Current Date

Search
Close this search box.
Search
Close this search box.

എത്ര ഭീകരമാണ് അമേരിക്കയുടെ ഭീകരവിരുദ്ധ യുദ്ധം !

സെപ്തംബര്‍ പതിനൊന്നിന് ശേഷം അമേരിക്കന്‍ ഗവണ്‍മെന്റ് തുടക്കം കുറിച്ച ‘ഭീകരവിരുദ്ധ യുദ്ധ’ങ്ങളുടെ സാമ്പത്തിക ചെലവ് 2019 സാമ്പത്തിക വര്‍ഷം അവസാനിക്കുന്നതോടെ 6 ലക്ഷം കോടി ഡോളര്‍ ആവുമെന്ന് ബ്രൗണ്‍ യൂണിവേഴ്സിറ്റിയിലെ പ്രൊഫ. നെറ സി. ക്രോഫോര്‍ഡ് നടത്തിയ പഠനം വ്യക്തമാക്കുന്നു. കഴിഞ്ഞ മാര്‍ച്ചില്‍, അമേരിക്കന്‍ പ്രതിരോധ വകുപ്പ് പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ 1.5 ലക്ഷം കോടി ഡോളര്‍ സൈന്യം ചെലവഴിച്ചതായി പറയുന്നുണ്ട്. ഈ കണക്കില്‍ പക്ഷേ ആഭ്യന്തര സുരക്ഷ വകുപ്പ്, ബജറ്റിലെ വര്‍ദ്ധനവ്, വിരമിച്ച സൈനികരുടെ ചികിത്സാ ചെലവ്, യുദ്ധാവശ്യത്തിനു വേണ്ടി കടം വാങ്ങിയ പണത്തിന്റെ പലിശ എന്നിവ ഉള്‍പ്പെടുത്തപ്പെട്ടിട്ടില്ല.

പരോക്ഷ ചെലവുകള്‍ അടക്കം, 2001 മുതല്‍ 2019ന്റെ അവസാനം വരെയുള്ള മൊത്തം യുദ്ധചെലവ് 4.6 ലക്ഷം കോടി ഡോളറായിരിക്കും. സെപ്തംബര്‍ പതിനൊന്നാനന്തര വിമുക്ത സൈനികരുടെ ഭാവി ചെലവുകള്‍ക്കു വേണ്ടി 2059വരെ ഏകദേശം 1 ലക്ഷം കോടി ഡോളര്‍ അമേരിക്കന്‍ സര്‍ക്കാറിന് ചെലവിടേണ്ടി വരും. മൊത്തം ചെലവ് ഏകദേശം 5.993 ലക്ഷം കോടി ഡോളറാവും.

അമേരിക്കയുടെ നേതൃത്വത്തില്‍ നടന്നുകൊണ്ടിരിക്കുന്ന യുദ്ധങ്ങളും അധിനിവേശങ്ങളും അടുത്ത നാലു വര്‍ഷത്തേക്കു കൂടി തുടരുകയാണെങ്കില്‍ അത് 808 ബില്ല്യണ്‍ അധിക ചെലവിന് വഴിവെക്കുമെന്ന് പഠനം മുന്നറിയിപ്പ് നല്‍കുന്നു. യുദ്ധം അവസാനിപ്പിക്കാത്ത കാലത്തോളം വിമുക്ത സൈനികരുടെ എണ്ണം കൂടിക്കൊണ്ടേയിരിക്കുമെന്നതിനാല്‍, ചെലവ് 6.7 ലക്ഷം കോടി ഡോളര്‍ കടക്കാനാണ് സാധ്യത.

സാമ്പത്തിക നഷ്ടം ഒരുഭാഗത്ത് വര്‍ദ്ധിച്ചു കൊണ്ടിരിക്കുന്നതിനോടൊപ്പം തന്നെ ജീവന്‍ നഷ്ടപ്പെടുന്ന മനുഷ്യരുടെ എണ്ണവും വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്. ഭീകരവിരുദ്ധ യുദ്ധത്തിന്റെ പേരില്‍ ലക്ഷക്കണക്കിന് ആളുകളാണ് അഫ്ഗാനിസ്ഥാന്‍, ഇറാഖ്, പാകിസ്ഥാന്‍ എന്നിവിടങ്ങളില്‍ കൊല്ലപ്പെട്ടത്. ബ്രൗണ്‍ യൂണിവേഴ്സിറ്റിയിലെ വാട്സണ്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഇന്റര്‍നാഷണല്‍ ആന്റ് പബ്ലിക് അഫേഴ്സ് നടത്തിയ പഠനം പ്രകാരം, നേരിട്ടുള്ള യുദ്ധത്തിലൂടെ ഏകദേശം 480000നും 507000നും ഇടയില്‍ ആളുകള്‍ക്ക് ജീവഹാനി സംഭവിച്ചിട്ടുണ്ടെന്നാണ് കണക്ക്. കൊല്ലപ്പെട്ട സിവിലിയന്‍മാര്‍, സായുധ പോരാളികള്‍, ലോക്കല്‍ പോലീസ്, സെക്യൂരിറ്റി ഫോഴ്സ്, അമേരിക്കന്‍ സഖ്യ സൈനികര്‍ എന്നിവരെ കൂടി ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള കണക്കാണിത്. ഇതിനേക്കാള്‍ പതിന്മടങ്ങ് ആളുകളാണ് യുദ്ധത്തിന്റെ പരോക്ഷ പ്രത്യാഘാതങ്ങളായ പോഷകാഹാരക്കുറവ്, അടിസ്ഥാനസൗകര്യങ്ങളുടെ തകര്‍ച്ച, പരിസ്ഥിതി പ്രശ്നങ്ങള്‍ എന്നിവമൂലം കൊല്ലപ്പെട്ടത്.

ഭീകരവിരുദ്ധ യുദ്ധത്തിന്റെ പേരില്‍ ഇറാഖില്‍ മാത്രം 204575 സിവിലിയന്‍മാര്‍ കൊല്ലപ്പെട്ടപ്പോള്‍, അഫ്ഗാനിസ്ഥാന്‍, പാകിസ്ഥാന്‍ എന്നിവിടങ്ങളില്‍ യാഥാക്രമം 38480, 23372 സിവിലിയന്‍മാര്‍ക്ക് കൊല്ലപ്പെട്ടതായാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. ഇതേ കാലയളവില്‍ തന്നെ ഇറാഖിലും അഫ്ഗാനിസ്ഥാനിലും ഏകദേശം 7000 അമേരിക്കന്‍ സൈനികരും കൊല്ലപ്പെട്ടിട്ടുണ്ട്.

അമേരിക്കന്‍ പൊതുസമൂഹവും മാധ്യമങ്ങളും നിയമനിര്‍മാതാക്കളും അമേരിക്കന്‍ ഗവണ്‍മെന്റിന്റെ ഭീകരവിരുദ്ധ യുദ്ധം എല്ലായ്പ്പോഴും കണ്ടില്ലെന്നു നടിച്ചു. യുദ്ധം ഒരിക്കലും അവസാനിക്കാന്‍ പോകുന്നില്ലെന്ന സൂചനയാണ് വര്‍ദ്ധിച്ചു കൊണ്ടിരിക്കുന്ന മരണസംഖ്യ നമുക്ക് നല്‍കുന്നത്. ഉദാഹരണത്തിന്, അഫ്ഗാനിസ്ഥാനിലെ അമേരിക്കന്‍ അധിനിവേശം എടുക്കുക. 17 വര്‍ഷമാണ് അമേരിക്ക അഫ്ഗാനിസ്ഥാനില്‍ സൈനിക അധിനിവേശം നടത്തിയത്. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളില്‍ അതിന്റെ തീവ്രത കുറഞ്ഞുവെങ്കിലും 2018-ല്‍ കൊല്ലപ്പെട്ട സിവിലിയന്‍മാരുടെ കണക്ക് വളരെ വലുതാണ്.

മധ്യേഷ്യയിലെ യുദ്ധങ്ങള്‍ വളരെ വലിയ മാനുഷിക പ്രതിസന്ധിയാണ് സൃഷ്ടിച്ചിട്ടുള്ളത്. 10 ദശലക്ഷത്തിലധികം ആളുകള്‍ക്ക് അഭയാര്‍ഥികളായി സ്വന്തം നാടും വീടും ഉപേക്ഷിച്ച് പലായനം ചെയ്യേണ്ടി വന്നു. അമേരിക്കയും സഖ്യകക്ഷികളും നടത്തിയ യുദ്ധങ്ങളും അതിനു വേണ്ടി ചെലവഴിച്ച പണവും മുതലാളിത്തം നേരിടുന്ന പ്രതിസന്ധിയെയാണ് ഉയര്‍ത്തികാട്ടുന്നത്. മുന്നോട്ടു പോകാന്‍ യുദ്ധമല്ലാതെ മറ്റൊരു വഴിയും ഭരണവര്‍ഗം കാണുന്നില്ല, അതുപക്ഷേ സമൂഹത്തിന്റെ സര്‍വനാശത്തിലായിരിക്കും കലാശിക്കുക.

വിവ. ഇര്‍ശാദ് കാളാചാല്‍

Related Articles