ഇരുപതു കോടി മുസ്ലിംകൾ ഇന്ത്യയിൽ താമസിക്കുന്നു എന്നാണു കണക്ക്. പതിറ്റാണ്ടായി ഇന്ത്യൻ മുസ്ലിംകൾ തൊഴിൽ വിദ്യാഭ്യാസം എന്നീ മേഖലകളിൽ വിവേചനം നേരിടുന്നു. രാഷ്ട്രീയ സാമ്പത്തിക മേഖലകളിൽ കടുത്ത തടസ്സങ്ങൾ നേരിടുകയും ചെയ്യുന്നു . അത് കൂടാതെ ഇടയ്ക്കിടെ സംഭവിച്ചു കൊണ്ടിരിക്കുന്ന വർഗയ കലാപങ്ങളുടെ ഇരകളാവുകയും ചെയ്യുന്നു. കൂനിന്മേൽ കുരു എന്നത് പോലെ കേന്ദ്രത്തിലെ ഫാസിസ്റ്റ് സർക്കാർ തീർത്തും മുസ്ലിം വിരുദ്ധ നിയമങ്ങൾ ജനാധിപത്യത്തിന്റെ പിന്തുണയോടെ നടപ്പാക്കുന്നു. ഒരു വര്ഷം കൂടി അവസാനിക്കുകയാണ്. ഇന്ത്യൻ മുസ്ലിംകൾ ഈ കൊല്ലം എങ്ങിനെ അനുഭവിച്ചു എന്നത് വർത്തമാന കാലത്ത് ഒരു കാര്യമായ പഠനമാണ്.
ഇന്ത്യൻ മുസ്ലിംകളുടെ കഷ്ടകാലം ആരംഭിക്കുന്നത് ഇന്ത്യ വിഭജനത്തോട് കൂടിയാണ്. രണ്ടാം ലോക യുദ്ധത്തിന്റെ ബാക്കി പത്രം എന്ന നിലയിൽ ബ്രിട്ടൻ ഇന്ത്യ വിടാൻ നിർബന്ധിതമായി. ഇന്ത്യൻ വിഭജനത്തോടെയല്ല വാസ്തവത്തിൽ ഇന്ത്യയിൽ ഹിന്ദു മുസ്ലിം കലാപം ആരംഭിച്ചത്. അതിലും മുമ്പ് തന്നെ കലാപങ്ങൾ നടന്നിരുന്നു. അതെങ്ങിനെ രൂപം കൊണ്ടു എന്ന കാര്യത്തിൽ കൃത്യമായ ഒരു ഉത്തരം നൽകാൻ സാധ്യമല്ല. ബ്രിട്ടീഷുകാരുടെ ഭിന്നിപ്പിച്ചു ഭരിക്കുക എന്ന നിലപാട് ഒരു കാരണമാണ് എന്ന് വേണം മനസ്സിലാക്കാൻ. ഇന്ത്യ വിഭജനം വാസ്തവത്തിൽ ചോരക്കളിയുടെ നാളുകളായിരുന്നു. ഇരുപതു ലക്ഷം പേർ അന്ന് മാത്രം കൊല്ലപ്പെട്ടു എന്നാണ് അനൌദ്യോഗിക കണക്കുകൾ. ഇന്ത്യയിൽ ബാക്കിയായ മുസ്ലിംകൾ ജീവിച്ചു പോന്നത് തീർത്തും അരക്ഷിതാവസ്ഥയിലായിരുന്നു. നേതാക്കൾ അപ്പുറത്തേക്ക് പോകുകയും അണികൾ മാത്രം ഇപ്പുറം ബാക്കിയാവുകയും ചെയ്ത കാലം. വിഭജനത്തിനു ശേഷവും ഇന്ത്യയിൽ ഏകദേശം മൂന്നര കോടി മുസ്ലിംകൾ ജീവിച്ചിരുന്നു.
മുസ്ലികൾ ഫാസിസ്റ്റുകളുടെ ഭാഗത്ത് നിന്ന് മാത്രമല്ല പകരം പോലീസ് പോലുള്ളവരിൽ നിന്നും ഈ വിവേചനം നേരിടുന്നു. മുസ്ലിംകളെ ആക്രമിച്ച കേസുകളിലെ പ്രതികൾ പലപ്പോഴും അറസ്റ്റു ചെയ്യപ്പെടുന്നില്ല എന്നാണെങ്കിൽ മറ്റു അവസരങ്ങളിൽ കോടതികൾ പോലും അവരെ കുറ്റവിമുക്തരാക്കുന്ന കാഴ്ചയാണ് നാം കണ്ടു വരുന്നത്.
2019 ഇന്ത്യൻ മുസ്ലിംകൾക്ക് പല കാരണങ്ങളാൽ പ്രത്യേകത ഉണ്ടായിരുന്ന വർഷമാണ്. മുത്വലാഖ്, കാശ്മീരിന്റെ പദവി, ബാബറി മസ്ജിദ് അമ്പലത്തിനു വിട്ടു കൊടുക്കാൻ സുപ്രീംകോടതിയുടെ ഭരണഘടന ബെഞ്ച് വിധിച്ചത് എന്നതിന് പുറമേ വിവാദ പൗരത്വ നിയമവും നിലവിൽ വന്ന വർഷമായിരുന്നു. 2020 കൊറോണ വർഷമായിരുന്നു എന്നതിനാൽ കൂടുതൽ വിവാദ തീരുമാനങ്ങൾ സർക്കാർ ഭാഗത്ത് നിന്നും ഉണ്ടായില്ല. പക്ഷെ പഴയ തീരുമാനങ്ങളുടെ പ്രതിഷേധവും കൊണ്ടാണ് 2020 ആരംഭിച്ചത്. വിവാദ പൌരത്വ നിയമത്തെ എതിർത്തു കൊണ്ട് രാജ്യം മുഴുവൻ തെരുവിലായ കാലമായിരുന്നു വർഷത്തിന്റെ ആദ്യ മാസങ്ങൾ. ശാഹീന്ബാഗ് എന്ന ചരിത്ര പ്രസിദ്ധ സമര ഭൂമിയും സമരനായികമാരായ അസ്മാ ഖാതൂൻ, ബിൽക്കീസ്, സർവരി, എന്നിവർ ഉദയം കൊണ്ടതും ആ കാലത്താണ്. ഫാസിസ്റ്റ് സർക്കാരിന്റെ ജന വിരുദ്ധ നിയമങ്ങൾ രാജ്യത്തിന് പുറത്തും ചര്ച്ചയാകാൻ ഇത് കാരണമായി. പ്രസ്തുത സമരം നിർത്തലാക്കാൻ എല്ലാ നിയമ വഴികളും സംഘ പരിവാർ സ്വീകരിച്ചു. പക്ഷെ സമാധാന പൂർണമായി സമരം ചെയ്യാനുള്ള അവകാശം സുപ്രീം കോടതി അവർക്ക് വകവെച്ചു കൊടുത്തു.
2019 നവംബറിലാണ് ബാബറി മസ്ജിദ് വിഷയത്തിൽ ഭരണഘടനാ ബെഞ്ചിന്റെ അവസാന വിധി വന്നത്. തർക്ക ഭൂമി അമ്പലത്തിനു വിട്ടു കൊടുത്ത കോടതി അമ്പല നിർമ്മാണത്തിനായി ഒരു ട്രസ്റ്റ് രൂപീകരിക്കാനും ആവശ്യപ്പെട്ടിരുന്നു. പക്ഷെ ഈ ആഗസ്റ്റ് മാസത്തിൽ അമ്പല നിർമാണത്തിന് ഇന്ത്യൻ പ്രധാനമന്ത്രിയാണ് തറക്കല്ലിട്ടത്. ആദ്യ വിധി തന്നെ പ്രഹരമേൽപ്പിച്ചതു ഇന്ത്യൻ മതേതരത്വത്തിനായിരുന്നു. ഒരു പ്രധാനമന്ത്രി ഒരു വിഭാഗത്തിന്റെ ആരാധാന കാര്യങ്ങളിൽ ഇടപെട്ടപ്പോൾ വീണ്ടുമൊരിക്കൽ കൂടി നമ്മുടെ മതേതരത്വ മരവിച്ചു പോയി. അന്ന് ഭൂമി വിട്ടു കൊടുക്കുമ്പോൾ പള്ളി പൊളിച്ചതിനെ കോടതി വിമർശിച്ചിരുന്നു. കുറ്റവാളികൾ ശിക്ഷിക്കപ്പെടണം എന്ന് കൂടികോടതി പറഞ്ഞുവെച്ചു. സെപ്റ്റംബർ മാസത്തിൽ ആ വിധിയും വന്നു. ആരും കുറ്റക്കാരല്ല എന്ന വിധി ഇന്ത്യൻ നീതിന്യായ വ്യവസ്ഥയിൽ മറ്റൊരു കറുത്ത പുള്ളി കൂടി വീഴ്ത്തി.
കേരള സർക്കാർ ധൃതി പിടിച്ചു നടപ്പാക്കിയ സാമ്പത്തിക സംവരണവും എടുത്തു പറയണം. കേന്ദ്രം പാസ്സാക്കിയ മുന്നോക്ക സംവരണത്തെ പോലും അട്ടിമറിച്ചാണ് കേരള സർക്കാർ പ്രസ്തുത നിയമം നടപ്പിലാക്കിയത്. മുസ്ലിംകൾ അടക്കമുള്ള പിന്നോക്കക്കാരുടെ അവസരങ്ങൾ നഷ്ടമാകില്ല എന്ന് ഇടതു പക്ഷ സർക്കാർ ഉറപ്പിച്ചു പറയുമ്പോഴും സമൂഹത്തിൽ നിന്നുണ്ടായ കടുത്ത എതിർപ്പ് കാരണം പല നിയമനങ്ങളും സർക്കാരിന് പിൻ വലിക്കേണ്ടി വന്നു. മുൻ കാലങ്ങളെ പോലെ തന്നെ ഇന്ത്യൻ മുസ്ലിംകൾക്ക് നല്ലകാലമായിരുന്നില്ല രണ്ടായിരത്തി ഇരുപതും. മുസ്ലിംകളെ ഒന്നാം ശത്രുവായി പ്രഖ്യാപിച്ച ഒരു സർക്കാർ ഭരിക്കുമ്പോൾ അവർ കൂടുതൽ സ്വസ്ഥത പ്രതീക്ഷിക്കുന്നത് അസ്ഥാനത്താണ്. ഒരു മതേതര ജനാധിപത്യ രാജ്യം എന്ന നിലയിൽ തുല്യാവകാശം എന്നത് ഓരോ പൌരന്റെയും അവകാശമാണ്. പക്ഷെ നിലവിലെ ഫാസിസ്റ്റ് സർക്കാർ മുൻ കാലങ്ങളെ അപേക്ഷിച്ച മുസ്ലിംകളുടെ നിലനിൽപ്പിനെ തന്നെയാണ് ചോദ്യം ചെയ്യുന്നത്. ഇന്ത്യയിൽ മുസ്ലിം ജനസംഖ്യ ക്രമാതീതമായി വർധിക്കുന്നു എന്ന പ്രചരണം ഇക്കൊല്ലവും നടന്നു. മറ്റുള്ളവർക്ക് കിട്ടേണ്ട അവകാശങ്ങൾ മുസ്ലിംകൾ മാത്രമായി അനുഭവിക്കുന്നു എന്ന പ്രചാരണവും ഒരു ഭാഗത്ത് നടന്നു. ഭയപ്പെടുത്തി കീഴ്പ്പെടുത്തുക എന്ന രീതിയാണ് സംഘ പരിവാർ മുന്നോട്ട് വെക്കുന്നത്. ഇന്ത്യൻ സ്വാതന്ത്ര സമരത്തിലും ഇന്ത്യയെ കെട്ടിപ്പടുക്കുന്നതിലും കാര്യമായ അധ്വാനം ചിലവഴിച്ച ഒരു ജനത അവരുടെ നിലനിൽപ്പിനെ കുറിച്ച് തന്നെ ചിന്തിക്കേണ്ടി വരുന്നു എന്നത് തീർത്തും നിരാശാജനകമാണ്.
കൊറോണ കാലത്തിനു ശേഷം എന്തെല്ലാം നിയമമാണ് സംഘ പരിവാർ കൊണ്ട് വരിക എന്നത് അജ്ഞാതമാണ്. മതേതര കക്ഷികൾ നാൾക്കുനാൾ ദുർബലരായി മാറുന്നു എന്നതും ഗൌരവപ്പെട്ട വിഷയമാണ്. രണ്ടായിരത്തി ഇരുപതുമാനവിക ചരിത്രത്തിൽ ഒരു നഷ്ട വർഷമായി കണക്കാക്കപ്പെടും. ഇന്ത്യൻ ജനസംഖ്യയിൽ പതിനഞ്ചു ശതമാനം വരുന്നഒരു ജനതയ്ക്ക് വരുന്ന കൊല്ലം എങ്ങിനെയാകും എന്നത് ഇപ്പോൾ പറയുക അസാധ്യം. ഒരു കാര്യം ഉറപ്പാണ്. കിട്ടിയ അധികാരം ഉപയോഗിച്ച് സംഘ പരിവാർ പ്രഖ്യാപിത ശത്രുവിനെ ഇല്ലാതാക്കാൻ ശ്രമിക്കും. അതിനെ എങ്ങിനെ നേരിടാൻ സാധിക്കുന്നു എന്നിടത്താണ് അവരുടെ വിജയം. നിരാശയും ഭയവും പാടില്ലെന്ന് പഠിപ്പിക്കപ്പെട്ട ഒരു സമുദായത്തിന് എന്നും പ്രതീക്ഷയോടെ മാത്രമേ മുന്നോട്ട് നോക്കാൻ കഴിയൂ.