Current Date

Search
Close this search box.
Search
Close this search box.

സ്വന്തം തട്ടകത്തില്‍ നിന്നാണ് സീസിക്കെതിരെ ശബ്ദമുയരുന്നത്

sisi-salman.jpg

സൗദി മുന്നോട്ടുവെച്ച വലിയ നിക്ഷേപത്തിന് പകരമായി തിറാന്‍, സനാഫിര്‍ ദീപുകള്‍ സൗദിക്ക് വിട്ടുകൊടുത്തു കൊണ്ടുള്ള ഈജിപ്തിന്റെ പ്രഖ്യാപനത്തിനെതിരെ ഈജിപ്തിന്റെ തെരുവുകളില്‍ പ്രതിഷേധം ഉയര്‍ന്നിരിക്കുകയാണ്. ഹുസ്‌നി മുബാറകിനെ അധികാരത്തില്‍ നിന്ന് പുറത്താക്കുന്നതിലേക്കും മുഹമ്മദ് മുര്‍സിക്കെതിരെ നടന്ന അട്ടിമറിയിലേക്കും നയിച്ച പ്രകടനങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ അത്രയൊന്നും വലുപ്പമില്ലെങ്കിലും ഏറെ അപകടകരമായവയാണിവ. പ്രകടനം നടത്തുന്നതിനുള്ള വിലക്കിനെ വെല്ലുവിളിച്ചു എന്നതു കൊണ്ടല്ല. അതിനെ പിന്തുണക്കുകയും അതില്‍ പങ്കെടുക്കുകയും ചെയ്ത ആള്‍ക്കൂട്ടത്തിലെ വൈവിധ്യമാണ് അതിനെ വേറിട്ടതാക്കുന്നത്.

സാധാരണ പോലെ ഭരണകൂടത്തിന്റെ എതിരാളികളായ മുസ്‌ലിം ബ്രദര്‍ഹുഡ് പോലുള്ള സംഘടനകളുടെ ആഹ്വാനത്തെ തുടര്‍ന്നല്ല അതുണ്ടായത്. ഇസ്‌ലാമിസ്റ്റുകളെ പ്രതിനിധീകരിച്ച് മുര്‍സിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോള്‍ അതിനെതിരെ അട്ടിമറി നടത്താന്‍ അബ്ദുല്‍ ഫത്താഹ് സീസിക്കൊപ്പം നിലകൊണ്ട മതേതരുടെ സംഘമായിരുന്നു അത് ചെയ്തത്. സങ്കീര്‍ണമായ സാഹചര്യത്തില്‍ സീസിക്ക് നിയമപരിരക്ഷ ഒരുക്കി കൊടുത്തത് അവരായിരുന്നു എന്നത് വിസ്മരിക്കരുത്.

ഈജിപ്തിലെ ഭരണകൂടവുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന വ്യക്തികള്‍ പ്രസ്തുത ദ്വീപുകളുടെ കാര്യത്തിലുണ്ടായ ഉടമ്പടിക്കെതിരെ രംഗത്ത് വന്ന സംഘത്തോടൊപ്പമുണ്ട്. പ്രസിഡന്റ് തെരെഞ്ഞെടുപ്പില്‍ മുര്‍സിയുടെ എതിരാളികളായി നിന്ന ഹംദൈന്‍ സ്വബാഹി, അഹ്മദ് ശഫീഖ്, അംറ് മൂസാ എന്നീ മൂന്ന് പേരും അതിലുണ്ട്. അവര്‍ക്ക് പുറമെ നിരവധി അക്കാദമിക വിദഗ്ദരും മാധ്യമപ്രവര്‍ത്തകരും സാംസ്‌കാരിക നേതാക്കളും അതിന്റെ ഭാഗമാണ്.

വലിയൊരു വിഭാഗം മാധ്യമ പ്രവര്‍ത്തകരും സാംസ്‌കാരിക നേതാക്കളും ഈ വിഷയത്തില്‍ കരാറിനെ പിന്തുണച്ച് സീസിക്കൊപ്പമുണ്ടെന്നതില്‍ തര്‍ക്കമില്ല. തെളിവുകളും രേഖകളും നിരത്തി അവരതിനെ ന്യായീകരിക്കുകയും ചെയ്യുന്നുണ്ട്. എന്നാല്‍ അതിനെ എതിര്‍ക്കുന്ന വിഭാഗം പ്രസിഡന്റ് സീസിയെ പിന്തുണക്കുന്നവരും ബ്രദര്‍ഹുഡ് ഭരണത്തിന്റെ വിരോധികളുമായതിനാല്‍ അതിന് പ്രാധാന്യവും പ്രസക്തിയുമുണ്ട്. അവര്‍ക്കുണ്ടായിരിക്കുന്ന ഈ മാറ്റം ഒരൊറ്റ നിമിഷം കൊണ്ടുണ്ടായതല്ല. ഭരണകൂടത്തില്‍ അടിഞ്ഞു കൂടിയ തെറ്റുകളെ ഫലമാണത്. രാജ്യത്തിന്റെ സാമ്പത്തിക തകര്‍ച്ച, കറന്‍സിയുടെ മൂല്യത്തില്‍ വന്ന ഇടിവ്, പ്രതിപക്ഷത്തിന് നേര്‍ക്കുള്ള സുരക്ഷാ വിഭാഗത്തിന്റെ അതിക്രമങ്ങള്‍, ആഗോളതലത്തിലും പ്രാദേശികമായും ഈജിപ്തിനുണ്ടായിരുന്ന സ്ഥാനത്തില്‍ നിന്നുള്ള പിന്നോട്ട് പോക്ക്, ഭീകര ഇല്ലാതാക്കുന്നതിലെ പരാജയം തുടങ്ങിയവ അതില്‍ പ്രധാനമാണ്.

2014 മെയ് മാസത്തില്‍ സീസി അധികാരത്തിലെത്തിയതിന് ശേഷം ഇത്രത്തോളം അപകടകരമായ ഒരു എതിര്‍പ്പ് നേരിടേണ്ടി വന്നിട്ടുണ്ടാവില്ല. നാടിന് ഏറെ പവിത്രത കല്‍പിക്കുന്ന ഈജിപ്തുകാരുടെ വികാരം ഇളക്കിയത് ആ രണ്ട് ദ്വീപുകളുടെ കാര്യത്തില്‍ കാണിച്ച വിട്ടുവീഴ്ച്ചയാണ്. അതിലൂടെ ലഭിക്കുന്ന സാമ്പത്തികവും രാഷ്ട്രീയവുമായ വമ്പിച്ച നേട്ടം ജനങ്ങളെ കാണിക്കുന്നതിന് മുമ്പ് ഒപ്പുവെക്കാന്‍ തിടുക്കം കാട്ടിയതാണ് പ്രശ്‌നത്തിന് കാരണം.

മുപ്പത് വര്‍ഷത്തെ സ്വച്ഛാധിപത്യ ഭരണം നടത്തിയ മുബാറികിനെ പുറത്താക്കിയ സോഷ്യല്‍ മീഡിയ സീസിക്കെതിരെയും നീക്കങ്ങള്‍ തുടങ്ങിയിരിക്കുന്നു. 2011 ജനുവരി വിപ്ലവ സമയത്ത് അവ നടത്തിയ ചലനങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ അതിന്റെ തോത് ചെറുതായിരിക്കാം. എന്നാല്‍ ഈജിപ്ത് ഭരണകൂടത്തിന് ഈ പ്രതിസന്ധിയെ വേഗത്തില്‍ മറികടക്കാന്‍ സാധിക്കുന്നില്ലെങ്കില്‍ ആ നീക്കം കൂടുതല്‍ ശക്തിപ്പെടുമെന്നതില്‍ സംശയം വേണ്ട. ലിബറലിസ്റ്റുകളെ കൂട്ടങ്ങളും ഭരണകൂടത്തിന്റെ ഭാഗമായവരും, വിരമിച്ച സൈനിക ഓഫീസര്‍മാരും അതില്‍ ചേര്‍ന്നേക്കാം. ഭരണകൂടത്തിന് അതുണ്ടാക്കുന്ന ഭാവി വെല്ലുവിളികളെ അത്ര നിസ്സാരമായി കാണാനാവില്ല.

ഈജിപ്തിലെ ഭരണകൂടത്തിന്റെ നിയമ സാധുത ചോദ്യം ചെയ്യപ്പെട്ടിരിക്കുകയാണ്. മുന്‍കഴിഞ്ഞ പ്രതിസന്ധികളെ തരണം ചെയ്ത പോലെ ഇതും പരിഹരിക്കപ്പെട്ട് മുന്നോട്ടു പോകുമെന്ന് പറയുന്നവരോട് നമുക്ക് വിയോജിപ്പുണ്ട്. ഭരണകൂടത്തിന്റെ സ്വന്തം തട്ടകത്തില്‍ തന്നെയുള്ള വലിയൊരു വിഭാഗം അതിന്റെ രാജി ആവശ്യപ്പെടുമ്പോള്‍ വലിയൊരു കടുത്ത പ്രതിസന്ധി തന്നെയാണത്. ‘സൈനിക ഭരണം തുലയട്ടെ’ എന്നാണവര്‍ മുദ്രാവാക്യം വളിക്കുന്നത്. ഈ മാറ്റം ഈജിപ്തിലെ സൈനിക ഭരണകൂടത്തെ അസ്വസ്ഥപ്പെടുത്തേണ്ടതുണ്ട്. ആവശ്യമായ എല്ലാ പിന്തുണയും നല്‍കി സീസിയെ അധികാരത്തിലെത്തിച്ചത് അവരായിരുന്നല്ലോ.

മിക്ക മൂന്നാം ലോക രാഷ്ട്രങ്ങളിലും സൈനിക സംവിധാനമാണ് രാജ്യത്തിന്റെ സുരക്ഷയും സുസ്ഥിരതയും സംരക്ഷിച്ചു നിര്‍ത്തുന്നത്. ഭരണകൂടങ്ങളെ താഴെയിറക്കുന്നതും സംരക്ഷിച്ചു നിര്‍ത്തുന്നതിലും അവക്ക് പങ്കുണ്ട്. തുര്‍ക്കി, പാകിസ്താന്‍, തുനീഷ്യ, ഈജിപ്ത് തുടങ്ങിയവിടങ്ങളിലെല്ലാം നാമത് കണ്ടതാണ്. അമേരിക്ക ഇറാഖില്‍ അധിനിവേശം നടത്തിയപ്പോള്‍ രാഷ്ട്രസംവിധാനങ്ങളെ പിച്ചിചീന്തുന്നതിന് ഇറാഖ് സൈന്യത്തെ പിരിച്ചുവിടുകയായിരുന്നു ആദ്യം ചെയ്തത്.

മുന്‍ ഈജിപ്ത് പ്രസിഡന്റ് മുഹമ്മദ് അന്‍വര്‍ സാദത്തിനെ വകവരുത്തിയത് ഈജിപ്ത് സൈന്യമായിരുന്നു. ഹുസ്‌നി മുബാറകിനെ അധികാരത്തില്‍ നിന്ന് താഴെയിറക്കിയതും അതിന് ശേഷം മുഹമ്മദ് മുര്‍സിക്കെതിരെ അട്ടിമറി നടത്തിയതും അവരായിരുന്നു. നിലവിലെ ഈജിപ്തിന്റെ അവസ്ഥ ആ സൈന്യം സസൂക്ഷ്മം നിരീക്ഷിക്കുകയാണ്. രാഷ്ട്രത്തിന്റെ കീര്‍ത്തിക്ക് കോട്ടം തട്ടുകയും അത് തകര്‍ച്ചയിലേക്ക് നീങ്ങുകയുമാണെന്ന് അതിന് തോന്നിയാല്‍ ഒരു ഇടപെടലിന് അത് മടിച്ചു നില്‍ക്കുകയില്ല.

വിവ: നസീഫ്‌

Related Articles