Current Date

Search
Close this search box.
Search
Close this search box.

വിടപറഞ്ഞത് ചെറുത്തുനില്‍പിന്റെ പ്രതീകം

fidal.jpg

വിപ്ലവകാരികളുടെ നേതാവും അമേരിക്കന്‍ കോളനിവല്‍കരണത്തിന്റെ കൊടിയ ശത്രുവുമാണ് ഫിദല്‍ കാസ്‌ട്രോയുടെ വിയോഗത്തിലൂടെ വിടപറഞ്ഞിരിക്കുന്നത്. കഠിനമായ ഉപരോധങ്ങള്‍ക്കെതിരെയുള്ള ശക്തമായ ചെറുത്തുനില്‍പിന്റെ പ്രതീകം കൂടിയാണ് അദ്ദേഹം. തന്റെ അമ്പത് വര്‍ഷത്തോളം നീണ്ട ഭരണത്തിലൂടെ ലോക ഭൂപടത്തില്‍ അറിയപ്പെടാതെ കിടന്നിരുന്ന ക്യൂബയെ ലാറ്റിനമേരിക്കയിലെയും മൂന്നാം ലോകരാഷ്ട്രങ്ങളിലെയും വിപ്ലവത്തിന്റെ പ്രഭവ കേന്ദ്രമാക്കി അദ്ദേഹം മാറ്റി. 11 അമേരിക്കന്‍ പ്രസിഡന്റുമാരെ വെല്ലുവിളിച്ച അദ്ദേഹം സി.ഐ.എയുടെ 638 വധശ്രമങ്ങളെ അതിജയിച്ചു. രാജ്യത്തു നിന്നും നിരക്ഷരത തുടച്ചുനീക്കിയ അദ്ദേഹം ആരോഗ്യകരമായ ഭരണകൂടത്തിന് അടിത്തറ പാകി. ലോകത്തിന് അറിയപ്പെടുന്ന ഡോക്ടര്‍മാരെ സംഭാവന ചെയ്ത വിദ്യാഭ്യാസ സംവിധാനം അദ്ദേഹം കൊണ്ടുവന്നു. ക്യൂബയിലെ ജന്മി കുടുംബത്തില്‍ ജനിച്ച കാസ്‌ട്രോ കര്‍ഷകര്‍ക്കും ദരിദ്രര്‍ക്കും ഒപ്പം നിലകൊണ്ടു. ജന്മിത്വത്തിന്റെ അടിവേരറുത്ത അദ്ദേഹം സ്വതന്ത്ര സാമ്പത്തിക വ്യവസ്ഥയിലൂടെ ഭക്ഷ്യരംഗത്ത് സ്വയംപര്യാപ്തതയില്‍ രാജ്യത്തെ എത്തിച്ചു.

അദ്ദേഹത്തിന്റെ പ്രധാന സഖ്യശക്തിയായിരുന്ന സോവിയറ്റ് യൂണിയന്റെ പതനം (1991) അദ്ദേഹത്തെ സംബന്ധിച്ചടത്തോളം രാഷ്ട്രീയമായും സാമ്പത്തികമായും വ്യക്തിപരമായും വലിയൊരു പ്രഹരമായിരുന്നു. അമേരിക്കന്‍ ഉപരോധത്തിന് മുന്നില്‍ രാജ്യം കടുത്ത പ്രതിസന്ധിയെ അഭിമുഖീകരിക്കേണ്ടി വന്നു. എന്നാല്‍ അതിനെ മറികടക്കുന്നതില്‍ അദ്ദേഹം വിജയിച്ചു. മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ സഖ്യകക്ഷികളായ ചൈനയുടെയും വെനിസ്വലെയുടെയും സഹായത്താല്‍ അതിന്റെ പ്രയാസങ്ങളെ ലഘൂകരിച്ചു. അന്തരിച്ച വെനിസ്വലെ പ്രസിഡന്റ് ഹ്യൂഗോ ചാവേസ് തന്റെ ഗോഡ്ഫാദറായി കണ്ടിരുന്ന കാസ്‌ട്രോയുടെ രാജ്യത്തെ സാമ്പത്തികമായും നിക്ഷേപങ്ങളിലൂടെയും ഉദാരമായി സഹായിച്ചു.

ഫലസ്തീന്‍ ജനതക്കും ന്യായമായ അവരുടെ അവകാശങ്ങള്‍ക്കും വേണ്ടിയുള്ള പോരാട്ടത്തിനൊപ്പമായിരുന്നു എക്കാലവും അദ്ദേഹം കാസ്‌ട്രോ നിലകൊണ്ടത്. ക്യൂബയിലെ യൂണിവേഴ്‌സിറ്റികളില്‍ ആയിരക്കണക്കിന് ഫലസ്തീന്‍ വിദ്യാര്‍ഥികള്‍ക്ക് അദ്ദേഹം ഇടം നല്‍കി. ഉറ്റവരുടെ ഭാഗത്തു നിന്നുള്ള അനീതികളില്‍ നിരാശയും പ്രയാസവും അനുഭവിക്കേണ്ടി വന്ന സന്ദര്‍ഭങ്ങളില്‍ വിടപറഞ്ഞ മുന്‍ ഫലസ്തീന്‍ പ്രസിഡന്റ് യാസര്‍ അറഫാത്ത് ക്യൂബയിലേക്കും കാസ്‌ട്രോയുടെ അടുത്തേക്കുമായിരുന്നു പോയിരുന്നത് എന്ന് അദ്ദേഹം തന്നെ എന്നോട് പറഞ്ഞിട്ടുണ്ട്. അവിടെയാണ് അദ്ദേഹം ശാന്തത കണ്ടെത്തിയിരുന്നത്. വിപ്ലവത്തിന്റെ ആ മുനമ്പില്‍ നിന്ന് കൂടുതല്‍ കരുത്തോടെയും വിശ്വാസത്തോടെയുമായിരുന്നു അദ്ദേഹം മടങ്ങിയിരുന്നത്.

വിനയവും പച്ച സൈനിക യൂണിഫോമും പ്രസിദ്ധമായ ക്യൂബന്‍ സിഗരറ്റും വേര്‍പിരിയാതെ എപ്പോഴും അദ്ദേഹത്തിന്റെ കൂടെയുണ്ടായിരുന്നു. രാജ്യത്തെ റോഡുകളില്‍ തന്റെ ഫോട്ടോ വെക്കാനോ മൈതാനങ്ങളില്‍ തന്റെ പ്രതിമ സ്ഥാപിക്കാനോ അദ്ദേഹം അനുവദിച്ചിരുന്നില്ല. ഒരു കൊട്ടാരമോ ആഢംബര വാഹനമോ കോടിക്കണക്കിന് ഡോളറുകളുടെ നിക്ഷേപമോ ഇല്ലാതെയാണ് അദ്ദേഹം ലോകത്തോട് വിടപറഞ്ഞിരിക്കുന്നത്. വിപ്ലവ പൈതൃകമാണ് അദ്ദേഹം ലോകത്തിന് മുമ്പില്‍ അനന്തരസ്വത്തായി വിട്ടുപോയിരിക്കുന്നത്. അന്തസ്സും ആത്മാഭിമാനവും പൗരുഷവും കോളനിവല്‍കരണത്തോട് മുട്ടുമടക്കാത്ത സമീപനവും ഭൂമിയുടെ ഉപ്പായ ദരിദ്രരോടുള്ള ചായ്‌വുമാണ് അതിന് നല്‍കാവുന്ന തലക്കെട്ട്.

പ്രസ്തുത പൈതൃകത്തിന്റെ പേരിലാണ് നാം അദ്ദേഹത്തെ സ്‌നേഹിക്കുന്നത്. ആയിരക്കണക്കിന് കിലോമീറ്ററുകള്‍ അകലെയായിട്ടും നമ്മുടെ ജനതയുടെ പ്രയാസങ്ങളില്‍ ഒപ്പം നിന്നതിന്റെ പേരിലാണത്. വെല്ലുവിളികള്‍ക്കെതിരെ സ്ഥൈര്യത്തോടെ തലയുയര്‍ത്തി നിലകൊണ്ട ആ മാതൃകയുടെ പേരിലാണ് നാം സ്‌നേഹിക്കുന്നത്.

വിവ: നസീഫ്‌

Related Articles