Current Date

Search
Close this search box.
Search
Close this search box.

സഹോദര സമുദായ സംരക്ഷകനായ ഔറംഗസേബ്

Aurangzeb-8741.jpg

ഹിന്ദു ജൈന ക്ഷേത്രങ്ങളാല്‍ സമ്പന്നമായിരുന്നു ഔറംഗസേബിന്റെ സാമ്രാജ്യം. ഈ മതസ്ഥാപനങ്ങള്‍ക്കെല്ലാം തന്നെ മുഗള്‍ ഭരണകൂടത്തിന്റെ സംരക്ഷണവുമുണ്ടായിരുന്നു. അവരുടെ ക്ഷേമം ഉറപ്പുവരുത്തുന്നതില്‍ ഔറംഗസേബ് പൊതുവെ കണിശത വെച്ചുപുലര്‍ത്തുകയും ചെയ്തിരുന്നു. അതേസമയം തന്നെ, മുഗള്‍ പരിപ്രേക്ഷ്യത്തില്‍ നിന്നും നോക്കുമ്പോള്‍, ചില ക്ഷേത്രങ്ങള്‍, അല്ലെങ്കില്‍ അവരുമായി ബന്ധപ്പെട്ടവര്‍ ഭരണകൂട താത്പര്യങ്ങള്‍ക്കെതിരെ പ്രവര്‍ത്തിച്ചപ്പോള്‍ അതുവരെ നല്‍കപ്പെട്ടിരുന്ന സംരക്ഷണം റദ്ദ് ചെയ്യുകയും ഉണ്ടായിട്ടുണ്ട്. തന്റെ ഭരണകാലത്ത് ഔറംഗസേബ് ക്ഷേത്രങ്ങളില്‍ ചിലത് തകര്‍ക്കാന്‍ ഔറംഗസേബ് ഉത്തരവിട്ടതായും കാണാന്‍ കഴിയും.

ഹിന്ദുക്കള്‍ക്കെതിരെയുള്ള അടങ്ങാത്ത വിദ്വേഷത്തിന്റെ അടയാളമായാണ് ഔറംഗസേബിന്റെ ക്ഷേത്ര ധ്വംസനങ്ങളെ പല ആധുനികരും വീക്ഷിക്കുന്നത്. കൊളോണിയല്‍ യുഗ പഠനങ്ങളിലാണ് ഇത്തരം വീക്ഷണങ്ങളുടെ വേരുകള്‍ ചെന്ന് നില്‍ക്കുന്നത്. ബ്രിട്ടീഷുകാരുടെ വിഭജിച്ച് ഭരിക്കുക എന്ന തന്ത്രത്തിന്റെ ഭാഗമായാണ് ഹിന്ദു-മുസ്‌ലിം ശത്രുതയുടെ ആഖ്യാനത്തിന് മേധാവിത്തം ലഭിച്ചത്. ഹിന്ദുക്കള്‍ക്കെതിരെയുള്ള ഔറംഗസേബിന്റെ ‘അതിക്രമങ്ങളും’, അദ്ദേഹത്തിന്റെ വര്‍ഗീയതയും പട്ടികപ്പെടുത്തിയ ഒരുപാട് വെബ്‌സൈറ്റുകള്‍ ഇന്ന് കാണാന്‍ കഴിയും. പക്ഷെ അവയില്‍ പലതും അടിസ്ഥാനരഹിതവും, സന്ദര്‍ഭത്തില്‍ നിന്നും അടര്‍ത്തിമാറ്റപ്പെട്ടതുമായ കാര്യങ്ങള്‍ കൊണ്ട് നിറഞ്ഞതാണ്.

ഹിന്ദു വിരോധം കാരണമാണ് ഔറംഗസേബ് ക്ഷേത്രങ്ങള്‍ തകര്‍ത്തതെന്ന വാദത്തില്‍ ഒരുപാട് വൈരുദ്ധ്യങ്ങളുണ്ട്. തന്റെ ഭരണപരിധിയില്‍ ഉണ്ടായിരുന്ന ആയിരക്കണക്കിന് ക്ഷേത്രങ്ങളില്‍, ഏറിയാല്‍ വിരലിലെണ്ണാവുന്ന ഏതാനും ചിലത് മാത്രമാണ് ഔറംഗസേബ് തകര്‍ത്തിട്ടുള്ളത്. ഹിന്ദുക്കളുടെ ആരാധനാലയങ്ങള്‍ ഇന്ത്യയില്‍ നിന്നും തുടച്ച് നീക്കുക എന്ന ഒറ്റ അജണ്ടയുള്ള ഒരു മതഭ്രാന്തന്‍ മാത്രമായാണ് നമുക്ക് ഔറംഗസേബിനെ കാണാന്‍ കഴിയുന്നതെങ്കില്‍, ഈ പൊരുത്തകേടുകള്‍ നമ്മുടെ ശ്രദ്ധയില്‍ ഒരിക്കലും പെടില്ല. ഔറംഗസേബിനെ കുറിച്ചുള്ള നീതിപൂര്‍വ്വകമായ ചരിത്ര വീക്ഷണം, എന്തുകൊണ്ടാണ് അദ്ദേഹം ഹിന്ദു ക്ഷേത്രങ്ങള്‍ തകര്‍ത്തത് എന്നതിന് പകരം, എന്തു കൊണ്ടാണ് അദ്ദേഹം എല്ലായ്‌പ്പോഴും ഹിന്ദു ക്ഷേത്രങ്ങള്‍ സംരക്ഷിച്ചത് എന്ന് വിശദീകരിക്കും.

സഹോദരസമുദായ നേതാക്കള്‍ക്കും, സ്ഥാപനങ്ങള്‍ക്കും സംരക്ഷണം നല്‍കുന്നതില്‍ ഇസ്‌ലാമിക നിയമമാണ് ഔറംഗസേബ് പിന്തുടര്‍ന്നത്. ഇന്തോ-മുസ്‌ലിം ഭരണാധികാരികള്‍ ഹിന്ദുക്കളെ ‘ദിമ്മികള്‍’ ആയാണ് പരിഗണിച്ചിരുന്നത്, അഥവാ ഇസ്‌ലാമിക നിയമത്തിന്റെ സംരക്ഷണ വലയത്തില്‍ കഴിയുന്നവര്‍. ഹിന്ദുക്കള്‍ ഭരണകൂടത്തിന്റെ സംരക്ഷണവും ചില പ്രത്യേക അവകാശങ്ങളും ഉണ്ടായിരുന്നു. അതേസമയം, ഹിന്ദു ജൈന മതവിഭാഗങ്ങളോടുള്ള തന്റെ സമീപനത്തില്‍ ഇസ്‌ലാമിക നിയമം അനുശാസിക്കുന്നതിനേക്കാള്‍ കൂടുതല്‍ കാര്യങ്ങള്‍ ഔറംഗസേബ് ചെയ്തിരുന്നു. ഔറംഗസേബിനെ സംബന്ധിച്ചിടത്തോളം, ക്ഷേത്രങ്ങള്‍ സംരക്ഷിക്കുന്നതും, ചിലസമയങ്ങളില്‍ അവ തകര്‍ക്കുന്നതും, മുഗള്‍ സാമ്രാജ്യത്തിലുടനീളം നീതി ഉറപ്പുവരുത്തുക എന്ന ദൗത്യത്തിന്റെ ഭാഗമായിരുന്നു.

നീതിയെ കുറിച്ചുള്ള ഔറംഗസേബിന്റെ കാഴ്ച്ചപ്പാടില്‍ മതസ്വാതന്ത്ര്യവും ഉള്‍പ്പെട്ടിരുന്നു. ഇത് ഹിന്ദു ആരാധനാലയങ്ങളില്‍ ഭൂരിഭാഗവും സംരക്ഷിക്കുന്നതിലേക്ക് അദ്ദേഹത്തെ നയിച്ചു. അക്കാലത്തെ യൂറോപ്യന്‍ സാമ്രാജ്യങ്ങള്‍ നടപ്പാക്കിയിരുന്ന കിരാതമായ നടപടികളുമായി താരതമ്യം ചെയ്യുമ്പോള്‍, തങ്ങളുടെ പ്രജകള്‍ക്ക് അവരവരുടെ മതവിശ്വാസങ്ങളും, ആരാധനാനുഷ്ഠാനങ്ങളും ആചരിക്കാനും, നിര്‍വഹിക്കാനും അളവറ്റ സ്വാതന്ത്ര്യം അനുവദിച്ചിരുന്നവരായിരുന്നു പൊതുവെ മുഗള്‍ ഭരണാധികാരികള്‍.

എന്നിരുന്നാലും, മുഗള്‍ ഇന്ത്യയില്‍ ഭരണതാല്‍പര്യങ്ങള്‍ മതസ്വാതന്ത്ര്യത്തിന് വിലങ്ങിട്ടിട്ടുമുണ്ട്. രാജ്യദ്രോഹ പ്രവര്‍ത്തനങ്ങളിലും, അധര്‍മ്മങ്ങളിലും ഏര്‍പ്പെട്ടെന്ന് തെളിയുന്ന പക്ഷം മതസ്ഥാപനങ്ങള്‍ക്കും, നേതാക്കള്‍ക്കും എതിരെ കര്‍ശനനടപടിയെടുക്കുന്നതില്‍ ഔറംഗസേബ് യാതൊരു മടിയും കാണിച്ചിരുന്നില്ല. പക്ഷെ, മറ്റവസരങ്ങളില്‍, എല്ലാ ഇന്ത്യക്കാരെയും ഒരുപോലെ കാണുകയും, പരിഗണിക്കുകയും ചെയ്യുന്ന നീതിമാനായ ഒരു ഭരണാധികാരിയായാണ് ഔറംഗസേബ് സ്വയം കരുതിയിരുന്നത്. അതാണ് ക്ഷേത്രങ്ങള്‍ക്ക് ഭരണകൂട സംരക്ഷണം നല്‍കുന്നതില്‍ അദ്ദേഹം രണ്ടാമതൊന്ന് ആലോചിക്കാതിരുന്നത്.

എങ്ങനെയായിരിക്കണം നല്ല ഭരണാധികാരികള്‍ ആരാധനാലയങ്ങളും, അമുസ്‌ലിംകളുടെ മതകേന്ദ്രങ്ങളും സംരക്ഷിക്കേണ്ടത് എന്നതിനെ കുറിച്ചുള്ള ഔറംഗസേബിന്റെ വീക്ഷണം, 1654-ല്‍ മെവാറിലെ ഹിന്ദു രജപുത്ര ഭരണാധികാരിയായിരുന്ന റാണാ രാജ് സിംഗിന് ഔറംഗസേബ് അയച്ച ഉത്തരവില്‍ നിന്നും നമുക്ക് മനസ്സിലാക്കാന്‍ സാധിക്കും: ‘ഭരണാധികാരികള്‍ ദൈവത്തിന്റെ നിഴലുകളാണ്, ദൈവിക കോടതിയുടെ തൂണുകളായ ഈ വര്‍ഗത്തിന്റെ സവിശേഷശ്രദ്ധ എപ്പോഴും ഇതിലായിരിക്കണം: വ്യത്യസ്ത മതങ്ങളും, വീക്ഷണങ്ങളും വെച്ചുപുലര്‍ത്തുന്ന എല്ലാ മനുഷ്യരും സമാധാനത്തിലും ഐശ്വര്യത്തിലുമായിരിക്കണം കഴിയേണ്ടത്. ആരും തന്നെ മറ്റുള്ളവരുടെ കാര്യങ്ങളില്‍ അനാവശ്യ ഇടപെടലുകള്‍ നടത്തരുത്.’

അതേ ഉത്തരവില്‍ തന്നെ, പക്ഷപാതിത്വവും വര്‍ഗീയതയും (തഅസ്സുബ്) വെച്ച് പുലര്‍ത്തുന്ന ഭരണാധികാരികളെ ഔറംഗസേബ് ശക്തമായി അപലപിക്കുന്നുണ്ട്. പക്ഷപാതിത്വത്തെ ‘ദൈവത്തിന്റെ ഐശ്വര്യ സൃഷ്ടികളെ ഉന്മൂലനം ചെയ്യുന്നതും, ദൈവിക അടിത്തറകളെ തകര്‍ക്കുന്നതുമായ’ വന്‍കുറ്റമായാണ് അദ്ദേഹം കണക്കാക്കിയത്. ഔറംഗസേബിന്റെ വീക്ഷണത്തില്‍ ഇസ്‌ലാമിക അധ്യാപനങ്ങളും, മുഗള്‍ പാരമ്പര്യവുമായിരുന്നു ഹിന്ദു ക്ഷേത്രങ്ങള്‍, തീര്‍ത്ഥാടന കേന്ദ്രങ്ങള്‍, പുണ്യ പുരുഷന്‍മാര്‍ എന്നിവ സംരക്ഷിക്കാന്‍ അദ്ദേഹത്തിന് പ്രചോദനമായി വര്‍ത്തിച്ചത്.

ഭരണാധികാരിയെന്ന നിലക്കുള്ള തന്റെ ആദ്യകാല നടപടികളില്‍ ഒന്നില്‍, പ്രാദേശിക ക്ഷേത്രങ്ങളുടെ പ്രവര്‍ത്തനങ്ങളില്‍ നടത്തുന്ന എല്ലാ ഇടപെടലുകളും നിര്‍ത്തി വെക്കാന്‍ ബനാറസിലെ മുഗള്‍ ഉദ്യോഗസ്ഥന്‍മാരോട് അദ്ദേഹം രാജകീയ ഉത്തരവിടുകയുണ്ടായി. ‘ചില ആളുകള്‍ വെറുപ്പിന്റെ പുറത്ത്, ബനാറസിലെയും, സമീപപ്രദേശങ്ങളിലെയും ഹിന്ദു സഹോദരന്‍മാരെ ഉപദ്രവിച്ചതായി ഞാന്‍ അറിയുന്നു. അവിടെയുള്ള പുരാതന ക്ഷേത്രങ്ങളുടെ മേല്‍നോട്ടം വഹിക്കുന്ന ബ്രാഹ്മണന്‍മാരും ഉപദ്രവിക്കപ്പെട്ടവരില്‍ ഉള്‍പ്പെടും.’ എന്നിട്ട് തന്റെ ഉദ്യോഗസ്ഥന്‍മാരോട് അദ്ദേഹം ഉത്തരവിട്ടു: ‘ആ പ്രദേശത്തെ ബ്രാഹ്മണന്‍മാര്‍, മറ്റു ഹിന്ദുക്കള്‍ തുടങ്ങിയവരെ ആരും തന്നെ നിയമംലംഘിച്ച് കൊണ്ട് ഉപദ്രവിക്കുന്നില്ലെന്ന് നിങ്ങള്‍ ഉറപ്പുവരുത്തേണ്ടതുണ്ട്. അവര്‍ അവരുടെ പരമ്പരാഗത സ്ഥലങ്ങളില്‍ തുടരുകയും, സാമ്രാജ്യത്തിന്റെ നിലനില്‍പ്പിന് വേണ്ടി പ്രാര്‍ത്ഥിക്കുകയും ചെയ്യട്ടെ.’ 1659 ബനാറസ് രാജകീയ ഉത്തരവ് എന്ന പേരിലാണ് ഇത് അറിയപ്പെടുന്നത്. തന്റെ ഭരണകാലത്തിലുടനീളം ഹിന്ദു മതസ്ഥാപനങ്ങളുടെയും അവരുടെ നേതാക്കളുടെയും ക്ഷേമം ഉറപ്പു വരുത്തുക എന്നത് ഔറംഗസേബിന്റെ മുഖ്യനയമായിരുന്നു.

അനാവശ്യ ഇടപെടലുകളില്‍ നിന്നും ക്ഷേത്രങ്ങളെ സംരക്ഷിക്കണമെന്ന് നിര്‍ദ്ദേശിച്ച് കൊണ്ടുള്ള ഒരുപാട് ഉത്തരവുകള്‍ ഔറംഗസേബ് തന്റെ ഉദ്യോഗസ്ഥര്‍ക്ക് നല്‍കിയിരുന്നു. ഹിന്ദു സമുദായത്തിന് അദ്ദേഹം ഭൂമി അനുവദിച്ചു, ഹിന്ദു ആത്മീയാചാര്യന്മാര്‍ക്ക് അദ്ദേഹം സ്‌റ്റൈപ്പന്റുകള്‍ നല്‍കുകയും ചെയ്തു.

തന്റെ ഭരണകാലത്തിന്റെ ഒമ്പതാം വര്‍ഷത്തില്‍, അസ്സമിലെ ഗുവാഹത്തിയിലുള്ള ഉമാനന്ദ് ക്ഷേത്രത്തിന് ഭൂമി അനുവദിച്ച് കൊണ്ടും, ആ ഭൂമിയില്‍ നിന്നുള്ള വരുമാനം എടുത്ത് കൊള്ളാനും നിര്‍ദ്ദേശിച്ച് കൊണ്ട് ഔറംഗസേബ് ഉത്തരവിട്ടു. ബനാറസിലെ ഗംഗാതീരത്ത് ജീവിച്ചിരുന്ന ഭഗവന്ദ് ഗൊസൈന്‍ എന്ന ഹിന്ദു സന്യാസിയുടെ ധ്യാനത്തിനും ആരാധനകള്‍ക്കും യാതൊരു ഭംഗവും വരാതിരിക്കാന്‍ അദ്ദേഹത്തിന് സുരക്ഷയൊരുക്കാന്‍ ഔറംഗസേബ് 1680-ല്‍ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു.

1687-ല്‍, ‘ഭക്തരായ ബ്രാഹ്മണന്‍മാര്‍ക്കും, ഫഖീറുമാര്‍ക്കും’ വീടുകള്‍ നിര്‍മിക്കുന്നതിന് വേണ്ടി ബനാറസിലെ മലനിരകളിലുള്ള ഭൂമി ഔറംഗസേബ് നല്‍കുകയുണ്ടായി. 1698-ല്‍, ബാലാജി ക്ഷേത്രത്തെ ശക്തിപ്പെടുത്തുന്നതിനായി, എട്ട് ഗ്രാമങ്ങളും, വലിയ തോതിലുള്ള നികുതിമുക്ത ഭൂമിയും ചിത്രകൂടത്തിലുള്ള മഹന്ദ് ബാലക് ദാസ് നിര്‍വാണിക്ക് ഔറംഗസേബ് അനുവദിച്ചു. ഈ പട്ടിക വളരെ നീണ്ടതാണ്. ഹിന്ദു സമുദായ സംരക്ഷണത്തില്‍ ഔറംഗസേബ് തന്റെ മുന്‍ഗാമികളുടെ പാത തന്നെയാണ് പിന്തുടര്‍ന്നത്.

ജൈനമത സ്ഥാപനങ്ങളോടും ഇതേ അനുകൂല നയം തന്നെയാണ് ഔറംഗസേബ് പുലര്‍ത്തിയത്. ഗുജറാത്തിലെ ജൈന തീര്‍ത്ഥാടന കേന്ദ്രങ്ങളായ ശത്രുഞ്ജയ, ഗിര്‍നാര്‍, മൗണ്ട് അബു തുടങ്ങിയ ഇടങ്ങളിലെല്ലാം ഔറംഗസേബ് അവര്‍ക്ക് ഭൂമി പതിച്ച് നല്‍കിയിരുന്നു. ലാല്‍ വിജയ് എന്ന ജൈന സന്യാസിക്ക് ഔറംഗസേബ് ഒരു ആശ്രമം നിര്‍മിച്ച് നല്‍കുകയും വിശ്രമകേന്ദ്രത്തിന് ധനസഹായവും അനുവദിക്കുകയുണ്ടായി. ജൈന മത നേതാവായിരുന്ന ജിന ചന്ദ്ര സൂരിക്ക് എല്ലാ വിധ സംരക്ഷണവും നല്‍കാന്‍ 1703-ല്‍ ഔറംഗസേബ് ഉത്തരവിട്ടു. ഇതൊക്കെ കൊണ്ടു തന്നെ അക്കാലഘട്ടത്തിലെ ജൈന രേഖകളില്‍ ‘മര്‍ദാനോ ഓര്‍ മഹാബലി ഔറംഗഷാഹി നാരംന്ദ’ (ധീരനും ശക്തനുമായിരുന്നു ഔറംഗസേബ് ഷാ) പോലെയുള്ള ഔറംഗസേബിനെ കുറിച്ചുള്ള വാഴ്ത്തലുകള്‍ കണ്ടാല്‍ അതില്‍ അത്ഭുതപ്പെടാനൊന്നുമില്ല.

(Aurangzeb: The Man and the Myth എന്ന കൃതിയില്‍ നിന്നുള്ള ഭാഗം)

വിവ: ഇര്‍ഷാദ് ശരീഅത്തി

Related Articles