Current Date

Search
Close this search box.
Search
Close this search box.

സ്റ്റീഫന്‍ ഹോക്കിങ്ങ്: ഫലസ്തീനു വേണ്ടി ശബ്ദിച്ച ശാസ്ത്ര പ്രതിഭ

dgj.jpg

കഴിഞ്ഞ ദിവസം വിട പറഞ്ഞ വിഖ്യാത ഭൗതിക ശാസ്ത്രജ്ഞനും ലോകം കണ്ട അപൂര്‍വ ശാസ്ത്ര പ്രതിഭയുമായ സ്റ്റീഫന്‍ ഹോകിങ്ങ് മരണം വരെ ലോകത്ത് അടിച്ചമര്‍ത്തപ്പെട്ടവര്‍ക്കും സ്വാതന്ത്ര്യം നിഷേധിക്കപ്പെട്ടവര്‍ക്കും വേണ്ടിയും ശബ്ദിച്ചിരുന്നു. തന്റെ ഭൗതിക ശാസ്ത്ര ചിന്തകള്‍ക്കും കണ്ടുപിടുത്തങ്ങള്‍ക്കും പ്രവചനങ്ങള്‍ക്കും അപ്പുറത്ത് മറ്റൊരു ഹോക്കിങ് ഉണ്ടായിരുന്നു. അധികമെവിടെയും പ്രതിപാദിക്കാത്ത മനുഷ്യസ്‌നേഹിയായ ശാസ്ത്രജ്ഞന്‍. ഇസ്രായേലിനെതിരെയും ഫലസ്തീന്റെ സ്വാതന്ത്ര്യത്തിനു വേണ്ടിയും സിറിയന്‍ ജനതക്കു വേണ്ടിയും ശബ്ദിച്ച മഹാമനസ്‌കന്‍ കൂടുയായിരുന്നു അദ്ദേഹം.

rhtdyki

സിറിയയിലെ യുദ്ധം അവസാനിപ്പിക്കാനും സിറിയന്‍ ജനതയുടെ മനുഷ്യാവകാശ ലംഘനങ്ങള്‍ക്കുമെതിരെയും അദ്ദേഹം തന്റെ ശാസ്ത്ര ജീവിതത്തിനിടെ സമയം കണ്ടെത്തി. 21ാം വയസ്സില്‍ മോട്ടോര്‍ ന്യൂറോണ്‍ എന്നു വിളിക്കുന്ന അമൈട്രോഫിക് ലാറ്ററല്‍ സ്‌ക്ലിറോസിസ് (എ.എല്‍.എസ്) എന്ന അപൂര്‍വ രോഗം ബാധിച്ച് ശരീരത്തിന്റെ ചലനശേഷി പൂര്‍ണമായും നഷ്ടപ്പെട്ട് വീല്‍ചെയറിലേക്ക് ജീവിതം തളച്ചിടപ്പെട്ടപ്പോഴും ഹോക്കിങ് ഫലസ്തീനും സിറിയക്കും വേണ്ടി നിലകൊണ്ടു എന്നത് ശ്രദ്ധേയമാണ്. കംപ്യൂട്ടറുമായി ഘടിപ്പിച്ച സ്പീച്ച് സിന്തസൈസര്‍ വഴിയാണ് പിന്നീട് 76ാം വയസ്സുവരെ അദ്ദേഹം ലോകത്തോട് സംവദിച്ചത്.

1985ല്‍ മരണത്തെ മുഖാമുഖം കണ്ട് ഡോക്ടര്‍മാര്‍ വരെ കൈയൊഴിഞ്ഞ അവസ്ഥയില്‍ നിന്നും ഉദിച്ചുയര്‍ന്ന പൊന്‍താരകമായിരുന്നു ഈ മഹാപ്രതിഭ.
1988ല്‍ പുറത്തിറങ്ങിയ ഹോക്കിങ്ങിന്റെ ‘എ ബ്രീഫ് ഹിസ്റ്ററി ഓഫ് ടൈം ‘ (സമയത്തിന്റെ ലഘുചരിത്രം) എന്ന പുസ്തകം 10 മില്യണിലധികം കോപ്പികളാണ് ഇതുവരെയായി വിറ്റഴിഞ്ഞത്. ഇതോടെ ലോകത്തിലെ അപൂര്‍വ ശാസ്ത്രജ്ഞരുടെ പട്ടികയില്‍ ഇടംപിടിക്കുകയായിരുന്നു ഹോക്കിങ്. 1942ല്‍ ബ്രിട്ടനിലെ ഓക്‌സ്‌ഫോഡില്‍ ജനിച്ച അദ്ദേഹം ചെറപ്രായത്തില്‍ തന്നെ ശാസ്ത്രത്തെ ഞെട്ടിച്ചു.

ഫല്‌സതീന്റെ അവകാശങ്ങള്‍ക്കും മോചനത്തിനും വേണ്ടിയും ഇസ്രായേല്‍ ബഹിഷ്‌കരണത്തിനു വേണ്ടിയും രൂപീകരിച്ച ബി.ഡി.എസ് മൂവ്‌മെന്റിനും ഹോക്കിങ് പിന്തുണ നല്‍കി. 2013ല്‍ ഇസ്രായേലില്‍ വച്ചു നടന്ന സമ്മേളനത്തില്‍ അദ്ദേഹം പരസ്യമായി ഫലസ്തീനുവേണ്ടി ശബ്ദമുയര്‍ത്തി. ജറൂസലേമില്‍ വച്ച് ഇസ്രായേല്‍ പ്രസിഡന്റ് ഷിമോണ്‍ പെരസ് വിളിച്ചു ചേര്‍ത്ത യോഗത്തിലേക്ക് ക്ഷണം ലഭിച്ച വേളയിലാണ് ഹോക്കിങ് ഫല്‌സതീനികള്‍ക്കു വേണ്ടി സംസാരിച്ചത്.

ഇസ്രായേലിനെ പിന്തുണക്കുന്നവരെ ഹോക്കിങ് അപലപിച്ചു. ഇതുവരെ ഒരു ശാസ്ത്രജ്ഞന്‍ പോലും ഇസ്രായേലിനെതിരെ ശബ്ദിച്ചിട്ടില്ലെന്നാണ് പിന്നീട് ഇസ്രായേല്‍ വിദേശകാര്യ മന്ത്രാലയം പറഞ്ഞത്.

2009ല്‍ അല്‍ജസീറക്ക് നല്‍കിയ അഭിമുഖത്തിലും ഇസ്രായേലിനെതിരെ അദ്ദേഹം തുറന്നടിച്ചു. ഇസ്രായേല്‍ ഗസ്സയില്‍ നടത്തുന്ന വ്യാപകമായ അധിനിവേശത്തെക്കുറിച്ച് ഹോക്കിങ് പറഞ്ഞു ‘അധിനിവേശത്തിന്റെ കീഴില്‍ ജീവിക്കുന്ന ഒരു ജനത അവര്‍ക്ക് പ്രതിരോധിക്കാന്‍ കഴിയുന്ന രൂപത്തില്‍ അതിനെ എതിര്‍ക്കണം. ഇസ്രായേല്‍ സമാധാനം ആഗ്രഹിക്കുന്നുണ്ടെങ്കില്‍ നിങ്ങള്‍ ഹമാസുമായി ചര്‍ച്ച നടത്താന്‍ തയാറാകണം, ബ്രിട്ടന്‍ ഐ.ആര്‍.എ (ഐറിഷ് റിപ്പബ്ലിക്കന്‍ ആര്‍മി)യുമായി ചര്‍ച്ച നടത്തിയ പോലെ’ അദ്ദേഹം പറഞ്ഞു. ‘ഫലസ്തീന്‍ ജനതക്കുവേണ്ടി ജനാധിപത്യ രീതിയില്‍ രീതിയില്‍ തെരഞ്ഞെടുത്ത നേതാക്കളാണ് ഹമാസിന്റേത്. അതിനാല്‍ തന്നെ അവരെ അവഗണിക്കാനാവില്ല’. അദ്ദേഹം പറഞ്ഞു.

2006ല്‍ എട്ടു ദിവസത്തെ ഇസ്രായേല്‍ സന്ദര്‍ശനത്തിനു ശേഷമാണ് ഹോക്കിങ് ഫലസ്തീനിനുള്ള പിന്തുണ ശക്തമാക്കിയതും ഇസ്രായേലിനെ എതിര്‍ക്കാന്‍ തുടങ്ങിയതും. അന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി എഹുദ് ഒല്‍മേര്‍ടുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തിയിരുന്നു. ജറൂസലേമിലെ ഹിബ്രു സര്‍വകലാശാലയില്‍ ഒരു പ്രഭാഷണവും അദ്ദേഹം നിര്‍വഹിച്ചു. തുടര്‍ന്ന് വെസ്റ്റ് ബാങ്കില്‍ ഇസ്രായേല്‍ അനധികൃതമായി നിര്‍മിച്ച ബിര്‍സെയ്ത് സര്‍വകലാശാലയും അദ്ദേഹം സന്ദര്‍ശിച്ചു.

ഫലസ്തീനിലെ ശാസ്ത്രജ്ഞരെ പിന്തുണക്കുന്നതിന് ഹോക്കിങ് തന്റെ ഫേസ്ബുക്ക് പേജ് ഉപയോഗിച്ചു. ഫലസ്തീനില്‍ ആരംഭിക്കുന്ന രണ്ടാമത്തെ ഫലസ്തീനിയന്‍ അഡ്വാന്‍സ്ഡ് ഫിസിക്‌സ് സ്‌കൂളിനു വേണ്ടി സംഭാവനകള്‍ നല്‍കാനും അദ്ദേഹം ഫേസ്ബുക്കിലൂടെ ആഹ്വാനം ചെയ്തിരുന്നു.

2014ലാണ് സിറിയന്‍ ആഭ്യന്തര യുദ്ധത്തിനെതിരെ അദ്ദേഹം ശബ്ദമുയര്‍ത്തിയത്. ‘സേവ് ദി ചില്‍ഡ്രന്‍’ എന്ന അന്താരാഷ്ട്ര ജീവകാരുണ്യ സംഘടനയുടെ ഭാഗമായാണ് അദ്ദേഹം പ്രവര്‍ത്തിച്ചത്. യുദ്ധത്തില്‍ ദുരിതമനുഭവിക്കുന്ന കുട്ടികള്‍ക്കു വേണ്ടിയും യുദ്ധത്തിന്റെ മൂന്നാം വാര്‍ഷികവേളയില്‍ അദ്ദേഹം ക്യാംപയിനില്‍ പങ്കാളിയായി.

ലോകത്തു മണ്‍മറഞ്ഞു പോയ മറ്റു ശാസ്ത്ര പ്രതിഭകളില്‍ നിന്നും വിവിധ കാരണങ്ങള്‍ കൊണ്ട് വേറിട്ടു നിന്ന സ്റ്റീഫന്‍ ഹോക്കിങ് നിരന്തരം ലോകത്തെ ഞെട്ടിച്ചുകൊണ്ടിരുന്നു. ജീവിതം വീല്‍ ചെയറിലേക്ക് ചുരുങ്ങിയിട്ടും നീതി നിഷേധിക്കപ്പെടുന്ന ജനതക്കു വേണ്ടി ശബ്ദിക്കാനും പ്രവര്‍ത്തിക്കാനും സമയം കണ്ടെത്തിയ ഹോക്കിങ് അക്ഷരാര്‍ത്ഥത്തില്‍ നമ്മെ അത്ഭുതപ്പെടുത്തുകയായിരുന്നു. അമേരിക്കന്‍-ഇസ്രായേല്‍ ചേരികള്‍ക്കൊപ്പം നിന്ന് അവരെ തൃപ്തിപ്പെടുത്തി മുന്നോട്ടുപോകുന്ന മറ്റു ശാസ്ത്രജ്ഞര്‍ക്കും പ്രതിഭകള്‍ക്കും മുന്നില്‍ വേറിട്ടു നില്‍ക്കുകയായിരുന്നു ഈ ശാസ്ത്ര ഇതിഹാസം.

അവലംബം: middleeasteye.net
മൊഴിമാറ്റം: പി.കെ സഹീര്‍ അഹ്മദ്‌

 

Related Articles