Current Date

Search
Close this search box.
Search
Close this search box.

സൂഫി സമ്മേളനത്തിന് പിന്നിലെ ആര്‍.എസ്.എസ് ഗൂഢാലോചന

modi-sufi-conference.jpg

ന്യൂഡല്‍ഹിയില്‍ നടക്കുന്ന സൂഫികളുടെ ചതുര്‍ദിന സമ്മേളനം പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് മാര്‍ച്ച് 17ന് ഉദ്ഘാടനം ചെയ്തിരിക്കുന്നത്. സമ്മേളനം ഉദ്ഘാടനം ചെയ്ത് മോദി പറയുന്നു: ”ഭീകരതക്കെതിരെയുള്ള പോരാട്ടം ഏതെങ്കിലും മതത്തിനെതിരല്ല. അങ്ങനെ ആവാനും പാടില്ല. മാനുഷിക മൂല്യങ്ങള്‍ക്കും മനുഷ്യത്വ രഹിത ശക്തികള്‍ക്കും ഇടയിലെ പോരാട്ടമാണ്. സൈനിക, നയതന്ത്ര, ഇന്റലിജന്‍സ് തലങ്ങളില്‍ മാത്രമായി ഒതുങ്ങുന്നതല്ല ആ പോരാട്ടം. നമ്മുടെ മൂല്യങ്ങളും മതങ്ങളുടെ യഥാര്‍ഥ സന്ദേശവും ജയിക്കേണ്ട പോരാട്ടമാണിത്. ഞാന്‍ മുമ്പ് പറഞ്ഞിട്ടുള്ളത് പോലെ, ഭീകരതക്കും മതത്തിനും ഇടയിലെ ബന്ധം തള്ളിക്കളയേണ്ടത് അനിവാര്യമാണ്. മതത്തിന്റെ പേരില്‍ ഭീകരത പരത്തുന്നവരാണ് മതവിരുദ്ധര്‍.” അല്ലാഹുവിന്റെ 99 നാമങ്ങളില്‍ ഒന്നു പോലും അക്രമത്തെ കുറിക്കുന്നതല്ലെന്നും അതില്‍ ആദ്യത്തെ രണ്ടെണ്ണം കാരുണ്യത്തെയും ദയയെയുമാണ് കുറിക്കുന്നതെന്നും മോദി പറഞ്ഞു. സൂഫിസത്തിന്റെ ആത്മീയസ്‌നേഹം അതിര്‍ത്തികള്‍ക്കപ്പുറത്തേക്ക് ഒഴുകിയാല്‍ കവി അമീര്‍ ഖുസ്രു വിശേഷിപ്പിച്ചതുപോലെ ഈ മേഖല ഭൂമിയിലെ സ്വര്‍ഗമാവും. ഭീകരത നമ്മെ ഭിന്നിപ്പിക്കുകയും നശിപ്പിക്കുകയും ചെയ്യുമ്പോള്‍ സൂഫിസത്തിന്റെ സന്ദേശത്തിന് ആഗോളപ്രസക്തി ഏറെയുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു. സ്വാതന്ത്ര്യ പുലരിയില്‍ പുറത്തു പോകലാണ് ചിലര്‍ തെരെഞ്ഞെടുത്തത്. അന്നത്തെ കോളോണിയല്‍ രാഷ്ട്രീയത്തിന്റെ ഭാഗമായിട്ടാണതെന്നാണ് ഞാന്‍ മനസ്സിലാക്കുന്നതെന്നും മോദി വ്യക്തമാക്കി. മൗലാനാ ആസാദിനെ പോലെയും മൗലാനാ ഹുസൈന്‍ മദനിയെയും പോലുള്ള നേതാക്കന്‍മാരും ലക്ഷക്കണക്കിന് ജനങ്ങളും മതത്തിന്റെ അടിസ്ഥാനത്തിലുള്ള വിഭജനത്തെ എതിര്‍ത്തിരുന്നു എന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.

ഹസ്രത്ത് മുഹമ്മദ് അശ്‌റഫ് അശ്‌റഫിയുടെ നേതൃത്വത്തിലുള്ള ആള്‍ ഇന്ത്യ ഉലമാ ആന്റ് മശാഇഖ് ബോര്‍ഡിന്റെ പേരില്‍ സംഘടിപ്പിക്കുന്ന പരിപാടിയില്‍ ഇന്ത്യക്കകത്തുള്ള ആയിരക്കണക്കിന് പ്രതിനിധികളും വിദേശത്തു നിന്നുള്ള നൂറോളം പേരുമാണ് പങ്കെടുക്കുന്നത്. ഉപഭൂഖണ്ഡത്തിലെ മുസ്‌ലിംകളില്‍ ഭൂരിപക്ഷം തങ്ങളാണെന്ന് വാദിക്കുന്ന ബറേല്‍വികള്‍ക്ക് കീഴിലാണ് ബോര്‍ഡ്. ദാരിദ്ര്യവും നിരക്ഷരതയും കാരണം തങ്ങള്‍ക്ക് വേണ്ടത്ര രാഷ്ട്രീയ ഇടം നേടാന്‍ സാധിച്ചില്ലെന്നാണ് അവര്‍ വാദിക്കുന്നത്. ഈ വലിയ സമ്മേളനത്തിന് മുന്നോടിയായി രാജ്യത്തിന്റെ പല ഭാഗങ്ങളിലും ചെറിയ ചെറിയ സമ്മേളനങ്ങള്‍ നടന്നിരുന്നു.

ദുയൂബന്ദികളെ പോലെ ബറേല്‍വികളും ഹനഫീ മദ്ഹബ് പിന്‍പറ്റുന്നവരാണ്. ‘അഹ്‌ലുസുന്നത്തിന്റെ’ ആളുകളാണ് തങ്ങളെന്ന് വാദിക്കുന്ന ബറേല്‍വികള്‍ ഹസ്രത്ത് അഹ്മദ് റസാ ഖാന്റെ പിന്‍ഗാമികളാണ്. പത്തൊമ്പതാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ അദ്ദേഹമാണ് ഈ വിഭാഗത്തിന് തുടക്കം കുറിച്ചത്. ഇരുവിഭാഗവും ഹനഫീ മദ്ഹബ് പിന്തുടരുന്നവരാണെങ്കിലും പ്രവാചകനെ അമിതമായി വാഴ്ത്തുന്നവരും സൂഫി ദര്‍ഗകളില്‍ പോയി പ്രാര്‍ഥന നടത്തുന്നവരുമാണ് ബറേല്‍വികള്‍. അതേ സമയം ദുയൂബന്ദികള്‍ അതിനെ ബിദ്അത്തായിട്ടാണ് കാണുന്നത്.

പരമ്പരാഗതമായി ബറേല്‍വികള്‍ രാഷ്ട്രീയമില്ലാത്തവരാണ്. അതേസമയം സ്വാതന്ത്ര്യസമര കാലത്ത് ബ്രിട്ടീഷ് കോളനി വല്‍കരണത്തിനെതിരെ സജീവമായി രംഗത്തിറങ്ങിയവരാണ് ദുയൂബന്ദികള്‍. ഇന്ന് ബറേല്‍വികളില്‍ ഒരു വിഭാഗം ബി.ജെ.പിക്കൊപ്പം ചേര്‍ന്നിരിക്കുകയാണ്. അതേസമയം ബറേല്‍വികളില്‍ തന്നെ ചിലര്‍ തീവ്രദേശീയത ഉയര്‍ത്തിപ്പിടിക്കുന്ന ഹിന്ദുത്വ കക്ഷിയായിട്ടാണ് ബി.ജെ.പിയെ കാണുന്നത്. ബി.ജെ.പി മുസ്‌ലിം വിരുദ്ധരാണെന്നും അതുകൊണ്ട് അവരോട് അകലം പാലിക്കണമെന്നുമാണ് ബറേല്‍വികളായ അവര്‍ പറയുന്നത്.

സൂഫി സമ്മേളനത്തെ കുറിച്ച വാര്‍ത്തകളുടെ പശ്ചാത്തലത്തില്‍ മുസ്‌ലിംകള്‍ക്കിടിയില്‍ ഛിദ്രത വളര്‍ത്താനുള്ള ഗൂഢാലോചനയാണ് അതെന്ന് വ്യക്തമാക്കി കൊണ്ട് ഫെബ്രുവരി 11-ന് പ്രമുഖ മുസ്‌ലിം നേതാക്കള്‍ പത്രസമ്മേളനം നടത്തിയിരുന്നു. തങ്ങളുടെ രാഷ്ട്രീയ താല്‍പര്യങ്ങള്‍ക്കായി മുസ്‌ലിംകളെയും ഹിന്ദുക്കളെയും തമ്മിലടിപ്പിച്ചവര്‍ ഇന്ന് മുസ്‌ലിംകള്‍ക്കിടയിലെ കക്ഷികളെ തമ്മിലടിപ്പിക്കാനുള്ള ഗൂഢാലോചന നടത്തുകയാണെന്ന് സംയുക്ത പ്രസ്താവനയില്‍ അവര്‍ വ്യക്തമാക്കി. ഈ ഉദ്ദേശ്യത്തിനായി സര്‍ക്കാര്‍ ‘സൗജന്യ’മായി ഫണ്ടനുവദിക്കുകയാണെന്നും അവര്‍ സൂചിപ്പിച്ചു. രാജ്യത്തിനോ ഏതെങ്കിലും വിഭാഗത്തിനോ ഗുണം ചെയ്യാത്ത പ്രവര്‍ത്തനമാണിതെന്നും അവര്‍ മുന്നറിയിപ്പ് നല്‍കി. സൂഫിസത്തിന്റെ പേരില്‍ വിഭാഗീയത വളര്‍ത്താനാണ് അവര്‍ ശ്രമിക്കുന്നതെന്നും അവര്‍ വ്യക്തമാക്കിയിരുന്നു.

സമ്മേളനത്തിന് സര്‍ക്കാര്‍ സഹായമുണ്ടെന്നത് സംഘാടകര്‍ തന്നെ മാര്‍ച്ച് 7ന് അംഗീകരിച്ചിട്ടുണ്ട്. ഇത്തരം ഒരു വലിയ പരിപാടി സര്‍ക്കാര്‍ സഹായമില്ലാതെ നടത്താനാവില്ലെന്ന ന്യായമാണ് അവരതിന് കണ്ടെത്തിയത്. മാര്‍ച്ച് എട്ടിന് പ്രമുഖ ബറേല്‍വി നേതാക്കള്‍ തന്നെ സമ്മേളനത്തിനെതിരെ രംഗത്ത് വരികയും ചെയ്തു. മുംബൈയില്‍ നിന്നും പുറത്തുവന്ന പ്രസ്താവന ഈ പരിപാടിയുടെ ലക്ഷ്യത്തെ ചോദ്യം ചെയ്യുന്നതായിരുന്നു. ഓള്‍ ഇന്ത്യ സുന്നി ജംഇയ്യതുല്‍ ഉലമ മഹാരാഷ്ട്ര ഘടകം സൂഫി സമ്മേളനത്തിന്റെ രക്ഷാകര്‍തൃത്വം സംശയകരമായ ചില ശക്തികളുടെ കരങ്ങളിലാണെന്ന് പ്രസ്താവയില്‍ ആരോപിച്ചു. ബറേല്‍വി ശരീഫ്, ബദായൂന്‍ ശരീഫ്, ജാമിഅ അശ്‌റഫിയ മുബാറക്പുര്‍ എന്നീ വടക്കേ ഇന്ത്യയിലെ സുന്നീധാരകളില്‍ നിന്ന് ആരും സമ്മേളനത്തില്‍ പങ്കെടുക്കുന്നില്ലെന്ന് ഓള്‍ ഇന്ത്യ സുന്നി ജംഇയ്യതുല്‍ ഉലമ വ്യക്തമാക്കി. ഈ സമ്മേളനം ഭാവിയില്‍ ഇന്ത്യന്‍ മുസ്‌ലിംകള്‍ക്ക് വരുത്തുന്ന അപകടമാലോചിച്ചാണ് ഈ മൂന്ന് വിഭാഗങ്ങളും ഇത്തരമൊരു തീരുമാനം കൈക്കൊണ്ടതെന്ന് സംഘടന വ്യക്തമാക്കി.

മുസ്‌ലിംകളുടെ വോട്ട് ബാങ്കിനെ ശിഥിലമാക്കുക എന്ന ഉദ്ദേശ്യത്തോടെ മുസ്‌ലിം വിഭാഗങ്ങളെ തമ്മില്‍ തല്ലിക്കാനുള്ള ശ്രമമായിട്ടാണ് മുസ്‌ലിം സമൂഹം ഈ സൂഫി സമ്മേളനത്തെ കാണുന്നത്. ഹിന്ദു-മുസ്‌ലിം സ്പര്‍ദ വളര്‍ത്തുന്നതില്‍ നിന്നും ബി.ജെ.പി. മുസ്‌ലിം-മുസ്‌ലിം സ്പര്‍ദ ഉല്‍പാദിപ്പിക്കുന്നതിലേക്ക് നീങ്ങുന്നതിന്റെ അടയാളമായിട്ടാണ് നിരീക്ഷകര്‍ ഇതിനെ കാണുന്നത്.

ഇന്ത്യയിലെ അറിയപ്പെടുന്ന ബറേല്‍വി നേതാവ് തൗഖീര്‍ റസാ ഖാന്‍ മാര്‍ച്ച് 17-ന് നടത്തിയ പത്ര സമ്മേളനത്തില്‍ ആര്‍.എസ്.എസ്സാണ് സൂഫി സമ്മേളനത്തിന് പിന്നിലെന്ന് വ്യക്തമാക്കിയിട്ടുണ്ട്. അദ്ദേഹം പറയുന്നു: ”മുസ്‌ലിംകള്‍ക്കിടയില്‍ വിദ്വേഷം വളര്‍ത്തുന്നതിന് വേണ്ടിയുള്ള കളിയാണ് ഈ സമ്മേളനം. സൂഫി സമ്മേളനത്തിന്റെ സംഘാടകര്‍ മറക്ക് പിന്നില്‍ നിന്നും പുറത്തുവന്ന് പരസ്യമായി അവരുടെ രാഷ്ട്രീയം പയറ്റുകയാണെങ്കില്‍ പ്രശ്‌നമുണ്ടായിരുന്നില്ല. മുഴുവന്‍ സുന്നിസത്തെയും ആര്‍.എസ്.എസ്സിന് അവര്‍ പണയപ്പെടുത്തിയത് മുസ്‌ലിംകള്‍ സഹിക്കുകയില്ല. ഇന്ന് ഒരാളെയും വിഡ്ഢിയാക്കാന്‍ നിങ്ങള്‍ക്ക് സാധിക്കുകയില്ല. സമ്മേളനത്തിന് പിന്നിലെ കളികളെ കുറിച്ച് എല്ലാവര്‍ക്കും അറിയാം. സൂഫികളുടെ വാതില്‍ക്കല്‍ രാജാക്കന്‍മാര്‍ തലകുനിച്ചതിന് ചരിത്രം സാക്ഷിയാണ്. ഒരു സൂഫിയും രാജാവിന്റെ വാതിലില്‍ മുട്ടിയിട്ടില്ല. ചരിത്രത്തിലാദ്യമായിട്ടാണ് സൂഫികള്‍ പ്രധാനമന്ത്രിയുടെയും ആര്‍.എസ്.എസിന്റെയും സഹായം സ്വീകരിക്കുന്നത്. ഗുജറാത്തില്‍ 3000 മുസ്‌ലിംകളെ കൊലപ്പെടുത്തതില്‍ ആരോപണ വിധേയനായ വ്യക്തിയാണ് പ്രധാനമന്ത്രി. സൂഫിസത്തിന്റെ പേരില്‍ കച്ചവട മനസ്സുള്ള ചിലര്‍ തങ്ങളുടെ ബോധം വിറ്റിരിക്കുകയാണ്. മുസ്‌ലിംകള്‍ അത്തരക്കാരോട് പൊറുക്കില്ല.”

പല സംസ്ഥാനങ്ങളിലും അസംബ്ലി തെരെഞ്ഞെടുപ്പ് അടുത്തിരിക്കുന്ന പശ്ചാത്തലത്തില്‍ വോട്ടുകളുടെ ധ്രുവീകരണത്തിന് വിഭാഗീയതയുടെ പുതിയ രീതികള്‍ പരീക്ഷിക്കുകയാണ് ബി.ജെ.പിയും സഖ്യകക്ഷികളും. പുതിയ തന്ത്രത്തിലൂടെ ബറേല്‍വികളില്‍ ഒരു വിഭാഗത്തെ കൂടെ നിര്‍ത്തുന്നതിലും അവശേഷിക്കുന്ന മുസ്‌ലിംകളില്‍ ഭീകരത ആരോപിക്കുന്നതിലും അവര്‍ വിജയിച്ചു. സൂഫി സമ്മേളനത്തിന്റെ സംഘാടകര്‍ മറ്റ് മുസ്‌ലിം സംഘടനകളും ഗ്രൂപ്പുകളും ഭീകരതയെ പിന്തുണക്കുന്നവരാണെന്ന് ആവര്‍ത്തിച്ച് ആക്ഷേപം ഉയര്‍ത്തിയിട്ടുണ്ട്. ഇന്ത്യയിലെ എല്ലാ മുസ്‌ലിം സംഘടനകളും ഗ്രൂപ്പുകളും ഭീകരപ്രവര്‍ത്തനങ്ങളെ അപലപിക്കുകയും അതുസംബന്ധിച്ച് ഫത്‌വകളും പ്രസ്താവനകളും ഇറക്കുകയും ചെയ്തിട്ടുണ്ട് എന്ന യാഥാര്‍ഥ്യത്തെ അവഗണിച്ചാണിത്. എന്തു തന്നെയാണെങ്കിലും ഈ സമ്മേളനത്തെയും ചില ബറേല്‍വി നേതാക്കള്‍ക്കും മോദി ഭരണകൂടത്തിനും ഇടയിലെ ബാന്ധവത്തെയും ഇന്ത്യന്‍ മുസ്‌ലിംകളുടെയും താല്‍പര്യത്തിന് നിരക്കാത്തതായിട്ടാണ് മറ്റു മുസ്‌ലിം ഗ്രൂപ്പുകള്‍ കാണുന്നത്.

വിവ: നസീഫ്‌

Related Articles