Current Date

Search
Close this search box.
Search
Close this search box.

ഹനീന്‍ സുഅബി എന്ന അറബ്-ഇസ്രായേലി

haneen-zoabi.jpg

ജനാധിപത്യമെന്ന ആട്ടിന്‍തോലണിഞ്ഞ് വര്‍ഷങ്ങളായി ഇസ്രായേല്‍ തുടരുന്ന പ്രക്രിയയാണ് തങ്ങളുടെ അതിര്‍ത്തികള്‍ക്കകത്ത് നിന്ന് അറബ്-ഇസ്രായേലികളെ പുറന്തള്ളുക എന്നത്. അവരെ അറസ്റ്റ് ചെയ്യുകയും വിചാരണ ചെയ്യുകയും ചെയ്യുന്ന സര്‍ക്കാര്‍ നയങ്ങള്‍ക്കെതിരെ വിമര്‍ശവും ഉയരാറില്ല. ഈയടുത്തിടെ ഇസ്രായേല്‍ പാര്‍ലമെന്റംഗവും അറബ്-ഇസ്രായേലിയുമായ ഹനീന്‍ സുഅബിക്ക് സര്‍ക്കാര്‍ മൂന്ന് വര്‍ഷം തടവും 800 ഡോളര്‍ പിഴയും വിധിച്ചിരുന്നു. 2014 ജൂലായില്‍ മുഹമ്മദ് അബൂ ഖദീര്‍ കൊല്ലപ്പെട്ട് ഏതാനും ദിവസങ്ങള്‍ക്കു ശേഷം നസറേത്ത് കോടതി മുറ്റത്ത് വെച്ച് അറബ് പോലീസുകാരോട് സുഅബി വളരെ മോശമായി പെരുമാറി എന്നതാണ് അവരുടെ മേലുള്ള ആരോപണം. സ്വന്തം ജനതക്കെതിരെ പോരാടുന്നവരെ നാം ഉന്മൂലനം ചെയ്യണം. ശബാബ് പോരാളികളെ അവര്‍ ഭയക്കട്ടെ. അവരുടെ മുഖത്ത് ഞങ്ങള്‍ കാര്‍ക്കിച്ചു തുപ്പും എന്നൊക്കെ സുഅബി പോലീസുകാരോട് പറഞ്ഞതായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നു.

കോടതി വിധിയെ വിശദീകരിച്ചു കൊണ്ട് സര്‍ക്കാര്‍ അഭിഭാഷകന്‍ റാസ് വാള്‍ട്ടര്‍ പറഞ്ഞത്, ”അവരുടെ കേവലമായ പ്രതികരണത്തെയോ വാദങ്ങളെയോ കുറിച്ചല്ല ഞങ്ങള്‍ പറയുന്നത്. എന്നാല്‍ വളരെ മോശമായ വാക്കുകളാണ് അവര്‍ ഉപയോഗിച്ചത്. പോലീസുകാരെ അവരുടെ കര്‍ത്തവ്യത്തിന്റെ പേരില്‍ അസഭ്യവര്‍ഷം നടത്തുക എന്നത് വളരെ നീചമാണ്. ഒരിക്കലും പൊതു സേവകര്‍ക്കെതിരെ മോശമായി സംസാരിക്കരുത് എന്ന പാഠമാണ് എല്ലാവര്‍ക്കും ഈ ശിക്ഷ നല്‍കുന്നത്. കാരണം, ആളുകള്‍ക്കിടയില്‍ സ്വാധീനമുള്ള തെരെഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധിയാണ് അവര്‍.” വിധി കേട്ട ഹനീന്‍ സുഅബി പ്രതികരിച്ചത്, ”ഇത് ഒരു അനാവശ്യ വിധിയാണ്. വിചാരണയും അസംബന്ധമാണ്. ഇസ്രായേല്‍ സര്‍ക്കാരിന്റെ മര്‍ദ്ദക നിലപാടുകള്‍ക്കെതിരെയാണ് ഞാന്‍ പോരാടുന്നത്. വംശീയ അജണ്ടകള്‍ക്കു നേരെയാണ് ഞാന്‍ ശബ്ദമുയര്‍ത്തുന്നത്. ഒരിക്കലും ജനങ്ങള്‍ക്കെതിരായല്ല എന്റെ പോരാട്ടം. പ്രതിഷേധക്കാരെയും രാഷ്ട്രീയ ആക്ടിവിസ്റ്റുകളെയും അടിച്ചമര്‍ത്തുന്ന പോലീസ് നടപടികള്‍ക്കെതിരെയാണ് ഞാന്‍ പ്രതിഷേധിക്കുന്നത്. അത് ഇനിയും തുടരും”. ജൂതന്മാരെയും അറബികളെയും പോലീസും ജുഡീഷ്യറിയും കാണുന്നത് രണ്ട് കണ്ണോടെയാണ്. ഇത് എന്റെ അവകാശമല്ല, എന്റെ കര്‍ത്തവ്യമാണ്, ഹനീന്‍ സുഅബി കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞയാഴ്ച സുഅബി മറ്റ് അറബ് പാര്‍ലമെന്റ് അംഗങ്ങളായ ജമാല്‍ സഹല്‍ക്കയ്ക്കും ബാസില്‍ ഗത്താസിനുമൊപ്പം ഇസ്രായേല്‍ അധിനിവേശ സേന കൊലപ്പെടുത്തിയ ഫലസ്തീനിയന്‍ ഇരകളുടെ കുടുംബങ്ങളെ സന്ദര്‍ശിച്ചിരുന്നു. എന്നാല്‍ പൊതുരംഗത്തും രാഷ്ട്രീയരംഗത്തുമുള്ള അധിക ഇസ്രായേലികളും ഇത് ഒരു പ്രചോദനമായാണ് കണ്ടത്. ഫലസ്തീനിയന്‍ ഇരകളുടെ മൃതദേഹങ്ങള്‍ തിരിച്ചുനല്‍കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഹനീന്‍ സുഅബി പറഞ്ഞത്, ”മൃതദേഹങ്ങള്‍ കുടുംബങ്ങള്‍ക്ക് നല്‍കപ്പെടണം. അത് ജൂതന്റേതായാലും അറബിയുടേതായാലും. കൊല്ലപ്പെട്ടിട്ടു നാലു മാസത്തോളമായി തിരിച്ചുകിട്ടാത്ത മൃതദേഹങ്ങളുമുണ്ട്. പൊതു സംരക്ഷണ മന്ത്രി ഗിലാദ് എര്‍ദനെയും ഞങ്ങള്‍ ചെന്ന് കണ്ടിരുന്നു. അദ്ദേഹം ഞങ്ങളുടെ ആവശ്യങ്ങള്‍ പരിഗണിക്കുമെന്ന് ഞങ്ങള്‍ക്ക് വിശ്വാസമുണ്ട്.” ഹനീന്‍ സുഅബിയുടെ നനഞ്ഞ കണ്ണുകളില്‍ തിളക്കം.

(ജവഹര്‍ലാല്‍ നെഹ്‌റു യൂണിവേഴ്‌സിറ്റിയില്‍ ഇന്റര്‍നാഷണല്‍ സ്റ്റഡീസില്‍ ഗവേഷകയാണ് ലേഖിക)

വിവ: അനസ് പടന്ന

Related Articles