Current Date

Search
Close this search box.
Search
Close this search box.

പ്രജാപതിയുടെ പടിയിറക്കവും കാത്ത് ഒരു രാജ്യം

വം‌ശ വെറിയനായ പ്രജാപതി സിം‌ഹാസനം വിട്ടിറങ്ങുന്നത് കാത്തിരിക്കുമ്പോളാണ്‌ സോഷ്യല്‍ മീഡിയയില്‍ നിന്നും പടിയിറങ്ങാനൊരുങ്ങുന്നു എന്ന തിരുവരുള്‍ വിളംബരം മുഴങ്ങി കേട്ടത്‌. തുറന്നിട്ട ഭൂതത്തെ മാന്ത്രിക കുടത്തിലേയ്‌ക്ക്‌ തിരിച്ചെടുക്കാനുള്ള മന്ത്രം മറന്ന്‌ പോയ മന്ത്രവാദിയുടെ കഥ പോലെ തോന്നുന്നു.ഉപേക്ഷിക്കേണ്ടത്‌ വെറുപ്പും വിദ്വേഷവുമാണെന്ന പ്രതിപക്ഷ നിരയിലെ ശബ്‌ദം ഈ ബഹളത്തില്‍ അലിഞ്ഞില്ലാതായിട്ടുണ്ടാകാം. ഭരണ സിരകളില്‍ നിന്നും തങ്ങളുടെ സിരകളിലേയ്‌ക്കുള്ള അതി പ്രസരവും സമ്മര്‍‌ദ്ദവും വെളിപ്പെടുത്തുന്ന ന്യായാധിപരും – നീതിന്യായ പീഠവും, നിസ്സഹായാവസ്ഥ വെളിപ്പെടുത്തി ഇതികർത്തവ്യത്യാ മൂ‍ഢരായി നില്‍‌ക്കുന്ന നിയമ പാലകരുടെ അതിദയനീയമായ പ്രതികരണവും ആരേയും അത്ഭുതപ്പെടുത്തുന്നില്ല. രാജ്യത്തിന്റെ സേവകരെല്ലാം ഫാഷിസ്‌റ്റ്‌ ഭരണകൂടത്തിന്റെ പാദസേവകരായത് പരസ്യമായ രഹസ്യമാണ്‌.അതെ എല്ലാ നാടകങ്ങള്‍‌ക്കും സകല ദിക്കുകളും സാക്ഷി.കൊട്ടിക്കലാശം തലസ്ഥാന നഗരിയിലായതിനാല്‍ എല്ലാം അതി ഗം‌ഭീരം.

ആള്‍‌കൂട്ടമെത്ര വലുതാണെങ്കിലും പേബാധിച്ച ഒന്നോ രണ്ടോ ജന്തുക്കള്‍ മതിയാകും എല്ലാവരേയും ഭീതിയുടെ മുള്‍‌മുനയില്‍ നിര്‍‌ത്താന്‍.ഈ ചെത്തലകളെയാണോ പ്രദേശ വാസികള്‍ പേടിക്കുന്നതെന്ന്‌ ചോദിക്കുന്നതില്‍ അര്‍‌ഥമില്ല.റാഡ്‌ബോ വൈറസ്‌ കുടും‌ബത്തിലെ രോഗാണുക്കള്‍ ബാധിച്ചവയെ അനുനയിപ്പിക്കാനോ സമാശ്വസിപ്പിക്കാനോ തന്ത്രപൂര്‍‌വ്വം കാര്യം ഗ്രഹിപ്പിക്കാനോ സാധ്യമല്ല. കൂടാതെ അണു ബാധയുടെ മൂര്‍‌ദ്ദന്യാവസ്ഥയില്‍ ഭീകര തീവ്ര സ്വഭാവത്തില്‍ കുരച്ചു ചാടുന്ന ഈ ശുനകന്മാരുടെ കഥയും കഴിയും എന്നതും പരമാര്‍‌ഥം.നമ്മുടെ രാജ്യത്തെ വര്‍‌ത്തമാന സാഹചര്യവും ഇവിടെ പരാമര്‍‌ശിക്കപ്പെട്ട പേബാധയുടെ തനി പകര്‍‌പ്പായിരിക്കണം. അസഹിഷ്‌ണുതയുടെ രോഗാതുരതയില്‍ ജ്വരം മൂത്തു കലിതുള്ളി ഭയപ്പെടുത്തുന്നവരേയും,സ്‌നേഹ വാത്സല്യത്തിന്റെ വസന്തം വിരിയിപ്പിച്ച്‌ ഭാവന വിടര്‍‌ത്തുന്നവരേയും ഇടത്തും വലത്തും എന്നപോലെ കാണാന്‍ കഴിയുന്ന കാലം.നന്മയും തിന്മയും വേറിട്ട്‌ നില്‍‌ക്കുന്ന കാലം.മനുഷ്യത്വവും മൃഗീയതയും മുഖാമുഖം നില്‍‌ക്കുന്ന കാലം.ദുര്‍‌ഗന്ധം വമിപ്പിക്കുന്നവര്‍‌ക്കെതിരില്‍ സുഗന്ധവാഹിനികള്‍ പരന്നൊഴുകുന്ന കാലം.വിളക്കു മാടങ്ങള്‍ തച്ചു തകര്‍‌ക്കുന്നവര്‍‌ക്ക്‌ പോലും വെട്ടം പകരുന്ന സന്നദ്ധ സേവകരുടെ കാലം.

Also read: നുണകളുടെ പേരിൽ കെട്ടിപ്പൊക്കിയ എന്തും തകരും

എല്ലാവര്‍‌ക്കും ഒരേ രീതിയിലല്ല ഉത്തരവാദിത്തങ്ങള്‍ എന്നു മനസ്സിലാക്കണം.കണ്ണുള്ളവനും കണ്ണില്ലാത്തവനും സമമാകുമോ..?കേള്‍വിയില്ലാത്തവനും കേള്‍‌വി ഉള്ളവനും സമമാകുമോ..?എന്നൊക്കെ ഖുര്‍‌ആന്‍ ചോദിക്കുന്നത് വെറുതെയല്ല.അന്ധന്റെ മുന്നില്‍ അയാളെക്കാള്‍ കാഴ്‌ച കെട്ടവനും ബധിരന്റെ മുന്നില്‍ അയാളെക്കള്‍ കേള്‍‌വികെട്ടവനും ആകുക എന്നത് സം‌സ്‌കൃത സമൂഹത്തിന്‌ അഭിലഷണീയമല്ല.രോഗികളെ വെറുക്കാതെ രോഗത്തോടും രോഗാണുക്കളോടുമുള്ള പ്രതിരോധം ആരോഗ്യകരമായി പുരോഗമിക്കട്ടെ. പ്രതിസന്ധികളുടെ കാര്‍‌മേഘങ്ങളിലും മഴവില്ല്‌ വിരിയിയ്‌ക്കാന്‍ സാധിക്കുന്നവരാണ്‌ യഥാര്‍ഥത്തില്‍ അനുഗ്രഹീതര്‍. ഈ കെട്ടകാലത്ത് കണ്ടതും കേട്ടതും കേട്ടതിന്മേല്‍ കേട്ടതും ചര്‍‌വ്വിത ചര്‍‌വ്വണം ചെയ്‌ത്‌ പരിഹാസ്യരാകാതെ ജീവിക്കുന്ന ഉദാഹരണങ്ങളാകാന്‍ ശ്രമിക്കുക.ഏതെങ്കിലും ഒരു വിഭാഗത്തിന്റെ ആളുകളാകാതെ മനുഷ്യര്‍‌ക്ക്‌ വേണ്ടി ശബ്‌ദിക്കുക.സമൂഹത്തിനു വേണ്ടി നീതിയുടെ മാര്‍‌ഗത്തില്‍ ധര്‍‌മ്മത്തിന്റെ മാര്‍‌ഗത്തില്‍ നിലകൊള്ളുക.

ഇന്ത്യാ മഹാരാജ്യത്തെ നെല്ലും പതിരും വേര്‍ത്തിരിയുന്ന ചരിത്രമുഹൂര്‍‌ത്തത്തിന്റെ ശങ്കൊലി ബാങ്കൊലി മണിനാദം കാതോര്‍‌ത്തിരിക്കുകയാണ്‌ പ്രാര്‍‌ഥനാപൂര്‍‌വ്വം രാജ്യത്തെ മഹാ ഭുരിപക്ഷം നന്മേഛുക്കളും. കുഴിച്ചു മൂടപ്പെടുന്നതെല്ലാം മണ്ണില്‍ അലിഞ്ഞ്‌ ചേരാനുള്ളതല്ല.അനുകൂല കാലാവസ്ഥയില്‍ മുളച്ചു വരാനുള്ളതാണ്‌ എന്ന കവി വാക്യം ഏറെ പ്രശോഭിതം.വിപ്‌ളവ വീര്യമുള്ള പ്രസ്‌തുത വരികള്‍ പകരുന്ന ചൂടും ചൂരും മതിയായേക്കും ഈ ചോരപ്പുഴയുടെ തീരത്തിരുന്നും പ്രതീക്ഷകള്‍‌ക്ക്‌ ചിറകുകള്‍ തുന്നിപ്പിടിപ്പിക്കാന്‍.

Related Articles