിയന്ത്രണം ഉണ്ടാവുകയും സൗദി അറേബ്യയുടെ പ്രാദേശിക വിപണിയില്‍ മുന്‍തൂക്കം നല്‍കുകയും ചെയ്യുന്നതാണ്.

പുതിയ കമ്പനിക്ക് ആഗോള എയര്‍ലൈന്‍ വ്യവസായത്തില്‍ ശക്തമായ മത്സരം നേരിടേണ്ടിവരും. കോവിഡ് പ്രതിസന്ധി മൂലം പ്രതിവര്‍ഷം ശരാശരി 50 വിമാനക്കമ്പനികള്‍ കടക്കെണിയിലേക്ക് നീങ്ങുന്നുണ്ട്. 2019ലെ യാത്രാനുഭവം കണക്കിലെടുത്ത ഒരു റിപ്പോര്‍ട്ടില്‍ 72 ആഗോള എയര്‍ലൈനുകളില്‍ 49 ആം സ്ഥാനത്താണ് സര്‍ക്കാരിന്റെ പൂര്‍ണ ഉടമസ്ഥതയിലുള്ള സൗദിയ എയര്‍ലൈന്‍സ്. ഇതില്‍ നിന്ന് വ്യത്യസ്തമായി ഖത്തര്‍ എയര്‍വേയ്സ് ലോകത്ത് ഒന്നാം സ്ഥാനത്താണ്, എമിറേറ്റ്സും ആദ്യ പത്തിലും ഇടം നേടി.

ഖത്തര്‍ എയര്‍വേയ്സ്, എമിറേറ്റ്‌സ് എന്നിവ പോലെ തന്നെ അന്തര്‍ദേശീയ യാത്രക്കാരെ ആകര്‍ഷിക്കാന്‍ സൗദിയയ്ക്ക് കഴിയുന്നില്ലെന്ന ഒരു നിരീക്ഷണമാകാം പുതിയ കാരിയറിന്റെ രൂപീകരണം. പുതിയ കമ്പനി വിപണിയില്‍ കൂടുതല്‍ തരംതിരിക്കാന്‍ അനുവദിക്കുമ്പോള്‍, സൗദിയ ആഭ്യന്തരവും ഹജ്ജ് സേവനമടക്കമുള്ള മതപരമായ യാത്രകളില്‍ ശ്രദ്ധ കേന്ദ്രീകരിക്കും.

ശക്തമായ മാര്‍ക്കറ്റിങ് ക്യാമ്പയിനില്‍ ഖത്തര്‍ എയര്‍വേയ്സ്, എമിറേറ്റ്സ്, കാതേ പസഫിക്, ലുഫ്താന്‍സ, അമേരിക്കന്‍ എയര്‍ലൈന്‍സ് പോലുള്ള ബിസിനസ്സ് ക്ലാസ് യാത്രക്ക് ആളുകള്‍ ഇഷ്ടപ്പെടുന്ന മറ്റ് ആഗോള കാരിയറുകള്‍ക്കൊപ്പം മത്സരിക്കാന്‍ ധാരാളം പണം ആവശ്യമാണ്. അതിനാല്‍ തന്നെ, അയല്‍ക്കാരുടെ ബിസിനസ്സ് മാതൃകകളെ അനുകരിക്കാന്‍ സൗദി അറേബ്യയ്ക്ക് കഴിയില്ല; കോവിഡിന് ശേഷമുള്ള ലോകത്ത് അതിന് സ്വന്തം വിപണി പുതുക്കേണ്ടതും രൂപപ്പെടുത്തേണ്ടതുമുണ്ട്. പശ്ചിമേഷ്യയില്‍ പുതിയ കമ്പനികള്‍ക്ക് സാമ്പത്തിക നഷ്ടമില്ലാതെ ആദ്യവര്‍ഷങ്ങളില്‍ ഓടാന്‍ കഴിയില്ല.

ഉപഭോക്തൃ അടിത്തറ വിപുലീകരിക്കുന്നതിനും ഗള്‍ഫ് മേഖലയിലേക്ക് വരുന്ന സന്ദര്‍ശകരെ കൂടുതല്‍ ആകര്‍ഷിക്കുന്നതിനും സൗദി അറേബ്യ അതിന്റെ പങ്ക് നിര്‍വഹിക്കേണ്ടതുണ്ട്. എമിറേറ്റ്‌സ്, ഖത്തര്‍ എയര്‍വേസ് എന്നിവയില്‍ നിന്നുള്ള കടുത്ത മത്സരവും കോവിഡ് പ്രതിസന്ധിയും മൂലം മേഖലയിലെ മറ്റ് പ്രാദേശിക വിമാനക്കമ്പനികള്‍ സാമ്പത്തികമായി ബുദ്ധിമുട്ടിലും കടത്തിലുമാണ്.

ഒരു ദേശീയ കാരിയറിന് ഒരു രാജ്യത്തിന്റെ അന്തസ്സിന്റെ പകരക്കാരനായി പ്രവര്‍ത്തിക്കാന്‍ കഴിയുമെന്ന് എം ബി എസ് തിരിച്ചറിയുന്നു. എന്നിരുന്നാലും, കാരിയറിന്റെ സേവനം, പ്രകടനം, സുരക്ഷ എന്നിവ രാജ്യത്തിന്റെ പ്രശസ്തിയും ബ്രാന്‍ഡുമായി ബന്ധപ്പെട്ടിരിക്കുമെന്നതിനാല്‍, അതില്‍ വെല്ലുവിളി സാധ്യതകളുമുണ്ട്.

2018ല്‍ ഇസ്താംബൂളിലെ സൗദി കോണ്‍സുലേറ്റില്‍ സൗദി മാധ്യമപ്രവര്‍ത്തകന്‍ ജമാല്‍ ഖഷോഗിയെ കൊലപ്പെടുത്തിയത് ആഗോളതലത്തില്‍ സൗദിയെ പ്രതിസ്ഥാനത്ത് നിര്‍ത്തുകയും അപലപിക്കപ്പെടുകയും ചെയ്തിരുന്നു. അതുപോലെ തന്നെ സൗദി-ഇറാന്‍ ഏറ്റുമുട്ടലും യെമനിലെ യുദ്ധം പോലുള്ള പ്രാദേശിക സംഘര്‍ഷങ്ങളും ലക്ഷക്കണക്കിന് മരണങ്ങള്‍ക്ക് കാരണമായതും വിമര്‍ശിക്കപ്പെടുന്നുണ്ട്.

അയല്‍വാസി രാജ്യങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള്‍ സൗദി അറേബ്യ ഇപ്പോഴും അന്താരാഷ്ട്ര സന്ദര്‍ശകരെ ആകര്‍ഷിക്കാന്‍ സജ്ജരല്ല.
2019 ല്‍ സൗദി സന്ദര്‍ശിച്ചവരുടെ എണ്ണം 20 ദശലക്ഷമാണ്. ലോകബാങ്കിന്റെ കണക്കനുസരിച്ച് പശ്ചിമേഷ്യയില്‍ രണ്ടാം സ്ഥാനമാണിത്. ഹജ്ജ് തീര്‍ത്ഥാടനത്തിനായി വരുന്ന രണ്ട് ദശലക്ഷം സന്ദര്‍ശകരെ കൂടി ഉള്‍പ്പെടുത്തിയതാണ് ഈ കണക്ക് ഉയര്‍ന്നത്.

ഒരു പുണ്യ തീര്‍ത്ഥാടന കേന്ദ്രത്തിന്റെ പ്രയോജനമില്ലാതെ 21.5 ദശലക്ഷം അന്താരാഷ്ട്ര സന്ദര്‍ശകരുള്ള യു എ ഇയാണ് ഒന്നാം സ്ഥാനത്ത്. 2022 ഖത്തര്‍ ലോകകപ്പ് നടക്കുന്നതോടെ സന്ദര്‍ശകരുടെ എണ്ണത്തില്‍ സൗദി അറേബ്യയെ അടുത്ത വര്‍ഷം അയല്‍ രാജ്യമായ ഖത്തര്‍ മറികടന്നേക്കും.

സൗദി അറേബ്യയുടെ പുതിയ എയര്‍ലൈന്‍ വിജയിക്കണമെങ്കില്‍, ഗള്‍ഫ് മേഖലയിലെ വിശാലമായ വിജയഗാഥയുടെ ഭാഗമായികൊണ്ട് മാത്രമേ ഇത് ചെയ്യാന്‍ കഴിയൂ. സൗദി താല്‍ക്കാലിക വിജയങ്ങള്‍ക്കായി അയല്‍വാസികളോട് ശത്രുത പുലര്‍ത്തുകയാണ്. ഉദാഹരണത്തിന്, യു എ ഇയുടെ സ്വതന്ത്ര വ്യാപാര മേഖലകളെ വെല്ലുവിളിക്കാന്‍ സംരക്ഷണവാദ നയങ്ങള്‍ അവതരിപ്പിക്കുകയും ഗള്‍ഫ് ബിസിനസുകളില്‍ സൗദി പൗരന്മാരെ നിയമിക്കാത്തതിന് താരിഫുകള്‍ കുറയ്ക്കുകയും ചെയ്യുന്നു.

സ്വതന്ത്ര വ്യാപാരത്തോടുള്ള സൗദി അറേബ്യയുടെ വര്‍ദ്ധിച്ചുവരുന്ന അഭിരുചി പ്രാദേശിക വളര്‍ച്ചയെയും സാമ്പത്തിക വളര്‍ച്ചയെ ആശ്രയിക്കുന്നതിന് പ്രോത്സാഹനമാകും. ഇത്, എയര്‍ലൈന്‍ വ്യവസായത്തിന് കൂടുതല്‍ മത്സരം അവതരിപ്പിക്കുന്നതിനൊപ്പം ഉപഭോക്തൃ തിരഞ്ഞെടുപ്പും മാനദണ്ഡങ്ങളും സേവനവും എല്ലായിടത്തും മെച്ചപ്പെടുത്താന്‍ കഴിയും, ഇത് മികച്ച രീതിയില്‍ ചെയ്താല്‍ തീര്‍ച്ചയായും സൗദി അറേബ്യയ്ക്കും മുഴുവന്‍ ഗള്‍ഫിനും അത് ഒരു വിജയമായിരിക്കും.

അവലംബം: അല്‍ജസീറ
വിവ: സഹീര്‍ വാഴക്കാട്

Related Articles