Current Date

Search
Close this search box.
Search
Close this search box.

ഇന്ത്യയിലെ അക്കാദമിക് ദുരന്തവും വിദ്യാര്‍ത്ഥി ആത്മഹത്യകളും

ഇന്ത്യയിലെ കൗമാര-യുവജന ജനസംഖ്യ അഥവാ 25 വയസ്സിന് താഴെയുള്ള ആളുകള്‍ ഇന്ത്യന്‍ ജനസംഖ്യയുടെ 53.7% ആണ്. ഈ യുവാക്കളില്‍ ഭൂരിഭാഗത്തിനും ആവശ്യമായ വൈദഗ്ധ്യം ഇല്ലാത്തതിനാല്‍ അവര്‍ക്ക് തൊഴില്‍ ലഭിക്കുന്നില്ല എന്നാണ് വസ്തുത. ഇന്ത്യയിലെ യുവജനങ്ങളെ സംബന്ധിച്ചിടത്തോളം മറ്റൊരു പ്രധാന ആശങ്ക ഉയര്‍ന്ന ആത്മഹത്യ നിരക്കാണ്. നാഷണല്‍ ക്രൈം റെക്കോര്‍ഡ് ബ്യൂറോയുടെ (NCRB) കണക്കനുസരിച്ച്, 2020-ല്‍ ഓരോ 42 മിനിറ്റിലും ഒരു വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്യുന്നുണ്ട്. അതായത്, പ്രതിദിനം 34-ലധികം വിദ്യാര്‍ത്ഥികള്‍ ആത്മഹത്യ ചെയ്യുന്നു. എന്നിട്ടും ഇത് ഗുരുതരമായ പ്രതിസന്ധിയായി അംഗീകരിക്കപ്പെടുന്നില്ല എന്നത് ആശങ്കാജനകമാണ്.

വിദ്യാര്‍ത്ഥി ആത്മഹത്യകളുടെ എണ്ണം കൂടുന്നു

ഇന്ത്യയില്‍, ആത്മഹത്യ എന്ന പ്രതിഭാസം നിരന്തരം വ്യക്തിപരമോ വ്യക്തിഗതമോ ആയതിനാല്‍ അതിന്റെ ഉത്തരവാദിത്തത്തില്‍ നിന്ന് രക്ഷപ്പെടാന്‍ അത് സമൂഹത്തെ അനുവദിക്കുന്നു. 2020ലെ എന്‍.സി.ആര്‍.ബിയുടെ ‘ഇന്ത്യയിലെ അപകട മരണങ്ങളും ആത്മഹത്യകളും’ എന്ന (ADSI) റിപ്പോര്‍ട്ട് അനുസരിച്ച് രാജ്യത്ത് ഏകദേശം 8.2% വിദ്യാര്‍ത്ഥികളാണ് ആത്മഹത്യ ചെയ്യുന്നത്. 2020ല്‍ 30 വയസ്സിന് താഴെയുള്ള 64,114 പേര്‍ ആത്മഹത്യ ചെയ്തതായും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

ആത്മഹത്യാശ്രമം നടത്തിയവരും അടുത്ത കുടുംബാംഗങ്ങളുടെയോ സുഹൃത്തിന്റെയോ ആത്മഹത്യ ബാധിച്ചവരുമുള്‍പ്പെടെ, നമ്മുടെ രാജ്യത്ത് 60-ല്‍ ഒരാള്‍ ആത്മഹത്യയ്ക്ക് വിധേയരാകുന്നുണ്ട്. അതിനാല്‍, ആത്മഹത്യയെ ബഹുമുഖമായ പൊതു-മാനസിക ആരോഗ്യ പ്രശ്‌നമായി കാണണം. കര്‍ഷക ആത്മഹത്യകളെ ഇന്ത്യയുടെ കാര്‍ഷിക പ്രതിസന്ധിയുമായി വിദഗ്ധര്‍ നേരത്തെ തന്നെ ബന്ധപ്പെടുത്തിയതാണ്. എന്നാല്‍ സ്ഥാപന ഘടനയും പാഠ്യപദ്ധതിയും മറ്റും ഉള്‍പ്പെടെ – രാജ്യത്തിന്റെ വിദ്യാഭ്യാസ ഘടനയുടെ ഗുരുതരമായ പ്രതിസന്ധിയുടെ സൂചകമായി സിവില്‍ സമൂഹം വിദ്യാര്‍ത്ഥികളുടെ ആത്മഹത്യയെ കാണാന്‍ തുടങ്ങേണ്ട സമയമാണിത്.

2020ല്‍ ആത്മഹത്യ ചെയ്തവരില്‍ 7% കര്‍ഷകരാണ്, കര്‍ഷക ആത്മഹത്യകള്‍ പൊതുവെ ഒരു പ്രശ്‌നമായി അംഗീകരിക്കപ്പെട്ടിട്ടുണ്ട്. കാര്‍ഷിക പ്രതിസന്ധി ഉള്‍പ്പെടെ നിരവധി കാരണങ്ങളാണ് ഈ പ്രശ്‌നത്തിന് കാരണമായത്. സാമൂഹികവും കാലാവസ്ഥാ സാഹചര്യങ്ങളും സര്‍ക്കാര്‍ നയ പരാജയവുമെല്ലാം കര്‍ഷക ആത്മഹത്യയുടെ കാരണങ്ങളാണ്. എന്നാല്‍ വിദ്യാര്‍ത്ഥികളുടെ ആത്മഹത്യയുടെ കാര്യത്തില്‍ എല്ലാവരും കണ്ണടയ്ക്കുകയാണ്.

താഴെയുള്ള ഗ്രാഫ് ശ്രദ്ധിച്ചാല്‍, രാജ്യത്ത് ആത്മഹത്യ ചെയ്യാന്‍ വിദ്യാര്‍ത്ഥികളെ പ്രേരിപ്പിക്കുന്നതിന്റെ ഭയാനകമായ നിരക്ക് കാണിക്കുന്നു.

എല്ലാ പഠനങ്ങളും എടുത്ത് പരിശോധിച്ചാല്‍, രാജ്യത്ത് ആത്മഹത്യകളുടെ യഥാര്‍ത്ഥ എണ്ണം ഇപ്പോഴും കൂടുതലാണ്, കാരണം സാമൂഹികമായ അവഹേളനവും അതിനോടൊപ്പമുള്ള നിയമപരമായ പ്രത്യാഘാതങ്ങളും കാരണം ഈ പ്രതിഭാസം വര്‍ധിക്കുന്നതായ വ്യാപകമായ റിപ്പോര്‍ട്ടിംഗ് ഉണ്ട്. ‘ദ ലാന്‍സെറ്റ്’ റിപ്പോര്‍ട്ട് പ്രകാരം, എന്‍.സി.ആര്‍.ബി റിപ്പോര്‍ട്ട് ചെയ്ത ആത്മഹത്യാ നിരക്ക് ഗ്ലോബല്‍ ബര്‍ഡന്‍ ഓഫ് ഡിസീസ് റിപ്പോര്‍ട്ട് ചെയ്ത നിരക്കിനേക്കാള്‍ 37% കുറവാണെന്നാണ്. അതായത് രാജ്യത്ത് 100 ആത്മഹത്യകളില്‍ 63 എണ്ണം മാത്രമാണ് എന്‍.സി.ആര്‍.ബി റിപ്പോര്‍ട്ട് ചെയ്യുന്നത് എന്നര്‍ത്ഥം.

അക്കാദമിക് പ്രതിസന്ധി

അടുത്ത തലമുറയെ മികച്ച പൗരന്മാരാക്കാനുള്ള ഒരു ഉപകരണമായാണ് സമൂഹങ്ങള്‍ വിദ്യാഭ്യാസത്തെ ഉപയോഗിക്കുന്നത്. സംസ്ഥാനങ്ങള്‍ അവരുടെ പ്രത്യയശാസ്ത്രം നിലനിര്‍ത്താനും അതിനെ ഉപയോഗിക്കുന്നു. സാവിത്രിബായി, ജ്യോതിറാവു ഫൂലെ, ഭീംറാവു റാംജി അംബേദ്കര്‍, പെരിയാര്‍, നാരായണ ഗുരു തുടങ്ങിയ സാമൂഹിക പരിഷ്‌കര്‍ത്താക്കള്‍ അടിച്ചമര്‍ത്തലില്‍ നിന്ന് ജനങ്ങളെ മോചിപ്പിക്കാന്‍ വിദ്യാഭ്യാസത്തെ ഉപയോഗിച്ചു.

എന്നിരുന്നാലും, വിദ്യാഭ്യാസ പ്രക്രിയയിലെ അക്കാദമിക് ദുരന്തം അപ്രതീക്ഷിതമായ സാമൂഹിക വിപത്തിലേക്കും നയിച്ചേക്കാം. വിജ്ഞാനം എന്നതിനേക്കാള്‍ ഉപരി തൊഴിലിനും ഉപജീവനത്തിനുമുള്ള കവാടമായാണ് ഇന്ത്യയിലെ വിദ്യാഭ്യാസത്തെ പലരും നോക്കി കാണുന്നത്.

പല വിദ്യാര്‍ത്ഥികളും അവരുടെ കുടുംബങ്ങളും അപകടകരമായ സാമൂഹിക, ജാതി, വര്‍ഗ പ്രതിസന്ധികളില്‍ നിന്ന് രക്ഷപ്പെടാന്‍ സര്‍ക്കാര്‍ ജോലി സ്വപ്നം കാണുന്നു. 1991ലെ സാമ്പത്തിക ഉദാരവല്‍ക്കരണത്തിനു ശേഷം, സ്വകാര്യമേഖലയുടെ ഉയര്‍ച്ചക്കും സാമ്പത്തിക പ്രവര്‍ത്തനത്തിന്റെ വിവിധ മേഖലകളില്‍ നിന്ന് സര്‍ക്കാരുകളുടെ പിന്മാറ്റത്തിനും വഴിയൊരുക്കി.

ഇന്ത്യയുടെ സംഘടിത മേഖലയില്‍ പൊതുമേഖലാ ജോലികളുടെ പങ്ക് കുറയാന്‍ തുടങ്ങി. സ്വകാര്യ മേഖലയിലെ ഔപചാരിക ജോലികള്‍ പദവിയുടെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ ജോലികള്‍ക്ക് തുല്യമായി മാറി. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (ഐ.ഐ.ടി) മെഡിക്കല്‍ കോളേജുകള്‍,എയിംസ് പോലെയുള്ള രാജ്യത്തെ പൊതുധന സഹായത്തോടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കുള്ള പരിമിതമായ സീറ്റുകളിലേക്ക് വിദ്യാര്‍ത്ഥികള്‍ മത്സരിക്കുന്നതിനാല്‍ വന്‍തോതില്‍ അപേക്ഷകള്‍ ഉണ്ടാകുന്നു. അതിനാല്‍ തന്നെ ഇവിടെ അഡ്മിഷന്‍ ലഭിക്കാത്തവര്‍ ഒന്നുകില്‍ വിദേശ രാജ്യങ്ങളില്‍ പോയി പഠിക്കുകയോ അല്ലെങ്കില്‍ ഇന്ത്യയിലെ മറ്റു സ്വകാര്യ സര്‍വ്വകലാശാലകളില്‍ ചേരുകയോ ചെയ്യുന്നു.

രാജ്യത്തിന്റെ വിദ്യാഭ്യാസ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതില്‍ കേന്ദ്ര ഗവണ്‍മെന്റിന്റെ പരാജയം അര്‍ത്ഥമാക്കുന്നത് പരീക്ഷാധിഷ്ഠിത കോച്ചിംഗ് ഇന്ന് ഒരു മാനദണ്ഡമായി മാറിയിരിക്കുന്നു എന്നാണ്. പണമുണ്ടാക്കാനുള്ള വിദ്യാഭ്യാസ മേഖലയിലെ പ്രധാന വ്യവസായങ്ങളിലൊന്നായി കോച്ചിംഗ് സെന്ററുകള്‍ ഉയര്‍ന്നുവന്നു. എന്നാല്‍ ഇത്തരം കോച്ചിങ് സെന്ററുകള്‍ നിരവധി യുവാക്കളുടെ തടവറകളായാണ് അതിനെ കാണപ്പെടുന്നത്. അവിടെ അവരുടെ ശരീരങ്ങളും ആത്മാവുകളും സ്വപ്‌നങ്ങളുമെല്ലാം തടവിലാക്കപ്പെടുന്നു.

എന്തിനധികം, ഇംഗ്ലീഷ് മീഡിയം വിദ്യാഭ്യാസത്തിന്റെ അഭാവം പോലെയുള്ള നിരവധി ഘടകങ്ങളിലൂടെ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട വിഭാഗങ്ങളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ കൂടുതല്‍ അരികുകളിലേക്ക് തള്ളപ്പെടുന്നു. ഉയര്‍ന്ന ഫീസ് ഈടാക്കുന്ന സ്വകാര്യ സ്ഥാപനങ്ങള്‍, സര്‍ക്കാര്‍ നടത്തുന്ന സ്‌കൂളുകളിലും സ്ഥാപനങ്ങളിലും നിലവാരമില്ലാത്ത വിദ്യാഭ്യാസം,അനുദിനം വളരുന്ന സാമ്പത്തിക അസമത്വം, ബിരുദധാരികള്‍ക്ക് ജോലി ഉറപ്പാക്കാന്‍ മതിയായ വൈദഗ്ധ്യം ഇല്ലാത്തത് ജാതി വിവേചനം എന്നിവയെല്ലാം ഇതിന് കാരണമാകുന്നു.

സാമ്പത്തികവും സാമൂഹികവുമായ ഒരു പ്രത്യയശാസ്ത്രമെന്ന നിലയില്‍ നവലിബറലിസത്തിന്റെ ഉദയവും സര്‍ക്കാര്‍ അതിന്റെ അടിസ്ഥാന ഉത്തരവാദിത്തത്തില്‍ നിന്ന് ഒഴിഞ്ഞുമാറുന്നതും തുടരുമ്പോള്‍, തങ്ങളുടെ ‘സ്വപ്ന ജോലി’ ഉറപ്പാക്കുന്നതില്‍ പരാജയപ്പെട്ടതായി സ്വയം പഴിചാരാന്‍ യുവാക്കളെ പ്രേരിപ്പിച്ചു.

സാമൂഹിക ഉത്തരവാദിത്തത്തിന്റെ ആവശ്യകത

ഇന്ത്യയിലെ കുടുംബ സംവിധാനം എല്ലാത്തിനും പിന്തുണ നല്‍കുന്നവരാണ് എന്ന മിഥ്യയും വിളിച്ചുപറയേണ്ടതുണ്ട്. സമൂഹത്തിന്റെ പ്രാഥമിക സാമൂഹിക യൂണിറ്റായ കുടുംബമാണ് യുവ സമൂഹത്തിന്റെ അഭിലാഷങ്ങളും സ്വപ്നങ്ങളും രൂപപ്പെടുത്തുന്നത്. വര്‍ദ്ധിച്ചുവരുന്ന വിദ്യാര്‍ത്ഥി ആത്മഹത്യകള്‍, നമ്മുടെ കുടുംബ ഘടനകള്‍ യഥാര്‍ത്ഥത്തില്‍ എത്രമാത്രം വിദ്യാര്‍ത്ഥി പിന്തുണ നല്‍കുന്നതാണെന്ന് നമ്മെ ചോദ്യം ചെയ്യുന്നുണ്ട്. വര്‍ദ്ധിച്ചുവരുന്ന വിദ്യാര്‍ത്ഥികളുടെ ആത്മഹത്യയുടെ പ്രാഥമിക സംഭാവനകളില്‍ ഒന്നായി കുടുംബം മാറുന്നുണ്ടോ അല്ലയോ എന്ന് പരിശോധിക്കപ്പെടണം.

രണ്ടാമതായി, വിദ്യാര്‍ത്ഥികള്‍ വിദ്യാഭ്യാസ പ്രക്രിയയില്‍ നിന്ന് തന്നെ അന്യവല്‍ക്കരിക്കപ്പെടുന്നുണ്ട്. പ്രായോഗികമായതോ പ്രവര്‍ത്തനങ്ങളെ അടിസ്ഥാനമാക്കിയുള്ളതോ ആയ പഠനത്തിന്റെ പൂര്‍ണ്ണമായ അഭാവം അവര്‍ക്ക് വിദ്യാഭ്യാസവുമായി ബന്ധപ്പെടാന്‍ കഴിയുന്നില്ല. അവരുടെ ജീവിത യാഥാര്‍ത്ഥ്യവുമായി അതിനെ ബന്ധപ്പെടുത്താനും കഴിയുന്നില്ല.

യഥാര്‍ത്ഥ വിദ്യാഭ്യാസം നല്‍കേണ്ടതിന് വിരുദ്ധമായി, ചൂഷണം, ലിംഗ വ്യത്യാസങ്ങള്‍, ജാതി അസമത്വങ്ങള്‍, തൊഴിലില്ലായ്മ, വര്‍ദ്ധിച്ചുവരുന്ന ദാരിദ്ര്യവും അസമത്വവും എന്നിവയാണ് വിദ്യാഭ്യാസം വിദ്യാര്‍ത്ഥികളെ അനുഭവിപ്പിക്കുന്നത്. ഇതെല്ലാം ഇതിനകം തന്നെ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട വിദ്യാര്‍ത്ഥികളെ കൂടുതല്‍ പാര്‍ശ്വവല്‍ക്കരിക്കുന്നു.

മൂന്നാമതായി, ഈ പ്രതിസന്ധിയെ നേരിടാന്‍ ശ്രമിക്കുന്നതിനുപകരം, കമ്പോളശക്തികള്‍ ജനങ്ങളുടെ സ്വപ്നങ്ങളെയും അഭിലാഷങ്ങളെയും അവരുടെ ഇരയാക്കുന്നു. ഹോര്‍ലിക്‌സ് അതിന്റെ പരസ്യ ക്യാംപയിനിന് സാമൂഹിക അവബോധ കാമ്പെയ്നെന്ന പേര് മറച്ചുപിടിച്ചാണ് പരസ്യം ചെയ്തത്. ഫിയര്‍ലെസ് കോട്ട എന്ന് പേരിട്ട ക്യാംപയിനിന്റെ പരസ്യത്തില്‍ ഒരു അമ്മ തന്റെ കുട്ടികളെ കോച്ചിങ് സെന്ററിലേക്ക് സന്ദര്‍ശിക്കാന്‍ പോകുമ്പോള്‍ അവര്‍ക്ക് ‘വൈകാരിക പോഷകാഹാരം’ എന്ന രീതിയിലാണ് ഹോര്‍ലിക്‌സ് നല്‍കുന്നത്. അവര്‍ക്ക് ആത്മവിശ്വാസത്തിനും നിര്‍ഭയത്വത്തിനും ഹോര്‍ലിക്‌സ് ആണ് നല്ലതെന്നാണ് ഇതിലൂടെ പറഞ്ഞുവെക്കുന്നത്.

മറ്റൊരു പരസ്യത്തില്‍ ‘ബോട്ടില്‍ ഓഫ് ലവ്’ എന്ന് വിശേഷിപ്പിച്ച് കുട്ടികള്‍ക്ക് തങ്ങള്‍ക്ക് ഇഷ്ടപ്പെട്ട പഴയ ഹോര്‍ലിക്‌സ് ബോട്ടില്‍ നല്‍കൂ എന്ന് പ്രേരിപ്പിക്കുകയാണ്. ഇത്തരത്തില്‍ അമ്മ-മക്കള്‍ വികാരത്തെ ഉണര്‍ത്തുന്നതില്‍ നിന്ന് മാര്‍ക്കറ്റിംഗ് വ്യവസായം എങ്ങനെ പ്രയോജനം നേടുന്നുവെന്ന് ഇത് കാണിക്കുന്നത്.

ഇന്ത്യയുടെ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ വിവിധ സാമൂഹിക സാമ്പത്തിക പാരാമീറ്ററുകളുടെ അടിസ്ഥാനത്തില്‍ മെച്ചപ്പെട്ട നിലയിലാണുള്ളത്. എന്നാല്‍, ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെ മൊത്തം ജനസംഖ്യാ വിഹിതം 22% ആണെങ്കില്‍, 42% പുരുഷന്മാരും 40% സ്ത്രീകളും ആത്മഹത്യ ചെയ്യുന്നത് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നാണ് എന്നാണ് കണക്കുകള്‍. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളെ അപേക്ഷിച്ച് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ആത്മഹത്യാനിരക്ക് പത്തിരട്ടിയോളം കൂടുതലാണെന്ന് വിവിധ പഠനങ്ങള്‍ തെളിയിക്കുന്നുണ്ട്.

ഹൈദരാബാദ് സര്‍വകലാശാലയില്‍ 2008-2016 കാലയളവില്‍ ഒമ്പത് വിദ്യാര്‍ത്ഥികള്‍ ആത്മഹത്യ ചെയ്തു. ഇവരെല്ലാം ദക്ഷിണേന്ത്യയില്‍ നിന്നുള്ളവരായിരുന്നു. വര്‍ദ്ധിച്ചുവരുന്ന ആത്മഹത്യകളും സംസ്ഥാനത്തിന്റെ വളര്‍ച്ചയും വിദ്യാര്‍ത്ഥികളും തമ്മിലുള്ള ബന്ധം അക്കാദമികമായി അന്വേഷിക്കപ്പെടേണ്ടതാണ്.

അഞ്ചാമതായി, സര്‍ക്കാര്‍ നയം നമ്മുടെ ജീവിത യാഥാര്‍ത്ഥ്യത്തെ സ്വാധീനിക്കുന്നു. നിര്‍ദ്ദിഷ്ട ദേശീയ വിദ്യാഭ്യാസ നയം (2020), കൂടുതലും യു.എസ് വിദ്യാഭ്യാസ സമ്പ്രദായവുമായി ബന്ധപ്പെടുത്തി രൂപപ്പെടുത്തിയതാണ്. ഇത് വിദ്യാര്‍ത്ഥികളെ വ്യത്യസ്ത തലങ്ങളില്‍ നിന്ന് വിദ്യാഭ്യാസത്തിലേക്ക് പുറത്തുകടക്കാനും അതുപോലെ തന്നെ വിദ്യാഭ്യാസത്തിലേക്ക് പ്രവേശിക്കാനും അനുവദിക്കുന്നു. ഗുണനിലവാരമുള്ള വിദ്യാഭ്യാസത്തിന്റെ വര്‍ദ്ധിച്ചുവരുന്ന ചെലവും ദാരിദ്ര്യത്തിന്റെയും തൊഴിലില്ലായ്മയുടെയും ആശങ്കകളും വിദ്യാര്‍ത്ഥികള്‍ വിദ്യാഭ്യാസം ഉപേക്ഷിക്കുന്നതിനുള്ള ഒരു ഘടകമാണ്.

വിദ്യാര്‍ത്ഥികളുടെ കൊഴിഞ്ഞുപോക്ക് ഫലപ്രദമായി തടഞ്ഞുവെന്ന് സര്‍ക്കാര്‍ അവകാശപ്പെടും, എന്നാല്‍ വാസ്തവത്തില്‍, അവരുടെ നയം കൊഴിഞ്ഞുപോക്കിനെ ന്യായീകരിക്കുക മാത്രമാണ് ചെയ്യുന്നത്. വിദ്യാര്‍ത്ഥികളെ അതത് മേഖലകളില്‍ ‘നൈപുണ്യമുള്ളവരാ’ക്കുന്നതിനാണ് ദേശീയ വിദ്യാഭ്യാസ നയം ഊന്നല്‍ നല്‍കുന്നത്. വിദ്യാര്‍ത്ഥികളുടെ പ്രശ്‌നങ്ങള്‍ അഭിസംബോധന ചെയ്യാതെയോ വിദ്യാഭ്യാസ ഘടന പരിഷ്‌കരിക്കാതെയോ മുന്നോട്ടു പോകുകയാണെങ്കില്‍ രാജ്യം ഇതിനകം പിടിമുറുക്കുന്ന അക്കാദമിക് ദുരിതത്തിന് മാത്രമേ അത് സംഭാവന നല്‍കൂ.

വിദ്യാഭ്യാസ സമ്പ്രദായത്തിന്റെ ഘടനാപരമായ വശങ്ങളില്‍ ആഴത്തിലുള്ള ആത്മപരിശോധന ഈ കാലഘട്ടത്തിന്റെ ആവശ്യമാണ്. എന്നാല്‍ പ്രശ്‌നത്തിന്റെ വേരുകള്‍ കൈകാര്യം ചെയ്യാതെ, ഉപരിതലത്തില്‍ മാത്രം പ്രശ്‌ന പരിഹാരം ചെയ്യുന്നതില്‍ അഭിമാനിക്കുകയാണ് നമ്മള്‍. വിദ്യാര്‍ത്ഥി ആത്മഹത്യകള്‍ കൈകാര്യം ചെയ്യുമ്പോഴും ഇതേ സമീപനം കാണാം.

വിദ്യാര്‍ത്ഥി ആത്മഹത്യ തടയുന്നതിന് രാജ്യത്തെ പ്രമുഖ സ്ഥാപനങ്ങളും കോച്ചിംഗ് സെന്ററുകളും ഒരു ‘കൗശലപരമായ പരിഹാരം’ കൊണ്ടുവന്നു എന്നാണ് വിശ്വസിക്കുന്നത്. 40 കിലോയില്‍ കൂടുതല്‍ ഭാരം താങ്ങാന്‍ കഴിയാത്ത ടേബിള്‍ ഫാനുകളോ സീലിംഗ് ഫാനുകളോ സ്ഥാപിച്ച് വിദ്യാര്‍ത്ഥികളുടെ ഹോസ്റ്റലില്‍ വെച്ചുള്ള തൂങ്ങിമരണം പരിഹരിക്കാന്‍ ശ്രമിക്കുകയാണ് അവര്‍. ‘നിങ്ങള്‍ മരിക്കുന്നതില്‍ ഞങ്ങള്‍ക്ക് പ്രശ്നമില്ല, പക്ഷേ ഞങ്ങളുടെ സ്ഥാപനത്തില്‍ വെച്ച് മരിക്കരുത്’ എന്നാണ് ഇത്തരം വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഇതിലൂടെ പറഞ്ഞുവെക്കുന്നത്.

ഇതിനൊരു പരിഹാരമില്ലേ ?

നൂറ്റാണ്ടുകളായി പല തത്ത്വചിന്തകരും ഉത്തരം നല്‍കാന്‍ ശ്രമിച്ച ഒരു ചോദ്യമുണ്ട്. ‘ജീവിതത്തിന്റെ ഉദ്ദേശ്യം എന്താണ് ?’ ഈ ചോദ്യത്തിന് അനന്തമായ നിരവധി ഉത്തരങ്ങള്‍ ഉണ്ടെങ്കിലും, പലരും ഒന്നിനോട് യോജിക്കുന്നു അതാണ് :സന്തോഷം. ഒരാള്‍ക്ക് എങ്ങനെ സന്തോഷം കൈവരിക്കാന്‍ കഴിയും? നമ്മള്‍ ഏറ്റവും ആഗ്രഹിക്കുന്നത് ചെയ്യുന്നതിലൂടെ നമുക്ക് യഥാര്‍ത്ഥത്തില്‍ സന്തോഷവാനായിരിക്കാന്‍ കഴിയുമെന്ന് എപിക്യൂറസ് വിശ്വസിച്ചു.

തന്റെ കുട്ടിക്കാലത്ത് പരമ്പരാഗത സ്‌കൂളുകള്‍ക്കും വിദ്യാഭ്യാസ സമ്പ്രദായത്തിനും എതിരായിരുന്ന രവീന്ദ്രനാഥ ടാഗോര്‍, പാരമ്പര്യേതര വഴികളില്‍ വിദ്യാര്‍ത്ഥികളെ പഠിപ്പിക്കാന്‍ വാദിച്ചുകൊണ്ട് അദ്ദേഹം ശാന്തിനികേതനില്‍ വിശ്വഭാരതി ആരംഭിച്ചു. വിശ്വഭാരതിയുടെ ഏറ്റവും പ്രശസ്ത വിദ്യാര്‍ത്ഥികളില്‍ ഒരാളായിരുന്നു മഹാശ്വേതാ ദേവി, ഒരു പ്രവര്‍ത്തനവും വിലപ്പോവില്ലെന്ന് ശാന്തിനികേതന്‍ അവരെ പഠിപ്പിച്ചതെങ്ങനെ ? ടാഗോറിന്റെ പരീക്ഷണത്തിന്റെ സാക്ഷ്യപത്രമാണത്.

വിദ്യാര്‍ത്ഥികളുടെ ആത്മഹത്യ ഒരു പ്രതിസന്ധിയാണെന്ന് അംഗീകരിക്കുകയും പ്രശ്‌നം പരിഹരിക്കാനുള്ള നടപടികള്‍ കൈക്കൊള്ളുക എന്നത് നമ്മുടെ കൂട്ടായ ഉത്തരവാദിത്തമായിരിക്കണം. അങ്ങനെ ചെയ്യുന്നതില്‍ പരാജയപ്പെടുകയാണെങ്കില്‍ നമ്മള്‍ ഈ രാഷ്ട്രം പണിയുന്നത് വിദ്യാര്‍ത്ഥികളുടെ മൃതദേഹത്തിന് മുകളിലാകും. നമ്മുടെ കുട്ടികള്‍ക്ക് സ്വര്‍ഗം പോലെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഉണ്ടാക്കാന്‍ നമുക്ക് കഴിഞ്ഞില്ലെങ്കിലും, കുറഞ്ഞപക്ഷം അവയെ മരണകേന്ദ്രങ്ങളാക്കാതിരിക്കാന്‍ നമുക്ക് ശ്രമിക്കാം. ഇന്ത്യന്‍ സമൂഹവും അതിന്റെ വിദ്യാഭ്യാസ സമ്പ്രദായവും അവരെ പരാജയപ്പെടുത്തിയതിനാല്‍ അവരുടെ ഓര്‍മ്മകളെ അഗാധ ഗര്‍ത്തത്തിലേക്ക് തള്ളിവിട്ടു, അത് തുടരുകയുണിപ്പോഴും.

 

????വാട്‌സാപ് ഗ്രൂപ്പില്‍ അംഗമാകാന്‍????: https://chat.whatsapp.com/EwN6Ty3kPZe7ZSFRGTsaRU

അവലംബം: ദി വയര്‍
വിവ: സഹീര്‍ വാഴക്കാട്

Related Articles