Current Date

Search
Close this search box.
Search
Close this search box.

ചോര ഉണങ്ങാത്ത അഫ്ഗാനിസ്ഥാൻ

ഒരിക്കൽ കൂടി അഫ്ഗാനിസ്ഥാൻ താലിബാൻ സൈന്യത്തിന് കീഴടങ്ങി എന്ന് വേണം മനസ്സിലാക്കാൻ. കഴിഞ്ഞ ഒരാഴ്ച കൊണ്ട് വലിയ മുന്നേറ്റമാണ് അവർ നടത്തിയത്. കാര്യമായി എതിർപ്പില്ലാതെ പല പ്രവിശ്യകളും അവരുടെ മുന്നിൽ കീഴടങ്ങി. വലിയ പട്ടണങ്ങളായ ഹെറാത്ത് കണ്ടഹാർ മസാരി ശരീഫ് തുടങ്ങിയ പ്രദേശങ്ങൾ ഒരു തരത്തിലുള്ള എതിർപ്പും താലിബാൻ സൈന്യത്തോട് കാണിച്ചില്ല. തുർക്ക്‌മെനിസ്ഥാൻ പോലുള്ള രാജ്യങ്ങളിലേക്ക് സർക്കാർ സൈന്യം രക്ഷപ്പെട്ടു എന്നാണ് വാർത്തകൾ പറയുന്നത്. “ അവർ ഞങ്ങളെ വിറ്റു” എന്നാണ് ഈ പ്രദേശത്തിലെ ആളുകൾ സർക്കാർ സൈന്യത്തെ കുറിച്ച് പരാതി പറയുന്നത്. ഇനിയെന്ത് എന്ന ചോദ്യം പല ദിക്കിൽ നിന്നും ഉയരുന്നു. വിദേശ മാധ്യമങ്ങൾ പറയുന്ന വാർത്തകൾ മാത്രമാണ് നമ്മുടെ മുന്നിലുള്ളത് എന്ന് കൂടി ചേർത്ത് വായിക്കണം.

2001 ൽ താലിബാനെ പുറത്താക്കി അമേരിക്കൻ നേതൃത്വത്തിൽ രൂപീകരിക്കപ്പെട്ട സർക്കാരിന് എന്നും തുണയായത് വിദേശ സൈന്യം തന്നെയായിരുന്നു. താലിബാൻ അന്ന് മുതൽ യുദ്ധം ചെയ്തത് അമേരിക്കൻ സൈന്യത്തോടാണ്. ആയിരക്കണക്കിന് അമേരിക്കൻ സൈനികരാണ് കഴിഞ്ഞ ഇരുപതു കൊല്ലത്തിനിടയിൽ അഫ്ഗാനിസ്ഥാനിൽ കൊല്ലപ്പെട്ടത്. ആയിരക്കണക്കിന് NATO സൈനികരും ഈ കാലയളവിൽ കൊല്ലപ്പെട്ടിട്ടുണ്ട്. ഇവയുടെ മൊത്തം കണക്കു ആറായിരത്തോളം വരുമെന്നാണ് കണക്കാക്കപ്പെടുന്നത്. കഴിഞ്ഞ ഇരുപതു വര്ഷം കൊണ്ട് താലിബാൻ തളരുകയല്ല വളരുകയായിരുന്നു. അന്നും രാജ്യത്തിന്റെ ഇരുപതു ശതമാനം സ്ഥലവും താലിബാന്റെ കയ്യിലായിരുന്നു.

തങ്ങളുടെ പട്ടാളക്കാരെ കുരുതി കൊടുത്തു പിടിച്ചു നില്ക്കാൻ മാത്രം ഒന്നും അഫ്ഗാനിൽ അമേരിക്ക കണ്ടില്ല. ശീത യുദ്ധ കാലത്ത് റഷ്യയെ വരുതിയിൽ ന്ർത്തുക എന്ന അജണ്ട അവർക്കുണ്ടായിരുന്നു. ഇപ്പോൾ അത്തരം രാഷ്ട്രീയത്തിനു പ്രസക്തിയില്ല എന്ന് അമേരിക്ക തിരിച്ചറിയുന്നു. താലിബാന് അമേരിക്കയും സഖ്യ കക്ഷികളും കണ്ട വലിയ കുഴപ്പം അവർ അൽ ഖ്വയ്ദ പോലുള്ള തീവ്ര സംഘങ്ങളെ പിന്തുണയ്ക്കുന്നു എന്നതാണ്. ബിൻ ലാദിനെ അമേരിക്കൻ സർക്കാരിനു വിട്ടു നൽകണം എന്ന കൽപ്പനയുടെ നിരാസമാണ് ഒരിക്കൽ താലിബാനെ പുറത്താക്കാൻ കാരണം. അഫ്ഗാനിസ്ഥാനിൽ നിന്നും സേനയെ പിൻവലിക്കാൻ അമേരിക്കൻ സർക്കാർ വളരെ മുമ്പേ ആഗ്രഹിച്ചിരുന്നു. കഴിഞ്ഞ കൊല്ലം ദോഹയിൽ വെച്ച് നടന്ന ചർച്ചയിലാണ് അതിന്റെ അന്തിമ രൂപമുണ്ടായത്. അപ്പോഴും മുന്നോട്ട് വെച്ച തീരുമാനത്തിൽ ഒന്ന് അൽ ഖായിദ പോലുള്ള സംഘങ്ങളെ താലിബാൻ പിന്തുണക്കില്ല എന്നായിരുന്നു.

ഏകദേശം അറുപതിനായിരത്തിനും ഒരു ലക്ഷത്തിനും ഇടയിലാണ് താലിബാൻ സൈന്യത്തിന്റെ എണ്ണം എന്നാണു പറയപ്പെടുന്നത്‌. ഒരു സർക്കാർ സൈന്യത്തോട് ഏറ്റുമുട്ടാൻ കഴിയുന്ന രീതിയിൽ പരിശീലനം നേടിയവരാകില്ല താലിബാൻ സൈന്യം. എന്നിട്ടും എത്ര വേഗമാണ് അവർ സർക്കാർ സൈന്യത്തെ പരാജയപ്പെടുത്തുന്നത്. ആരാണ് താലിബാന് സഹായം നൽകുന്നത്? ആരാണ് അവർക്ക് ആധുനിക ആയുധങ്ങൾ നൽകുന്നത് ? ആരാണ് അവർക്ക് പരിശീലനം നൽകുന്നത്?. ഈ ചോദ്യങ്ങൾ ഉത്തരമില്ലാതെ ഉയർന്നു കേൾക്കുന്നു.

താലിബാൻ ഒരു സുന്നീ പാശ്ചാത്തലമുള്ള സംഘമാണ് എന്നത് കൊണ്ട് തന്നെ ഇറാൻ സഹായം നല്കാനുള്ള സാധ്യത തീരെ കുറവാണ്. താലിബാൻ ഒരു പാക്കിസ്ഥാൻ സൃഷ്ടിയാണ് എന്ന് വിശ്വസിക്കുന്നവരാണ് ലോകത്ത് കൂടുതൽ. താലിബാൻ വിജയത്തെ അനുകൂലിക്കുന പാകിസ്ഥാനികളുടെ എണ്ണം കൂടുതലാണ് എന്നതിനേക്കാൾ ആ സന്തോഷം പങ്കു വെക്കുന്നതിൽ പഴയ പട്ടാള മേധാവികളും കൂടിയുണ്ട് എന്നതാണ് കൂടുതൽ ശരി.

മറ്റൊരു ഭാഷയിൽ പറഞ്ഞാൽ അഫ്ഗാൻ കലാപം കൂടുതൽ ബാധിക്കുന്ന രാജ്യം പാകിസ്താൻ തന്നെയാകും. ഇപ്പോൾ തന്നെ അഭയാർത്ഥികളെ കൊണ്ട് പാകിസ്ഥാൻ വീർപ്പു മുട്ടുന്നു. ആയിരക്കണക്കിനു പേർ അതിർത്തിയിൽ കാത്തു കിടക്കുന്നു എന്നും റിപ്പോട്ടുകൾ വരുന്നു. അമേരിക്കൻ സർക്കാരും മറ്റു സർക്കാരുകളും ഇപ്പോൾ ശ്രദ്ധ ഊന്നുന്നത് അവരുടെ പട്ടാളക്കാരെയും നാട്ടുകാരെയും തിരിച്ചു കൊണ്ട് പോകാൻ മാത്രമാണ്.

ആധുനിക കാലത്ത് രാജ്യങ്ങൾ ജനായത്ത ക്രമത്തിലൂടെ മുന്നേറുമ്പോൾ മുസ്ലിം രാജ്യങ്ങൾ കാണിക്കുന്നതു തികച്ചും നിരാശാജനകമായ കാര്യങ്ങളാണ്. ലോകത്ത് അഭയാർഥി സമൂഹമായി അവർ മാറുന്നു. സ്വന്തം ജനതയെ പീഡിപ്പിക്കാൻ ലഭിക്കുന്ന ഒരു അവസരവും അവർ വേണ്ടെന്നു വെക്കില്ല.   “ താലിബാൻ മോഡൽ” എന്നത് പ്രസിദ്ധമാണ്. അവസാനം നമ്മുടെ നാട്ടിൽ “ കൃസ്ത്യൻ താലിബാൻ” എന്നൊരു പ്രയോഗം കൂടി കേട്ട് തുടങ്ങിയിരിക്കുന്നു.

നിലവിലുള്ള സർക്കാരിനെ താലിബാൻ വീഴ്ത്തും എന്ന ഉറപ്പിൽ തന്നെയാണ് അമേരിക്കയും സഖ്യ കക്ഷികളും രാജ്യം വിട്ടത്. അതു തന്നെ സംഭവിച്ചു. പട്ടിണിയും ദാരിദ്ര്യവും മുഖമുദ്രയായ ഒരു ജനതയെ വീണ്ടും ദുരിതത്തിലേക്ക് തള്ളിവിട്ടാണ് അമേരിക്കൻ സൈന്യം രാജ്യം വിടുന്നത്. കഴിഞ്ഞ ഇരുപതു കൊല്ലത്തിനിടയിൽ ലക്ഷത്തോളം അഫ്ഗാൻ ജനത കൊല്ലപ്പെട്ടിട്ടുണ്ട്. താലിബാന്റെ പേര് പറഞ്ഞാണ് ഈ കൊലകൾ അമേരിക്ക നടപ്പാക്കിയത്.

പക്ഷെ അമേരിക്കൻ സൈന്യം പിറകോട്ടു പോയ ആദ്യ മണിക്കൂറിൽ തന്നെ അവർ തിരിച്ചടിച്ചു തുടങ്ങി.  ഇതെഴുതുമ്പോൾ താലിബാൻ കാബൂൾ അതിർത്തിയിൽ കാത്തു നിൽക്കുന്നു. ഒരു സാമാധാന പൂർണമായ അധികാര കൈമാറ്റമാണ് അവർ ആഗ്രഹിക്കുന്നത്. നിലവിലുള്ള സർക്കാർ നിരുപാധികം അധികാരം വിട്ടൊഴിയുമോ എന്നാണു ലോകം ഉറ്റു നോക്കുന്നത്. അതിനുള്ള സാധ്യത കുറവാണു. കാബൂൾ ജനതക്ക് സുരക്ഷ നൽകും എന്നാണു അഫ്ഗാൻ സൈന്യം പറയുന്നത്.

Related Articles