Current Date

Search
Close this search box.
Search
Close this search box.

അറബ്-നാറ്റോ സൈനിക സഖ്യവും ട്രംപിന്റെ സ്വപ്‌നവും

അമേരിക്കന്‍ ഭരണകൂടത്തിന്റെ കുറെ കാലത്തെ ഒരു ആഗ്രഹമായിരുന്നു ‘ARAB- NATO സൈനിക സഖ്യം. മുമ്പ് ഒബാമയും ഇപ്പോള്‍ ട്രംപും അതിനുള്ള ശ്രമം തുടര്‍ന്ന് പോരുന്നു. ജി സി സി രാജ്യങ്ങളായ യു എ ഇ, ഒമാന്‍, ഖത്തര്‍, സഊദി, ബഹ്റൈന്‍, കുവൈറ്റ് എന്നിവക്ക് പുറമെ ജോര്‍ദാനും ഈജിപ്തും ഉള്‍പ്പെട്ടതാണ് പ്രസ്തുത സഖ്യം. Middle East Strategic Alliance (MESA) എന്ന പദ്ധതിയുടെ കീഴിലാണ് ഇങ്ങിനെ ഒരു പുതിയ സൈനിക സഖ്യത്തെ കുറിച്ച് ചര്‍ച്ച നടക്കുന്നത്. ഇറാനെ പ്രതിരോധിക്കുക എന്നതാണ് ട്രംപ് ഭരണകൂടം ഇതിന് കാരണമായി പറയുന്നത്. മേഖലയില്‍ ഇറാന്‍ നടത്തി കൊണ്ടിരിക്കുന്ന കടന്നു കയറ്റം,തീവ്രവാദം എന്നിവ ഏറ്റവും കൂടുതല്‍ ബാധിക്കുക സഖ്യ രാജ്യങ്ങളെയാണ് എന്ന ധാരണയാണ് അമേരിക്ക ബോധിപ്പിക്കാന്‍ ശ്രമിക്കുന്നതും. അതോടു കൂടെ തന്നെ മധ്യേഷ്യയില്‍ സമാധാനവും സ്ഥിരതയും കൊണ്ടുവരിക എന്നതും പ്രസ്തുത സഖ്യത്തിന്റെ കാരണമായി പറയപ്പെടുന്നു.

കഴിഞ്ഞ മാസം യു എന്‍ സമ്മേളത്തിനിടെ അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി മൈക് പോംപിയോ എട്ടു സഖ്യകക്ഷി രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാരെയും കണ്ടിരുന്നു. സൈനിക സഖ്യത്തിന്റെ രൂപീകരണത്തിന് ഒരു സമയപരിധിയും വെച്ചിട്ടില്ലെങ്കിലും ആദ്യത്തോടെ അതിനു സാധ്യമാകും എന്നാണ് അമേരിക്കന്‍ ഭരണ കൂടം അറിയിക്കുന്നത്.

അതെസമയം ഇത്തരം ഒരു പദ്ധതിയെ കുറിച്ചുള്ള ദുരൂഹതകള്‍ക്ക് ഇനിയും ഉത്തരം കിട്ടിയിട്ടില്ല എന്നതാണ് രസകരം. നാറ്റോ പോലുള്ള ഒരു സഖ്യത്തില്‍ ചേരാന്‍ മാത്രം സൈനിക ശക്തി അറബ് രാജ്യങ്ങള്‍ക്കുണ്ടോ എന്നതാണ് ആദ്യ ചോദ്യം. ഇറാന്റെ വര്‍ധിച്ചു വരുന്ന സൈനിക ശക്തിയെ മറികടക്കാന്‍ മാത്രം ശക്തരാണ് അറബ് രാജ്യങ്ങള്‍ എന്നത് അവര്‍ പോലും സമ്മതിക്കില്ല. നാറ്റോ സഖ്യ ശക്തിയായ തുര്‍ക്കി ഇതിനോട് എങ്ങിനെ പ്രതികരിക്കും എന്നതും കൗതുകകരമാണ്. അറബ് രാജ്യങ്ങള്‍ക്കിടയില്‍ നിലനില്‍ക്കുന്ന രാഷ്ട്രീയ ഭിന്നതകള്‍ മറികടക്കാന്‍ ഈ സൈനിക സഹകരണത്തിന് കഴിയുമോ എന്നതും ഉന്നയിക്കപ്പെടുന്ന ചോദ്യമാണ്. എന്തായാലും അടുത്ത് നടക്കാനിരിക്കുന്ന യു.എസ് – ജി സി സി ഉച്ചകോടിയില്‍ വിഷയം സംസാരിക്കും എന്നറിയുന്നു.

മധേഷ്യയില്‍ അമേരിക്കന്‍ സ്വാധീനം വര്‍ധിപ്പിക്കുക, സൈനിക ചിലവുകള്‍ കുറക്കുക എന്നീ ഉദ്ദേശ്യങ്ങളാണ് അമേരിക്കയുടെ താല്പര്യത്തിനു പിറകില്‍ എന്നാണു പൊതുവെ പറഞ്ഞു കേള്‍ക്കുന്നത്. ജി സി സി രാജ്യങ്ങളുടെ ഇടയില്‍ നിലനില്‍ക്കുന്ന അഭിപ്രായ വ്യത്യാസങ്ങള്‍ പരിഹരിച്ചിട്ടില്ല എന്നതാണ് ഈ സഖ്യത്തിന്റെ വലിയ തടസ്സം. ഈജിപ്തും സഊദിയും തമ്മിലുള്ള വിഷയങ്ങള്‍, പല വിഷയങ്ങളിലും യു എ ഇ പുലര്‍ത്തുന്ന കര്‍ശന സമീപനങ്ങള്‍ എന്നിവ ഈ സൈനിക സഖ്യത്തിന്റെ മുന്നിലുള്ള വലിയ തടസ്സമാണ്. മുസ്ലിം ബ്രദര്‍ ഹുഡിനോടുള്ള നിലപാടുകളിലും എല്ലാവരും ഒരേ പോലെയല്ല. ജോര്‍ദാന്‍,കുവൈറ്റ്,ഖത്തര്‍,ബഹ്റൈന്‍ എന്നിവര്‍ ബ്രദര്‍ഹുഡിനെ അംഗീകരിക്കുമ്പോള്‍ ബാക്കി രാജ്യങ്ങള്‍ അവരുടെ മുഖ്യ ശത്രുവിന്റെ കണക്കിലാണ് അവരെ ഉള്‍പ്പെടുത്തുന്നത്.

ഇറാനോടുള്ള സമീപനത്തില്‍ പോലും ഈ രാജ്യങ്ങള്‍ക്ക് ഒരേ നിലപാടല്ല. വിശാലമായ സഖ്യത്തിന് ശ്രമിക്കുന്ന അമേരിക്കക്കു എന്ത് കൊണ്ട് ഖത്തര്‍ പ്രതിസന്ധി ഇല്ലാതാക്കാന്‍ കഴിയുന്നില്ല എന്ന ചോദ്യവും ഉന്നയിക്കപ്പെടുന്നു. ഇറാനെ ഒറ്റപ്പെടുത്തുക എന്നത് ഗള്‍ഫ് രാജ്യങ്ങളെക്കാള്‍ ഇപ്പോള്‍ ആവശ്യം അമേരിക്കക്കാണ്. അമേരിക്കന്‍ ഉപരോധം ഫലപ്രദമാകാന്‍ മേല്‍ പറഞ്ഞ അറബ് രാജ്യങ്ങളുടെ കൂടി സഹകരണം അമേരിക്ക ആഗ്രഹിക്കുന്നു. ചുരുക്കത്തില്‍ ഇത്തരം ഒരു സൈനിക സഖ്യം നടക്കാതിരിക്കാനാണ് കൂടുതല്‍ സാധ്യത.

അവലംബം: അല്‍ജസീറ
മൊഴിമാറ്റം: എ.എസ്

Related Articles