Current Date

Search
Close this search box.
Search
Close this search box.

സബ്കാ സാത് സബ്കാ വികാസിന്റെ വഡോദര മാതൃക

dalit.jpg

ഗുജറാത്തിന്റെ സാംസ്‌കാരിക നഗരമായി അറിയപ്പെടുന്ന വഡോദര നീചമായ ഒരു കാരണം കൊണ്ട് ഇപ്പോള്‍ വാര്‍ത്താമാധ്യമങ്ങളില്‍ നിറയുകയാണ്. ഗുജറാത്ത് സര്‍ക്കാരിന്റെയും വഡോദര മുനിസിപ്പല്‍ കോര്‍പ്പറേഷന്റെയും ഗതിശീല്‍ പദ്ധതിയുടെ ഭാഗമായി നൂറുകണക്കിന് മുസ്‌ലിംകള്‍ക്ക് ജീവിക്കാനുള്ള അവകാശത്തെ നിഷേധിക്കുകയാണ്. വികസനത്തിന്റെ പേരില്‍ കുടിലുകള്‍ കെട്ടി പാര്‍ക്കുന്ന കല്യാണ്‍നഗര്‍ പ്രദേശത്തുനിന്നും 2500 ഓളം മുസ്‌ലിം കുടുംബങ്ങളെ കുടിയൊഴിപ്പിച്ചിരിക്കുകയാണ്. ഇരകളെ മറ്റൊരിടത്ത് പാര്‍പ്പിക്കുമെന്നാണ് അധികൃതര്‍ പറയുന്നത്. വഡോദരയിലെ കമാത്തിബാഗിന് സമീപമുള്ള റോഡിനോട് ചേര്‍ന്ന് 2500 ഓളം കുടുംബങ്ങള്‍ ചേര്‍ന്ന് കമാത്തിപുര, കല്യാണ്‍നഗര്‍ എന്നിങ്ങനെ രണ്ട് കോളനികള്‍ സ്ഥാപിച്ചിരുന്നു. സമീപത്തുള്ള  മധ്യവര്‍ഗ വീടുകളില്‍ വേല ചെയ്യുന്ന സ്ത്രീകളും താഴ്ന്ന ജോലികള്‍ ചെയ്യുന്ന പുരുഷന്മാരും അവരുടെ കുട്ടികളെ സമീപത്തെ സ്‌കൂളുകളില്‍ പഠനത്തിന് അയക്കുന്നു.

നവംബറില്‍ മുനിസിപ്പാലിറ്റിയുടെ ബുള്‍ഡോസറുകള്‍ പ്രദേശം മുഴുവന്‍ ഇടിച്ചുനിരത്തി. പകുതിയോളം കുടംബങ്ങള്‍ക്ക് ജവഹര്‍ലാല്‍ നെഹ്‌റു നഗര പുനരുദ്ധാരണ പദ്ധതിയുടെ ഭാഗമായി കുറച്ചകലെയുള്ള ഒരു സ്ഥലത്ത് താമസസ്ഥലം നല്‍കുമെന്ന് വാഗ്ദാനമുണ്ടായിരുന്നു. എന്നാല്‍ ദൂരം കാരണം സ്ത്രീകള്‍ക്ക് ജോലിക്ക് പോകാനും കുട്ടികള്‍ക്ക് സ്‌കൂളുകളില്‍ പോകാനും കഴിയില്ലെന്ന അവസ്ഥയായി. അധ്യയനവര്‍ഷത്തിന്റെ മധ്യത്തിലായിരുന്നതിനാല്‍ കുട്ടികള്‍ക്ക് മറ്റു സ്‌കൂളുകളില്‍ പഠനം തുടരാനായില്ല. പരമാവധി കുട്ടികളെ സ്‌കൂളിലേക്കയക്കാന്‍ അവര്‍ ഓട്ടോ സര്‍വ്വീസ് ഏര്‍പ്പെടുത്തി. പക്ഷെ ചെലവുകള്‍ താങ്ങാനാവത്തതായിരുന്നു. എന്നാല്‍ ദുഷ്യന്ത് ദവെ എന്ന സുപ്രീകോടതി വക്കീല്‍ ഡോ. ജെ.എസ് ബന്ദുക് വാല നടത്തുന്ന മുസ്‌ലിം ട്രസ്റ്റിന് 5 ലക്ഷം രൂപ നല്‍കിയത് ആറു മാസത്തേക്ക് സര്‍വ്വീസ് നടത്താന്‍ സഹായിച്ചു.

എന്നാല്‍ പകുതി കുടുംബങ്ങള്‍ ഇപ്പോഴും പുനരധിവസിപ്പിക്കപ്പെട്ടിട്ടില്ല. കേന്ദ്ര സര്‍ക്കാര്‍ ഫണ്ട് ഉപയോഗിച്ച് നിര്‍മിക്കുന്ന ചേരീ ഭവന പദ്ധതിയില്‍ അലോട്ട്‌മെന്റ് കാത്ത് കഴിയുകയാണിവര്‍. പുതിയ സ്‌കൂളുകളിലേക്ക് ഇവര്‍ക്ക് മെയ് മാസത്തില്‍ മാറേണ്ടതുണ്ട്. മുനിസിപ്പാലിറ്റി ഫ്‌ലാറ്റുകള്‍ അനുവദിച്ചിട്ടുണ്ടെങ്കിലും ബിജെപി/വിഎച്ച്പി അനുയായികളുടെ എതിര്‍പ്പിനെ തുടര്‍ന്ന് താമസിക്കാന്‍ കഴിയാത്ത സ്ഥിതിയാണുള്ളത്. ഹിന്ദ് ഹിത് രക്ഷക് എന്നൊരു സമിതിയുണ്ടാക്കി ഇവര്‍ മുസ്‌ലിംകളെ തടയുന്നു. മുസ്‌ലിംകള്‍ ബംഗ്ലാദേശികളാണെന്നും സമീപത്ത് എയര്‍ ഫോഴ്‌സ് സ്‌റ്റേഷനും എയര്‍പോര്‍ട്ടുമുള്ളതിനാല്‍ ഇവര്‍ രാജ്യസുരക്ഷക്ക് ഭീഷണിയായേക്കാമെന്നും ഇവര്‍ പ്രചരിപ്പിക്കുന്നു.

മുസ്‌ലിം ചെറുപ്പക്കാര്‍ ലൗ ജിഹാദ് നടത്തുന്നവരാണെന്നും, അവര്‍ താമസിച്ചാല്‍ പ്രദേശത്തെ റിയല്‍ എസ്റ്റേറ്റ് മൂല്യം കുറയുമെന്നും പ്രചരിപ്പിക്കപ്പെടുന്നുണ്ട്. തെറ്റിദ്ധാരണകള്‍ നീക്കാന്‍ ഏജന്‍സികള്‍ ശ്രമിക്കുന്നുണ്ടെങ്കിലും ആരും കൂട്ടാക്കുന്നില്ല. അധ്വാനികളും മാന്യന്മാരുമാണ് മുസ്‌ലിംകളെന്ന ഏജന്‍സികളുടെ സാക്ഷ്യങ്ങള്‍ക്കൊന്നും വില കല്‍പ്പിക്കപ്പെടുന്നില്ല. വിഎച്ച്പി യുടെ പ്രവര്‍ത്തനങ്ങള്‍ അയിത്തമുണ്ടാക്കുന്നുണ്ട്. സൗത്ത് ആഫ്രിക്കയിലെയോ, അമേരിക്കയിലേയോ അമ്പത് വര്‍ഷങ്ങള്‍ക്ക് മുമ്പത്തെ അപാര്‍ത്തിഡ് നഗരങ്ങളാണ് വഡോദരയില്‍ വിഎച്ച്പിയുടെ ശ്രമഫലമായി സംഭവിക്കാന്‍ പോകുന്നത്. ദല്‍ഹിയില്‍ പോയി ജന്തര്‍ മന്തറില്‍ ഉപവാസ സമരം നടത്താനുള്ള ഒരുക്കത്തിലാണ് കല്യാണ്‍നഗര്‍ നിവാസികള്‍.

തങ്ങളുടെ വീടുകള്‍ തകര്‍ത്ത് 5 മാസം പിന്നിട്ടിട്ടിതുവരെ ഇവര്‍ക്ക് താമസിക്കാന്‍ അധികൃതര്‍ പ്രാഥമിക സംവിധാനം പോലും ഒരുക്കിയിട്ടില്ല. മറ്റൊരു സ്ഥലത്തേക്ക് അവരെ പാര്‍പ്പിക്കാന്‍ ശ്രമമുണ്ടായെങ്കിലും മുസ്‌ലിംകള്‍ മറ്റുള്ളവരുടെ സമീപത്ത് താമസിച്ചാലുണ്ടായേക്കാവുന്ന അക്രമത്തെ അവര്‍ ഭയക്കുന്നു.

കല്യാണ്‍ നഗര്‍ നിവാസികളുടെ നേതാവായ ആരിഫ് പത്താന്‍ പറയുന്നു: ഞങ്ങള്‍ വല്ലാതെ അസ്വസ്ഥരാണ്. ഒന്നാം ദിവസം മുതല്‍ അധികൃതരോട് സമാധാനപൂര്‍വ്വമാണ് ഞങ്ങള്‍ സംസാരിച്ചുകൊണ്ടിരിക്കുന്നത്. എന്നാല്‍ ഞങ്ങള്‍ക്ക് തിരിച്ച് ലഭിക്കുന്നതിതാണ്. ബന്ധപ്പെട്ട എല്ലാ അധികാരികള്‍ക്കും ഞങ്ങള്‍ അപേക്ഷകളും നിവേദനങ്ങളും സമര്‍പ്പിച്ചിട്ടുണ്ട്. ആവുന്നേടത്തോളം ഞങ്ങളുടെ അവകാശങ്ങള്‍ക്ക് വേണ്ടി ഞങ്ങള്‍ പോരാടും. ഒരിക്കലും ഞങ്ങള്‍ അക്രമം ചെയ്യുകയില്ല.  ഇനി സമീപിക്കാനുള്ളത് ഡല്‍ഹിയിലുള്ളവരെയാണ്.

കഴിഞ്ഞ ദിവസം ഏതാനും ബിജെപി നേതാക്കള്‍ കല്യാണ്‍നഗര്‍ നിവാസികളെ വിളിച്ച് സയാജിപുരയല്ലാത്ത മറ്റൊരു സ്ഥലത്തേക്ക് മാറണമെന്ന് പറഞ്ഞു. അതേ ദിവസം വൈകീട്ട് ഏതാനും മുസ്‌ലിം നേതാക്കള്‍ വഡോദര മുനിസിപ്പാലിറ്റി കമ്മീഷണറെ കണ്ടപ്പോള്‍ സയാജിപുര വിട്ടുപോകാന്‍ തയ്യാറാണെന്ന് മുസ്‌ലിംകള്‍ എഴുതിത്തന്നാല്‍ മാത്രമേ അവരുടെ പുനരധിവാസത്തെ കുറിച്ച വിശദാംശങ്ങള്‍ നല്‍കാനാവൂ എന്നാണ് അദ്ദേഹം പറഞ്ഞത്. സംഘത്തിലുണ്ടായിരുന്ന ആരിഫ് ചോദിച്ചു: സയാജിപുര വിട്ടുപോകാന്‍ ഞങ്ങള്‍ തയ്യാറാണ്. പക്ഷേ മറ്റെവിടെയെങ്കിലും ഞങ്ങള്‍ക്ക് താമസിക്കാന്‍ ഇടമുണ്ടാവുമെന്നതിന് എന്ത് ഉറപ്പാണ് നിങ്ങള്‍ നല്‍കാനാവുക? കല്യാണ്‍നഗറിലെ നദിക്കരയിലെ ഏതാനും ഭാഗം മാത്രമായിരുന്ന മുനിസിപ്പാലിറ്റിക്ക് വേണ്ടിയിരുന്നത്. അതിന് പ്രദേശത്തെ വീടുകളൊന്നാകെ ഇടിച്ചുനിരത്തിയതെന്തിനാണ്. തങ്ങള്‍ക്ക് പോകാന്‍ മറ്റൊരിടമില്ലെന്ന് ഇവര്‍ പറയുന്നു. എല്ലായിടത്തും ഇതര സമുദായങ്ങള്‍ തങ്ങളെ എതിര്‍ക്കുന്നു. ആരിഫ് പറഞ്ഞു: ഹിതകരമായ രീതിയില്‍ പ്രശ്‌നപരിഹാരം അധികൃതര്‍ കൊണ്ട് വരിക. അല്ലെങ്കില്‍ കല്യാണ്‍നഗറില്‍ തന്നെ വീടുകള്‍ പുനര്‍ നിര്‍മിച്ചു തരണം.

എന്നാല്‍ സയാജിപുരയിലെ ഫ്‌ലാറ്റുകളില്‍ മുസലിംകളെ താമസിപ്പിക്കരുതെന്ന ആവശ്യവുമായി സയാജിപുരയിലെ ഹിന്ദു ഹിതരക്ഷക് ശാന്തി സമിതി കളക്ടര്‍ക്ക് നിവേദനം സമര്‍പ്പിച്ചിട്ടുണ്ട്. കുടിയൊഴിപ്പിച്ചവരെ പുനരധിവസിപ്പിക്കാന്‍ നിര്‍മിച്ച പദ്ധതികള്‍ നിയമവിരുദ്ധമായി പ്രഖ്യാപിക്കണമെന്ന് അവര്‍ ആവശ്യപ്പെടുന്നു. മുസ് ലിംകള്‍ക്ക് ഫ്‌ലാറ്റുകള്‍ അലോട്ട് ചെയ്യുമ്പോള്‍ സ്വീകരിക്കേണ്ട മാനദണ്ഡം അധികൃതര്‍ പാലിച്ചിട്ടില്ലെന്നാണ് ഇവര്‍ പറയുന്നത്. പുനരധിവസിപ്പിക്കപ്പെടുന്നവര്‍ അനധികൃത ബംഗ്ലാദേശ് കുടിയേറ്റക്കാരാവാനുള്ള സാധ്യതയുണ്ടെന്നു നിവേദനത്തില്‍ പറയുന്നു.

എന്നാല്‍ വിഷയം ജില്ലാ കളക്ടറുടെ അധികാരത്തിന് കീഴില്‍ വരുന്നതെല്ലെന്നാണ് കളക്ടര്‍ അവന്തിക അവ്‌ലക് പറയുന്നത്. നഗരത്തിലെ പാവപ്പെട്ടവര്‍ക്ക് വേണ്ടി വീടുകള്‍ നിര്‍മിക്കുകയെന്നത് വഡോദര മുനിസിപാലിറ്റിയുടെ സ്വതന്ത്ര നടപടിയാണെന്നും അത് ജില്ലാ കളക്ടറുടെ വരണാധികാരത്തില്‍ നിന്നും പുറത്താണെന്നും പറയുന്നു. മുനിസിപാലിറ്റി അധികൃതര്‍ നടപടിക്രമങ്ങള്‍ സ്വീകരിച്ചിട്ടുണ്ടെന്നും തങ്ങള്‍ക്ക് ഈ വിഷയത്തില്‍ ഇടപെടാനാവില്ലെന്നുമാണ് കളക്ടര്‍ പറയുന്നത്.

എന്തായാലും മുസ്‌ലിംകളെ സംബന്ധിച്ചിടത്തോളം ഭാവി അനിശ്ചിതത്തിലാണ്. പുനരധിവാസം വേഗത്തിലാക്കണമെന്ന് ബന്ധുക് വാല അധികൃതരുടെ മേല്‍ സമ്മര്‍ദ്ദം ചെലുത്തുന്നുണ്ട്. ‘മുസ്‌ലിംകള്‍ തങ്ങളുടെ ഇടങ്ങളിലേക്ക് വരുന്നതിനെ വെറുക്കുന്ന അവസ്ഥ നിര്‍ഭാഗ്യകരമാണ്. വഡോദര മുനിസിപ്പാലിറ്റി ഭരണസമതിയില്‍ ഒരൊറ്റ മുസ്‌ലിം പ്രതിനിധിയുമില്ലെന്നത് തന്നെ ഒരുപാട് കാര്യങ്ങള്‍ക്ക് തെളിവാണ,്’ അദ്ദേഹം പറയുന്നു.

മൊഴിമാറ്റം: മുഹമ്മദ് അനീസ്‌

 

Related Articles