Current Date

Search
Close this search box.
Search
Close this search box.

വിദ്യാഭ്യാസം കച്ചവടമാകുമ്പോള്‍

jkujh.jpg

പ്രവാചക കാലത്തെ വേദക്കാരെ കുറിച്ച് ഖുര്‍ആന്‍ ഉന്നയിച്ച ആരോപണങ്ങളില്‍ ഒന്ന് അവര്‍ ‘സുഹുത്’ ഭക്ഷിക്കുന്നു എന്നാതാണ്. നിഷിദ്ധമായ എല്ലാ സമ്പാദ്യവും അതിന്റെ കീഴില്‍ വരും. നിഷിദ്ധം എന്നത് കൊണ്ട് വിവക്ഷ ശരിയായ രീതിയിലല്ലാതെ ഉണ്ടാക്കുന്ന എല്ലാ സമ്പാദ്യവും.

ഇസ്ലാമില്‍ നിരോധിച്ച മദ്യം,പലിശ,ചൂതാട്ടം എന്നിവ മാത്രമാണ് നിഷിദ്ധങ്ങള്‍ എന്നാണു പലരും മനസ്സിലാക്കിയിട്ടുള്ളത്. അത് കൊണ്ട് തന്നെ കൈക്കൂലി പോലുള്ള തിന്മകള്‍ അവരുടെ കണക്കില്‍ ‘ സുഹുത്’ ന്റെ കീഴില്‍ വരില്ല. പകരം അവര്‍ അതിന് നല്‍കുന്ന നിര്‍വചനം ‘ ഉര്‍ഫ്’ എന്നാണ്. ഉര്‍ഫ് എന്നതിന്റെ ഉദ്ദേശം നാട്ടുനടപ്പ് എന്നും.

അടുത്തിടെ കേരളത്തില്‍ മെഡിക്കല്‍ കോളേജ് പ്രവേശനം ഒരു ചര്‍ച്ചയായിരുന്നു. കുട്ടികളില്‍ നിന്നും ഭീമമായ സംഖ്യ വാങ്ങിയാണ് പ്രവേശനം നല്‍കിയത്. വിദ്യാഭ്യാസം ഒരു മൗലിക വിഷയമാണ്. അത് സര്‍ക്കാരുകളുടെ ബാധ്യതയും. അതെ സമയം നമ്മുടെ നാട്ടില്‍ സ്വകാര്യ സ്ഥാപനങ്ങളാണ് വിദ്യാഭാസത്തിന്റെ കാര്യത്തില്‍ മുന്നിലെന്ന് തോന്നും. കുട്ടികളുടെ കുറവ് കാരണം പല സ്‌കൂളുകളും അടച്ചു പൂട്ടല്‍ ഭീഷണി നേരിടുന്നു.  കേരളത്തിലെ പ്രൊഫഷണല്‍ കോളേജുകളുടെ കാര്യത്തിലും അങ്ങിനെ തന്നെ.

നാട്ടില്‍ ആരോഗ്യ മേഖലയില്‍ ആവശ്യമായത്ര ഡോക്ടര്‍മാരെ ഉണ്ടാക്കാനുള്ള അവസരം സൃഷ്ടിക്കുക എന്നത് സര്‍ക്കാര്‍ ബാധ്യതയാണ്. അതിനു സര്‍ക്കാരിന് കഴിയുന്നില്ല എന്നതിനാല്‍ സ്വകാര്യ മേഖലയും ഈ രംഗത്തു അവരുടെ സ്ഥാനം ഉറപ്പിക്കുന്നു. എന്ത് വില കൊടുത്തും മക്കളെ ഡോക്ടറാക്കുക എന്ന നിശ്ചയം കൊണ്ട് നടക്കുന്ന രക്ഷിതാക്കളും നമ്മുടെ കൂട്ടത്തിലുണ്ട്. മക്കള്‍ ആ പഠനത്തിന് അര്‍ഹനാണോ എന്നത് അവരുടെ വിഷയമല്ല.

ആരോഗ്യ പഠനം നടത്താന്‍ നിശ്ചയിക്കപ്പെട്ട കഴിവുകള്‍ എത്താതെയാണ് കേരളത്തിലെ രണ്ടു മെഡിക്കല്‍ കോളേജ് കുട്ടികള്‍ക്ക് പ്രവേശനം നല്‍കിയത്. പണം കൊടുക്കുന്നവര്‍ക്കു മുന്‍ഗണന എന്ന രീതിയിലായിരുന്നു പ്രവേശനവും. ഈ രണ്ടു കോളേജുകളും നടത്തുന്നതു മുസ്ലിം വിഭാഗത്തില്‍പ്പെട്ടവരാണ്.  വിദ്യാഭ്യാസത്തിനു മാനദണ്ഡം പണമാകരുത്.

അത് അര്‍ഹതയാകണം. അവര്‍ അര്‍ഹരല്ല എന്ന് കോടതി പറയുമ്പോള്‍ എന്ത് അടിസ്ഥാനത്തിലാണ് ഈ പ്രവേശനം എന്ന ചോദ്യം പ്രസക്തമാണ്. അവിഹിതമായിരുന്നു ഈ പ്രവേശനം എന്ന് വ്യകതമായ നിലക്ക് ആദ്യം പറഞ്ഞ ‘സുഹുത്’ ന്റെ ഗണത്തില്‍ ഇത്തരം സമ്പാദ്യവും പെടില്ല എന്ന് പറയാന്‍ നമുക്ക് കഴിയില്ല.  വിദ്യാഭ്യാസം ഒരു കച്ചവടമായാല്‍ പിന്നെ ലാഭമാകും ലക്ഷ്യം.

കച്ചവടത്തില്‍ പ്രാധാന്യം ലാഭമാണ്. അങ്ങിനെയാണ് മുസ്ലിം സംഘടനകളും വ്യക്തികളും നടത്തുന്ന സ്ഥാപനങ്ങള്‍ ലക്ഷങ്ങളുടെ തലവരി സ്വീകരിച്ചതും. ഇത്തരം രീതിയിലൂടെ വന്നു ചേരുന്ന പണവും നിഷിദ്ധമായ സമ്പാദ്യത്തിന്റെ കീഴിലാണ് വരിക എന്ന ബോധം നഷ്ടമാകുന്നതാണ് ഈ പ്രവണത കൂടാന്‍ കാരണം. എന്തിനും കൈക്കൂലി നല്‍കുന്നതും കൈക്കൂലി വാങ്ങുന്നതും ഒരു തെറ്റല്ലാതെ പോകുന്നതും അത് കൊണ്ട് തന്നെ. അനുവദനീയമായ സമ്പാദ്യം എന്നതിന്റെ പരിധി നിശ്ചയിച്ചാല്‍ അവിഹിതമായ സമ്പാദ്യത്തിന്റെ പരിധി സ്വയം നിര്‍ണിതമാകും.

 

Related Articles