Current Date

Search
Close this search box.
Search
Close this search box.

അന്വേഷണ ഏജൻസികൾ തകർത്തെറിഞ്ഞ 127 ജീവിതങ്ങൾ

മുഖ്യധാരാ മതേതര ആഖ്യാനങ്ങളുടെ ഉള്ളറകളിൽ പോലും ചമ്രം പടിഞ്ഞിരിക്കുന്ന ചാതുർവർണ്യം ഉത്പാദിപ്പിക്കുന്ന വംശീയ മുൻ വിധിയുടെ “ഇസ് ലാമോഫോബിയ” തീർത്ത അവസാനത്തെ ഒളിയിടം പോലും സൂക്ഷ്മമായി തകർക്കാൻ കെൽപ്പുള്ളതാണ് സൂറത്ത് “സിമി ഗൂഢാലോചന”ക്കേസിൻ്റെ ആൻ്റി ക്ലൈമാക്സ്!

ഭരണഘടനാ സ്ഥാപനങ്ങളായ അന്വേഷണ ഏജൻസികൾ ഒരു സമുദായത്തോട് എന്തുമാത്രം ഭീകരതയോടെയാണ് പെരുമാറുന്നത് എന്നതിൻ്റെ ഒടുവിലത്തെ ഈ സാക്ഷ്യം മുഖ്യധാരാ മാധ്യമങ്ങൾ പതിവുപോലെ വേണ്ടത്ര പരിഗണന നൽകാതെ ഒളിച്ചു വെക്കുകയും തമസ്കരിക്കുകയും ചെയ്തിട്ടുണ്ട്!

നിരോധിത സംഘടനയായ “സിമി”യുടെ പേരിൽ യോഗം ചേർന്നു എന്നാരോപിച്ചാണ് 2001ൽ ഭൂരിപക്ഷവും വിദ്യാസമ്പന്നരായ യുവാക്കളടങ്ങുന്ന ഒരു സംഘം മുസ് ലിംകളെ ഗുജറാത്ത് പൊലീസ്, രാഷ്ട്രം തകർക്കുന്ന ഗൂഢാലോചനയുടെ ഭീകര പരിവേഷം ചാർത്തി യു.എ.പി.എ ചുമത്തി അറസ്റ്റ് ചെയ്തത്! അന്ന് മുഖ്യധാരാ മാധ്യമങ്ങൾ ആഘോഷിച്ച ഈ സംഭവത്തിൽ ഒരൊറ്റ മാരകായുധം പോലും യോഗസ്ഥലത്തു നിന്ന് പിടിച്ചിട്ടില്ലാ എന്നറിയണം!

എന്നിട്ടിപ്പോൾ, നീണ്ട 20 വർഷങ്ങൾക്കു ശേഷം (6.3.21ന് ) പതിവുപോലെ കോടതി പറയുന്നു ഇവർ നിരപരാധികളാണെന്ന്!

(മാലേഗാവ്, സംജോതാ എക്സ്പ്രസ്, അജ്മീർ ധർഗ, അക്ഷർധാം… എന്നിങ്ങനെ സംഘ് പരിവാർ നടത്തിയ ഒട്ടേറെ സ്ഫോടനങ്ങളിലും ബട്ല ഹൗസ്, പുണെ ഉൾപ്പെടെയുള്ള നിരവധി വ്യാജ ഏറ്റുമുട്ടലുകളിലും ഗുജറാത്ത്, ഡൽഹി തുടങ്ങിയ വംശഹത്യകളിലും അന്വേഷണ ഏജൻസികൾ വേട്ടയാടിപ്പിടിച്ചത് പ്രതികളെയല്ല, ഇരകളെ തന്നെയാണ്! എന്നല്ല, പലപ്പോഴും ഔദ്യോഗിക സംവിധാനങ്ങളുടെ പ്രത്യക്ഷ- പരോക്ഷ സഹായങ്ങളിലൂടെയാണ് ഇന്ത്യയിൽ കടുത്ത വംശീയ-വർഗീയ ഉന്മൂലനങ്ങൾ അരങ്ങേറുന്നത് !! “പാർലമെൻ്റ് ആക്രമണ”ത്തിൽ നമ്മുടെ സുരക്ഷാ ഏജൻസി തന്നെ പങ്കുവഹിച്ചതായി അരുന്ധതി റോയി ചൂണ്ടിക്കാട്ടിയിട്ടുണ്ട്! ഇത്തരം ക്രൂരകൃത്യങ്ങളിൽ നാട്ടിൽ നിർബ്ബാധം വിഹരിക്കുന്ന ഇസ്രായേൽ ചാരസംഘടനയായ “മൊസാദി”ൻ്റെ പങ്കും വ്യക്തം! )

യഥാർത്ഥത്തിൽ 127 പേരുടെ അറസ്റ്റിന് കാരണമായ പരാമൃഷ്ട “സിമി ഗൂഢാലോചന” യോഗത്തിന് സിമിയുമായിപ്പോലും ബന്ധം ഉണ്ടായിരുന്നില്ല! “ഇന്ത്യൻ മുസ് ലിംകളുടെ വിദ്യാഭ്യാസ പ്രശ്നങ്ങൾ” എന്ന പ്രമേയത്തിൽ “ഫോറം ഫോർ മൈനോറിറ്റി എജുക്കേഷൻ” എന്ന സന്നദ്ധ സംഘടന സൂറത്തിൽ സംഘടിപ്പിച്ച ആലോചനായോഗമായിരുന്നു വേദി!

അതിൽ പങ്കെടുത്ത ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ഡോക്ടർമാരും എഞ്ചിനീയർമാരും അടങ്ങുന്ന ആബാലവൃദ്ധത്തെയാണ് സിമി മുദ്രകുത്തി കരി നിയമം ചേർത്ത് അറസ്റ്റ് ചെയ്തത്!
9 മാസം തടവറകളിൽ മർദ്ദന പീഢനങ്ങൾ ഏറ്റ ശേഷമാണ് ഇവർക്ക് ജാമ്യം പോലും ലഭിച്ചത്! ഇരുപത് വർഷം നീണ്ട വിചാരണ കാലയളവിൽ അഞ്ചുപേർ മരണമടഞ്ഞു!

വർഷങ്ങൾക്കു ശേഷം “കുറ്റക്കാരല്ല” എന്നു പറഞ്ഞ് കോടതി വിട്ടയക്കുമ്പോഴും അടഞ്ഞ ജീവിതമാർഗങ്ങളും ഒരിക്കലും മായ്ച്ചുകളയാനാവാത്ത “ഭീകരവാദി”പട്ട വുമായി, ഒരു മുഖ്യധാരാ പാർട്ടിയും ചോദി ക്കാനില്ലാതെ ഈ മനുഷ്യജന്മങ്ങൾ ഇങ്ങനെ മരിച്ചു ജീവിക്കണം!!

Related Articles