Current Date

Search
Close this search box.
Search
Close this search box.

സുന്നി മഹല്ല് ഫെഡറേഷന്‍ മാതൃകാപരമായി മുന്നോട്ട്

smf.jpg
 

മലബാറില്‍ തൃശ്ശൂര്‍ മുതല്‍ കാസര്‍ഗോഡ് വരെയുള്ള ജില്ലകളില്‍ സജീവമായി പ്രവര്‍ത്തിക്കുന്ന ഒന്നാണ് സുന്നി മഹല്ല് ഫെഡറേഷന്‍. ഞങ്ങളുടെ പ്രവര്‍ത്തനങ്ങളില്‍ സുപ്രധാനമായ ഒന്നാണ് വിവാഹ സംബന്ധമായ കാര്യങ്ങളുടെ രജിസ്‌ട്രേഷന്‍ വ്യവസ്ഥാപിതമാക്കിയെന്നത്. അത് മൂലം മൈസൂര്‍ കല്യാണം പോലുള്ളവ തടയാന്‍ ഒരു പരിധി വരെ നമുക്ക് സാധിക്കുന്നുണ്ട്. അതുപോലെത്തന്നെ മഹല്ലുകളൊക്കെയും വഖഫ് ബോര്‍ഡില്‍ രജിസ്റ്റര്‍ ചെയ്യിക്കാനും ശ്രമിക്കുന്നു. 1580 മഹല്ലുകള്‍ അങ്ങിനെ രജിസ്റ്റര്‍ ചെയ്യപ്പെട്ടു. അത്തരം മഹല്ലുകളില്‍ നമുക്ക് നടപ്പിലാക്കാന്‍ സാധിച്ച കുറെ കാര്യങ്ങളുണ്ട്. അതിലൊന്ന് പലിശരഹിത വായ്പ നിധിയാണ്. മഹല്ലുകളില്‍ സാമ്പത്തിക പ്രയാസമനുഭവിക്കുന്നവരെ സഹായിക്കുക മാത്രമല്ല അതുകൊണ്ടുദ്ദേശിക്കപ്പെടുന്നത്, അതോടൊപ്പം തന്നെ സാമ്പത്തിക അച്ചടക്കം ജനങ്ങളില്‍ ഉണ്ടാക്കിയെടുക്കുകയെന്ന ഉദ്ദേശവും അതിനുണ്ട്. അതുപോലെ മറ്റൊരുകാര്യമാണ് വിദ്യാഭ്യാസ പദ്ധതികള്‍. കുരുന്നുകൂട്ടം എന്ന പേരില്‍ ഒമ്പത് വയസ്സുമുതല്‍ പന്ത്രണ്ട് വയസ്സ് വരെയുള്ള വിദ്യാര്‍ഥികള്‍ക്ക് വ്യത്യസ്ത മേഖലയിലുള്ള അവരുടെ അഭിരുചി മനസ്സിലാക്കി  കഴിവുകള്‍ വളര്‍ത്തിക്കൊണ്ടുവരാനുതകുന്ന രീതിയില്‍ ക്യാമ്പുകള്‍ നടത്തിവരുന്നു.

 അതോടൊപ്പം തന്നെ അവര്‍ക്ക് ഇസ്‌ലാമിക വിശ്വാസത്തിന്റെ അടിസ്ഥാനങ്ങള്‍ പകര്‍ന്നുകൊടുക്കുന്ന വെക്കേഷന്‍ ക്ലാസുകള്‍ നല്‍കിവരുന്നു. പിന്നെ പതിമൂന്ന് മുതല്‍ പതിനാറ് വയസ്സ് വരെയുള്ള കുട്ടികള്‍ക്ക് വൈജ്ഞാനിക അടിത്തറയില്‍ നിന്നുകൊണ്ടുള്ള ക്ലാസുകള്‍ നല്‍കിവരുന്നു. അതില്‍ അവരുടെ വ്യക്തിത്വരൂപീകരണം, ഇംഗ്ലീഷ് തുടങ്ങിയ ഭാഷാ നൈപുണ്യം വളര്‍ത്തിയെടുക്കല്‍  മുതല്‍ കര്‍മ്മശാസ്ത്രവിഷയങ്ങള്‍ വരെ അവര്‍ക്ക് പഠിപ്പിച്ചുകൊടുക്കുവാന്‍ ശ്രമിക്കുന്നു. മഹല്ലുകളില്‍ നമ്മള്‍ നടപ്പിലാക്കുന്ന മറ്റൊരു സുപ്രധാന പദ്ധതിയാണ് ആശ്വാസ് എന്ന പദ്ധതി. സമൂഹത്തില്‍ പിന്നാക്കം നില്‍ക്കുന്ന ആളുകള്‍ക്ക് സൗജന്യമായ സഹായം നല്‍കുന്ന പദ്ധതിയാണ് അത്.  അതിന്റെ ഭാഗമായി മുന്നൂറ് മുതല്‍ അഞ്ഞൂറ് രൂപ വരെ പെന്‍ഷന്‍ നല്‍കിവരുന്നുണ്ട്. രോഗികള്‍ക്ക് മരുന്നു വാങ്ങാനുള്ള സഹായവും നല്‍കിവരുന്നു.

മദ്രസയില്‍ നിന്നും പഠനം കഴിഞ്ഞ കുട്ടികളെ ലക്ഷ്യം വച്ച് ഒരു പാഠ്യപദ്ധതി രൂപീകരിക്കുകയും അതിന്റെ അടിസ്ഥാനത്തില്‍ ക്ലാസുകള്‍ നടത്തിവരുകയും ചെയ്യുന്നു. മതബോധം വളര്‍ത്തുക, അടിസ്ഥാനപരമായ ഫിഖ്ഹ് നിയമങ്ങള്‍, ഖുര്‍ആന്‍, ഹദീസ് തുടങ്ങിയവ പഠിപ്പിച്ചുകൊടുക്കുക തുടങ്ങിയവയൊക്കെയാണ് അതിന്റെ മുഖ്യ ലക്ഷ്യങ്ങള്‍. പിന്നെ ബഹുജനങ്ങളെ ലക്ഷ്യം വച്ച് അധാര്‍മ്മികതകള്‍ വളരാതിരിക്കാന്‍ മൂന്ന് പദ്ധതികളാണ് നമ്മള്‍ കണ്ടിട്ടുള്ളത്. അതിലൊന്ന് കുടുംബങ്ങളെ, പ്രത്യേകിച്ചും സ്ത്രീകളെ വിളിച്ചുചേര്‍ത്തിട്ട് മക്കളുടെ സ്വഭാവരൂപീകരണത്തെക്കുറിച്ച്, പ്രത്യേകിച്ചും വളരെ വൈകി വീട്ടില്‍ വരുന്ന സ്വാഭവം ഇല്ലായ്മ ചെയ്യാനും കൂട്ടുകെട്ടുകളൊക്കെ നല്ലതാക്കിത്തീര്‍ക്കുകയും കുടുംബത്തില്‍ തന്നെ അങ്ങോട്ടും ഇങ്ങോട്ടും ഒരു സൗഹൃദം രൂപപ്പെടുത്തുകയും പ്രശ്‌നങ്ങളൊക്കെ ഒതുക്കിത്തീര്‍ക്കുകയും ചെയ്യുന്ന രീതിയിലുള്ള ക്ലാസുകള്‍ അവര്‍ക്ക് കൊടുക്കുന്നുണ്ട്. മുതിര്‍ന്നവരെ ഉദ്ദേശിച്ച് തലമുറകള്‍ നശിച്ചുപോയാലുണ്ടാകുന്ന ദുരന്തങ്ങളെക്കുറിച്ചു ബോധവല്‍ക്കരണം നടത്തുന്നു. തങ്ങള്‍ക്കു കീഴിലുള്ളവരുടെ ഇസ്‌ലാമിക സ്വഭാവരൂപീകരണത്തിന് ശ്രമിക്കാനുതകുന്ന രീതിയിലുള്ള ക്ലാസുകള്‍ അവര്‍ക്കും നല്‍കി വരുന്നു. അതുപോലെ ഒരു പ്രദേശത്ത് മദ്യപാനം പോലുള്ള സദാചാരപ്രശ്‌നങ്ങള്‍ ഉണ്ടായാല്‍ അതിലൊക്കെയും ഇടപെടാനുള്ള സംവിധാനം ഉണ്ടാക്കിവച്ചിട്ടുണ്ട്.

മഹല്ലുകള്‍ക്കു കീഴില്‍ മസ്‌ലഹത്ത് കമ്മിറ്റികള്‍ രൂപീകരിച്ചിട്ടുണ്ട്. ജില്ലാതലത്തില്‍ വക്കീലുമാരും മതപണ്ഡിതന്മാരും ഒക്കെയടങ്ങുന്ന ഒരു കമ്മിറ്റി അതിനായി വേറെയുമുണ്ട്. പല മഹല്ലുകളിലും ഇത്തരം പ്രശ്‌നങ്ങള്‍ തീര്‍പ്പാക്കിക്കൊണ്ട് കമ്മിറ്റികളെടുത്ത തീരുമാനങ്ങള്‍ കോടതികള്‍ വരെ അംഗീകരിച്ചിട്ടുണ്ട്. അതുപോലെ മഹല്ലുഭരണത്തില്‍ സാമ്പത്തിക ശുദ്ധി പുലര്‍ത്തണമെന്ന് നിഷ്‌കര്‍ഷിക്കുകയും നല്ല വരുമാനമുള്ള മഹല്ലുകളില്‍ നേതൃത്വത്തിലെത്താനുള്ള മത്സരങ്ങള്‍ നടക്കുന്ന പതിവുകളൊക്കെ നിയന്ത്രിക്കുകയും ചെയ്യാന്‍ സാധിച്ചിട്ടുണ്ട്. ഹൈദരലി ശിഹാബ് തങ്ങളാണ് ഫെഡറേഷന്റെ സംസ്ഥാന അധ്യക്ഷന്‍. സംസ്ഥാന കമ്മിറ്റി, ജില്ലാകമ്മിറ്റി എന്നിങ്ങനെയാണ് അതിന്റെ ഘടന. രണ്ടു മാസം കഴിയുമ്പോള്‍ സംസ്ഥാന കമ്മിറ്റി കൂടുകയും വിഷയങ്ങള്‍ വിലയിരുത്തിയിട്ട് സര്‍ക്കുലറുണ്ടാക്കി താഴെ ഘടകങ്ങള്‍ക്കു നല്‍കും. രജിസ്റ്റര്‍ ചെയ്യപ്പെട്ട മഹല്ലുകളില്‍ പരിപാടികള്‍ നടക്കുന്നുണ്ടോയെന്ന് ഒരു വര്‍ഷത്തില്‍ രണ്ടുതവണ മുഫത്തിശുമാര്‍ പരിശോധിക്കുകുയം പോരായ്മയുള്ളത് അവരെ ബോധ്യപ്പെടുത്തിക്കൊടുക്കുകുയം ചെയ്യും. വര്‍ഷത്തിലൊരിക്കല്‍ ഓരോ ജില്ലയിലും രജിസ്റ്റര്‍ ചെയ്യപ്പെട്ട മഹല്ലുകളുടെ ഭാരവാഹികളുടെ ക്യാമ്പ് നടക്കും.

എല്ലാ മഹല്ലുകളിലും സമ്പൂര്‍ണ്ണമായ ഒരു സര്‍വ്വേ നടത്താന്‍ നാം തീരുമാനിച്ചിട്ടുണ്ട്. നേരത്തെ ഒരു സര്‍വ്വേ നടത്തിയിരുന്നു. അതില്‍ കണ്ടെത്തിയ വിഷയങ്ങള്‍ക്ക് എത്രത്തോളം പരിഹാരമായിട്ടുണ്ട് എന്നൊക്കെ അറിയാന്‍ അതുപകരിക്കും. ചില വീടുകളില്‍ മൊബൈല്‍ ഫോണ്‍ തുടങ്ങി ഉപകരണങ്ങള്‍ ആവശ്യമുള്ളതിലധികം ഉള്ളതായിക്കാണാം. വന്‍ സാമ്പത്തിക ധൂര്‍ത്ത് അത്തരം കാര്യങ്ങളുടെ പേരില്‍ നടക്കുന്നുണ്ട്. അങ്ങനെയുള്ള കാര്യങ്ങളില്‍ നിയന്ത്രണം ഏര്‍പ്പെടുത്താന്‍ ആദ്യഘട്ട സര്‍വ്വേക്കു ശേഷം എത്രമാത്രം സാധിച്ചു എന്നൊക്കെയാണ് രണ്ടാം ഘട്ട സര്‍വ്വേയിലൂടെ പരിശോധിക്കപ്പെടുന്നത്. ആലിക്കുട്ടിമുസ്‌ലിയാരുടെ നേതൃത്വത്തില്‍ ഒരു മഹല്ല് സോഫ്റ്റ് വെയര്‍ നിലവിലുണ്ട്. ചെമ്മാട് ദാറുല്‍ ഹുദ ഇസ്‌ലാമിക് യൂണിവേഴ്‌സിറ്റിയുടെ കീഴില്‍ ഒരു മഹല്ല് സോഫ്റ്റ്‌വെയറുണ്ട്. അതെല്ലാം വച്ചുകൊണ്ട് സുന്നി മഹല്ല് ഫെഡറേഷന്‍ തന്നെ ഒരു സോഫ്റ്റ് വെയര്‍ രൂപീകരിക്കുന്നുണ്ട്. അതിന്റെ ഭാഗമായി രജിസ്റ്റര്‍ ചെയ്യപ്പെട്ട എല്ലാ മഹല്ലുകളുടെയും രേഖകള്‍ ശേഖരിച്ചുകൊണ്ടിരിക്കുന്നു.

വയനാട് ജില്ലയില്‍ ഒരു മഹല്ലില്‍ നടത്തിയ പഠനത്തില്‍ അവിടെ അനുഭവിക്കുന്ന പ്രശ്‌നങ്ങള്‍ നമ്മള്‍ കണ്ടെത്തുകയുണ്ടായി. ധാര്‍മിക അധ്യാപനങ്ങള്‍ ലഭിക്കാന്‍ അന്നാട്ടുകാര്‍ക്ക് അവസരം കുറവാണ് എന്നുകണ്ടു. ഒരു പഞ്ചായത്തില്‍ ഒരു മഹല്ലുമാത്രമേ ഉള്ളൂ. അതുകൊണ്ടുതന്നെ മറ്റു സദാചാര വിരുദ്ധമായ സംസ്‌കാരം അവരില്‍ കടന്നുകൂടാന്‍ സാധ്യതയേറെയാണെന്ന് നമ്മള്‍ കണ്ടെത്തി. അതുപോലെ തൊഴില്‍ രഹിതരായ കുറെപേര്‍ അവിടെയുള്ളതായും കണ്ടെത്തി. അവര്‍ക്കായി കന്നുകാലിവളര്‍ത്തല്‍ പോലുള്ള ചെറുകിട തൊഴിലവസരങ്ങള്‍ സൃഷ്ടിച്ചുകൊടുക്കാനും ധാര്‍മിക പഠനത്തിനാവശ്യമായ അന്തരീക്ഷം സൃഷ്ടിക്കാനും സാധിച്ചു. അതുപോലെ പാവപ്പെട്ടവരെ അവരുടെ അഭിമാനത്തിന് ക്ഷതമേല്‍പ്പിക്കാതെതന്നെ സഹായിക്കാനുള്ള പദ്ധതികളും വ്യവസ്ഥാപിതമായി നടപ്പിലാക്കി വരുന്നു. ഇങ്ങനെ പലകാര്യങ്ങളും അതില്‍ മുഴുവന്‍ വിജയകരമായി എന്നു പറഞ്ഞുകൂടെങ്കിലും കുറെയൊക്കെ വിജയകരമായി നടപ്പിലാക്കാന്‍ ഫെഡറേഷനു സാധിക്കുന്നുണ്ട്. ഇതു സംബന്ധിച്ച് മഹല്ല് ഭരണം എന്ന പേരില്‍ ഞാന്‍ തന്നെ എഴുതിയ ഒരു പുസ്തകം എല്ലാ മഹല്ലുകളിലും സൗജന്യമായി കൊടുത്തിട്ടുണ്ട്. കോഴിക്കോട് ജില്ലയിലെ മലയോര മേഖലയിലെ സ്‌കൂളുകളില്‍ പഠിക്കുന്ന കുട്ടികള്‍ സ്‌കൂള്‍ ബസിലെ അശാസ്ത്രീയമായ യാത്രമൂലം ഒന്നരമണിക്കൂര്‍ യാത്ര ചെയ്തിട്ടാണ് രാവിലെ സ്‌കൂളിലെത്തുന്നത്. എട്ടു മണിക്ക് ബസില്‍ കയറിയാല്‍ ഒമ്പതരക്കാണ് സ്‌കൂളിലെത്തുക. ഇത് അവരുടെ മദ്രസാവിദ്യാഭ്യാസത്തെ സാരമായി ബാധിക്കുന്നു. നമ്മള്‍ ഇതിലിടപെടുകയും വളരെ ശാസ്ത്രീയമായി ഒന്നോ രണ്ടോ കുട്ടികള്‍ക്കു വേണ്ടി ചെറുവാഹനങ്ങള്‍ ഒരുക്കുകയും ചെയ്തപ്പോള്‍ ഒന്നര മണക്കൂര്‍ യാത്രയെന്നത് അരമണിക്കൂര്‍ ആക്കി ചുരുക്കാന്‍ സാധിച്ചു. നമുക്ക് പരിഹരിക്കാന്‍ കഴിയാതെ നില്‍ക്കുന്ന ഒരു കാര്യം ഐക്യവുമായി ബന്ധപ്പെട്ടതാണ്. കടുത്ത സംഘടനാബോധമുള്ളവര്‍ പക്ഷപാതസമീപനം സ്വീകരിക്കുന്നതാണ് ഐക്യത്തിന് തടസ്സമായി നില്‍ക്കുന്ന ഒരു കാര്യം. നമ്മളത് വിലയിരുത്തുന്നുണ്ട്. അത് പരിഹരിക്കാന്‍ ശ്രമം നടത്തുന്നുണ്ട്.

Related Articles