Current Date

Search
Close this search box.
Search
Close this search box.

ഇത് മതേതരത്വത്തോട് പിന്തിരിഞ്ഞു നില്‍ക്കലാണ്

ഒരിക്കല്‍ കൂടി ഇന്ത്യയിലെ പ്രതിപക്ഷം അവരുടെ നിലപാട് വ്യക്തമാക്കി. തങ്ങളുടെ വിഷയം ഭരണ ഘടനയോ നീതിയോ അല്ല. സ്വന്തം കാര്യം തന്നെയാണ്. മുപ്പത്തിയേഴ് ശതമാനം വോട്ടു നേടിയ മുന്നണിയാണ് ഇന്ത്യ ഭരിക്കുന്നത്‌. അതെ സമയം 67 ശതമാനം വോട്ടു നേടിയവര്‍ പ്രതിപക്ഷത്താണ്. അത് നമ്മുടെ ജനാധ്യപത്യത്തിന്റെ പരാജയം എന്ന് പറയാം. ഇന്ത്യയിലെ പ്രതിപക്ഷ പാര്‍ട്ടികള്‍ സംഘ പരിവാര്‍ കൊണ്ട് വന്ന കരിനിയമത്തെ എതിര്‍ക്കുന്നു. പിന്നെ എന്ത് കൊണ്ട് അവര്‍ക്ക് ഒന്നിച്ചെതിര്‍ക്കാന്‍ കഴിയുന്നില്ല?. പല പാര്‍ട്ടികളും ചില നേതാക്കളില്‍ മാത്രം ഒതുങ്ങി നില്‍ക്കുന്നു. അതിന്റെ എല്ലാം അവര്‍ തന്നെയാണ്. അവരുടെ വ്യക്തിപരമായ ഇഷ്ടാനിഷ്ടങ്ങലാണ് പലപ്പോഴും ആ പാര്‍ട്ടികളുടെ നിലപാടുകളെ നിര്‍ണയിക്കുന്നു.

കോണ്ഗ്രസ് എന്ത് കൊണ്ട് പ്രതിപക്ഷ പാര്‍ട്ടികളുടെ അധ്യക്ഷസ്ഥാനത്ത് വരുന്നു എന്ന് ചോദിച്ചാല്‍ ഇന്നും ഇന്ത്യയിലെ ദേശീയ പാര്‍ട്ടി എന്ന സ്ഥാനം മറ്റാര്‍ക്കും ലഭിച്ചിട്ടില്ല എന്നത് തന്നെയാണ് ഉത്തരം. കഴിഞ്ഞ കുറെ വര്‍ഷങ്ങളായി ഇന്ത്യയില്‍ പ്രാദേശിക പാര്‍ട്ടികളുടെ വളര്‍ച്ച കൂടുതലാണ്. അത് കൊണ്ട് തന്നെ പല സംസ്ഥാനങ്ങളും പ്രാദേശിക പാര്‍ട്ടികളുടെ കയ്യിലാണ്. ഇന്ത്യ എന്ന ഒരു വിശാലത അത് കൊണ്ട് തന്നെ പലപ്പോഴും ഈ പാര്‍ട്ടികള്‍ക്ക് ഉണ്ടാവണമെന്നില്ല. വാസ്തവത്തില്‍ ഇന്ന് ഇന്ത്യ നേരിടുന്ന വലിയ പ്രശ്നം അത് തന്നെയാണ്.
ഇന്ത്യയിലെ പുതിയ കരിനിയമം ചര്‍ച്ച ചെയ്യാന്‍ ഇന്നലെ കോണ്ഗ്രസ് പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗം വിളിച്ചു. ഈ നിയമം നേര്‍ക്ക്‌ നേരെ ചെന്ന് തറക്കുന്നത് മുസ്ലിംകളെയാണ് എന്ന കാര്യത്തില്‍ സംശയമില്ല. ഇന്ത്യയില്‍ മുസിം ജനസംഖ്യ കൂടുതലുള്ള സംസ്ഥാനങ്ങളില്‍ യു പി യും ബംഗാളും തമിഴ്നാടും വരുന്നു. ഈ മൂന്നു സംസ്ഥാനങ്ങളില്‍ നിന്നുമുള്ള പ്രമുഖ പാര്‍ട്ടികള്‍ യോഗം ബഹിഷ്കരിച്ചു എന്നതു അത്ര ചെറിയ കാര്യമല്ല. നിയമം പ്രാബലത്തില്‍ വന്നു എന്ന് പറയണ്ട താമസം അഭയാര്‍ഥികളുടെ കണക്കുമായി യു പി ഭരണകൂടം രംഗത്ത്‌ വന്നിരുന്നു. യു പി പോലെ ജനസംഖ്യയുള്ള ഒരു സംസ്ഥാനത്ത് നിയമം വരുന്നതിനു മുമ്പ് തന്നെ സര്‍ക്കാരുകള്‍ പണി തുടങ്ങിയിരുന്നു. നിയമം നടപ്പാക്കി തുടങ്ങിയിട്ടും അവിടുത്തെ പാര്‍ട്ടികള്‍ ഒരു യോജിപ്പില്‍ എത്തിയിട്ടില്ല. കരിനിയമം നടപ്പാക്കാനൊരുങ്ങുന്ന സംഘ പരിവാരിനെക്കാള്‍ അവരുടെ ശത്രു കോണ്ഗ്രസ് എന്ന് വന്നാല്‍ പിന്നെങ്ങിനെ കാര്യങ്ങള്‍ മുന്നോട്ടു പോകും.

നിലപാടില്ലായ്മയാണു പല പാര്‍ട്ടികളെയും പ്രസക്തമാക്കുന്നത്‌. പലരും ബില്ലിനെ അനുകൂലിക്കുന്നതും എതിര്‍ക്കുന്നതും അതിന്റെ അനീതി കാരണമല്ല. അവരുടെ വ്യക്തിപരമായ നിലപാടില്‍ മാത്രമാണ്. ഈ മതേതര കക്ഷികളുടെ ബലത്തില്‍ മുന്നോട്ട് പോകുക അസാധ്യമാണ്. ഇതൊരു കേന്ദ്ര നിയമം എന്നത് കൊണ്ട് തന്നെ ഒന്നിച്ചുള്ള പ്രതിരോധത്തിലൂടെ മാത്രമേ ഇത്തരം കരിനിയമങ്ങളെ തകര്‍ക്കാന്‍ കഴിയൂ. കോടതി തള്ളിക്കളഞ്ഞാല്‍ പോലും സംഘ പരിവാര്‍ വെറുതെ ഇരിക്കുമെന്ന് ഭരണഘടനയോടും ജനങ്ങളോടും പ്രതിബദ്ധതയുള്ള പാര്‍ട്ടികള്‍ ചിന്തിക്കരുത്. മതേതര പാര്‍ട്ടികള്‍ തന്നെ മൌലികമായ ഒരു വിഷയത്തില്‍ ഭിന്നിച്ചു നിന്നാല്‍ അത് ഫാസിസത്തിന് മാത്രമാണ് ഗുണം ചെയ്യുക.

Related Articles