Current Date

Search
Close this search box.
Search
Close this search box.

വസ്ത്രം ധരിക്കുന്ന സ്ത്രീയും സ്വാമിയും

women-muslim.jpg

 

പോലീസ് സ്റ്റേഷനിലേക്ക് വലതു കാല്‍ എടുത്തു വെച്ച് കടന്നാല്‍ ‘ നീയിവിടെ സ്ഥിര താമസത്തിനു വന്നതാണോ?’ എന്ന് ചോദിച്ചു പ്രഹരിക്കുമത്രേ. ഇടതു കാല്‍ വെച്ച് കയറിയാല്‍ നീയിവിടെ മുടിപ്പിക്കാന്‍ ഇറങ്ങിയതാണോ എന്ന് ചോദിച്ചു കൊണ്ടാകും അടി. അങ്ങിനെയാണ് പരമു രണ്ടു കാലും ഒന്നിച്ചു വെച്ച് ചാടി കടന്നത്.

ബഹുമാന്യനായ വിശ്വാഭദ്ര ശക്തിബോധി അവര്‍കളുടെ കാര്യത്തില്‍ എങ്ങിനെ കടക്കണം എന്നത് ഒരു വിഷയമാണ്. എങ്ങിനെ കടന്നാലും സ്വാമിക്കു സ്വീകാര്യമല്ല. മതങ്ങളെ പരസ്പരം ബഹുമാനിക്കണം എന്നതാണ് അണികളോട് നേതാക്കള്‍ക്ക് ഉപദേശിക്കാന്‍ കഴിയുന്ന പ്രമാദമായ കാര്യം. മതങ്ങള്‍ ഓരോ സംസ്‌കാരം കൂടിയാണ്. ദൈവത്തെ എങ്ങിനെ മനസ്സിലാക്കണം അനുസരിക്കണം ആരാധിക്കണം എന്നതാണ് മതങ്ങളുടെ അടിസ്ഥാനം. ഭക്ഷണ രീതിയും വസ്ത്ര രീതിയും കൂടി അതിന്റെ ഭാഗമാണ്. സ്ത്രീയും പുരുഷനും എങ്ങിനെ വസ്ത്രം ധരിക്കണം എന്നത് ഇസ്ലാം പഠിപ്പിക്കുന്നു. മുസ്ലിം സ്ത്രീകള്‍ ദേഹം മുഴുവന്‍ മറച്ചു കൊണ്ട് വസ്ത്രം ധരിക്കുന്നു എന്നത് മറ്റുള്ളവര്‍ക്ക് അലോസരമുണ്ടാക്കേണ്ട കാര്യമല്ല. അത് കൊണ്ട് സമൂഹത്തിനും രാഷ്ട്രത്തിനും ഒരു കോട്ടവും സംഭവിക്കുന്നില്ല.

ഒരാളുടെ ദേഹം മറ്റുള്ളവരുടെ കാഴ്ചയില്‍ നിന്നും മാന്യമായി മറക്കുക എന്നത് സംസ്‌കാരത്തിന്റെ ഭാഗമാണ്. അതെങ്ങിനെ വേണം എന്നത് വ്യക്തിയുടെ വിഷയവും. അതെ സമയം അതില്‍ ഇസ്ലാമിന് കൃത്യമായ നിലപാടുണ്ട് എന്നതിനാല് വിശ്വാസികളോട് അത് പറഞ്ഞു കൊടുക്കുക എന്നത് ഒരു കടമയാണ്.   അത് അംഗീകരിക്കണമോ വേണ്ടയോ എന്നത് വ്യക്തിയുടെ തീരുമാനവും. പണ്ട് സ്ത്രീകള്‍, മാറ് മറച്ചില്ല എന്നത് നാട്ടില്‍ നിലനിന്നിരുന്ന ജാതിയുടെ പേരിലാണ്.  താഴ്ന്ന വിഭാഗങ്ങളുടെ ജീവന്റെ കാര്യത്തില്‍  അവര്‍ക്കു പോലും അധികാരമുണ്ടായിരുന്നില്ല. മനുഷ്യന്‍ എന്ന പരിഗണന പോലും പലപ്പോഴും അന്യമായിരുന്നു.  മുസ്ലിം സ്ത്രീയുടെ വിഷയത്തില്‍ അതല്ല കാര്യം. ദേഹം മുഴുവന്‍ പൊതിഞ്ഞു തന്നെ അവള്‍ സമൂഹത്തില്‍ ജീവിക്കുന്നു. മറ്റുള്ളവരെ പോലെ അവളും ജോലി ചെയ്യുന്നു. വാഹനമോടിക്കുന്നു. അധികാരം കയ്യാളുന്നു. ആ വ്യത്യാസം മനസ്സിലാക്കാന്‍ എന്ത് കൊണ്ട് സ്വാമിക്ക് കഴിയുന്നില്ല എന്നതാണ് നമുക്കു അത്ഭുതമായി തോന്നുന്നത്.

അടുത്ത കാലത്തു സ്വാമിയുടെ വാക്കുകളില്‍ ഒരു മറുസ്വരം കാണുന്നു.  ഇടതു പക്ഷത്തോട് അടുത്ത് നിന്നാല്‍ ഇങ്ങിനെയൊക്കെ നിലപാട് സ്വീകരിക്കണം എന്ന് വരുമോ?. സി പി എം അറിഞ്ഞോ അറിയാതെയോ തുടരുന്ന ഒരു സമൂഹത്തിനോടുള്ള വിരുദ്ധതയാണോ സ്വാമിക്ക് അവരെ പിന്തുണക്കാന്‍ കാരണമായത്?. ഒരാളെയും ശത്രു പക്ഷത്തു കാണാതിരിക്കുക എന്നതാണ് ഇസ്ലാമിന്റെ നിലപാട്. ഇങ്ങോട്ട് ശത്രുത വെച്ച് പുലര്‍ത്തിയാലും നാം അങ്ങോട്ട് ആ സമീപനം സ്വീകരിക്കില്ല. ശവത്തെ പൊതിഞ്ഞതല്ല ഇസ്ലാം. അത് ജീവനുള്ള മനുഷ്യന്റെ അടയാളമാണ്. സ്വാമി ഇപ്പോള്‍ ചില വൈകാരിക ക്ഷോഭത്തിലാണ്. ക്ഷോഭത്തില്‍ പറഞ്ഞു പോയ ഒന്നും കണക്കില്‍ വെക്കരുത് എന്നാതാണ് മതം പഠിപ്പിക്കുന്നതും.

 

Related Articles