Current Date

Search
Close this search box.
Search
Close this search box.

സി.പി.എം വിതച്ചത് സംഘ്പരിവാര്‍ കൊയ്യുന്നു

rss852.jpg

കുമ്മനത്തിന്റെ യാത്ര ഇന്ന് പയ്യന്നൂരില്‍ വെച്ച് തുടങ്ങുകയാണ്. സാധാരണ യാത്രകള്‍ വടക്ക് നിന്ന് തുടങ്ങുമ്പോള്‍ കാസര്‍ഗോഡാണ് പരിഗണിക്കാറുള്ളത്. സംഘ്പരിവാറിന് കേരളത്തില്‍ ഏറ്റവും സ്വാധീനമുള്ള വടക്കേ കാസര്‍ഗോഡ് ഒഴിവാക്കി പയ്യന്നൂര്‍ തെരെഞ്ഞെടുത്തത് കൃത്യമായ ടാര്‍ജറ്റോട് കൂടിയാണ്. 14 ദിനം മാത്രമുള്ള യാത്രയില്‍ മൂന്ന് ദിവസം കണ്ണൂര്‍ ജില്ലക്ക് നീക്കിവെച്ചിരിക്കുകയാണ്. അമിത്ഷാ മൂന്ന് ദിന പദയാത്രയില്‍ പങ്കെടുക്കുമെന്ന ഫ്‌ളക്‌സുകള്‍ ജില്ലയില്‍ വ്യാപകമായി സ്ഥാപിച്ചിട്ടുണ്ട്. പക്ഷേ വ്യാഴാഴ്ച മമ്പറം മുതല്‍ തലശ്ശേരി വരെ മാത്രമേ അമിത്ഷാ പദയാത്രയില്‍ പങ്കെടുക്കുള്ളൂവെന്ന് ഇന്നലെ പത്രസമ്മേളനത്തില്‍ ഭാരവാഹികള്‍ അറിയിച്ചത്.

കണ്ണൂരിനെ പ്രധാനം ഉന്നം വെക്കുന്നതിലൂടെ സി.പി.എമ്മിനെയാണ് ലക്ഷ്യമിടുന്നതെന്ന് വ്യക്തം. ‘ജിഹാദി  ഇടത് ഭീകരതക്കെതിരെ’ എന്ന മുദ്രാവാക്യത്തില്‍ എല്ലാമുണ്ട്. ബി.ജെ.പി സി.പി.എം കൊലപാതക പരമ്പരയിലെ ബി.ജെ.പി ലിസ്റ്റ് ഉയര്‍ത്തിക്കാട്ടിയാണ് പ്രധാന കാമ്പയിന്‍ നടത്തപ്പെടുക. ഇന്നലെ ഈ ലിസ്റ്റിലുള്ളവരുടെ ഛായാചിത്രം പ്രകാശനം ചെയ്ത് ആ പരിപാടി തുടങ്ങിക്കഴിഞ്ഞു. വര്‍ഗീയ കലാപങ്ങളും വംശീയ ഉന്മൂലനങ്ങളും കൂടതെ കൊലപാതക പരമ്പരകളും വേണ്ടുവോളം നടത്തിയ സംഘ്പരിവാറിന് കേരളത്തില്‍ വന്ന് ‘സമാധാന സദാചാരം’ പ്രസംഗിക്കാന്‍ കഴിയുന്നത് സി.പി.എം തന്നെ ഉണ്ടാക്കി കൊടുത്ത സ്‌പേസിലാണ്. സംഘ്പരിവാറിന് ‘സമാധാനം’ പറയാന്‍ അര്‍ഹതയില്ലെന്ന് നീതി ബോധമുളളവര്‍ ഏകസ്വരത്തില്‍ പറയും. കണ്ണൂരില്‍ സി.പി.എമ്മിന്റേതുള്‍പ്പെടെ ഇതര കക്ഷികളെ കൊന്നൊടുക്കിയ ആര്‍.എസ്.എസ് ചെയ്തികള്‍ ആരും മറന്നിട്ടില്ല. പക്ഷേ, അവര്‍ക്ക് ‘മരുന്നിട്ട്’ കൊടുത്തത് സി.പി.എം തന്നെയായിരുന്നില്ലേ?

അഭിപ്രായ വ്യത്യാസമുള്ളവരേയും, രാഷ്ട്രീയ ഗര്‍വുള്ളവരേയും നേരിടാന്‍ കത്തിയും ബോംബും എടുക്കാന്‍ പ്രവര്‍ത്തകര്‍ക്ക് വിദ്യാഭ്യാസം നല്‍കിയതാരാണ്. ‘വരമ്പത്ത് കൂലി’ കൊടുക്കാന്‍ ആഹ്വാനം ചെയ്യുന്ന നേതാക്കളുള്ള പാര്‍ട്ടിയില്‍ നിന്ന് പ്രവര്‍ത്തകര്‍ വേറെന്ത് പഠിക്കാനാണ്? അപ്പോള്‍ പിന്നെ, കുമ്മനത്തിന്റെ പാര്‍ട്ടി ഇടത് കൊലപാതക രാഷ്ട്രീയത്തെ ദില്ലിയില്‍ ഉള്‍പ്പെടെ ഉയര്‍ത്തികൊണ്ട് വരുമ്പോ മൗനം പാലിക്കാനേ നിവൃത്തിയുണ്ടാവൂ.

മറ്റുള്ളവര്‍ക്ക് പ്രവര്‍ത്തന സ്വാതന്ത്ര്യമില്ലാത്ത ഇടത് പാര്‍ട്ടി ഗ്രാമങ്ങളായിരിക്കും ബി.ജെ.പി യാത്രയിലെ മറ്റൊരു കാമ്പയിന്‍. അങ്ങനെയൊരു പാര്‍ട്ടി ഗ്രാമം കണ്ണൂരിലില്ലെന്ന് ദേശാഭിമാനി മാത്രം വായിക്കുന്ന ന്യായീകരണ തൊഴിലാളികള്‍ പറയാറുണ്ട്. കരിവള്ളൂര്‍ മുതല്‍ ചൊക്ലി വരെ ഡസന്‍കണക്കിന് പാര്‍ട്ടി ഗ്രാമങ്ങള്‍ ഇപ്പോഴും കണ്ണൂരുണ്ട്. ഇതര പാര്‍ട്ടികളുടെ പ്രചാരണ സാമഗ്രികള്‍ക്ക് നിലനില്പില്ലാത്ത , ഇലക്ഷന്‍ ബൂത്തേജന്റൊവാന്‍ സമ്മതിക്കാത്ത, പരസ്യമായ രാഷ്ട്രീയ പരിപാടികള്‍ക്ക് അനുവാദമില്ലാത്ത പാര്‍ട്ടി ഗ്രാമങ്ങളില്‍ അഹന്തയോടെ ‘ഇത് കമ്മ്യൂണിസ്റ്റ് ഗ്രാമം’ എന്നെഴുതിവെച്ച ഫ്ലക്‌സുകളും വ്യാപകമായി കാണാം. മാധ്യമം, വീക്ഷണം, ചന്ദ്രിക, തേജസ്, ജന്മഭൂമി തുടങ്ങിയ പത്രങ്ങള്‍ക്ക് വിതരണാനുവാദമില്ലാത്ത ഗ്രാമങ്ങള്‍ ഈ അടുത്ത കാലത്ത് വരെ ഉണ്ടായിരുന്നു. സഖാക്കളുടെ ഭീഷണി ഭയന്ന് ദേശാഭിമാനി വരിക്കാരാവുന്ന ദുരന്തവും പാര്‍ട്ടി ഗ്രാമങ്ങളിലെ സാധാരണക്കാര്‍ നേരിടുന്നുണ്ട്. പാര്‍ട്ടി ഗ്രാമങ്ങളില്‍ ഇതര പാര്‍ട്ടിക്കാരുടെ ബൂത്ത് ഏജന്റുമാരെ പോലും അനുവദിക്കാതെ കള്ളവോട്ട് വ്യാപകമായി ചെയ്തിട്ടും ഇതര പാര്‍ട്ടികള്‍ക്ക് വോട്ട് ലഭിക്കുന്നുണ്ടെങ്കില്‍ ‘കമ്മ്യൂണിസ്റ്റ് ഗ്രാമ’ത്തിലെ ജനാധിപത്യത്തിന്റെ സര്‍ഗാത്മ പ്രതിഷേധമാവും അത്. ഭാവിയിലെ സഖാക്കളെ രൂപപ്പെടുത്തുന്ന കാമ്പസുകള്‍ ഇപ്പോഴും ഇടത് ഗ്വാണ്ടനാമോകളാണ്. സഖ്യ കക്ഷിയായ എ.ഐ.എസ്.എഫ് ന് പോലും പ്രവര്‍ത്തന സ്വാതന്ത്ര്യം അനുവദിക്കാറില്ല. എല്‍.ഡി.എസ്.എഫ് എന്ന സംവിധാനത്തില്‍ ഒരു കാമ്പസ് പോലും ജില്ലയില്ല. കഠാരയും കത്തിയും ഭീഷണിയും തീവ്രവാദ ചാപ്പകുത്തി ഭൂരിപക്ഷ വികാരത്തെ തൃപ്തിപ്പെടുത്തുന്ന മെഷീനും മാറ്റി നിര്‍ത്തിയുള്ള രാഷ്ട്രീയം ഗവേഷക വിദ്യാര്‍ഥികള്‍ മുതല്‍ നിയമ വിദ്യാര്‍ഥികള്‍ വരെയുള്ള പാലയാട് കാമ്പസില്ലെങ്കിലും നടപ്പിലാക്കാനുള്ള ജനാധിപത്യ മര്യാദ എസ്.എഫ്.ഐ കാണിക്കണമായിരുന്നു. ഭാഷയിലും നിലപാടിലും സമീപനത്തിലുമുള്ള ഏകസ്വര ഗുണ്ടാ രാജ് എടുത്ത് കളയാതെ ബി.ജെ.പിയുടെ കള്ളപ്രചാരണത്തെ പൊളിക്കാന്‍ ധര്‍ണ്ണ നടത്തിയിട്ട് കാര്യമില്ല. ബി.ജെ.പി ക്ക് ജനാധിപത്യം സംസാരിക്കാന്‍ അര്‍ഹതയില്ലെന്നത് ശരി. എന്നിട്ടും ഇടത് മേടയില്‍ വന്ന് അവര്‍ക്ക് സി.പി.എം അക്രമത്തിനെതിരെ കാമ്പയിന്‍ നടത്താന്‍ ലഭിക്കുന്ന ആത്മവിശ്വാസത്തിന്റെ കാരണക്കാര്‍ ആരായിരിക്കും?

ജിഹാദി ഭീകരതക്ക് ഇടത് പരവതാനി പിരിക്കുന്നതാണ് കുമ്മന യാത്രയിലെ അടുത്ത കാമ്പയിന്‍. കാശ്മീര്‍ റിക്രൂട്ട്‌മെന്റ് കേസ്, നാറാത്ത് കേസ്, ബാംഗ്ലൂര്‍ സ്‌ഫോടന കേസ് തുടങ്ങിയതിലെ കണ്ണൂര്‍ സാന്നിധ്യം ഉയര്‍ത്തികൊണ്ട് വന്ന് ജില്ലയിലെ ജിഹാദി ഭീകരത പ്രശ്‌നവല്‍ക്കരിക്കപ്പെടും. അടുത്ത കാലത്ത് സിറിയയില്‍ പോയവരെക്കുറിച്ച് ഐ.ബി സമര്‍പ്പിച്ച റിപ്പോര്‍ട്ടും ഐ.സ് റിക്രൂട്ട്‌മെന്റ് വഴി അപ്രതീക്ഷിതമായെന്ന മാധ്യമ റിപ്പോര്‍ട്ടും മുന്നില്‍വെച്ച് ഭീതി സൃഷ്ടിക്കലും ബഹുസ്വര സഹവാസത്തില്‍ വിള്ളലുണ്ടാക്കലുമാണ് സംഭവിക്കാന്‍ പോവുന്നത്. മേല്‍ സൂചിപ്പിച്ച കേസുകളില്‍ പോപ്പുലര്‍ ഫ്രണ്ട് ബന്ധം ചാര്‍ത്തി നിരോധിക്കപ്പെടേണ്ടവരാണ് എന്ന് സ്ഥാപിച്ചെടുക്കലും യാത്രയുടെ തന്ത്രപരമായ ഊന്നലായി വിലയിരുത്തപ്പെടുന്നുണ്ട്. ന്യൂനപക്ഷ വര്‍ഗീയതക്ക് കൂട്ട് പിടിക്കുന്നുവെന്ന പ്രചാരണത്തിലൂടെ സി.പി.എമ്മിനെ പ്രതിരോധത്തിലാക്കാനും കുമ്മനം ശ്രമിക്കുമെന്ന് തീര്‍ച്ചയാണ്. ഈ ആരോപണത്തെ മറികടക്കാന്‍ ബദല്‍ ശ്രീകൃഷ്ണജയന്തി ആഘോഷവും കാവി രായിക്ക് പകരം ചുവപ്പ് രാഖി കെട്ടിക്കലുമൊക്കെയാണ് പോംവഴി എന്ന തെറ്റിദ്ധാരണയിലാണ് കണ്ണൂരിലെ സി.പി.എം. റെയില്‍വേ സ്‌റ്റേഷനിലെ എസ്‌കലേറ്റര്‍ നിര്‍മ്മാണ ഉദ്ഘാടനത്തിന് പൂജ നടത്താന്‍ സി.പി.എം പാര്‍ലിമെന്റ് അംഗം ശ്രീമതി ടീച്ചര്‍ മുന്നില്‍ നില്‍ക്കുന്ന ഫോട്ടോ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. മതേതര പ്രസ്ഥാനത്തിന് ഹിന്ദു മത ചിഹ്നം മതേതര ലേബലില്‍ വിതരണം ചെയ്യപ്പെടുന്നത് തിരിച്ചറിവില്ലാഞ്ഞിട്ടാണോ? ഫാതിഹയും കുര്‍ബാനയും കൂടി വെച്ച് ഒരു ബാലന്‍സിംഗ് എങ്കിലും ആവാമായിരുന്നു. അതോ, ഈ ബാലന്‍സിംഗ് സംഘ് പരിവാര്‍ പ്രതിരോധത്തിലാവുമ്പോഴുള്ള തീവ്രവാദ വിരുദ്ധ പ്രസ്താവനക്ക് മാത്രമേ ഉണ്ടാവുള്ളൂ. കാശ്മീര്‍ കേസിലെ വസ്തുത പോലും തിരയാതെ ‘തീവ്രവാദിയുടെ മയ്യിത്ത് കാണേണ്ട’ എന്ന ഉമ്മാന്റെ നിവൃത്തികേടിനെ പോസ്റ്ററാക്കി തീവവാദ വിരുദ്ധ കാമ്പയിന്‍ നടത്തുമ്പോള്‍ ആലോചിക്കണമായിരുന്നു ദേശസ്‌നേഹത്തിന്റെ മുതലെടുപ്പ് എവിടെം വരെ എത്തുമെന്ന്. അന്യായമായ തടവ് അനുഭവിക്കുന്ന കണ്ണൂര്‍ താണയിലെ അര ഡസനിലേറെ ചെറുപ്പക്കാരെ പറ്റി ഒരക്ഷരം ഉരിയാടാന്‍ സി.പി.എമ്മിന് സാധിക്കാത്തത് സംഘ്പരിവാര്‍ തീര്‍ത്ത പ്രതിരോധത്തില്‍പെട്ടുപോയത് കൊണ്ടാണ്. ഭരണകൂട ഭാഷ്യങ്ങളെ തൊണ്ടവിടാതെ വിഴുങ്ങുകയും സംഘ് ദേശീയതയുടെ ഉച്ചഭാഷണികളായി സി.പി.എം അധപതിച്ചതിന്റെ തെളിവാണ് സംഘ്  ഭരണകൂട കൂട്ടുകെട്ടിലൂടെയുണ്ടായ മുസ്‌ലിം വിരുദ്ധ കേസുകളിലെ പാര്‍ട്ടി നിലപാടുകള്‍. മുസ്‌ലിം ആപരത്വം വ്യാപിപ്പിക്കാന്‍ ആര്‍.എസ്.എസ് സൃഷ്ടിക്കുന്നതോ ആര്‍.എസ്.എസിന് മാത്രം ഗുണം ലഭിക്കുന്നതോ ആയ വിഷയങ്ങളെ പോലും വേര്‍തിരിച്ച് മനസ്സിലാക്കാതെ ബാലന്‍സിംഗ് ആന്റി ടെറര്‍ കാമ്പയിന്‍ സി.പി.എം ഏറ്റെടുത്തത്. കേരളത്തില്‍ ഏറ്റവും കൂടുതല്‍ യു.എ.പി.എ ഇരകളുള്ളത് കണ്ണൂരിലാണ്. ആദ്യം സി.പി.എമ്മിന് യു.എ.പി.എ നല്ല പിള്ളയായിരുന്നു. പിന്നെ അവരെ തേടിയെത്തിയപ്പോള്‍ ദുരുപയോഗത്തിനെതിരെ കാമ്പയിന്‍ നടത്തി തടി തപ്പി. എന്നിട്ടും സിറ്റിയിലെ തസ്‌നീമിനെയോ ഷമീറിനെയോ അഭിമുഖീകരിക്കാന്‍ പോലും പാര്‍ട്ടി സന്നദ്ധമായിട്ടില്ല. സംഘടിത മുസ്‌ലിം മുന്നേറ്റങ്ങളെ സര്‍ഗാത്മകമായി നേരിടാന്‍ പാര്‍ട്ടിക്ക് ഇത് വരെ സാധ്യമായിട്ടുണ്ടോ? പോപ്പുലര്‍ ഫ്രണ്ട് – ജമാഅത്തെ ഇസ്‌ലാമി സമീകരണമില്ലാത്ത സി.പി.എം പ്രഭാഷണങ്ങളുണ്ടാവാറില്ല. ലീഗ് വര്‍ഗീയമാണ്; അപ്പോള്‍ പിന്നെ അവരെ പിന്നിലുള്ള സമസ്തയും മുജാഹിദും എന്തായാലും വര്‍ഗീയതക്ക് കൂട്ട് പിടിക്കുന്നവരാണ്. സി.പി. സലീമിന്റെ പേര് ഉദ്ധരിച്ച് വിസ്ഡം ഗ്രൂപ്പ് വര്‍ഗീയമാണെന്ന് പാര്‍ട്ടി ജില്ലാ സെക്രട്ടറി തന്നെ പ്രസ്താവിച്ചിട്ടുണ്ട്. എ.പി. വിഭാഗത്തെ പിണക്കുമ്പോള്‍ അല്‍പം സൂക്ഷ്മത പാര്‍ട്ടി സ്വീകരിക്കാറുണ്ട്. പക്ഷേ മുസ്‌ലസ്‌ലിം സംഘടിത വിഭാഗം എന്ന തലത്തില്‍ നാളെ ഏത് സമയവും അവരെയും ചാപ്പ കുത്താം. സി.പി.എം നേതൃത്വത്തില്‍ മുസ്‌ലിംകള്‍ക്ക് വേണ്ടി പ്രാദേശിക സാംസ്‌കാരിക സംഘങ്ങളും പലിശ രഹിത സൊസൈറ്റിയും രൂപീകരിച്ച ലോകത്തിലേ ഏക ജില്ലയും കണ്ണൂരായിരിക്കും. മഹല്ലുകളുടേയും മുസ്‌ലിം സംഘടനകളുടേയും നേതൃത്വത്തില്‍ ജില്ലയില്‍ നടത്തപ്പെടുന്ന സാമൂഹിക സാംസ്‌കാരിക പ്രവര്‍ത്തനങ്ങളുടെ ആയിരത്തില്‍ ഒരംശം പോലും പാര്‍ട്ടി തീരുമാന പ്രകാരം എ .എന്‍ ശംസീറിന്റെ നേതൃത്വത്തില്‍ ജില്ലയില്‍ നടക്കുന്ന മുസ്‌ലിം കൂട്ടായ്മകള്‍ക്ക് സംഭാവനയര്‍പ്പിക്കാനാവില്ല. പക്ഷേ, സംഘടിത മുസ്‌ലിം സംരഭങ്ങളെക്കുറിച്ച് വിദേശ ഫണ്ട്, വര്‍ഗീയ ധ്രുവീകരണം, തമൗലികവാദം, പിന്തിരിപ്പന്‍ പ്രകൃത കൂട്ടം തുടങ്ങിയ ഫ്രെയിമിന്റെയകത്ത് നിന്നേ സി.പി.എമ്മിന് സംസാരിക്കാനാവുന്നുള്ളൂ. ചോദ്യമിതാണ്, മുസ്‌ലിം വിരുദ്ധ പൊതു നിര്‍മ്മിതിയില്‍ ജില്ലയിലെ സി.പി.എമ്മിന് സംഘ്പരിവാറില്‍ നിന്ന് വ്യത്യസ്ഥമായ വ്യക്തിമുദ്ര പതിപ്പിക്കാനായിട്ടുണ്ടോ?

സിവില്‍ പൊളിറ്റിക്‌സിനോട് സഹിഷ്ണുതയോടെ സംവദിക്കാന്‍ ജില്ലയിലെ സി.പി.എമ്മിന് സാധിക്കാറില്ല. ചേലോറ , പെട്ടിപ്പാലം മാലിന്യവിരുദ്ധ സമരം , ആറളം ആദിവാസി സമരം തുടങ്ങി പാര്‍ട്ടി എതിര്‍ചേരിയിലുള്ളതോ പാര്‍ട്ടിക്ക് നിലപാടില്ലാത്തതോ ആയ ജനകീയ സമരങ്ങള്‍ മുഴുവന്‍ അരാഷ്ട്രീയമാണ്. അതില്‍ പിന്തുണ നല്‍കാന്‍ നവസാമൂഹിക പ്രസ്ഥാനങ്ങള്‍ വന്നാല്‍ തീവ്രവാദ നുഴഞ്ഞ് കയറ്റമായി പ്രസ്താവന വരും. അടുത്ത കാലത്ത് നെല്‍വയല്‍ നികത്തലിനെതിരെ ബ്രാഞ്ച് പ്രവര്‍ത്തകര്‍ തന്നെ നടത്തിയ സമരത്തെ പോലും ദേശാഭിമാനി ഇവ്വിധം ആരോപിച്ച് കളഞ്ഞു. ലീഗിന്റെ ബൈത്തു റഹ് മയും സോളിഡാരിറ്റിയുടെ കുടിവെള്ള പദ്ധതിയുമൊക്കെ തീവ്രവാദം ഒളിച്ച് കടത്താനുള്ള വഴിയാണ്. നിയമ വിരുദ്ധ വിദേശ ഫണ്ടിലൂടെയുള്ള ദേശദ്രോഹ പ്രവര്‍ത്തനങ്ങളാണ്. മുസ്‌ലിം പശ്ചാത്തലമുള്ള സംഘടനകള്‍ ജനകീയതയുടെ മുഖം മൂടിയണിയുന്നുവെന്ന സംഘ്പരിവാര്‍ കാമ്പയിന്‍ ജില്ലയില്‍ ഭംഗിയില്‍ നടപ്പിലാക്കുന്ന ജോലി സി.പി.എം തുടര്‍ന്ന് കൊണ്ടിരിക്കുന്നു. ബാലന്‍സിംഗ് പൊളിറ്റിക്‌സ് പറയാതെ സംഘ് പരിവാറിനെ നേരിടാന്‍ സി.പി.എമ്മിന് കഴിയാത്തത് എന്ത് കൊണ്ടാണ്?

ഇന്ത്യയിലെ ഏറ്റവും വലിയ ദളിത് വിരുദ്ധ പാര്‍ട്ടി സംഘ്പരിവാറാണന്നതില്‍ തര്‍ക്കത്തിനില്ല. പ്രത്യശാസ്ത്രത്തില്‍ തന്നെ സവര്‍ണത ആവാഹിച്ചവരാണവര്‍. എന്നിട്ടും കണ്ണൂരില്‍ വന്ന് സി.പി.എമ്മിന്റെ ദളിത് വിരുദ്ധതക്കെതിരെ ജാഥ നടത്താനാവുന്നു. ജാതി വിവേചനത്തിന്റെ പ്രശ്‌നങ്ങളെ ഉള്‍ക്കൊള്ളാന്‍ ഇടുങ്ങിയ വര്‍ഗ രാഷ്ട്രീയത്തിന് സാധിക്കാത്ത പാര്‍ട്ടിക്ക് സവര്‍ണ ചിഹ്നങ്ങളില്‍ നിന്നും ദര്‍ശനങ്ങളില്‍ നിന്നും രാഷ്ട്രീയ നിലപാടില്‍ നിന്നും മാറി നില്‍ക്കാന്‍ സാധിക്കുന്നില്ല. ഹിജാബ് അനുവദിക്കാത്ത വിദ്യാലയങ്ങള്‍ക്ക് നേരെ ജില്ലയില്‍ ഉയര്‍ന്ന നിരവധി പ്രക്ഷോഭങ്ങളില്‍ ഒന്നില്‍ പോലും പങ്കാളിയാവാന്‍ എസ്.എഫ്.ഐക്ക് സാധിക്കാത്തത് മതേതര ചിഹ്നങ്ങളുടെ പേരില്‍ വിപണനം നടത്തപ്പെടുന്ന സവര്‍ണ വസ്ത്ര സങ്കല്പം കൊണ്ടാണ്. പാര്‍ട്ടി ഗ്രാമമായ പയ്യന്നൂരിലെ എടാട്ട് നിന്ന് ചിത്രലേഖക്ക് മാറി താമസിക്കേണ്ടി വന്നത് ജാതി വെറിയുടെ ശല്ല്യം കാരണമാണ്. തലശ്ശേരിയില്‍ ദളിത് യുവതി അധിക്ഷേപിക്കപ്പെട്ടതും ആറളം ആദിവാസി സമരം തീവ്രവാദ സമരമായി ആവര്‍ത്തിക്കുന്നതും ഈ രാഷ്ട്രീയ ബോധം കൊണ്ടാണ്. കണ്ണൂരിലെ സി.പി.എം എണ്ണം കൊണ്ട് തീയ്യ പാര്‍ട്ടിയാണ്. നിലപാട് കൊണ്ട് സവര്‍ണ പാര്‍ട്ടിയും. ഭൂമി പൂജ മുതല്‍ നിലവിളക്ക് വരെയുള്ള സകല ഹിന്ദുമത ചിഹ്നങ്ങളും തന്നെയാണ് മതേതര പാര്‍ട്ടിയായ സി.പി.എം ഉപയോഗിക്കുന്നത്. സി.പി.എം അനുകൂല അദ്ധ്യാപക സംഘടനക്ക് കണ്ണൂര്‍ നടന്ന സംസ്ഥാന യുവജനോത്സവത്തിന് ഭക്ഷണപ്പുരയുടെ ചുമതല ലഭിച്ചപ്പോള്‍ അതവര്‍ കൃത്യപ്പെടുത്തിയിട്ടുണ്ട്. ഒന്നാം തരം സസ്യ ബുക്ക് മെനുവും പാചകത്തിന് സവര്‍ണ പണ്ടാരിയും. കേരളത്തിലെ എല്ലാ യുവജനോത്സവത്തിലും ഇങ്ങനെയൊക്കെയാണ്. പക്ഷേ, സി.പി.എമ്മിന്റെ കണ്ണൂരിനും കെ.എസ് ടി.എ ക്കും സെക്കുലറാവാന്‍ എന്താ ഇത്ര പേടി?

2011ല്‍ സി.പി.എം ശക്തി കേന്ദ്രമായ കുത്തുപറമ്പ് മണ്ഡലത്തില്‍ ഐ.എന്‍.എല്ലിന്റെ എസ്.എ പുതിയവളപ്പില്‍ സ്ഥാനാര്‍ഥിയായിട്ട് തോറ്റതിനെക്കുറിച്ച് പാര്‍ട്ടി അന്വേഷിച്ചിരുന്നോ? മുന്നണിയില്‍ തട്ടി കളിക്കുന്ന പന്തിനെ പ്രവര്‍ത്തകരുടെ മതേതര ബോധം കൊണ്ട് റണ്ണൗട്ടാക്കി. പാര്‍ട്ടിയിലെ അംഗത്വം പോലെ പാര്‍ട്ടി സ്‌പോണ്‍സേഴ്ഡ് സഹകരണ പ്രസ്ഥാനങ്ങളിലെ ന്യൂനപക്ഷ പ്രതിനിധ്യവും അസന്തുലിതമാണ്.

ചുരുക്കത്തില്‍, സംഘ്പരിവാര്‍ വന്ന് പ്രവര്‍ത്തകരേയും ഉള്ളം കയ്യിലുള്ള ജില്ലയേയും ഒരു സുപ്രഭാതത്തില്‍ തട്ടികൊണ്ട് പോവുകയല്ല. ഇന്നലെകളില്‍ പാര്‍ട്ടി വിതച്ചത് സംഘ് പരിവാര്‍ കൊയ്യുകയാണ്. ന്യായീകരണത്തിലൂടെ തല്‍ക്കാലം വായടപ്പിക്കാന്‍ പറ്റിയേക്കാം. കാലിനടിയിലുള്ള കേരളവും ത്രിപുരയും കൂടി ഒലിച്ച് പോയാല്‍ രാജ്യത്ത് പിന്നെ കമ്മ്യൂണസത്തിന് മേല്‍വിലാസമുണ്ടാവില്ല. അവസാനത്തെ മതേതര പ്രസ്ഥാനങ്ങളും സംഘ്പരിവാര്‍ കാലത്ത് ശക്തിപ്പെടണം എന്ന് നല്ല ബോധ്യമുണ്ട്. പക്ഷേ, അടിസ്ഥാനത്തില്‍ കൈവെച്ച് ചികിത്സിക്കണമെന്ന് രോഗികള്‍ക്ക് കൂടി തോന്നണ്ടേ? പാര്‍ട്ടിയുടെ ഘടനയില്‍  രാഷ്ട്രീയത്തില്‍ അട്ടപിടിച്ച് കിടക്കുന്ന സവര്‍ണ ബോധവും ഇസ്‌ലാമാഫോബിക് മുന്‍വിധിയും മാറ്റിവെച്ച് ചികിത്സ നടത്താന്‍ സന്നദ്ധമായാല്‍ ഇടത് പക്ഷത്തിന് ഇനിയും ഭാവിയുണ്ട്.

Related Articles