Current Date

Search
Close this search box.
Search
Close this search box.

സലഫിസവും തെറ്റിധാരണകളും

desert-tree.jpg

സലഫി എന്ന പദവുമായി ബന്ധപ്പെട്ട് തെറ്റിദ്ധാരണ പരത്താന്‍ ചില ശ്രമങ്ങള്‍ നടക്കുന്നു. കൊടുംഭീകരരായ ഇസ്‌ലാമിക് സ്‌റ്റേറ്റ് (ഐ.എസ്.) ചെയ്തുകൂട്ടുന്ന ക്രൂരതകള്‍ വിശദീകരിക്കുന്നിടത്തും കേരളത്തില്‍നിന്ന് ദുരൂഹമായ സാഹചര്യത്തില്‍ കാണാതായവരെക്കുറിച്ചുള്ള ചര്‍ച്ചയിലും ‘സലഫി’ കടന്നുവരുന്നതായിക്കാണുന്നു. തീവ്രവാദം, ഭീകരത തുടങ്ങിയ മാനവികവിരുദ്ധമായ ആശയങ്ങളുമായി സലഫി/സലഫിസം എന്ന സംജ്ഞ ചേര്‍ത്തിക്കെട്ടി ഉപന്യസിക്കുന്നതിന്റെ അയുക്തിയെക്കുറിച്ച് അറിയേണ്ടതുണ്ട്. വിരുദ്ധധ്രുവങ്ങളില്‍ നില്‍ക്കുന്ന ആശയങ്ങളെ ഏച്ചുകെട്ടി അപനിര്‍മിതി നടത്തുന്നതിന് ഒട്ടേറെ ഉദാഹരണങ്ങള്‍ നമുക്കുകാണാം. അതിലൊന്നാണ് സലഫി എന്ന പദത്തെ ഭീകരവാദചര്‍ച്ചയിലേക്ക് കൊണ്ടുവരുന്നത്.

എന്താണ് സലഫിയ്യത്ത്?
മുഹമ്മദ് നബി ഉത്തമസമുദായമെന്ന് വിശേഷിപ്പിച്ച ആദ്യത്തെ മൂന്നുതലമുറ വിശ്വാസം, കര്‍മം, സ്വഭാവം, ജീവിതവിശുദ്ധി തുടങ്ങിയ കാര്യങ്ങളില്‍ അവലംബിച്ച രീതിശാസ്ത്രമാണ് (മെത്തഡോളജി) സലഫിയ്യത്ത്/സലഫി. അതൊരു സംഘടനയോ ആള്‍ക്കൂട്ടമോ അല്ല. ഖുര്‍ആനും അതിന്റെ വിശദീകരണമായ നബിവചനങ്ങളും മനസ്സിലാക്കുന്നതില്‍ ഈ വിശുദ്ധതലമുറയുടെ കുറ്റമറ്റസമീപനം സ്വീകരിക്കുന്നവരെയാണ് സലഫികള്‍ എന്ന് വിശേഷിപ്പിക്കാറുള്ളത്.

വ്യക്തിപരവും രാഷ്ട്രീയവുമായ ലക്ഷ്യങ്ങള്‍ക്കുവേണ്ടി ഖുര്‍ആനും നബിവചനങ്ങളും ദുര്‍വ്യാഖ്യാനിക്കാന്‍ തുടങ്ങിയപ്പോഴാണ് പൂര്‍വികരുടെ രീതിശാസ്ത്രം അവലംബിക്കേണ്ടതിന്റെ അനിവാര്യതയെക്കുറിച്ച് ഗൗരവമായ ചര്‍ച്ചനടക്കുന്നത്. സലഫികളുടെ (പൂര്‍വികരുടെ) പാതയാണ് ഏറ്റവും കുറ്റമറ്റതെന്ന ചിന്ത സമൂഹത്തില്‍ വളര്‍ത്തിയെടുക്കാനായി നവോത്ഥാനനായകര്‍ പരിശ്രമിച്ചു. പ്രവാചകന്റെ വിയോഗാനന്തരം തര്‍ക്കങ്ങള്‍ പരിഹരിക്കാന്‍ ഖുര്‍ആനും നബിവചനങ്ങളുമാണ് മുസ്‌ലിങ്ങള്‍ അവലംബിച്ചത്. വ്യക്തിതാത്പര്യങ്ങളും രാഷ്ട്രീയതാത്പര്യങ്ങളും കടന്നുവരാതിരിക്കാന്‍ ഉത്തമതലമുറയുടെ പ്രമാണങ്ങളോടുള്ള സമീപനത്തിന്റെ പ്രാധാന്യവും പഠിപ്പിക്കപ്പെട്ടു. ഇസ്‌ലാമികവിശ്വാസത്തെയും കര്‍മങ്ങളെയും സംസ്‌കാരത്തെയും ജീര്‍ണതകള്‍ വികലമാക്കിയപ്പോഴെല്ലാം പരിഷ്‌കര്‍ത്താക്കള്‍ രംഗത്തുവന്നു. അവരെല്ലാം മതജീര്‍ണതകള്‍ക്കെതിരെ നാവും തൂലികയും പടവാളാക്കി. ഭിന്നതകളുടെ യഥാര്‍ഥകാരണം മതത്തെ രാഷ്ട്രീയലക്ഷ്യങ്ങള്‍ക്കുവേണ്ടി ദുര്‍വ്യാഖ്യാനിക്കുന്നതാണെന്ന് പരിഷ്‌കര്‍ത്താക്കള്‍ മനസ്സിലാക്കി. അവര്‍ യഥാര്‍ഥവിശ്വാസവും കര്‍മസരണിയും പഠിപ്പിക്കുന്നതിനായി നബിവചനങ്ങള്‍ ക്രോഡീകരിച്ചു. അബൂ ഹനീഫ (703-767), മാലിക് (717-801), ശാഫിഈ (769-820), അഹ്മദ്ബ്‌നു ഹമ്പല്‍ (778-855), ഇമാം ബുഖാരി, മുസ്‌ലിം തുടങ്ങിയവരെല്ലാം നവോത്ഥാനനായകരാണ്. ആധുനിക പരിഷ്‌കര്‍ത്താക്കള്‍ക്കെല്ലാം വെളിച്ചം നല്‍കിയ മഹാഗ്രന്ഥങ്ങള്‍ രചിച്ച ഇബ്‌നുതൈമിയ (1263-1328), മുസ്‌ലിം നവോത്ഥാനത്തിന്റെ അടയാളമായി അറിയപ്പെടുന്ന മുഹമ്മദ്ബ്‌നു അബ്ദുല്‍ വഹാബ് (1703-1792), ഈജിപ്തില്‍ നവോത്ഥാനശ്രമങ്ങള്‍ക്ക് ബൗദ്ധിക നേതൃത്വം നല്‍കിയ സയ്യിദ് റശീദ് രിദ, മുഹമ്മദ് അബ്ദു, ജമാലുദ്ദീന്‍ അഫ്ഗാനി തുടങ്ങിയ പരിഷ്‌കര്‍ത്താക്കളും പില്‍ക്കാല നവോത്ഥാനനായകര്‍ക്ക് നല്‍കിയ പ്രചോദനം കുറച്ചൊന്നുമല്ല.

സലഫിപ്രസ്ഥാനം കേരളത്തില്‍
മലയാളക്കരയില്‍ സലഫി പ്രസ്ഥാനത്തിനുവേണ്ട മണ്ണൊരുക്കിയതില്‍ പ്രധാന പങ്കുവഹിച്ചത് സയ്യിദ് സനാഉല്ല മക്തി തങ്ങളാണ് (1847-1912). അദ്ദേഹം സമൂഹത്തിലെ ജീര്‍ണതകള്‍ക്കെതിരെ പോരാടി. ഇസ്‌ലാമിനെ തെറ്റിദ്ധരിപ്പിച്ച് സാംസ്‌കാരികാധിനിവേശത്തിന് ശ്രമിച്ചവരെ പ്രമാണങ്ങള്‍ കൊണ്ട് നേരിട്ടു. വക്കം മൗലവി, കോട്ടപ്പുറത്ത് സീതി മുഹമ്മദ് സാഹിബ്, മണപ്പാട്ട് കുഞ്ഞിമുഹമ്മദ് ഹാജി, കെ.എം. സീതിസാഹിബ്, മുഹമ്മദ് അബ്ദുറഹ്മാന്‍ സാഹിബ്, ഹമദാനി തങ്ങള്‍, കെ.എം. മൗലവി തുടങ്ങിയ നവോത്ഥാനനായകരും അവരുടെ നേതൃത്വത്തില്‍ രൂപവത്കരിക്കപ്പെട്ട മുസ്‌ലിം ഐക്യസംഘവുമാണ് (1921) കേരളത്തില്‍ സലഫി ആശയങ്ങള്‍ക്ക് പ്രചാരം നല്‍കിയത്. പിന്നീട് രൂപവത്കൃതമായ കേരള ജംഇയ്യത്തുല്‍ ഉലമയെന്ന (1924) കേരളത്തിലെ ആദ്യത്തെ പണ്ഡിതസംഘടന സലഫി ആശയപ്രബോധനത്തിന് കൂടുതല്‍ ഊര്‍ജം നല്‍കി. അതില്‍ നിന്നാണ് കേരള നദ്‌വത്തുല്‍ മുജാഹിദ്ദീന്‍ (1950) പിറവിയെടുക്കുന്നത്. മതസാമൂഹിക രംഗത്ത് നിലനിന്നിരുന്ന യാഥാസ്ഥിതികത്വത്തിനെതിരെ മുജാഹിദ്പ്രസ്ഥാനം ധീരമായി മുന്നേറി.

തെറ്റിദ്ധാരണയ്ക്ക് കാരണം
സലഫികളുടെ (പൂര്‍വികരുടെ) രീതിശാസ്ത്രം പിന്തുടരുന്നുവെന്ന് അവകാശപ്പെട്ട് അതിന് വിരുദ്ധമായ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവരും സലഫി എന്നപേരില്‍ അറിയപ്പെടാനാഗ്രഹിച്ചു. മതത്തിന് രാഷ്ട്രീയവ്യാഖ്യാനം നല്‍കിയവരും മദ്ഹബുക്കളെയും(ചിന്താധാര) വ്യക്തികളെയും അന്ധമായി അനുകരിക്കുന്ന സൂഫിത്വരീഖത്തിന്റെ വക്താക്കളും മേല്‍വിലാസം ലഭിക്കുന്നതിന് സലഫി എന്നപേരില്‍ പരിചയപ്പെടുത്താന്‍ തുടങ്ങി. ഭരണകൂടങ്ങളെ അട്ടിമറിക്കാന്‍ ശ്രമിക്കുന്നവരും ബഹുസ്വരതയോട് യുദ്ധംപ്രഖ്യാപിച്ചവരും ജനാധിപത്യവിരോധികളുമെല്ലാം ആ പദം ദുരുപയോഗംചെയ്തു. ആത്മീയതയിലുള്ള അതിരുകവിയലും ഇസ്‌ലാമിനെ രാഷ്ട്രീയമായി ദുര്‍വ്യാഖ്യാനിച്ചതുമാണ് ഭീകരസംഘങ്ങള്‍ക്കുപറ്റിയ അബദ്ധം. മാനവരാശിയുടെ ശത്രുക്കളായ ഈ കൊടുംഭീകരരെ സലഫിസവുമായി ബന്ധിപ്പിക്കുന്നത് വിവരദോഷമാണ്.

അറബിസലഫികളെ അനുകരിക്കുന്നത് അബദ്ധം
അന്ധമായ അനുകരണത്തിനെതിരെ പോരാടിയ പാരമ്പര്യമാണ് കേരളത്തിലെ സലഫികളുടേത്. ഓരോ നാട്ടിലും സലഫിരീതിശാസ്ത്രം പിന്തുടരുന്നവരുണ്ടാകും. സലഫി രീതി ശാസ്ത്രമനുസരിച്ചുള്ള ഏതുനാട്ടിലെയും നവോത്ഥാന പരിശ്രമങ്ങളിലെ നല്ലവശങ്ങളെ സ്വീകരിച്ചവരാണ് കേരളത്തിലെ മുജാഹിദുകള്‍. അറബികള്‍ അവരുടെ നാട്ടാചാരത്തിന്റെ ഭാഗമായി ചെയ്യുന്ന കാര്യങ്ങള്‍ക്ക് മതച്ഛായ നല്‍കി സലഫിസമായി കേരളീയ പശ്ചാത്തലത്തില്‍ അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുന്നത് ശുദ്ധവങ്കത്തമാണ്. ഒരു ബഹുസ്വരസമൂഹത്തിലെ മുസ്‌ലിമിന്റെ ജീവിതത്തെത്തന്നെ നിരാകരിക്കുന്ന തീവ്ര ആത്മീയതയുടെ വക്താക്കളെ കാണാം. ബഹുമതസമൂഹത്തില്‍ യഥാര്‍ഥമുസ്‌ലിമായി ജീവിക്കാന്‍ കഴിയുമെന്ന് സൗഹൃദത്തിന്റെ അടയാളങ്ങള്‍തീര്‍ത്ത് കാണിച്ചുകൊടുത്തവരാണ് മലയാളി മുസ്‌ലിങ്ങള്‍. അവര്‍ സമൂഹത്തില്‍ ജീവിച്ചു, മതം പഠിച്ചു, ആചരിച്ചു, മറ്റുള്ളവരുമായി ഇഴുകിച്ചേര്‍ന്നു. മതം പഠിക്കാന്‍ നിഗൂഢകേന്ദ്രങ്ങളിലേക്ക് ഒളിച്ചോടിയില്ല. അറബ്‌വത്കരണത്തിന്റെ സ്വാധീനത്തില്‍ മതത്തിലേക്ക് കയറിവന്ന സംസ്‌കാരങ്ങള്‍ മതമാണെന്ന് തെറ്റിദ്ധരിച്ചതാണ് പല കുഴപ്പങ്ങള്‍ക്കും കാരണം.

പൂര്‍വികരുടെ പാത സ്വീകരിക്കുന്നത് ആറാംനൂറ്റാണ്ടിലേക്കുള്ള പിന്‍നടത്തമായി ചിലര്‍ ചിത്രീകരിക്കുന്നതുകാണാം. സലഫികള്‍ ഖുര്‍ആനും നബിചര്യയും പൂര്‍വികര്‍ മനസ്സിലാക്കിയ രീതിയില്‍ ഉള്‍ക്കൊള്ളുന്നതോടൊപ്പം എല്ലാ ആധുനികതകളുടെയും നന്മയുടെപക്ഷം നില്‍ക്കുന്നവരുമാണ്. ആധുനിക ജനാധിപത്യം, ബഹുസ്വരത, മതനിരപേക്ഷത സാംസ്‌കാരിക സാമൂഹിക രംഗത്തെ നവീകരണങ്ങള്‍ എന്നിവ ഉള്‍ക്കൊള്ളുന്നതില്‍ സലഫികള്‍ എന്നും മുന്നിലാണ്. ഖുര്‍ആനിനെയോ നബിവചനങ്ങളെയോ രാഷ്ട്രീയവ്യാഖ്യാനത്തിന് വിധേയമാക്കാത്തതിനാലാണ് പലപ്പോഴും പൊളിറ്റിക്കല്‍ ഇസ്‌ലാമിന്റെ വക്താക്കള്‍ സലഫികളെ അക്ഷരവായനക്കാരെന്ന് ആക്ഷേപിക്കാറുള്ളത്. പൊളിറ്റിക്കല്‍ ഇസ്‌ലാമിന്റെ കടന്നുവരവിനെതിരെ ബൗദ്ധിക ചെറുത്തുനില്പുനടത്തി മതനിരപേക്ഷതയുടെ പക്ഷത്ത് മലയാളി മുസ്‌ലിങ്ങളെ ഉറപ്പിച്ചുനിര്‍ത്തുന്നതില്‍ സലഫി പ്രസ്ഥാനത്തിന്റെയും ബുദ്ധിജീവികളുടെയും പങ്ക് ആര്‍ക്കും മറക്കാനാവില്ല. ബഹുസ്വരസമൂഹത്തിലെ ഭരണകൂടങ്ങളെ ദൈവികേതര ഭരണകൂടമെന്ന് വിശേഷിപ്പിച്ച് ഭരണകൂടത്തോട് യുദ്ധംപ്രഖ്യാപിക്കുന്ന പൊളിറ്റിക്കല്‍ ഇസ്‌ലാമിനെ തടഞ്ഞില്ലായിരുന്നെങ്കില്‍ മലയാളി മുസ്‌ലിങ്ങളുടെ അവസ്ഥ മറ്റൊന്നാകുമായിരുന്നു.
(കേരള നദ്‌വത്തുല്‍ മുജാഹിദീന്‍ പ്രസിഡന്റാണ് ലേഖകന്‍)

കടപ്പാട്: മാതൃഭൂമി ദിനപത്രം

Related Articles