Current Date

Search
Close this search box.
Search
Close this search box.

സമാധാനം അജണ്ടയല്ലാത്ത ലിബര്‍മാന്‍

liberman.jpg

ഫലസ്തീനിലെ ഹമാസ് സാന്നിധ്യത്തിനെതിരെ ശക്തമായി രംഗത്തുള്ളയാളാണ് ഇസ്രായേല്‍ പ്രതിരോധമന്ത്രി അവിഗ്‌ദോര്‍ ലിബര്‍മാന്‍. ഫലസ്തീനില്‍ നിന്ന് ഹമാസിനെ കെട്ടുകെട്ടിക്കണമെന്ന് 2015 മാര്‍ച്ചില്‍ ലിബര്‍മാന്‍ ആവശ്യപ്പെട്ടിരുന്നു. താന്‍ ഇസ്രായേല്‍ പ്രതിരോധമന്ത്രിയാവുകയാണെങ്കില്‍ ഹനിയ്യക്ക് ഇസ്രായേല്‍ പട്ടാളക്കാരുടെ ശരീരങ്ങള്‍ തിരിച്ചുനല്‍കാന്‍ കേവലം 48 മണിക്കൂറുകള്‍ നല്‍കുമെന്നും അതിനായില്ലെങ്കില്‍ മരിക്കാന്‍ തയ്യാറായിക്കൊള്ളണമെന്നും ലിബര്‍മാന്‍ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ഫലസ്തീന്‍ എന്ന ശക്തിസന്തുലനത്തെ കുറിച്ചും ഹനിയ്യക്ക് ഹമാസിലുള്ള സ്ഥാനവും മനസ്സിലാക്കാതെയാണ് ലിബര്‍മാന്‍ തന്റെ വീരവാദം മുഴക്കിയിരിക്കുന്നത്. 2014-ലെ സൈനിക നീക്കത്തിനു വേണ്ടി സര്‍ക്കാരും ഇസ്രായേല്‍ സൈന്യവും എപ്രകാരമാണ് തന്ത്രങ്ങള്‍ മെനഞ്ഞതെന്ന് ലിബര്‍മാന്‍ വായിച്ച് പഠിക്കട്ടെയെന്ന് ഹമാസ് പരിഹസിച്ചു. ഫലസ്തീന്‍ അതോറിറ്റിയെ കുറിച്ചും അതിന്റെ നേതാവായ പ്രസിഡന്റ് മഹമ്ൂദ് അബ്ബാസിനെകുറിച്ചും ലിബര്‍മാന് ചിലതൊക്കെ പറയാനുണ്ടായിരുന്നു. അദ്ദേഹം ഒരിക്കലും ഒരു നല്ല പങ്കാളിയല്ല, നിങ്ങള്‍ക്ക് ഒരിക്കലും അദ്ദേഹത്തെ വിശ്വസിക്കാനാവില്ല, അബ്ബാസിനെ കുറിച്ച് ലിബര്‍മാന്‍ പറഞ്ഞു.

ഇസ്രായേല്‍ മൂന്ന് വട്ടം യുദ്ധങ്ങള്‍ക്ക് ശ്രമിച്ചു, ആയിരങ്ങളെ കൊന്നൊടുക്കി, നാടുകള്‍ ചാമ്പലാക്കി. എന്നിട്ടും ഹമാസിനെ ഒരു ചുക്കും ചെയ്യാന്‍ അവര്‍ക്ക് സാധിച്ചില്ല. ഇതേ രീതി തുടരാന്‍ തന്നെയാണ് ലിബര്‍മാനും ആഗ്രഹിക്കുന്നതെങ്കില്‍ അത് അദ്ദേഹത്തിന് കനത്ത ആഘാതമായിരിക്കും”, ഹമാസ് നേതാവ് ഗാസി ഹമദ് പറഞ്ഞു. ഹമദിന്റെ അഭിപ്രായത്തില്‍, ”എല്ലാ തരത്തിലും തീവ്ര ആശയക്കാരനാണ് ലിബര്‍മാന്‍. യുക്തിക്കോ നയതന്ത്രത്തിനോ അയാളുടെ നിഘണ്ടുവില്‍ സ്ഥാനമില്ല. സൈനിക ശക്തികൊണ്ടും യുദ്ധം കൊണ്ടും എന്തും നേടാം എന്നാണ് അയാള്‍ കണക്കുകൂട്ടുന്നത്. ഒരു വിദേശകാര്യ മന്ത്രി എന്ന നിലയില്‍ അയാള്‍ കനത്ത പരാജയമായിരുന്നു. പ്രതിരോധമന്ത്രി കസേരയിലും സ്ഥിതി വ്യത്യസ്തമാകില്ല. ഇസ്രായേലികള്‍ക്കും ഫലസ്തീനികള്‍ക്കുമിടയില്‍ ഇല്ലാത്ത പ്രശ്‌നങ്ങള്‍ ഉയര്‍ത്തിവിടുക എന്നതുമാത്രമേ അയാളെ കൊണ്ട് സാധിക്കുകയുള്ളൂ. സമാധാന ശ്രമങ്ങളിലൊന്നും ലിബര്‍മാന് തരിമ്പും വിശ്വാസമില്ല. തികഞ്ഞ ഫലസ്തീന്‍ വിരോധിയായ അയാള്‍ ഹമാസിനെയും ഫലസ്തീന്‍ സര്‍ക്കാറിനെയും ഉന്മൂലനം ചെയ്യാനാണ് ശ്രമിക്കുന്നത്”. പ്രതിരോധമന്ത്രി സ്ഥാനത്ത് ഇപ്പോഴുളളത് ലിബര്‍മാന്റെ പേരാണ് എന്നുള്ളത് കൊണ്ട് ഫലസ്തീന്‍ നിവാസികള്‍ ഒരിക്കലും അയാളെ ഭയക്കുന്നില്ല. അവസാനം ഇസ്രായേല്‍ നയങ്ങളില്‍ കുരുങ്ങാനായിരിക്കും അയാളുടെയും വിധി, ഹമദ് കൂട്ടിച്ചേര്‍ത്തു.

ഗസ്സ നിവാസികള്‍ ഇപ്പോള്‍ തന്നെ മൂന്ന് യുദ്ധങ്ങളെ നേരിട്ടുകഴിഞ്ഞു. അതുകൊണ്ട് ലിബര്‍മാന്‍ എന്നൊരു ഭയം ഞങ്ങള്‍ക്കില്ല. ഗസ്സ മുനമ്പിലെ സാഹചര്യങ്ങള്‍ വളരെ പരിതാപകരമായി തന്നെ തുടരുന്നു. ബോംബ് സ്‌ഫോടനത്തില്‍ കൊല്ലപ്പെടുന്നതിനെ ഇവിടെ ജനങ്ങള്‍ ഭയക്കുന്നില്ല. എന്നാല്‍ സ്‌ഫോടനം കൊണ്ടെങ്കിലും ഈ ജീവിതത്തേക്കാള്‍ മനോഹരമായ ഒരു ജീവിതം ലഭിക്കുമല്ലോ എന്നു സ്വപ്‌നം കാണുന്നവരാണ് അവര്‍. അപ്പോള്‍ പിന്നെ എന്തിന്റെ പേരിലാണ് ഞങ്ങള്‍ ലിബര്‍മാനെ ഭയക്കേണ്ടത്?, ഒരു ഗസ്സ നിവാസി ചോദിക്കുന്നു. ലിബര്‍മാന്റെ ഗൂഢാലോചന പ്രകാരം ഇസ്രായേല്‍ ഗസ്സക്ക് മേല്‍ ഉപരോധം ശക്തിപ്പെടുത്താനും അതിലൂടെ മറ്റൊരു ഫലസ്തീന്‍-ഇസ്രായേല്‍ യുദ്ധത്തിനുള്ള സാധ്യതയും ഹമാസ് തള്ളിക്കളയുന്നില്ല. ഒരു ആയുധപ്പുരക്ക് സമാനമാണ് ഇപ്പോള്‍ ഗസ്സയുടെ അവസ്ഥ. ഒരു ചെറിയ തീപ്പൊരി പോലും വലിയ സ്‌ഫോടനത്തില്‍ കലാശിച്ചേക്കാം. സമാധാന ശ്രമങ്ങളില്‍ നിന്നുള്ള ഇസ്രായേലിന്റെ ഉള്‍വലിയലും ലിബര്‍മാന്റെ നിയമനവുമൊക്കെ ഹമാസുമായുള്ള ഒരു ഏറ്റുമുട്ടലിന് ഇസ്രായേല്‍ ഒരുങ്ങുന്നു എന്നതിനുള്ള സൂചനയാണ് നല്‍കുന്നത്. ഹമാസും ഇത് കണക്കുകൂട്ടി തന്നെ സജ്ജമായിരിക്കുന്നു. ഫലസ്തീന്റെ സാഹചര്യങ്ങളെ കുറിച്ച് യാതൊരു പിടിപാടും ഇല്ലാത്ത ലിബര്‍മാന്‍ എടുത്തുചാടി നടത്തുന്ന പരാക്രമങ്ങള്‍ക്ക് ഇസ്രായേല്‍ തന്നെ വിലയൊടുക്കേണ്ടി വരും. കാരണം, ഫലസ്തീനിന് വ്യത്യസ്തമായൊന്നും നഷ്ടപ്പെടാനോ അനുഭവിക്കാനോ ഇല്ല.

വിവ: അനസ് പടന്ന

Related Articles