Current Date

Search
Close this search box.
Search
Close this search box.

സംഗമം : പലിശരഹിത സമ്പദ് വ്യവസ്ഥയുടെ സഹകരണ മാതൃക

sangamam.jpg

സമൂഹത്തിന്റെ സുസ്ഥിര വളര്‍ച്ചക്കും സാമ്പത്തിക അഭിവൃദ്ധിക്കും ഏറ്റവും ഉത്തമമായ മാര്‍ഗ്ഗമാണ് പലിശരഹിതമായ പങ്കാളിത്തധിഷ്ഠിത ഇസ്‌ലാമിക് ഫിനാന്‍സ് എന്നത് ലോകത്തിനു മുമ്പില്‍ തെളിയിക്കപ്പെട്ട വസ്തുതയാണ്. വിശേഷിച്ചും, പിന്നാക്ക ജനവിഭാഗങ്ങളുടെ ഉന്നമനത്തിനും വളര്‍ച്ചക്കും ഏറ്റവും ഉചിതം, സമ്പത്തിന്റെ കേന്ദ്രീകരണത്തിന് പകരം വികേന്ദ്രീകൃത വിതരണം ഉറപ്പുവരുത്തുന്ന ഇസ്‌ലാമിക് ഫിനാന്‍സ് സംരംഭങ്ങളാണെന്നതില്‍ സാമ്പത്തിക വിദഗ്ധര്‍ ഏകാഭിപ്രായക്കാരാണ്. എന്നാല്‍, രാജ്യതാല്‍പര്യങ്ങളേക്കാള്‍ സങ്കുചിതമായ പാര്‍ട്ടി താല്‍പര്യങ്ങള്‍ക്ക് മുണ്‍ഗണന നല്‍കുന്ന ഇന്ത്യന്‍ ഭരണകൂടം ഇപ്പോഴും ഇസ്‌ലാമിക സാമ്പത്തിക സ്ഥാപനങ്ങള്‍ക്ക് രാജ്യത്ത് അയിത്തം കല്‍പ്പിച്ചിരിക്കുകയാണ്.
നിയമപരമായ ഈ തടസ്സം മിറകടന്ന്, സഹകരണ സ്ഥാപനങ്ങളിലൂടെ ഇന്ത്യയില്‍ ഇസ്‌ലാമിക സാമ്പത്തിക സംരംഭങ്ങള്‍ ആരംഭിക്കാമെന്നാണ് ഡോ. നജാത്തുല്ല സിദ്ദീഖിയെപ്പോലുള്ള വിദഗ്ധര്‍ അഭിപ്രായപ്പെട്ടിട്ടുള്ളത്.

രാജ്യത്തെ അടിസ്ഥാന ജനവിഭാഗങ്ങളുടെ വളര്‍ച്ചയില്‍ നിര്‍ണ്ണായക സ്വാധീനം ചെലുത്തിയ ഘടകമാണ് ആറ് ക്ഷത്തിലധികം സഹകരണ സ്ഥാപനങ്ങളും 25 കോടിയിലധികം അംഗങ്ങളും ഉള്ള ഇന്ത്യയിലെ സഹകരണ പ്രസ്ഥാനം. നഗരകേന്ദ്രീകൃത വികസന മാതൃകകളുടെ പരിമിതിയെ മിറകടന്നു കൊണ്ട് ഉള്‍നാടന്‍ ഗ്രാമങ്ങളിലേക്കും അവിടത്തെ പിന്നാക്ക ജനവിഭാഗങ്ങളിലേക്കും വളര്‍ച്ചയുടെ കിരണങ്ങള്‍ എത്തിയത് സഹകരണ പ്രസ്ഥാനങ്ങളിലൂടെയായിരുന്നു. നമ്മുടെ ഏറ്റവും വലിയ സ്വത്തായ മാനവവിഭവശേഷിയെ ഫലപ്രദമായി ഉപയോഗപ്പെടുത്തിക്കൊണ്ട് സഹകരണ സ്ഥാപനങ്ങള്‍ രാജ്യത്തിന്റെ സമ്പദ്ഘടനയില്‍ നിര്‍ണ്ണായക സ്വാധീനം ചെലുത്തിയിട്ടുണ്ട്. ധവള വിപ്ലവവും (white revolution) ഹരിത വിപ്ലവവും (green revolution) ഇന്ത്യയില്‍ നടപ്പിലായത് സഹകരണ സംഘങ്ങളിലൂടെയാണെന്നത് മാത്രം മതി അവയുടെ സാധ്യതയും സ്വാധീനവും തിരിച്ചറിയുവാന്‍.

പട്ടിക ജാതി – പട്ടിക വര്‍ഗ്ഗ വിഭാഗങ്ങളടക്കമുള്ള പിന്നാക്കവിഭാഗങ്ങള്‍  ഇന്ത്യയിലെ സഹകരണപ്രസ്ഥാനത്തിന്റെ സദ്ഫലങ്ങള്‍ വലിയതോതില്‍ അനുഭവിച്ചിട്ടുണ്ട്. എന്നാല്‍ ഇന്ത്യയിലെ മുസ്‌ലിം സമുദായത്തിന്റെ ഭാഗത്തുനിന്നും ഇത്തരത്തിലുള്ള ശ്രമങ്ങള്‍    വലിയതോതില്‍ ഉണ്ടായിട്ടില്ല എന്നതാണ് വാസ്തവം. അതുകൊണ്ട് സഹകരണപ്രസ്ഥാനങ്ങളുടെ ഫലങ്ങള്‍ സമുദായത്തിന് ലഭ്യമായിട്ടുമില്ല. അക്ഷന്തവ്യമായ വീഴ്ചയാണ് ഇക്കാര്യത്തില്‍ സമുദായ നേതൃത്ത്വത്തിന്റെ ഭാഗത്തുനിന്നും ഉണ്ടായിട്ടുള്ളതെന്ന് പറയേണ്ടിയിരിക്കുന്നു.

സഹകരണ പ്രസ്ഥാനങ്ങളുടെയും, ഇസ്‌ലാമിക് ഫിനാന്‍സിന്റെയും നേട്ടങ്ങളെ സംയോജിപ്പിച്ചു കൊണ്ട്, സാമ്പത്തിക സുസ്ഥിരതയിലേക്കുള്ള പുത്തന്‍പാത സൃഷ്ടിച്ചെടുക്കുവാനാണ് സംഗമം ലക്ഷ്യം വെക്കുന്നത്. മള്‍ട്ടിസ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി ആക്ട് – 2002 അനുസരിച്ച് കേന്ദ്രസര്‍ക്കാറില്‍ രജിസ്റ്റര്‍ ചെയ്ത സംഗമം കേരളം, തമിഴ്‌നാട്, പോണ്ടിച്ചേരി സംസ്ഥാനങ്ങളിലാണ് പ്രവര്‍ത്തിക്കുന്നത്.
സാമ്പത്തിക ഇടപാടുകള്‍ക്കുള്ള വിപുലമായ സൗകര്യമൊരുക്കി, ചെറുകിട തൊഴില്‍ സേവന പദ്ധതികളിലൂടെ വ്യക്തികളുടെയും കുടുംബത്തിന്റെയും സമൂഹത്തിന്റെയും വളര്‍ച്ചയും സ്വയംപര്യാപ്തതയും കൈവരിക്കുവാനാണ് സംഗമം ശ്രമിക്കുന്നത്. ഓഹരി മൂലധനത്തോടൊപ്പം, അംഗങ്ങളില്‍ നിന്ന് സ്വീകരിക്കുന്ന നിക്ഷേപങ്ങള്‍ കൂടി ചേര്‍ന്നതാണ് സംഗമത്തിന്റെ പ്രവര്‍ത്തന മൂലധനം. ഈ തുക അവരുടെ തന്നെ വിവിധ തൊഴില്‍-വ്യാപാര സംരംഭങ്ങളില്‍ ലാഭ-നഷ്ട പങ്കാളിത്താടിസ്ഥാനത്തില്‍ വിനിയോഗിച്ച്, അതില്‍ നിന്നുള്ള വരുമാനത്തിന്റെ നിശ്ചിത വിഹിതം നിക്ഷേപകരുമായി പങ്കുവെക്കുകയെന്നതാണ് പ്രവര്‍ത്തന രീതി. ഇതു വഴി സംരംഭകത്വ പ്രോത്സാഹനവും സമൂഹത്തിന്റെ സാമ്പത്തിക വളര്‍ച്ചയും പിന്നാക്ക ജനവിഭാഗങ്ങളുടെ ഉന്നമനവും കൈവരിക്കുവാന്‍ സാധിക്കും.

ഈ ലക്ഷ്യങ്ങള്‍ നേടിയെടുക്കുവാനായി വിപുലമായ നിക്ഷേപ-പങ്കാളിത്ത പദ്ധതികള്‍ സംഗമം ആവിഷ്‌കരിച്ചിട്ടുണ്ട്. മൂന്നു സംസ്ഥാനങ്ങളിലെ അംഗങ്ങളെയും ഒപ്പം പ്രവാസി സഹോദരങ്ങളെയും പരിഗണിച്ചാണ് ഡെപ്പോസിറ്റ് സ്‌കീമുകള്‍ രൂപപ്പെടുത്തിയിട്ടുള്ളത്. ഫിക്‌സഡ് ഡെപ്പോസിറ്റ്, സേവിങ്‌സ് ഡെപ്പോസിറ്റ്, കറന്റ് ഡെപ്പോസിറ്റ്, റികറിങ് ഡെപ്പോസിറ്റ് എന്നിങ്ങനെയുള്ള പരമ്പരാഗത നിക്ഷേപങ്ങള്‍ക്കു പുറമെ, സ്‌പെഷ്യല്‍ സ്‌കീം ഡെപ്പോസിറ്റ്, ഹോം സേഫ് ഡെപ്പോസിറ്റ്, ഗ്രൂപ്പ് റികറിങ് ഡെപ്പോസിറ്റ്, ഡെയ്‌ലി ഡെപ്പോസിറ്റ്, നോട്ടീസ് ഡെപ്പോസിറ്റ് തുടങ്ങിയ നൂതന നിക്ഷേപ സേവനങ്ങളും സംഗമം നല്‍കുന്നു.

ഭാരിച്ച ചെലവുകള്‍ പ്രതീക്ഷിക്കുന്ന മക്കളുടെ വിദ്യാഭ്യാസം, വിവാഹം, ഹജ്ജ്-ഉംറ തീര്‍ത്ഥാടനങ്ങള്‍, ഭവന നിര്‍മ്മാണം എന്നിങ്ങനെയുള്ള ആവശ്യങ്ങള്‍ക്കായി സമ്പാദ്യം സ്വരൂപിക്കുവാനുദ്ദേശിച്ചുള്ളതാണ് സ്‌പെഷ്യല്‍ സ്‌കീം ഡെപ്പോസിറ്റുകള്‍. അംഗങ്ങള്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കും വീട്ടിലിരുന്നു തന്നെ നിക്ഷേപങ്ങള്‍ നടത്താവുന്ന പദ്ധതിയാണ് ഹോം സേഫ് ഡെപ്പോസിറ്റ്. ഗ്രൂപ്പ് റിക്കറിങ് ഡെപ്പോസിറ്റ് വഴി ലക്ഷ്യം വെക്കുന്നത് ഒരു കൂട്ടം അംഗങ്ങള്‍ക്ക് ഒന്നിച്ച് ചേരാവുന്ന രീതിയിലുള്ള റിക്കറിങ് ഡെപ്പോസിറ്റ് ആണ്.

അംഗങ്ങളുടെ സാമ്പത്തിക സ്വാശ്രയത്വവും പുരോഗതിയും ലക്ഷ്യം വെച്ചുള്ളവയാണ് സംഗമത്തിന്റെ പങ്കാളിത്ത-വായ്പാ സേവനങ്ങള്‍. ചെറുകിട സ്വയം തൊഴില്‍-സേവന സംരംഭങ്ങള്‍ക്കുള്ള സാമ്പത്തിക സഹായം, ഹൃസ്വകാല വ്യാപാര പങ്കാളിത്തം, സ്വയം തൊഴിലിന് വാഹനങ്ങള്‍ക്കും വീട്ടുപകരണങ്ങള്‍ക്കുമുള്ള സാമ്പത്തിക സഹായം,  അടിയന്തിര വ്യക്തിഗത ആവശ്യങ്ങള്‍ക്കുള്ള വായ്പകള്‍, ഫിക്‌സഡ് ഡെപ്പോസിറ്റുകളുടെ സെക്യൂരിറ്റിയില്‍ നല്‍കുന്ന വായ്പകള്‍ തുടങ്ങിയ പങ്കാളിത്ത-വായ്പാ സേവനങ്ങളാണ് സംഗമം നല്‍കുക.

ചെറുകിട സ്വയം തൊഴില്‍-സേവന സംരംഭങ്ങള്‍ക്ക് പങ്കാളിത്താടിസ്ഥാനത്തില്‍ നല്‍കുന്ന സാമ്പത്തിക സഹായങ്ങളാണ് സംഗമത്തിന്റെ മുഖ്യ പങ്കാളിത്ത സേവനം. പരമാവധി 5 ലക്ഷം രൂപ വരെ ഈ സ്‌കീമില്‍ നല്‍കും. ഇത്തരത്തില്‍ ആരംഭിക്കുന്ന സംരംഭങ്ങള്‍ സംഗമത്തിന്റെ സൂക്ഷ്മമായ മേല്‍നോട്ടത്തിനു വിധേയമായിരിക്കും. അവയുടെ വിജയകരമായ നടത്തിപ്പിനാവശ്യമായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും പരിജ്ഞാനവും ലഭ്യമാക്കുകയും ചെയ്യും. ഹൃസ്വകാല വ്യപാര പങ്കാളിത്ത വായ്പ പരമാവധി 6 മാസം വരെയുളള കാലയളവിലേക്ക് ലഭ്യമാകും.

സംഗമത്തിന്റെ നിക്ഷേപ-പങ്കാളിത്ത സേവനങ്ങള്‍ ബ്രാഞ്ചുകള്‍ വഴിയാണ് അംഗങ്ങള്‍ക്കു ലഭ്യമാക്കുക. ഹെഡ് ഓഫീസിന്റെ പൂര്‍ണ്ണ മേല്‍നോട്ടത്തിനു പുറമേ ബ്രാഞ്ചുകളുടെ ദൈനം-ദിന പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുവാനും കാര്യക്ഷമത ഉറപ്പുവരുത്തുവാനും ബ്രാഞ്ച് കമ്മിറ്റികളും ഉണ്ടായിരിക്കും. കോഴിക്കോട് ഹൈലൈറ്റ് സിറ്റിയിലെ ബിസിനസ്സ് പാര്‍ക്കിലാണ് ഹെഡ്ഓഫീസ്. ആദ്യഘട്ടത്തില്‍ തുടങ്ങാനുദ്ദേശിച്ച 6  ബ്രാഞ്ചുകളില്‍ ഒന്നാമത്തെ ബ്രാഞ്ച് തമിഴ്‌നാട്ടിലെ വാണിയമ്പാടിയില്‍ സെപ്റ്റംബര്‍ 09ന് വെല്ലൂര്‍ എം. പി. അബ്ദു റഹ്മാന്‍ എം. എ ഉദ്ഘാടനം ചെയ്തു. എറണാകുളം, കോഴിക്കോട്, ഈരാറ്റുപേട്ട, കോയമ്പത്തൂര്‍, വിരുധുനഗര്‍ എന്നിവിടങ്ങളില്‍ ബ്രാഞ്ചുകള്‍ ആരംഭിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായി വരുന്നു. അടുത്തു തന്നെ അവയും പ്രവര്‍ത്തന സജ്ജമാവുന്നതാണ്.

ചെക്ക്, ഡ്രാഫ്റ്റ് തുടങ്ങിയ സേവനങ്ങള്‍ ഒഴിച്ച് ബാങ്കുകള്‍ നല്‍കുന്ന അടിസ്ഥാന നിക്ഷേപ-വായ്പാ സേവനങ്ങളെല്ലാം തന്നെ പലിശ രഹിതമായി നല്‍കുവാന്‍ കോ-ഓപ്പറേറ്റീവ് ക്രെഡിറ്റ് സൊസൈറ്റി എന്ന നിലയില്‍ സംഗമത്തിന് കഴിയും. അതിനാല്‍ തന്നെ ഇസ്‌ലാമിക് ഫിനാന്‍സ് ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്ന ഇതര സ്ഥാപനങ്ങളേക്കാളും N.B.F.C കളേക്കാളുമെല്ലാം കൂടുതല്‍ വളര്‍ച്ചാ സാധ്യതയും അവസരങ്ങളും സംഗമത്തിന് ഉണ്ട്.

വ്യക്തികള്‍ക്ക് പുറമേ, നിയമപ്രകാരം രജിറ്റര്‍ ചെയ്ത സഹകരണ സ്ഥാപനങ്ങളെയും, രജിസ്ട്രാറുടെ അനുമതിയോടെ സഹകരണേതര സ്ഥാപനങ്ങളെയും അംഗങ്ങളാക്കിച്ചേര്‍ത്ത് അവക്കും സാമ്പത്തിക സേവനങ്ങള്‍ നല്‍കാമെന്നത് സംഗമത്തിന് മുന്നില്‍ വളര്‍ച്ചയുടെ അനന്തസാധ്യതകളാണ് തുറന്നിടുന്നത്. ഈ സാധ്യത ഉപയോഗപ്പെടുത്തി, സ്വയം സഹായ സംഗങ്ങളിലൂടെയും അയല്‍ക്കൂട്ടങ്ങളിലൂടെയും ഉത്പാദന-വിതരണ രംഗത്തെ സഹകരണ സ്ഥാപനങ്ങളിലൂടെയും അതിവിപുലമായ ഒരു തൊഴില്‍-സേവന ശൃംഖല സൃഷ്ടിക്കുവാന്‍ സംഗമം ശ്രമിക്കും. സുസ്ഥിര വികസനത്തിന്റെയും സമൂഹത്തിന്റെ സമഗ്ര വളര്‍ച്ചയുടെയും ഒരു പുത്തന്‍ മാതൃക ഇതു വഴി സൃഷ്ടിച്ചെടുക്കാനാവുമെന്ന് തീര്‍ച്ച. വെബ്‌സൈറ്റ് www.sangamam.in
 

Related Articles