Current Date

Search
Close this search box.
Search
Close this search box.

ഹമാസ് സൗത്ത് ആഫ്രിക്കയില്‍

hamas.jpg

ഫലസ്തീനിലെ ഇസ്‌ലാമിക വിമോചന പ്രസ്ഥാനമായ ഹമാസിന്റെ മുതിര്‍ന്ന നേതാക്കള്‍ കഴിഞ്ഞാഴ്ച്ച സൗത്ത് ആഫ്രിക്കയില്‍ ഔദ്യോഗിക സന്ദര്‍ശനം നടത്തുകയുണ്ടായി. സൗത്ത് ആഫ്രിക്കയിലെ ഭരണ പാര്‍ട്ടിയായ ആഫ്രിക്കന്‍ നാഷണല്‍ കോണ്‍ഗ്രസ്സിന്റെ(എ.എന്‍.സി)ക്ഷണപ്രകാരമാണ് ഖാലിദ് മിശ്അലിന്റെ നേതൃത്വത്തില്‍ ഹമാസ് സംഘം അവിടെയെത്തിയത്.

ഹമാസും എ.എന്‍.സിയും തമ്മിലുള്ള ബന്ധം ദൃഢമാക്കുന്നതിന്റെ ഭാഗമായാണ് ഹമാസിനെ തങ്ങള്‍ ക്ഷണിച്ചതെന്ന് എ.എന്‍.സി സെക്രട്ടറി ജനറല്‍ ഗവെഡെ മന്‍താഷെ വ്യക്തമാക്കി. ഹമാസിന് എ.എന്‍.സി നല്‍കിയ സ്വീകരണത്തില്‍ ഇസ്രായേല്‍ അസന്തുഷ്ടി പ്രകടിപ്പിച്ചതില്‍ അത്ഭുതപ്പെടാനൊന്നുമില്ല. എന്തടിസ്ഥാനത്തിലാണ് ‘ഭീകരവാദ സംഘമായ’ ഹമാസിന് സ്വീകരണം നല്‍കിയതെന്ന് ചോദിച്ച് തെല്‍അവീവിലെ സൗത്ത് ആഫ്രിക്കന്‍ അംബാസഡറെ വിളിച്ചു വരുത്തി ഇസ്രായേല്‍ സര്‍ക്കാര്‍ വിശദീകരണം തേടി. പക്ഷെ എ.എന്‍.സി വക്താക്കള്‍ ഉടനടി പ്രതികരിച്ചു. ഒരുകാലത്ത് പാശ്ചാത്യ സര്‍ക്കാറുകള്‍ എ.എന്‍.സിയുടെ നേതാക്കളെ ‘ഭീകരവാദികളായി’ കണക്കാക്കിയിരുന്നെന്നും, ഇസ്രായേല്‍ അധിനിവേശത്തിനെതിരെയുള്ള ഹമാസിന്റെ ചെറുത്തുനില്‍പ്പിനെ തങ്ങള്‍ അനുകൂലിക്കുന്നുവെന്നും എ.എന്‍.സി തുറന്നടിച്ചു.

തങ്ങളുടെ Umkhonto we Sizwe എന്ന സായുധസംഘത്തെ ഉപയോഗിച്ചാണ് അപ്പാര്‍ത്തീഡ് കാലഘട്ടത്തില്‍ എന്‍.എന്‍.സി സൗത്ത് ആഫ്രിക്കയിലെ വെളുത്ത വര്‍ഗാധിപത്യ വംശീയ ഭരണകൂടത്തിലെ വംശീയവാദികള്‍ക്കെതിരെ സായുധസമരം നയിച്ചത്. നെല്‍സണ്‍ മണ്ടേലയാണ് എം.കെ സ്ഥാപിച്ചത്. അത് നിരോധിക്കപ്പെട്ടു. 2008 വരേക്കും നെല്‍സണ്‍ മണ്ടേല അമേരിക്കയുടെ ‘ഭീകരവാദ’ പട്ടികയില്‍ ഉണ്ടായിരുന്നു.

അക്കാലഘട്ടത്തില്‍, സൗത്ത് ആഫ്രിക്കയിലെ വംശീയ ഭരണകൂടത്തിന് ഇസ്രായേല്‍ ഭരണകൂടവുമായി ശക്തമായ ബന്ധമുണ്ടായിരുന്നു. അതുകൊണ്ടുതന്നെ, തങ്ങളെ അടിച്ചമര്‍ത്തിയിരുന്നവര്‍ക്കും, പീഢിപ്പിച്ചിരുന്നവര്‍ക്കും ഇസ്രായേല്‍ നല്‍കിയിരുന്ന സഹായങ്ങള്‍ വംശീയവാദികള്‍ക്കെതിരെ സമരം ചെയ്തിരുന്ന പഴയ തലമുറക്ക് ഒരിക്കലും മറക്കാന്‍ സാധിക്കില്ല. ഇന്ന് ഇസ്രായേലിനെ എല്ലാവിധത്തിലും ശക്തമായി എതിര്‍ക്കുന്നവരാണ് സൗത്ത് ആഫ്രിക്കന്‍ സര്‍ക്കാര്‍.

സന്ദര്‍ശനവേളയില്‍ എ.എന്‍.സിയുടെ ചരിത്രപ്രസിദ്ധമായ പോരാട്ടത്തെ പ്രശംസിക്കാന്‍ ഖാലിദ് മിശ്അല്‍ മറന്നില്ല. സൗത്ത് ആഫ്രിക്കയിലുണ്ടായിരുന്ന വെളുത്ത വര്‍ഗാധിപത്യ വംശീയ ഭരണകൂടത്തിനും നിലവിലെ ഇസ്രായേല്‍ അധിനിവേശ ഭരണകൂടം നടത്തിക്കൊണ്ടിരിക്കുന്ന അപ്പാര്‍ത്തീഡ് നടപടികള്‍ക്കും ഇടയിലെ സാമ്യതകള്‍ മിശ്അല്‍ വിശദീകരിച്ചു.

ഫലസ്തീനില്‍ ഇസ്രായേല്‍ ചെയ്തുകൂട്ടുന്ന കിരാത നടപടികള്‍ക്കും, ക്രൂരതകള്‍ക്കും എതിരെ ഇസ്രായേല്‍ ഉല്‍പ്പന്നങ്ങല്‍ ബഹിഷ്‌കരിച്ചും, ഉപരോധിച്ചും സമരപോരാട്ടങ്ങളില്‍ ഏര്‍പ്പെട്ടു കൊണ്ടിരിക്കുന്നവരുടെ പരിശ്രമങ്ങള്‍ മഹനീയമാണെന്ന് ഖാലിദ് മിശ്അല്‍ വാഴ്ത്തി. ‘ഇസ്രായേല്‍ ഉല്‍പ്പന്നങ്ങള്‍ ബഹിഷ്‌കരിക്കാനും, ഇസ്രായേല്‍ അപ്പാര്‍ത്തീഡ് ഭരണകൂടത്തിന് മേല്‍ ഉപരോധമേര്‍പ്പെടുത്താനും അന്താരാഷ്ട്രസമൂഹത്തില്‍ നിന്നും സ്വതന്ത്രരാഷ്ട്രങ്ങളില്‍ നിന്നുമുള്ള ആത്മാര്‍ത്ഥമായ ശ്രമങ്ങളെയാണ് ഞങ്ങള്‍ പ്രതീക്ഷിക്കുന്നത്. ബി.ഡി.എസ്(boycott, divestment and sanctions) പോലെയുള്ളഇന്ന് ലോകത്താകമാനം നടന്നുകൊണ്ടിരിക്കുന്ന അത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് ഞങ്ങളുടെ എല്ലാവിധ പ്രോത്സാഹനങ്ങളുമുണ്ട്. ഇസ്രായേല്‍ ഒരു അധിനിവേശം രാഷ്ട്രം തന്നെയാണ്. അതിനെ നിര്‍ബന്ധമായും ബഹിഷ്‌കരിക്കണം, ഒറ്റപ്പെടുത്തണം, അതിന് മേല്‍ ഉപരോധമേര്‍പ്പെടുത്തണം.’

സൗത്ത് ആഫ്രിക്കന്‍ പ്രസിഡന്റ് ജേക്കബ് സുമ, വിവിധ മനുഷ്യാവകാശ പ്രവര്‍ത്തര്‍, മതനേതാക്കള്‍ തുടങ്ങിയവരെ ഖാലിദ് മിശ്അലിന്റെ നേതൃത്വത്തില്‍ ഹമാസ് സംഘം സന്ദര്‍ശിച്ചു. ഹമാസ് സംഘത്തിന്റെ സന്ദര്‍ശനത്തില്‍ ‘ബി.ഡി.എസ് സൗത്ത് ആഫ്രിക്ക’യുടെ (ലോകത്തിലെ ഏറ്റവും വ്യവസ്ഥാപിതമായി പ്രവര്‍ത്തിക്കുന്ന പ്രൊഫഷണല്‍ ഗ്രൂപ്പുകളില്‍ ഒന്നാണ് ബി.ഡി.എസ് സൗത്ത് ആഫ്രിക്ക) പ്രതിനിധികള്‍ ആഗ്ലാഹം പ്രകടിപ്പിക്കുകയും, മിശ്അലിന്റെ സന്ദര്‍ശനംതങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ ഊര്‍ജ്ജം പകരുന്നതാണെന്നും പത്രസമ്മേളനത്തില്‍ വ്യക്തമാക്കി. സൗത്ത് ആഫ്രിക്കയില്‍ ഓദ്യോഗിക ഓഫീസ് തുറക്കാനുള്ള ഹമാസിന്റെ ആലോചനകളെ സംബന്ധിച്ച് സെക്രട്ടറി ജനറല്‍ മന്‍താശെ സംസാരിച്ചിരുന്നു. ഇത് രണ്ട് കൂട്ടരും തമ്മിലുള്ള ബന്ധത്തെ കൂടുതള്‍ ശക്തിപ്പെടുത്തുകയും, ആരോഗ്യപരമായ സംസാരങ്ങള്‍ക്ക് വഴിതുറക്കുകയും ചെയ്യും. ഇത്തരമൊരു നീക്കം ഹമാസിനെ സംബന്ധിച്ചിടത്തോളം വളരെയധികം നയതന്ത്ര പ്രാധാന്യമുള്ളതാണ്.

പക്ഷെ, അതോടൊപ്പം ചില അപകടങ്ങളെയും ഈ നീക്കം ക്ഷണിച്ചു വരുത്തും. സൗത്ത് ആഫ്രിക്കയില്‍ ഇസ്രായേലിന്റെ പ്രവര്‍ത്തനം വളരെ ശക്തമാണ്. സൗത്ത് ആഫ്രിക്കയുമായി ഇസ്രായേലിന് ശക്തമായ ബന്ധങ്ങളുണ്ട്. സൗത്ത് ആഫ്രിക്കയിലുടനീളം ചാര പ്രവര്‍ത്തനം നടത്തുന്ന ഇസ്രായേല്‍ ചാരന്മാരുടെ ആസ്ഥാനം കൂടിയാണ് അവിടുത്തെ ഇസ്രായേല്‍ എംബസി എന്ന് നാം മനസ്സിലാക്കേണ്ടതുണ്ട്.

ഈ വര്‍ഷം ഫെബ്രുവരിയില്‍, സൗത്ത് ആഫ്രിക്കന്‍ സ്റ്റേറ്റ് സെക്യൂരിറ്റി ഏജന്‍സിയിലെ ഒരു വിസില്‍ ബ്ലോവര്‍, മേഖലയില്‍ ഇസ്രായേലിന്റെ ചാര പ്രവര്‍ത്തനം എത്രത്തോളം വിപുലമാണെന്ന് തെളിയിക്കുന്ന രേഖകള്‍ ചോര്‍ത്തി പുറത്ത് വിട്ടിരുന്നു. ബി.ഡി.എസ് കാമ്പയിന്‍ അവസാനിപ്പിക്കുകയും, ബി.ഡി.എസ്സുമായി ബന്ധപ്പെട്ട ആളുകളെ വിചാരണ ചെയ്യുകയും ചെയ്തില്ലെങ്കില്‍, രാജ്യത്തിന്റെ സാമ്പത്തിക മേഖലക്ക് നേരെ സൈബര്‍ ആക്രമണം നടത്തുമെന്ന് സൗത്ത് ആഫ്രിക്കന്‍ സാമ്പത്തികകാര്യ മന്ത്രിയെ 2012-ല്‍ മുന്‍ ഇസ്രായേല്‍ ചാരന്‍മാര്‍ എന്ന് അവകാശപ്പെട്ട ഒരു സംഘം ഹാക്കര്‍മാര്‍ ഭീഷണിപ്പെടുത്തുകയുണ്ടായി.

മരണ സ്‌ക്വാഡുകളെ ഉപയോഗിച്ച് ഫലസ്തീന്‍ രാഷ്ട്രീയ-മിലിറ്ററി നേതാക്കളെ ഉന്മൂലനം ചെയ്ത ചരിത്രമാണ് ഇസ്രായേലിന്റേത്. 1997-ല്‍ ഖാലിദ് മിശ്അല്‍ ജോര്‍ദാന്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ചിരുന്ന സമയത്ത് അദ്ദേഹത്തെ വധിക്കാന്‍ മൊസാദ് ഒരു ശ്രമം നടത്തിയിരുന്നു. പക്ഷെ വധശ്രമം മിശ്അലിന്റെ അംഗരക്ഷകന്‍ പരാജയപ്പെടുത്തുകയും, രണ്ട് മൊസാദ് ഏജന്റുമാരെ പിടികൂടുകയും ചെയ്തു. പിന്നീട് ജോര്‍ദാന്‍ രാജാവ് ഹുസൈന്റെ സമ്മര്‍ദ്ദം ചെലുത്തിയതിന്റെ ഫലമായി മിശ്അലിനെതിരെ പ്രയോഗിച്ച വിഷത്തിന് മറുമരുന്ന് നല്‍കാന്‍ ഇസ്രായേല്‍ നിര്‍ബന്ധിതരായി.

ഇക്കാരണങ്ങള്‍ കൊണ്ടു തന്നെ, സൗത്ത് ആഫ്രിക്കയിലെ പ്രവര്‍ത്തനം ഹമാസിനെ സംബന്ധിച്ചിടത്തോളം വളരെ അപകടകരവും, ദുഷ്‌കരവുമാണ്. പക്ഷെ, കാര്യങ്ങള്‍ മുന്‍കൂട്ടി കണ്ടുകൊണ്ടുള്ള നയതന്ത്ര നീക്കങ്ങളിലൂടെ ഉന്മൂലനം ചെയ്യാന്‍ കഴിയുന്ന അപകടങ്ങള്‍ മാത്രമാണവ.

കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ഇസ്രായേലിനെതിരെ നയതന്ത്രപരമായ പ്രത്യാക്രമണമാണ് ഹമാസ് നടത്തിക്കൊണ്ടിരിക്കുന്നത്, പ്രത്യേകിച്ച് ഖാലിദ് മിശ്അല്‍ നേതൃസ്ഥാനത്തേക്ക് വന്നതിന് ശേഷം. 1970-80 കാലഘട്ടത്തില്‍ ഫതഹിന്റെ പ്രവര്‍ത്തനശൈലിയും ഏതാണ്ടിത് പോലെയായിരുന്നു. ഫലസ്തീന്‍ ലിബറേഷന്‍ മൂവ്‌മെന്റ് (പി.എല്‍.ഓ) ഫലസ്തീന്‍ വിമോചനത്തിന് വേണ്ടി ആത്മാര്‍ത്ഥതയോടെ പ്രവര്‍ത്തിച്ചിരുന്ന അന്ന്, ഫത്ഹായിരുന്നു പി.എല്‍.ഒ-യെ നയിച്ചിരുന്നത്. ഇന്ന് ഫലസ്തീനികളെ ഒറ്റുകൊടുക്കുന്ന പ്രവര്‍ത്തനങ്ങളിലാണ് പി.എല്‍.ഒ ഏര്‍പ്പെട്ടിരിക്കുന്നത്.

പി.എല്‍.ഒ നയതന്ത്രജ്ഞന്‍ ഷഫീഖ് അല്‍ഹൂത്തിന്റെ ജീവചരിത്രമായ ‘My Life in the PLO’-യില്‍ പറഞ്ഞത് പോലെ, സ്വാതന്ത്ര്യത്തിന് വേണ്ടിയുള്ള ഫലസ്തീനിയന്‍ പോരാട്ടങ്ങള്‍ക്ക് അത്തരം നയതന്ത്ര പ്രത്യാക്രമണങ്ങള്‍ ഒരുപാട് നേട്ടങ്ങള്‍ പ്രദാനം ചെയ്തിട്ടുണ്ട്. പക്ഷെ ഓസ്ലോ കരാര്‍ പോലെയുള്ള അവസാനഘട്ടത്തില്‍ അധിനിവേശത്തോട് രാജിയാവുന്ന സംഭവങ്ങള്‍ക്കും അത് ഒരുപാട് തരത്തില്‍ കാരണമായിട്ടുണ്ട്. അതിനാല്‍, മുന്‍ഗാമികള്‍ വെട്ടിതെളിച്ച വഴിയിലൂടെ വളരെ സൂക്ഷ്മതയോടെ തന്നെയായിരിക്കും ഹമാസ് ഓരോ ചുവടുകളും മുന്നോട്ട് വെക്കുക.

വിവ: ഇര്‍ഷാദ് കാളാച്ചാല്‍
അവലംബം: Middle East Monitor

Related Articles