Current Date

Search
Close this search box.
Search
Close this search box.

ഗോസ്വാമിയുടെ നുണ ബോംബ് വീണ്ടും

നുണകൾ മാത്രം നിരന്തരം പടച്ചുവിടുക, തനിക്ക് എതിരു പറയുന്നവരെ ഒച്ചയിട്ട് നിശബ്ദരാക്കാൻ ശ്രമിക്കുക. ഇതാണ് ‘ഗോഡി മീഡിയ’ ക്കാരുടെ നേതാവായ അർണബ് ഗോസ്വാമിയുടെ രീതി. താനെന്തോ സംഭവമാണെന്നും ഉന്നതങ്ങളിൽ പിടിപാടുള്ള തനിക്ക് മറ്റാർക്കും കിട്ടാത്ത രഹസ്യാന്വേഷണ റിപ്പോർട്ടുകൾ കിട്ടാറുണ്ടെന്നും വീമ്പ് പറയാറുള്ള ഗോസ്വാമി ബാലാക്കോട്ട് ആക്രമണം മുന്‍കൂട്ടി അറിഞ്ഞിരുന്നുവെന്ന് സൂചിപ്പിക്കുന്ന ചാറ്റുകൾ പുറത്തു വന്നത് ഇക്കഴിഞ്ഞ ഫെബ്രുവരിയിലാണ് .

ടെലിവിഷൻ റേറ്റിങ്ങ് കമ്പനിയായ ബാർകിന്റെ മുൻ സി.ഇ.ഒ പാർഥോ ദാസ് ഗുപ്തയുമായി ഫെബ്രുവരി 23നു നടത്തിയ വാട്സ്ആപ്പ് ചാറ്റുകളിലായിരുന്നു ഞെട്ടിക്കുന്ന വിവരങ്ങൾ. ‘നമ്മൾ ഇത്തവണ ജയിക്കും’ എന്നായിരുന്നു അർണബിന്റെ പ്രതികരണം. പുൽവാമക്ക് തിരിച്ചടിയായി ഇന്ത്യ നടത്തിയ ബാലാക്കോട്ട് ആക്രമണം മൂന്ന് ദിവസം മുൻപേ അർണബ് അറിഞ്ഞിരുന്നുവെന്നും ചാറ്റുകൾ സൂചിപ്പിക്കുന്നു. ‘വലിയ എന്തെങ്കിലും സംഭവിക്കും’ എന്നാണ് ആക്രമണത്തിന് മൂന്നു ദിവസം മുൻപ് ഇയാൾ പറഞ്ഞത്.

2019 ഫെബ്രുവരി പതിനാലിന് കശ്മീരിലെ പുല്‍വാമയില്‍ നടന്ന തീവ്രവാദ ആക്രമണത്തില്‍ 40 ഇന്ത്യന്‍ ജവാന്മാരായിരുന്നു കൊല്ലപ്പെട്ടത്. രാജ്യത്തെ നടുക്കിയ, നിരവധി പട്ടാളക്കാരുടെ മരണത്തിന് ഇടയാക്കിയ തീവ്രവാദ ആക്രമണത്തിലും ടി.ആര്‍.പി റേറ്റിംഗിന് മാത്രമാണ് അര്‍ണബ് ഗോസ്വാമി പ്രാധാന്യം നല്‍കിയതെന്ന് നിരവധി പേര്‍ വിമര്‍ശനം ഉന്നയിച്ചിരുന്നു.

രാജ്യത്തിന്റെ രഹസ്യാന്വേഷണ റിപ്പോർട്ടുകൾ പോലും ഇവ്വിധം സ്വാർത്ഥ താൽപര്യങ്ങൾക്ക് ദുരുപയോഗം ചെയ്യുന്ന നടപടിയും ചർച്ചയായി. കേന്ദ്ര രഹസ്യന്വേഷണ ഏജൻസിയിൽ നിന്ന് ലഭിച്ച വിവരമാണെന്ന് പറഞ്ഞു കഴിഞ്ഞ ദിവസം മറ്റൊരു വിവാദത്തിനും തിരി കൊളുത്തി റിപ്പബ്ലിക്കൻ റ്റി വി മേധാവി. പഞ്ചശീർ താഴ്‌വരയിലെ പോരാട്ടത്തിൽ താലിബാനെ സഹായിക്കുന്നത് പാക്കിസ്ഥാൻ ചാര സംഘടനയായ ഐ എസ് ഐ ആണെന്നും കാബൂളിലെ ‘സറീന’ എന്ന ആഡംബര ഹോട്ടലിലെ അഞ്ചാം നിലയിൽ തമ്പടിച്ചാണ് അവരുടെ പ്രവർത്തനമെന്നും പറഞ്ഞ ഗോസ്വാമി ഇത്‌ തനിക്ക് ലഭിച്ച ഇന്റലിജൻസ് റിപ്പോർട്ടാണെന്നും തട്ടിവിട്ടു.

ചര്‍ച്ചയില്‍ പങ്കെടുത്ത പാക്കിസ്ഥാനിലെ ഭരണകക്ഷിയായ പി റ്റി ഐയുടെ വക്താവ് അബ്ദുസ്സമദ് യഅ്ഖൂബ് ഇത് വാസ്തവമല്ലെന്ന് പറഞ്ഞെങ്കിലും ഗോസ്വാമി നിലപാടില്‍ ഉറച്ചുനിന്നു. താലിബാനില്‍ പിളര്‍പ്പുണ്ടായെന്നും പഞ്ചശീറില്‍ ശക്തമായ പോരാട്ടം നടക്കുകയാണെന്നും പാക്കിസ്ഥാന്‍ സേന അവിടെനിന്ന് പിന്‍വാങ്ങുകയാണെന്നുമൊക്കെ തട്ടിവിട്ട ഗോസ്വാമി, തനിക്ക് ഏറ്റവും ഉന്നതങ്ങളില്‍നിന്ന് ലഭിച്ച വിവരമാണെന്നും സംശയമുണ്ടെങ്കില്‍ പോയി അന്വേഷിച്ചിട്ട് വരൂ എന്നും യഅ്ഖൂബിനെ വെല്ലുവിളിച്ചു.

“സറീന ഹോട്ടലിലെ അഞ്ചാം നിലയില്‍ പാക്കിസ്ഥാന്‍ സൈനിക ഓഫീസര്‍മാര്‍ തമ്പടിച്ചിട്ടുണ്ട്. അവര്‍ ഉപയോഗിക്കുന്ന മുറികളുടെ നമ്പറുകള്‍ എന്റെ പക്കലുണ്ട്. ഇനിയും നിങ്ങള്‍ക്ക് സംശയമുണ്ടെങ്കില്‍ ഇന്നത്തെ അത്താഴത്തിന് എന്താണ് അവര്‍ കഴിക്കുന്നതെന്നും ഞാന്‍ പറഞ്ഞുതരാം. നിങ്ങളുടെ ആളുകളെക്കുറിച്ച മുഴുവന്‍ വിവരങ്ങളും എന്റെ കൈവശമുണ്ട്…” ഗോസ്വാമി പൊട്ടിത്തെറിച്ചു.

കഴിഞ്ഞ ദിവസം യഅ്ഖൂബ് വീണ്ടും ചര്‍ച്ചക്കെത്തി. സറീന ഹോട്ടലിന് രണ്ടു നില മാത്രമേയുള്ളൂവെന്നാണ് തന്റെ അന്വേഷണത്തില്‍ വ്യക്തമായതെന്നും ഇവിടെ അഞ്ചും നാലും മൂന്നും നിലയുമൊന്നുമില്ലെന്നും അദ്ദേഹം പറഞ്ഞപ്പോള്‍ ഗോസ്വാമിക്ക് വളിച്ച ചിരി.

അതിനിടെ സറീന ഹോട്ടല്‍ അധികൃതര്‍ തന്നെ ഇക്കാര്യം വ്യക്തമാക്കി പ്രസ്താവനയുമിറക്കി. ചൈനീസ് പത്ര പ്രവര്‍ത്തകന്‍ ഷെന്‍ ഷിവെയ്, ഹോട്ടലിന്റെ ചിത്രം ട്വീറ്റ് ചെയ്താണ് ഗോസ്വാമിയുടെ മാധ്യമ പ്രവര്‍ത്തന വ്യഭിചാരത്തെ പൊളിച്ചത്.

ഹരിയാനക്കാരി വസുന്ധര ചൗഹാന്‍, സറീന ഹോട്ടലിന്റെ ചിത്രത്തോടെ ചെയ്ത ട്വീറ്റ് ഇങ്ങനെ: ‘ഇതാണ് സറീന ഹോട്ടല്‍. ഇവിടെ അഞ്ചാമത്തെ നില എത്ര ശ്രമിച്ചിട്ടും എനിക്ക് കണ്ടെത്താനായില്ല.

ഹോട്ടലിന്റെ ചിത്രം കുത്തനെ പിടിച്ചായിരിക്കും ഗോസ്വാമി അതിന്റെ നിലകള്‍ എണ്ണിയതെന്നായിരുന്നു മറ്റൊരു ട്വീറ്റ്.

ഇന്ത്യയില്‍നിന്നും പാക്കിസ്ഥാനില്‍നിന്നും ഗോസ്വാമിയെ പരിഹസിച്ചുള്ള ട്വീറ്റുകളുടെ പ്രവാഹമാണ് പിന്നീടുണ്ടായത്. #ArnabGoswami #ISIon5thFloor എന്നീ ഹാഷ് ടാഗുകളിലൂടെയാണ് ഗോസ്വാമി വധം.

പി റ്റി ഐ വക്താവ് യ്അ്ഖൂബും അര്‍ണബ് വധത്തില്‍ പങ്കുചേര്‍ന്നു. ജൂലി ഓലെസെക്കിന്റെ The Fifth Floor എന്ന നോവലിന്റെ കവര്‍ പേജ് പങ്കുവെച്ചാണ് Arnab’s Intelligence Source എന്ന് അദ്ദേഹം പരിഹസിച്ചത്.

ആകാശ് മെഹ്‌റോത്ര എന്ന ഇന്ത്യക്കാരന്റെ ട്വീറ്റ് ഇങ്ങനെ: “അര്‍ണബ് ഗോസ്വാമിയെപ്പോലെ വ്യാജ വാര്‍ത്തകള്‍ ഇത്ര ആത്മവിശ്വാസത്തോടെ അവതരിപ്പിക്കുന്ന ഒരാളുമില്ല”.

അർണബ് ഗോസ്വാമിയുടെ ചർച്ച യിലെ സ്ഥിരം സാന്നിധ്യമായ ഒരു ഗഗൻ ദീപ് ബക്ഷിയുണ്ട്. ആൾ റിട്ടിയർഡ് മേജർ ജനറലാണ്. ഗോസ്വാമിയെപ്പോലെ കടിച്ചു കീറുന്ന പ്രകൃതം. പ്രതിപക്ഷ ബഹുമാനം ലെവ ലേശം ഇല്ല. മൂപ്പർ ആയിരിക്കും ഗോസ്വാമിയുടെ ഇന്റലിജൻസ് സോഴ്സ് എന്ന പരിഹാസവുമുണ്ട്.

മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തക തവ് ലീന്‍ സിംഗിന്റെതാണ് ക്ലാസ് ട്വീറ്റ്. “ഇന്ത്യന്‍ രഹസ്യാന്വേഷണ വിഭാഗമാണ് അര്‍ണബിന് വിവരങ്ങള്‍ നല്‍കിയതെങ്കില്‍ നമ്മുടെ ഏജന്‍സികളെക്കുറിച്ച് നാം വേവലാതിപ്പെടുക തന്നെ വേണം”!

 

Related Articles