Current Date

Search
Close this search box.
Search
Close this search box.

19കാരന്റേത് ആത്മഹത്യ; മുസ്‌ലിംകളാല്‍ കൊല്ലപ്പെട്ടതാണെന്ന് വ്യാജ പ്രചാരണം -fact check

‘കര്‍ണാടകയിലെ ബെലഗാവിയിലെ ബഗിവാദി ബസ്സ്റ്റാന്റില്‍ ശിവ് ഉപ്പര്‍ എന്ന 19കാരനെ കൊന്ന് കെട്ടിത്തൂക്കുകയുണ്ടായി. പശുക്കടത്തുകാരില്‍ നിന്ന് പശുക്കളെ സംരക്ഷിക്കാന്‍ ശ്രമിച്ചു എന്ന ഒരു തെറ്റ് മാത്രമാണ് അവന്‍ ചെയ്തത്. അതിനാണ് അവനെ കൊലപ്പെടുത്തിയത്. വിഷയത്തില്‍ ശക്തമായ നടപടിയെടുക്കണമെന്നും കുറ്റവാളികളെ അറസ്റ്റു ചെയ്യണമെന്നും ഞാന്‍ മുഖ്യമന്ത്രിയോട് ആവശ്യപ്പെടുകയാണ്’.

ബി.ജെ.പിയുടെ കര്‍ണാടകയിലെ എം.പിയായ ശോഭ കരന്ദ്‌ലാജി ട്വീറ്റ് ചെയ്ത പോസ്റ്റ് ആണിത്. ട്വീറ്റിനൊപ്പം 19കാരനെ കെട്ടിത്തൂക്കി എന്നവകാശപ്പെടുന്ന ചിത്രവും അവര്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.

മെയ് 26ന് പോസ്റ്റ് ചെയ്ത ശേഷം ശോഭയുടെ ട്വീറ്റ് 2600ലധികം തവണയാണ് റീട്വീറ്റ് ചെയ്യപ്പെട്ടത്. നിരവധി പേര്‍ ഇത് ഷെയര്‍ ചെയ്യുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ സംഭവത്തെ വര്‍ഗ്ഗീയമാക്കി തിരിച്ച് വ്യാജ വാര്‍ത്ത പ്രചരിപ്പിക്കുകയായിരുന്നു പലരും. യഥാര്‍ത്ഥത്തില്‍ ശിവ് ഉപ്പര്‍ ആത്മഹത്യ ചെയ്യുകയാണുണ്ടായതെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. എന്നാല്‍ അവനെ മുസ്‌ലിംകളാല്‍ കൊല്ലപ്പെടുകയാണുണ്ടായത് എന്ന തരത്തിലാണ് ചിലര്‍ വ്യാപകമായി വാര്‍ത്ത പ്രചരിപ്പിച്ചത്.

ഫേസ്ബുക്കിലെ ‘ജസ്റ്റിസ് ഫോര്‍ ഹിന്ദൂസ് ‘ എന്ന പേജിലും ‘ദൈനിക് ഭാരത്’ എന്ന വെബ്‌സൈറ്റിലും ശിവ് ഉപ്പര്‍ ഒരു കൂട്ടം ജിഹാദികളാല്‍ കൊല്ലപ്പെട്ടു എന്ന തരത്തിലായിരുന്നു പ്രചരിപ്പിച്ചത്. പശുക്കടത്തുകാരില്‍ നിന്നും പശുക്കളെ സംരക്ഷിക്കാന്‍ ശ്രമിച്ചതിനാണ് അവനെ കൊലപ്പെടുത്തിയതെന്നും വാര്‍ത്തകള്‍ വന്നു.

പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

ഇത്തരം പ്രചാരണങ്ങള്‍ തെറ്റാണെന്ന് പിന്നീട് ബെല്‍ഗാമിലെ പൊലിസ് കമ്മീഷണര്‍ തന്നെ സ്ഥിരീകരിച്ചു. ഉപ്പര്‍ ആത്മഹത്യ ചെയ്തതാണെന്നാണ് ‘അള്‍ട്ട് ന്യൂസ’് പ്രതിനിധിയുമായി നടത്തിയ സംഭാഷണത്തില്‍ പൊലിസ് കമ്മീഷണര്‍ ബി.എസ് ലോകേഷ് കുമാര്‍ വ്യക്തമാക്കി. ഞങ്ങള്‍ക്ക് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചു. അതില്‍ വളരെ വ്യക്തമാണ് അവന്‍ കെട്ടിത്തൂങ്ങി ആത്മഹത്യ ചെയ്തതാണെന്ന്. മാത്രമല്ല, അവന്റെ ശരീരത്തില്‍ എവിടെയും മര്‍ദ്ദനമേറ്റതിന്റെ പാടോ മറ്റു മുറിവുകളോ ഇല്ല. അദ്ദേഹം പറഞ്ഞു. അവന്‍ തന്റെ കുടുംബവുമായി വഴക്കിലായിരുന്നു. ഉപ്പര്‍ ആത്മഹത്യക്ക് ശ്രമിക്കുന്നുണ്ടെന്ന് പറഞ്ഞ് അവന്റെ കുടുംബാംഗങ്ങള്‍ പൊലിസിന് പരാതി നല്‍കിയിരുന്നു. എന്നാല്‍ അനാവശ്യമായി ജനങ്ങള്‍ വ്യാജ വാര്‍ത്ത പ്രചരിപ്പിക്കുകയാണെന്നും ഇത്തരം വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ നടപടിയെടുക്കുമെന്നും കമ്മീഷണര്‍ പറഞ്ഞു.

അള്‍ട്ട് ന്യൂസ് പ്രതിനിധി സംഭവവുമായി ബന്ധപ്പെട്ട് ബെല്‍ഗാം പൊലിസ് സൂപ്രണ്ട് സുധീര്‍ കുമാര്‍ റെഡ്ഢിയുമായും സംസാരിച്ചിരുന്നു. വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിച്ചതിന് രണ്ട് പേരെ അറസ്റ്റ് ചെയ്തതായി അദ്ദേഹം പറഞ്ഞു. ഈ വാര്‍ത്ത ന്യൂസ് 18 റിപ്പോര്‍ട്ട് ചെയ്തിരുന്നു.

ഇതേ ബി.ജെ.പി എം.പി നേരത്തെയും ഇത്തരത്തില്‍ വര്‍ഗ്ഗീയത നിറഞ്ഞ വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിച്ചിരുന്നു. 2017 ഡിസംബറിലും തെറ്റായ ചിത്രങ്ങള്‍ പ്രചരിപ്പിച്ച് ജിഹാദികള്‍ ചേര്‍ന്ന് കൊലപ്പെടുത്തിയതാണെന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിപ്പിച്ചിരുന്നു.

അവലംബം: www.altnews.in
വിവ: സഹീര്‍ അഹ്മദ്

Related Articles