Current Date

Search
Close this search box.
Search
Close this search box.

വേണം മുസ്‌ലിം സംഘടനകള്‍ക്ക് പെരുമാറ്റച്ചട്ടം

Unity.jpg

കേരളത്തിലെ അറിയപ്പെടുന്ന ഒരു മതപണ്ഡിതന്‍ തന്റെ ഹൃദയം തുറന്നു കൊണ്ട് പറഞ്ഞ ഏതാനും വാക്കുകളുടെ ഒരു വീഡിയോ ക്ലിപ്പ് കേട്ടപ്പോള്‍ അത്യധികം അദ്ഭുതപ്പെട്ടു പോയി. അദ്ദേഹം ഇപ്പോള്‍ പ്രവര്‍ത്തിച്ചു വരുന്ന സംഘടനാ വേദിയില്‍ വെച്ച് എന്തോ ചില അഭിപ്രായ ഭിന്നതകള്‍ പ്രകടിപ്പിച്ചതിന്റെ പേരില്‍ അതേ സംഘടനയുടെ എതിര്‍ ഗ്രൂപ്പില്‍ പെട്ടവര്‍, അവരിലെ ഒരു യുവനേതാവടക്കം ഈ പണ്ഡിതന്റെ മേല്‍ അസഭ്യവര്‍ഷം നടത്തിയത്രെ! ഒരു വേള ഇത് വായിക്കുന്നവര്‍ ഇതില്‍ ഒരു പുതുമയും ദര്‍ശിക്കണമെന്നില്ല. സംഘടനകള്‍ തമ്മിലും സംഘടനകള്‍ക്കകത്തെ വിവിധ ഗ്രൂപ്പുകള്‍ തമ്മിലുമുള്ള വിഴുപ്പലക്കലുകള്‍ കൊണ്ട് അത്രയും മലീമസമാണ് അന്തരീക്ഷം. വിശിഷ്യ സോഷ്യല്‍ മീഡിയ. ഇവിടെയാണ് ഒരു പെരുമാറ്റച്ചട്ടം എന്ന ആശയം പ്രസക്തമാവുന്നത്.

സത്യവിശ്വാസികള്‍ തമ്മില്‍ അഭിപ്രായ വ്യത്യാസങ്ങള്‍ സ്വാഭാവികമാണ്. നബി(സ) ജീവിച്ചിരിക്കുമ്പോള്‍ തന്നെ കര്‍മശാസ്ത്ര ഭിന്നതകള്‍ അനുവദിച്ചിട്ടുണ്ട്. പിന്നീട് ഇസ്‌ലാം വല്ലാതെ വ്യാപനം കൊണ്ടപ്പോള്‍ രാഷ്ട്രീയ അഭിപ്രായ വ്യത്യാസങ്ങള്‍ ഉടലെടുത്തു. വിവിധ മേഖലകളില്‍ ഊന്നി ചിന്തിച്ച പരിഷ്‌കര്‍ത്താക്കളും അവരെ അനുധാവനം ചെയ്തവരും കൂട്ടായ്മകള്‍ തീര്‍ത്തപ്പോള്‍ വൈവിധ്യമുള്ള സംഘടനകള്‍ ഉണ്ടായി. മനുഷ്യന്‍ ചിന്തിക്കുന്ന കാലത്തോളം അഭിപ്രായ വ്യത്യാസങ്ങള്‍ സ്വാഭാവികം മാത്രമാണെന്നര്‍ത്ഥം.

എന്നാല്‍ അഭിപ്രായ ഭിന്നതകള്‍ നിലനില്‍ക്കേ തന്നെ, മൗലികമായി നാം ഒരൊറ്റ ആദര്‍ശത്തിന്റെ വക്താക്കളാണെന്ന കാര്യം അനിഷേധ്യമാണ്. അതിനാല്‍ നമുക്ക് പരമാവധി യോജിച്ചു പ്രവൃത്തിച്ചു കൂടെ? പരസ്പരം താങ്ങായി വര്‍ത്തിച്ചു കൂടേ? ചുരുങ്ങിയത് ഇന്നു കാണുന്ന അസഭ്യം പറച്ചില്‍, അസഹിഷ്ണുത, കൊലവിളി, പള്ളിപിടുത്തം പോലുള്ള അങ്ങേയറ്റം ഗര്‍ഹണീയങ്ങളായ പാപകൃത്യങ്ങളെങ്കിലും നമുക്ക് ഉപേക്ഷിച്ചു കൂടെ? ആദര്‍ശപ്പൊരുത്തമില്ലാത്തവര്‍ പോലും പൊതു മൂല്യങ്ങളിലും വിഷയങ്ങളിലും ഐക്യപ്പെടുന്ന ഈ കാലത്ത് എന്തുകൊണ്ട് നമുക്കും അവ്വിധം ഒന്നിച്ചു നിന്നുകൂടാ? (ആരോഗ്യകരമായ സംവാദങ്ങള്‍ക്ക് ഇതൊന്നും തടസ്സവുമല്ലല്ലോ)

‘മുസ്‌ലിം സൗഹൃദ വേദി’ പോലുള്ള ചില കൂട്ടായ്മകള്‍ മുന്‍കാലങ്ങളില്‍ ഉണ്ടായിരുന്നു. അത്തരം സംരംഭങ്ങള്‍ പൊടി തട്ടിയെടുക്കാനോ പുതിയവ രൂപപ്പെടുത്താനോ നമ്മുടെ സംഘടനാ നേതൃത്വങ്ങളോട് സവിനയം അഭ്യര്‍ത്ഥിക്കുന്നു. കൂട്ടത്തില്‍ പറയട്ടെ, ഇസ്‌ലാമിക ഐക്യത്തെ പറ്റിയുള്ള പ്രസിദ്ധമായ ഖുര്‍ആന്‍ സൂക്തങ്ങള്‍ (ആലു ഇംറാന്‍: 100-107) ഉദ്ധരിച്ചു കൊണ്ട് ഡോ. യൂസുഫുല്‍ ഖറദാവി തന്റെ വിഖ്യാതമായ ‘മുസ്‌ലിം ഐക്യം’ എന്ന ഗ്രന്ഥത്തില്‍ നിരീക്ഷിക്കുന്നത് പരസ്പരമുള്ള ഐക്യപ്പെടല്‍ ‘തഖ്‌വ’ യുടെ ഭാഗമാണെന്നാണ്. മാത്രമല്ല, ഈമാന്‍ കഴിഞ്ഞാല്‍ അല്ലാഹു നമുക്കേകിയ ഏറ്റവും വലിയ അനുഗ്രഹമാണ് ഐക്യമെന്നും ഖറദാവി പറയുന്നു.

കഷ്ടം, സംഘടനാ പാതിത്വം തലക്കുപിടിച്ചവന് ഈമാനും റഹ്മത്തും തടയപ്പെടുമെന്നര്‍ത്ഥം! ‘സ്വര്‍ഗം തേടി നരകം നേടുന്ന അവസ്ഥ! (അല്ലാഹുവിലഭയം)

Related Articles