Current Date

Search
Close this search box.
Search
Close this search box.

ബി.ജെ.പിയുടെ 93 ശതമാനം സംഭാവനകളും കോര്‍പറേറ്റുകളില്‍ നിന്ന്

രാഷ്ട്രീയ പാര്‍ട്ടികള്‍ ഒരു വര്‍ഷത്തില്‍ 20,000 രൂപയില്‍ കൂടുതല്‍ സംഭാവന സ്വീകരിച്ചാല്‍ അവര്‍ അതിന്റെ വിശദാംശങ്ങള്‍ വെളിപ്പെടുത്തേണ്ടതുണ്ട്. ഇത്തരം സംഭാവനകള്‍ സ്വീകരിക്കുമ്പോള്‍ പാന്‍ കാര്‍ഡ് വിവരങ്ങളും നല്‍കേണ്ടതുണ്ട്. ഇതാണ് രാജ്യത്ത് നിലവിലുള്ള നിയമം. യാദൃശ്ചികമായി ഏറ്റവും കൂടുതല്‍ സംഭവാനകള്‍ സ്വീകരിച്ച രാഷ്ട്രീയ പാര്‍ട്ടിയായി ഇന്ന് ബി.ജെ.പി മാറിയിരിക്കുകയാണ്. അതായത് 2016-17,2017-18 സാമ്പത്തിക വര്‍ഷത്തില്‍ ആറു ദേശീയ പാര്‍ട്ടികളെല്ലാം കൂടി പിരിച്ച 985 കോടിയില്‍ 915 കോടിയും (92.5) സ്വീകരിച്ചത് ബി.ജെ.പിയാണ്.

രാഷ്ട്രീയ പാര്‍ട്ടികള്‍, സംഭാവന നല്‍കിയ ദാതാവിന്റെ പേര്, വിലാസം, പാന്‍ എന്നിവയോടൊപ്പം പണമടച്ച രീതിയും ഓരോ ദാതാവും സംഭാവന ചെയ്യുന്ന തുകയെക്കുറിച്ചുള്ള വിവരങ്ങളും തിരഞ്ഞെടുപ്പ് കമ്മീഷന് മുന്‍പാകെ സമര്‍പ്പിക്കേണ്ടതുണ്ട്. 2014 ജനുവരിയില്‍ പുറത്തുവന്ന റിപ്പോര്‍ട്ട് പ്രകാരം 2004-05,2011-12 കാലഘട്ടങ്ങളില്‍ ദേശീയ പാര്‍ട്ടികളെല്ലാം കൂടി ആകെ 378.89 കോടിയാണ് സംഭാവന ഇനത്തില്‍ സ്വീകരിച്ചത്. ഇതിലെ 87 ശതമാനം ഉറവിടവും വ്യക്തമാക്കിയിരുന്നു.

2017 ഓഗസ്റ്റില്‍ പുറത്തുവന്ന മറ്റൊരു റിപ്പോര്‍ട്ടില്‍ 2012-13,2015-16 കാലത്ത് ബിസിനസ് സംരഭങ്ങളെല്ലാം കൂടി വിവിധ പാര്‍ട്ടികള്‍ക്ക് 956.77 കോടി രൂപയാണ് സംഭാവന നല്‍കിയത്. ഇതില്‍ 89 ശതമാനവും അറിയപ്പെടുന്ന ഉറവിടങ്ങളില്‍ നിന്നാണ് ലഭിച്ചത്. ഇപ്പോള്‍ അവസാനമായി വന്ന റിപ്പോര്‍ട്ടുകള്‍ 2016-17,2017-18 വര്‍ഷങ്ങളിലേതാണ്.

ഇതു പ്രകാരം ബി.ജെ.പി,കോണ്‍ഗ്രസ്,സി.പി.എം,സി.പി.ഐ,എന്‍.സി.പി,ടി.എം.സി എന്നീ പാര്‍ട്ടികളുടെ സംഭാവനകളെല്ലാം ഗവേഷകര്‍ പഠന വിധേയമാക്കിയിട്ടുണ്ട്. ഇതില്‍ ബി.എസ്.പിയെ ഉള്‍പ്പെടുത്തിയിട്ടില്ല. കാരണം ഈ കാലയളവിലോ അതിനു മുന്‍പോ ഇരുപതിനായിരത്തിന് മുകളില്‍ സംഭാവന ആരില്‍ നിന്നും സ്വീകരിച്ചിട്ടില്ലെന്നാണ് ബി.എസ്.പി അറിയിച്ചത്.

വ്യവസായ സംരഭകര്‍ 985.18 കോടി രൂപയാണ് ഇത്തവണ സംഭാവന നല്‍കിയത്. ഇതില്‍ 93 ശതമാനവും ഉറവിടം വ്യക്തമാക്കിയതാണ്. അതിനര്‍ത്ഥം കോര്‍പറേറ്റ് വ്യവസായികളില്‍ നിന്നും രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ലഭിക്കുന്ന സംഭാവനകള്‍ ക്രമാതീതമായി വര്‍ധിച്ചു എന്നാണ് കാണിക്കുന്നത്. രണ്ട് സാമ്പത്തിക വര്‍ഷങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ 160 ശതമാനമായാണ് വര്‍ധിച്ചത്.

കോര്‍പറേറ്റുകളില്‍ നിന്നുള്ള ഭൂരിഭാഗം സംഭാവനയും ബി.ജെ.പിക്ക്

മൊത്തം റിപ്പോര്‍ട്ടുകള്‍ പ്രകാരം ആറ് പാര്‍ട്ടികള്‍ ചേര്‍ന്ന് ഇരുപതിനായിരത്തിന് മുകളിലായി 1059.25 കോടി സ്വീകരിച്ചപ്പോള്‍ ഇതില്‍ ബി.ജെ.പി മാത്രം 915.59 കോടിയാണ് സ്വീകരിച്ചത്. ഇത് 1731 കോര്‍പറേറ്റ് ദാതാക്കളില്‍ നിന്നാണ്. ഇതില്‍ രണ്ടാം സ്ഥാനം കോണ്‍ഗ്രസിനാണ് 55.36 കോടിയാണ് രണ്ടു വര്‍ഷത്തിനിടെ 151 കോര്‍പറേറ്റുകളില്‍ നിന്നായി കോണ്‍ഗ്രസ് സ്വീകരിച്ചത്. റിപ്പോര്‍ട്ട് പ്രകാരം ബി.ജെ.പിക്ക് 94 ശതമാനം കോര്‍പറേറ്റ് സംരഭകരും കോണ്‍ഗ്രസിന് 81 ശതമാനം കോര്‍പറേറ്റ് സംരഭകരുമാണ് സംഭാവന നല്‍കിയത്. ഏറ്റവും കുറവായി കോര്‍പറേറ്റുകളില്‍ നിന്ന് സംഭാവന സ്വീകരിച്ചത് സി.പി.ഐ ആണ്. വെറും രണ്ട് ശതമാനമാണത്.

2012-13നും 2017-18നും ഇടയില്‍ കോര്‍പറേറ്റുകളില്‍ നിന്നുള്ള സംഭാവന 414 ശതമാനമായാണ് ഉയര്‍ന്നതെന്നാണ് നിരീക്ഷകര്‍ ചൂണ്ടിക്കാണിക്കുന്നത്. ഇക്കാലയളവില്‍ ബി.ജെ.പിയാണ് ഏറ്റവും കൂടുതല്‍ സംഭാവന സ്വീകരിച്ചത്. 1621.40 കോടിയാണത്. ആകെ സംഭാവനയുടെ 83.49 ശതമാനം വരുമിത്.

ചെറിയ ട്രസ്റ്റുകളുടെ സംഭാവനയും കോടികള്‍

ചെറിയ കോര്‍പറേറ്റ് സ്ഥാപനങള്‍ എന്നറിയപ്പെടുന്നവര്‍ വരെ രാഷ്ട്രീയ പാര്‍ട്ടികള്‍ നൂറുകണക്കിന് കോടികളാണ് സംഭാവന നല്‍കിയത് എന്ന കണക്കുകള്‍ ഞെട്ടിപ്പിക്കുന്നതാണ്. സത്യ ഇലക്ടോറല്‍ ട്രസ്റ്റ് രണ്ട് രാഷ്ട്രീയ പാര്‍ട്ടികള്‍ക്കായി 46 തവണയാണ് രണ്ടു വര്‍ഷത്തിനിടെ സംഭാവന നല്‍കിയത്. ഇതെല്ലാം കൂടെ 429.42 കോടി വരും.

ഇവരില്‍ നിന്ന് 33 സംഭാവനകളായി 405.52 കോടി സ്വീകരിച്ചിട്ടുണ്ടെന്നാണ് ബി.ജെ.പി പറയുന്നത്. 13 തവണയായി 23.90 കോടി സ്വീകരിച്ചിട്ടുണ്ടെന്ന് കോണ്‍ഗ്രസും സമ്മതിക്കുന്നു. കോര്‍പറേറ്റ് ട്രസ്റ്റ് ഭദ്രം ജന്‍ഹിത് ശാലിക ട്രസ്റ്റ് ആണ് രണ്ടാം സ്ഥാനത്ത്. 10 സംഭാവനകളിലായി 41 കോടിയാണ് ഇവര്‍ ഇരു പാര്‍ട്ടികള്‍ക്കും കൂടെ നല്‍കിയത്. പല കോര്‍പറേറ്റ് ട്രസ്റ്റുകളുടെയും പാന്‍ വിവരങ്ങള്‍,വിലാസം,ഇന്റര്‍നെറ്റ് വിവരങ്ങള്‍ എന്നിവയൊന്നും ലഭ്യമല്ല. പല കമ്പനികളുടെയും സ്ഥാപനങ്ങളുടെ പ്രവര്‍ത്തന സ്വഭാവവും വെളിപ്പെടുത്താറില്ല. ഇത്തരം വിവരങ്ങള്‍ പൂര്‍ണമായും നല്‍കാത്ത കമ്പനികളുടെയും ട്രസ്റ്റുകളുടെയും പണം സ്വീകരിക്കാന്‍ പാടില്ലെന്നാണ് സുപ്രീം കോടതിയുടെ ഉത്തരവെങ്കിലും പലരും ഇത് പാലിക്കാറില്ല. ഇത്തരം വിവരങ്ങള്‍ പൊതുജനങ്ങള്‍ക്ക് ലഭ്യമാകും വിധത്തില്‍ വെബ്‌സൈറ്റുകളിലൂടെ പ്രസിദ്ധീകരിക്കണമെന്നും നിയമമുണ്ട്.

അവലംബം:thewire.in
വിവ: സഹീര്‍ അഹ്മദ്

Related Articles