Current Date

Search
Close this search box.
Search
Close this search box.

സോഷ്യല്‍ മീഡിയ ഹര്‍ത്താല്‍: നിലപാടെന്ത്?

jhl.jpg

മുല്ലപ്പൂ വിപ്ലവം നടക്കുന്നതിന്റെ തൊട്ടു മുമ്പാണ് ഞാന്‍ ഈജിപ്തില്‍ പോയത്. പൊതു ഇടങ്ങളില്‍ സംസാരിക്കുന്നതിന്റെ ഈജിപ്ഷ്യന്‍ മര്യാദകളാണ് ഹോട്ടലിലെ മാനേജര്‍ എന്നെ ആദ്യം പഠിപ്പിച്ചത്. ചുമരുകള്‍ക്കു പോലും ചെവിയുണ്ട് എന്ന ഓര്‍മപ്പെടുത്തലുകളില്‍ അവിടുത്തെ ഭീകരത ബോധ്യമാകും. കൈറോവില്‍ നിന്നും ഇസ്താംബൂളിലേക്കു പോകുമ്പോള്‍ ട്രെയിനില്‍ വെച്ച് സംസാരിച്ച ഇസ്മായിലും പറഞ്ഞത് അത് തന്നെ. അവിടെയാണ് മുല്ലപ്പൂ വിപ്ലവം നടന്നത്.

സ്വാതന്ത്ര്യം നേടാനുള്ള ജനത്തിന്റെ ത്വരയാണ് പിന്നെ  കണ്ടത്. അന്ന് അവിടുത്തെ തെരുവുകളില്‍ തടിച്ചു കൂടിയ ജനാവലിയോട് ഇന്നലത്തെ ഹര്‍ത്താലിനെ സമീകരിക്കുക എന്നത് ന്യായീകരണം അര്‍ഹിക്കുന്നില്ല. ഹര്‍ത്താലുകള്‍ സമരത്തിന്റെ പരിധിവിട്ട രൂപമാണ്. സാധാരണ ഹര്‍ത്താലുകള്‍ നടക്കുക ഒരു പാര്‍ട്ടിയുടെ കീഴിലാണ്. പാര്‍ട്ടികള്‍ക്കപ്പുറം ജനത്തിനു പ്രതികരിക്കാന്‍ അവകാശമുണ്ട്. അതും നാം അംഗീകരിക്കും.

നാഥനില്ലാ പട നായിപ്പട എന്നൊരു ചൊല്ലുണ്ട്. വ്യവസ്ഥാപിത പാര്‍ട്ടികളും സംഘടനകളും നടത്തിയ ഹര്‍ത്താലില്‍ നിന്നും ഭിന്നമായി ഇന്നലെ ഒന്നും നടന്നില്ല. അതുകൊണ്ട് മാത്രം അത് ഭീകരവാദം എന്ന് പറയാനും കഴിയില്ല. മലപ്പുറത്തു എന്ത് നടന്നാലും അതിനൊരു വര്‍ഗീയ സ്വഭാവവും ഭീകര സ്വഭാവവും നല്‍കുക എന്നത് സി.പി.എം അടുത്തിടെ സ്വീകരിക്കുന്ന രീതിയാണ്. ബി.ജെ.പി പണ്ട് തുടക്കമിട്ടത് അവര്‍ ഏറ്റുപിടിച്ചു എന്ന് മാത്രം. മലപ്പുറത്തെ സമരങ്ങളെ അടിച്ചൊതുക്കാന്‍ നല്ലതു ഭീകരവാദമാണ് എന്നും അവര്‍ കണ്ടു പിടിച്ചിരിക്കുന്നു. മുസ്ലിംകള്‍ ഭീകരമാണ് എന്ന വായന മറ്റു പലരെയും സന്തോഷിപ്പിക്കും എന്നും പാര്‍ട്ടി കരുതി കാണണം. കാശ്മീരിലെ കുട്ടിയോട്  സംഘ്പരിവാര്‍ കാണിച്ച കൊടും ക്രൂരതയും മലപ്പുറത്തെ ഹര്‍ത്താലും ഒരേപോലെ എന്നത് സി പി എം പ്രതിനിധിക്ക് അറിയാതെ പുറത്തു വന്നതല്ല. മനസ്സില്‍ അടിഞ്ഞു കിടക്കുന്നതു പുറത്തു വന്നു എന്ന് മാത്രം.

ആരോ നല്‍കിയ ഒരു ആജ്ഞ കേട്ട് തെരുവിലിറങ്ങുക എന്നത് നല്ല പ്രവണതയല്ല.  ഇതിനു മുമ്പും ഇത്തരം സമരങ്ങള്‍ നടന്നിട്ടുണ്ട് എന്നത് ശരിയാണ്. അന്നൊന്നും ഇല്ലാത്ത വ്യാകുലത ഈ കാര്യത്തില്‍ മാത്രമെന്തിന് എന്ന ചോദ്യവും പ്രസക്തമാണ്. എല്ലാ സമരങ്ങളും നടന്നത് പ്രസ്തുത  വിഷയങ്ങളെ  കുറിച്ച്  പൊതു ബോധം ഉണ്ടാവുന്നതിനു മുമ്പാണ്. അതെ സമയം ഇവിടെ ഒരു സംഘപരിവാര്‍ പൊതു ബോധം രൂപപ്പെടുകയും ചെയ്തിരിക്കുന്നു. അതിനെ അട്ടിമറിക്കുക എന്നതാണ് ഈ ഹര്‍ത്താലിന്റെ ബാക്കി പത്രം എന്ന് വേണം വായിക്കാന്‍. രാഷ്ട്രീയ പാര്‍ട്ടികളുടെ പിന്തുണയില്ലാതെ ജനം സമരത്തിന് മുന്നോട്ടു വരുന്നത് നല്ല കാര്യമാണ്.  സമൂഹത്തിന്റെ ശ്രദ്ധയും പിന്തുണയും ലഭിക്കുക എന്നതാണ് ഹര്‍ത്താല്‍ കൊണ്ട് ഉദ്ദേശിക്കപ്പെടുന്നതും. അവിടെയാണ്  നാഥനില്ലാത്ത ഒരു ഹര്‍ത്താല്‍ രംഗത്തു വരുന്നത്. ഈ ഹര്‍ത്താല്‍ കൊണ്ട് ആസിഫ വിഷയത്തിന് എന്ത് ഗുണം ലഭിച്ചു എന്നതാകണം ചര്‍ച്ച. ജനകീയ സമരം എന്നത് പോലും ഈ വിഷയത്തില്‍ അസ്ഥാനത്താണ്. ചില മത ചിഹ്നങ്ങള്‍ ഉപയോഗിച്ച് മുദ്രാവാക്യം വിളിച്ചു എന്നത് തന്നെ വിഷയത്തിന്റെ വഴി തിരിച്ചു വിടലാണ്.

വ്യവസ്ഥാപിത പാര്‍ട്ടികളും സംഘടനകളും മാറി നിന്നിട്ടും വിഷയത്തെ പൊതു ജനം സ്വീകരിച്ചു എന്നത് തെറ്റായ വായനയാണ്. ശുദ്ധ രാഷ്ട്രീയമുള്ളവര്‍ തന്നെയാണ് പലയിടത്തും ഈ സമരത്തെ ഏറ്റെടുത്തത്.  ഒരു ജനാധിപത്യ സമൂഹത്തില്‍ കാര്യങ്ങളെ സമീകരിക്കേണ്ടത് ഏകാധിപത്യ രാജ്യത്തെ അവസ്ഥയോടല്ല. ഫേസ്ബുക്കും മറ്റു സാമൂഹിക മാധ്യമങ്ങളും ജനാധിപത്യ സംസ്‌കാരത്തെ മറികടക്കാന്‍ അനുവദിച്ചാല്‍ അതൊരു ദുരന്തമാകും. ആള്‍ക്കൂട്ട മനശാസ്ത്രം പലപ്പോഴും നൈമിഷികം മാത്രം. നാളെ ആര്‍ക്കും ഒളിഞ്ഞിരുന്നു മറ്റൊരു ഹര്‍ത്താലിന് ആഹ്വാനം നല്‍കാം.  ജനാധിപത്യത്തില്‍ എന്തും സുതാര്യമാകണം. മറക്കു പിന്നിലെ കളികള്‍ ഒരിക്കലും ഭൂഷണമല്ല തന്നെ.

അടിച്ചു തകര്‍ക്കുക, കടയടപ്പിക്കുക എന്നതിലപ്പുറം ഹര്‍ത്താലുകള്‍ അധികമൊന്നും നേടാറില്ല. ആസിഫയുടെ നീതി എന്ന ഉത്തമ ലക്ഷ്യമാണ് ഹര്‍ത്താലിന്റെ ഉദ്ദേശം. മതത്തിന്റെ പേരിലാണ് ആസിഫ കൊല്ലപ്പെട്ടത്. പക്ഷെ മതേതര ഇന്ത്യ ആ കുട്ടിയുടെ കൂടെ നില്‍ക്കുന്ന സുന്ദര മുഹൂര്‍ത്തത്തിന് നാം സാക്ഷിയായി. മതേതരത്വവും നല്ല മനസ്സുകളും ഒന്നിച്ചു നില്‍ക്കുന്നത് പലരെയും അലോസരപ്പെടുത്തിയിട്ടുണ്ട്.  അവര്‍ തന്നെയാണ് പലപ്പോഴും ഇത്തരം സമയങ്ങളില്‍ വിജയിക്കുന്നതും. അടിക്കാനുള്ള വടി കൊടുത്ത് അടി കിട്ടുന്നെ എന്ന് നില വിളിച്ചിട്ടെന്ത് കാര്യം.

 

Related Articles