Current Date

Search
Close this search box.
Search
Close this search box.

വിട്ടുവീഴ്ച ആവാം, കീഴൊതുങ്ങല്‍ പാടില്ല

lui.jpg

പള്ളിയില്‍ വെച്ച് കണ്ടപ്പോള്‍ തന്നെ സക്കറിയയുടെ മുഖത്ത് ഒരു നിരാശ കണ്ടിരുന്നു. ആ നിരാശ ഇന്നലെ എല്ലാ കോണ്‍ഗ്രസ്സുകാരുടെ മുഖത്തും കണ്ടു. പാരമ്പര്യ കോണ്‍ഗ്രസ്സ് കുടുംബത്തിലെ അംഗമാണ് സകറിയ. പ്രദേശത്തെ കോണ്‍ഗ്രസ് പ്രവര്‍ത്തനത്തില്‍ സജീവ സാന്നിധ്യം. സ്വാതന്ത്ര്യ സമര ചരിത്രമുള്ള പാര്‍ട്ടിയുടെ ഭാഗമായതില്‍ അഭിമാനം കൊള്ളുന്നു സകരിയ. സിരകളില്‍ കോണ്‍ഗ്രസ് രക്തമാണ് എന്ന് അവന്‍ എപ്പോഴും പറയാറുണ്ട്. ഇന്നലെ അവന്റെ മുഖത്ത് കണ്ട ഭാവഭേദം ആരിലും സങ്കടം തീര്‍ക്കും.

ഒരു പാര്‍ട്ടിയുടെ ആളുകള്‍ മൊത്തമായി നിരാശയില്‍ ആണ്ടുപോയ ദിനം വേറെ കാണില്ല. തെരഞ്ഞെടുപ്പില്‍ ജയവും തോല്‍വിയും എന്നും പ്രസക്തമാണ്. എല്ലാവരും ജയിക്കുക എന്നത് സാധ്യമല്ല എന്നതാണ് അതിനു പിന്നിലെ സാങ്കേതികത. അതെ സമയം ഇന്നലെ കേരളത്തിലെ കോണ്‍ഗ്രസ്സ് പ്രവര്‍ത്തകരുടെ ആത്മാഭിമാനത്തെയാണ് നേതാക്കള്‍ ചോദ്യം ചെയ്തത്. നൂറ്റാണ്ടുകളുടെ പഴക്കമുള്ള ഒരേ ദേശീയ പ്രസ്ഥാനം ഒരുവേള ചെറുതായി പോയെന്നു അണികള്‍ക്ക് തോന്നിയാല്‍ അവരെ കുറ്റം പറയാന്‍ കഴിയില്ല.

ഒരു മുന്നണി സംവിധാനത്തില്‍ വിട്ടുവീഴ്ച അനിവാര്യമാണ്. പക്ഷെ കീഴൊതുങ്ങല്‍ അപമാനവും. മാണി ഇപ്പോള്‍ മുന്നണിയുടെ ഭാഗമല്ല. തന്റെയും കുടുംബത്തിന്റെയും എന്നല്ലാതെ മറ്റൊരു നിലപാടും മാണിയുടെ കാര്യത്തില്‍ നമുക്ക് കാണുക സാധ്യമല്ല. മതേതരത്വം, ദേശീയത എന്നിവ മാണിയുടെ കാര്യത്തില്‍ അവസരങ്ങളുടെ വിഷയമാണ്. അധികാരം കിട്ടിയാല്‍ ആരുടെ കൂടെ പോകാനും മടി കാണിക്കത്ത ഒരാളെ ഇങ്ങിനെ ആദരിക്കുക എന്നത് വാസ്തവത്തില്‍ കേരളത്തിലെ ലക്ഷക്കണക്കിന് പ്രവര്‍ത്തകരുടെ വികാരത്തെ മുറിവേല്‍പ്പിക്കാന്‍ കാരണമാണ്. അടുത്ത തവണ മാണി വന്നത് കൊണ്ട് എന്തെങ്കിലും ഫലം കാണും എന്ന് വിശ്വസിക്കാന്‍ കഴിയില്ല. മാണിയുടെ മകന് വീണ്ടും വോട്ടു ചെയ്യാന്‍ മാത്രം വിശാലമാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ മനസ്സ് എന്ന് വിശ്വസിക്കാനും നമുക്ക് കഴിയില്ല.

കോണ്‍ഗ്രസ് എന്ന ദേശീയ പ്രസ്ഥാനത്തെ പ്രാദേശിക പാര്‍ട്ടികള്‍ നിയന്ത്രിക്കുന്നു എന്നതും അണികളെ വേദനിപ്പിക്കുന്നു. അധികാരം രാഷ്ട്രീയത്തിന്റെ ലക്ഷ്യമാണ്. അത് എങ്ങിനെയും നേടുക എന്നത് തെറ്റായ രീതിയാണ്. ഒരു മാണി വന്നത് കൊണ്ട് യു ഡി എഫിലെ എല്ലാ പ്രശ്‌നവും തീരും എന്ന് കരുതുന്നത് തന്നെ വിഡ്ഢിത്തമാണ്. യു ഡി എഫിന്റ മുഖ്യ വിഷയം ഇന്ന് കോണ്‍ഗ്രസ്സ് തന്നെയാണ്. തീര്‍ത്തും കുത്തഴിഞ്ഞ അവസ്ഥയിലാണ് കോണ്‍ഗ്രസ്സ് പാര്‍ട്ടി.

ഒരു പാര്‍ട്ടിയുടെ ഒരു ലക്ഷണവും അവര്‍ കാണിക്കുന്നില്ല. ഒരു പാര്‍ട്ടിയും ഒരായിരം ഗ്രൂപ്പുകളും എന്നതാണ് ആ പാര്‍ട്ടിയുടെ ഇന്നത്തെ അവസ്ഥ. കൃത്യമായ ഒരു പാര്‍ട്ടി ബോധം അണികളിലും നേതാക്കളിലും സൃഷ്ടിക്കുക എന്നതാണ് കോണ്‍ഗ്രസ് ആദ്യം ചെയ്യേണ്ടത്. അതിനു ഇന്നത്തെ വൃദ്ധ നേതൃത്വം ഒരു തടസ്സമാണ്. കേരളത്തില്‍ യുവ നേതാക്കളുടെ സജീവ സാന്നിധ്യമുള്ള പാര്‍ട്ടിയാണ് കോണ്‍ഗ്രസ്. അവരെ കൂടി സംഘടന തലത്തിലേക്കും ഭരണ തലത്തിലേക്കും കൊണ്ട് വരിക എന്നത് ഒരു അനിവാര്യതയാണ്.

കോണ്‍ഗ്രസ്സ് പാര്‍ട്ടിയോടുള്ള സ്‌നേഹം എന്നതിനേക്കാള്‍ ആ പാര്‍ട്ടിയുടെ തകര്‍ച്ച അല്ലെങ്കില്‍ മതേതര പാര്‍ട്ടികളുടെ തകര്‍ച്ച ഫാസിസത്തിന് മാത്രമേ ഗുണം ചെയ്യൂ എന്ന തിരിച്ചറിവാണ് ഇങ്ങിനെ പ്രതികരിക്കാന്‍ പ്രേരിപ്പിക്കുന്നത്. ജനപക്ഷ രാഷ്ട്രീയം എന്നത് ഇന്നൊരു അടഞ്ഞ അധ്യായമാണ്. ജനത്തിന്റെ വിഷയങ്ങള്‍ പാര്‍ട്ടികള്‍ അവരുടെ അജണ്ടയായി സ്വീകരിച്ചിട്ടു കാലമേറെയായി. അവനവനു ഗുണം കിട്ടുന്ന രാഷ്ട്രീയം എന്നതിന് പകരം ജനത്തിന് ഗുണം ലഭിക്കുന്ന രാഷ്ട്രീയം എന്നിടത്തേക്കു പാര്‍ട്ടികള്‍ വളരണം. അല്ലെങ്കില്‍ അത്തരം പാര്‍ട്ടികളെ ജനം പിന്തുണക്കാന്‍ ശ്രമിക്കണം.

 

 

Related Articles