Current Date

Search
Close this search box.
Search
Close this search box.

സിനിമ എന്ന മാധ്യമം, സ്വീകരിക്കേണ്ട രീതിയെന്ത് ?

cinema.jpg

ജാറത്തിലേക്ക് ആളുകള്‍ വെളിച്ചെണ്ണ കടയില്‍ നിന്നും വാങ്ങി കൊണ്ട് പോകുന്നു എന്ന കാരണത്താല്‍ റസാഖ് വെളിച്ചെണ്ണ വില്‍പ്പന തന്നെ വേണ്ടെന്നു വെച്ചു. അങ്ങിനെ തന്റെ കടയില്‍ നിന്നും വാങ്ങിയ എണ്ണ മോശമായ കാര്യത്തിന് ഉപയോഗിക്കുന്നത് തടയുക എന്നതായിരുന്നു റസാഖിന്റെ ഉദ്ദേശം. പപ്പടവും മീനും പൊരിക്കാനും ആളുകള്‍ എണ്ണ വാങ്ങും എന്നത് റസാഖിന് ന്യായമായി തോന്നിയില്ല.  വെളിച്ചെണ്ണ കിട്ടാതായപ്പോള്‍ പറ്റുകാര്‍ മറ്റു കടകളില്‍ പോയി തുടങ്ങി. അവസാനം വെളിച്ചെണ്ണയും വില്പ്പന നടത്താം എന്നതില്‍ അവന്‍ എത്തി ചേര്‍ന്നു.

സിനിമ എന്ന് കേട്ടപ്പോള്‍ പലര്‍ക്കും തോന്നിയത് അങ്ങിനെയാണ്. നമ്മുടെ മുന്നിലുള്ള സിനിമ ഒരു മീഡിയ എന്ന അര്‍ത്ഥത്തിലല്ല ഉപയോഗിക്കപ്പെടുന്നത്. പലരും അതിനെ പല രീതിയിലും ഉപയോഗിച്ച് കൊണ്ടിരിക്കുന്നു. കച്ചവട മനസ്സുള്ള ഒന്നായി സിനിമ മാറിയിരിക്കുന്നു. ജനത്തിനു വേണ്ടത് നല്‍കുക എന്നതിനാണു സിനിമ പ്രാധാന്യം നല്‍കുന്നതും. ആശയങ്ങള്‍ കൈമാറാനുള്ള ആധുനിക രീതിയാണ് സിനിമ. സിനിമയെ അങ്ങിനെ സമീപിച്ചവരെ വിമര്‍ശിക്കുന്ന രീതിയാണ് പിന്നെ കണ്ടത്. സിനിമ പൂര്‍ണമായി നിഷിദ്ധം എന്നിടത്തേക്കു മത വിധികളും പണ്ഡിത അഭിപ്രായവും വന്നു കൊണ്ടിരുന്നു.  പക്ഷെ നിഷിദ്ധം എന്ന് വന്നാല്‍ അത് പൂര്‍ണമായി ഒഴിവാക്കുക എന്നതാണ്  മതവിധി.  ആ നിഷിദ്ധതയെ അതെ ഗൗരവത്തില്‍ കാണാന്‍ സമുദായവും തയ്യാറായിരുന്നില്ല.

സഊദിയില്‍ നിന്നും വരുന്ന വാര്‍ത്ത അടച്ചു പൂട്ടിയ സിനിമ തിയേറ്ററുകള്‍ വീണ്ടും തുറക്കുന്നു എന്നതാണ്.  മത പണ്ഡിതരുടെ ശക്തമായ നിയന്ത്രണമുള്ള ഭരണ വ്യവസ്ഥയാണ് സഊദിയില്‍ എന്നാണ് പൊതു ബോധം. അത് കൊണ്ട് തന്നെ മറ്റു മുസ്‌ലിം രാഷ്ട്രങ്ങളില്‍ കാണാത്ത പലതും നാം അവിടെ കാണും. സ്ത്രീകളുടെ വസ്ത്ര ധാരണം, െ്രെഡവിങ് പോലുള്ള കാര്യങ്ങള്‍ ഉദാഹരണം. സലഫികളുടെ നിലപാടിനെ പിന്തുണക്കുന്ന നയനിലപാടായിരുന്നു സഊദി തുടര്‍ന്ന് പോയത്. സിനിമയെ കുറിച്ച് ഇബ്‌നു ബാസ് അവര്‍കള്‍ മുന്നേ തന്നെ പറഞ്ഞത് നന്മയുടെ പ്രചാരണത്തിന് ആ മാര്‍ഗം സ്വീകരിക്കാം എന്നതാണ്. അതില്‍ നിഷിദ്ധം പാടില്ല എന്നതായിരുന്നു അദ്ദേഹം പറഞ്ഞു വെച്ചത്.  പക്ഷെ സിനിമ എന്ന മാധ്യമത്തോട് പൂര്‍ണമായും പിന്തിരിഞ്ഞു നിന്ന  ചരിത്രമാണ് സഊദിക്കു പറയാനുള്ളത്. അറബി നാട്ടിലെ എന്തും സലഫിസമാണ് എന്ന് തെറ്റിദ്ധരിച്ചവരും ഈ മാധ്യമത്തെ തീര്‍ത്തും അവഗണിച്ചു.

കഴിഞ്ഞുപോയ പതിറ്റാണ്ടുകള്‍ സാങ്കേതിക രംഗത്തുണ്ടാക്കിയ മുന്നേറ്റം വലുതാണ്. ഇസ്‌ലാമിന്റെ ശത്രുക്കള്‍ അത്തരം മേഖലകള്‍ പൂര്‍ണമായി ഉപയോഗപ്പെടുത്തുകയും ചെയ്യുന്നു. ഇസ്‌ലാമിനെ വിമര്‍ശിക്കുന്ന ഒരു പാട് സിനിമകള്‍ ഈ കാലയളവില്‍ പുറത്തിറങ്ങി. അതിനോട് അതെ രീതിയില്‍ പ്രതികരിക്കാന്‍ പലപ്പോഴും മുസ്‌ലിം പക്ഷത്തിന് കഴിഞ്ഞില്ല. അവരുടെ പ്രതികരണം പലപ്പോഴും വൈകാരികമായിരുന്നു. സിനിമ എന്ന മാധ്യമം തന്നെ നിഷിദ്ധം എന്ന് വരികില്‍ ആ രീതിയില്‍ മുന്നോട്ട് പോകാന്‍ പലര്‍ക്കും തടസ്സം കാണും.

ഇപ്പോള്‍ സഊദി സിനിമ ശാലകള്‍ തുറന്നു കൊടുക്കാന്‍ തീരുമാനിച്ചു. വിദേശ രാജ്യങ്ങളിലെ പല കമ്പനികളും അവിടെ തിയ്യേറ്ററുകള്‍ തുറക്കാന്‍ തീരുമാനിച്ചിരിക്കുന്നു. ഇന്നലെ വരെ ഇല്ലാത്ത ഒരു പുതിയ സാമൂഹിക വിഷയമായി അവിടെ സിനിമ മാറും. പുതിയ ഭരണകൂടം കാര്യങ്ങള്‍ക്കു വിശാലത നല്‍കുന്നു എന്നത് ശരിയാണ്. പക്ഷെ പുതിയ പാത തുറക്കുമ്പോള്‍ അതുണ്ടാക്കുന്ന സാമൂഹിക ക്രമം കൂടി മനസ്സിലാക്കപ്പെടണം.

സിനിമ എന്ന മാധ്യമത്തെ  വേണ്ട രീതിയില്‍ ഉള്‍ക്കൊള്ളാനും ഉപയോഗപ്പെടുത്താനും മുസ്‌ലിം ലോകത്തിന് കഴിഞ്ഞിട്ടില്ല. അതിന്റെ സ്വാദീനം സമൂഹത്തില്‍ വളരെ കൂടുതലാണ് എന്നറിഞ്ഞിട്ടും നാം കാണിച്ച ഉദാസീനത നീതീകരിക്കാന്‍ കഴിയാത്തതും. ആധുനിക സാങ്കേതികത പരമാവധി ഉപയോഗപ്പെടുത്താന്‍ കഴിയുക എന്നിടത്താണ് വിജയം. ലോകം ഇന്ന് യുദ്ധം ചെയ്യുന്നത് തലച്ചോറിലാണ്. അവിടേയ്ക്കു കയറാന്‍ ശത്രു പക്ഷം സ്വീകരിക്കുന്ന വഴികള്‍ തന്നെ ശരിയായ രീതിയില്‍ ഇസ്‌ലാമിക പക്ഷവും സ്വീകരിക്കണം.  കവികളെ ഖുര്‍ആന്‍ വിമര്‍ശിച്ചു. അതെ സമയം കവിതയെ ഇസ്‌ലാം ഉപയോഗപ്പെടുത്തി. അതാണ് സിനിമയോട് നാം സ്വീകരിക്കേണ്ട രീതി.

 

Related Articles