Current Date

Search
Close this search box.
Search
Close this search box.

വര്‍ഗീയത കത്തിപ്പടരുന്ന മണിപ്പൂര്‍

manipur-vi.jpg

മാര്‍ച്ച് 25-ന്, ഇംഫാല്‍ വെസ്റ്റ് ജില്ലയിലെ വാങ്കോയില്‍ സ്ഥിതി ചെയ്യുന്ന ഇറാംശിഫായില്‍ ഒരു ഞെട്ടിക്കുന്ന സംഭവം അരങ്ങേറുകയുണ്ടായി. ആറ് മണിപ്പൂരി മുസ്‌ലിം യുവാക്കള്‍ അതിദാരുണമായി മര്‍ദ്ദിക്കപ്പെട്ടു. കോംഗ്‌ജോമിലെ സ്ലോപ്പ്‌ലാണ്ട് പബ്ലിക്ക് സ്‌കൂള്‍, ലിജോംഗിലെ ഫൈവ് സ്റ്റാര്‍ ഇംഗ്ലീഷ് സ്‌കൂള്‍ എന്നിവിടങ്ങളിലെ 9-ാം ക്ലാസ് വിദ്യാര്‍ത്ഥികളായിരുന്നു അവര്‍. കാരണമെന്താണെന്നാല്‍: അവര്‍ തബല്‍ ചോംഗ്ബാ ഉത്സവം (ഹോളി ആഘോഷം) വീക്ഷിക്കുകയായിരുന്നു.

കേവലം കാഴ്ച്ചക്കാരായി നിന്നു എന്ന കുറ്റത്തിനാണ് വിദ്യാര്‍ത്ഥികളായ മുഹമ്മദ് അല്‍ത്താഫ് ഹുസൈന്‍, ഇഖ്ബാല്‍ ഹുസൈന്‍, ശുഐബ് അക്തര്‍, ശഹ്‌സാദ് ആലം, ഥാനി ആലം, ഫരീദ് ഖാന്‍ എന്നിവര്‍ അതിക്രൂരമായി മര്‍ദ്ദിക്കപ്പെട്ടത്. ഇതില്‍ മൂന്ന് പേര്‍ ഇപ്പോഴും ഗുവാഹത്തിയിലെ റഹ്മാനി ഹോസ്പിറ്റലില്‍ ചികിത്സയില്‍ കഴിയുകയാണ്. കാഴ്ച്ചക്കാരായി നില്‍ക്കുന്നതിന് പകരം അവര്‍ ആ ആഘോഷപരിപാടിയില്‍ പങ്കെടുത്തിരുന്നെങ്കില്‍ എന്തായിരിക്കും സംഭവിക്കുക എന്ന് ആലോചിക്കാന്‍ കൂടി ഒരാള്‍ക്ക് കഴിയില്ല. അത്രക്ക് ഭയാനകമായിരുന്നു അവസ്ഥ.

സംഭവവുമായി ബന്ധപ്പെട്ട് സര്‍ക്കാറിന്റെ ഭാഗത്ത് നിന്നും യാതൊരു പ്രതികരണവും ഉണ്ടായിട്ടില്ല. മര്‍ദ്ദനത്തിന് നേതൃത്വം നല്‍കിയ സനാസം തോയ് സിംഗ്, സൊറോഖായ്ബാം റോമെന്‍ സിംഗ്, എസ്. മൊദു സിംഗ്, ഗുണമണി സിംഗ് എന്നിവരെ ഇതുവരെ അറസ്റ്റ് ചെയ്യുകയോ ജയിലിലടക്കുകയോ ചെയ്തിട്ടില്ല. ഇതുമായി ബന്ധപ്പെട്ട് രണ്ട് സമുദായങ്ങളില്‍ നിന്നുള്ള പ്രാദേശിക എം.എല്‍.എ-മാര്‍ ഒന്നും തന്നെ ചെയ്തിട്ടില്ല.

ഒരു ജോയിന്റ് ആക്ഷന്‍ കമ്മിറ്റി രൂപീകരിച്ചിരുന്നെങ്കിലും, കാര്യമാത്ര പ്രസകത്മായ ഒന്നും തന്നെ ചെയ്യാന്‍ സാധിച്ചിട്ടില്ല. ഇതൊക്കെ നടന്നിട്ടും പോലിസ് എവിടെയായിരുന്നു? സംഭവത്തിന് പിന്നില്‍ എന്തെങ്കിലും രാഷ്ട്രീയ, പ്രത്യയശാസ്ത്ര ഒളിയജണ്ട ഉണ്ടോ? സംഭവവുമായി ബന്ധപ്പെട്ട് എന്തുകൊണ്ടാണ് മാധ്യമങ്ങള്‍ വിശ്വസനീയമായ അന്വേഷണങ്ങള്‍ നടത്താഞ്ഞത്?

ഈ സംഭവത്തെ തുടര്‍ന്ന്, ഏപ്രില്‍ 7-ന് രണ്ട് മുസ്‌ലിം യുവാക്കള്‍ കൊല്ലപ്പെടുകയുണ്ടായി. ലിജോങ് തുറെല്‍ അഹാംബിയില്‍ നിന്നുള്ള 16 വയസ്സുകാരനായ മുഹമ്മദ് ഫാറൂഖിയും, 14 വയസ്സുകാരനായ മുഹമ്മദ് സദ്ദാം എന്നിവരാണ് കൊല്ലപ്പെട്ടത്. 19 വയസ്സുകാരനായ മുഹമ്മദ് സാമിര്‍ മറ്റു മൂന്ന് പേര്‍ എന്നിവര്‍ക്ക് നേരെ ബൈക്ക് മോഷണാരോപണം ഉയര്‍ന്നിരുന്നു. ഇത് ഇംഫാല്‍ വെസ്റ്റിലെ മായാങ് ഇംഫാല്‍ കൊഞ്ചാക്ക്, സമീപ പ്രദേശങ്ങള്‍ എന്നിവിടങ്ങളില്‍ രണ്ട് സമുദായങ്ങള്‍ക്കിടയില്‍ പ്രശ്‌നങ്ങള്‍ക്ക് തുടക്കമിട്ടു.

ഡല്‍ഹിയിലെ ജന്ദര്‍ മന്ദറിന് മുന്നില്‍ വെച്ച് Delhi Association of Manipur Muslim Students (DAMMS), Manipur Student’s Association Delhi (MSAD) and North-East Forum for International Solidarity (NEFIS) എന്നീ മൂന്ന് സംഘടനകള്‍ പ്രതിഷേധ സമരം നടത്തുകയുണ്ടായെങ്കിലും യാതൊരു വിധത്തിലുള്ള പ്രയോജനവും ഉണ്ടായില്ല. ന്യൂനപക്ഷ സമുദായത്തിനിടയില്‍ നിന്നും ഭയവും, അരക്ഷിതാവസ്ഥയും ഒഴിഞ്ഞ് പോയിട്ടില്ല. അതേസമയം പ്രശ്‌നബാധിത പ്രദേശങ്ങളില്‍ മണിപ്പൂര്‍ സര്‍ക്കാര്‍ സൈന്യത്തെ വിന്യസിക്കുകയാണ് ചെയ്തത്. സമാധാനാന്തരീക്ഷം പുനഃസ്ഥാപിക്കാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല.

സാംഗയ് പത്രം പോലെയുള്ള പ്രാദേശിക വാര്‍ത്താമാധ്യമങ്ങള്‍, അല്‍ഖാഇദ പോലെയുള്ള തീവ്രവാദ സംഘടനകളുമായി മണിപ്പൂരി മുസ്‌ലിം യുവാക്കള്‍ക്ക് ബന്ധമുണ്ടെന്ന വാര്‍ത്തനല്‍കി ഒരു സമുദായത്തിന് നേരെ വിദ്വേഷം ഇളക്കിവിട്ടു. പ്രാദേശിക സമുദായത്തിന്റെ താല്‍പര്യങ്ങള്‍ പ്രചരിപ്പിക്കുന്ന തരത്തിലായിരുന്നു ആ വാര്‍ത്തകള്‍.

ഇന്ത്യയുടെ കിഴക്കേ അറ്റത്ത് കിടക്കുന്ന മണിപ്പൂരിന് ഒരുകാലത്ത് മതേതര ജനാധിപത്യ ചട്ടക്കൂടുണ്ടായിരുന്നു. ‘മതഭ്രാന്തന്‍മാര്‍’ എന്ന് മാത്രം വിളിക്കാന്‍ കഴിയുന്ന മുഖ്യധാരാ സമൂഹത്തിലെ ചില വിഭാഗങ്ങള്‍ കാരണം പ്രസ്തുത ചട്ടക്കൂട് കാലക്രമേണ ശിഥിലമായി. മുമ്പ്, മെയ്തികള്‍, മുസ്‌ലിംകള്‍ (പങ്കള്‍ എന്നാണ് പ്രാദേശികമായി അറിയപ്പെടുന്നത്), ഗോത്രവിഭാഗങ്ങള്‍ (കുകീസ്, നാഗാസ്), മായാങ്ക് (സംസ്ഥാനത്ത് താമസിക്കുന്ന മണിപ്പൂരികള്‍ അല്ലാത്തവര്‍) എന്നീ വിഭാഗങ്ങളെല്ലാം വളരെ സമാധാനപരമായാണ് ജീവിച്ചിരുന്നത്.

ചരിത്രപരമായി സംസാരിക്കുകയാണെങ്കില്‍, 17-നൂറ്റാണ്ടിന്റെ തുടക്കത്തില്‍ ഖാഗെമ്പാ രാജാവിന്റെ ഭരണകാലത്താണ് (1597-1652) മുസ്‌ലിംകള്‍ ഇവിടെ വന്ന് താമസിക്കാന്‍ തുടങ്ങിയത്. പ്രാദേശിക സമുദായവുമായി സാംസ്‌കാരികമായും, സാമൂഹ്യപരമായും, രാഷ്ട്രീയപരമായും, സാമ്പത്തികപരമായും വളരെ അടുത്ത ബന്ധമാണ് അവര്‍ കാത്തുസൂക്ഷിച്ചിരുന്നത്.

അതിനേക്കാളുപരി, മണിപ്പൂരിന്റെ പ്രഥമ മുഖ്യമന്ത്രിയായ മുഹമ്മദ് അലീമുദ്ദീന്‍ ഒരു മുസ്‌ലിമായിരുന്നു എന്ന വസ്തുത നാം മറക്കാന്‍ പാടില്ലാത്തതാണ്. കാഞ്ചിപൂരിലെ മണിപ്പൂര്‍ യൂണിവേഴ്‌സിറ്റി, ലാംഫലിലെ  Regional Institute of Medical Sciences (RIMS), ഉന്നതവിദ്യാഭ്യാസ പരീക്ഷകള്‍ സംഘടിപ്പിക്കുന്നതിനുള്ള Manipur Public Service Commission (MPSC), 1972-ല്‍ Board of Secondary Education, 1973-ല്‍ Khandsari Sugar Mill Factory തുടങ്ങിയവ സ്ഥാപിച്ച് കൊണ്ട് മണിപ്പൂര്‍ സമൂഹത്തില്‍ വലിയ മാറ്റങ്ങള്‍ക്ക് അദ്ദേഹം തുടക്കമിട്ടു.

എ.ഡി 1606 കാലഘട്ടത്തിലേക്ക് പോവുകയാണെങ്കില്‍, മുസ്‌ലിം സൈന്യത്തിന്റെ കമാണ്ടര്‍ ഇന്‍ ചീഫ് മുഹമ്മദ് സാനിയും അദ്ദേഹത്തിന്റെ സൈന്യവുമാണ് ഗോത്ര കൂട്ടക്കൊലയില്‍ നിന്നും രാജാവിനെ സംരക്ഷിച്ചതെന്ന് കാണാന്‍ കഴിയും. സംസ്ഥാനത്തിന്റെ രാഷ്ട്രീയ, സാമൂഹിക, സാമ്പത്തിക, സാംസ്‌കാരിക പുരോഗതിയില്‍ മുസ്‌ലിംകള്‍ വളരെ വലിയ പങ്ക് വഹിക്കുന്നുണ്ട്.

ഇന്നത്തെ സാഹചര്യത്തില്‍, മതസ്വത്വങ്ങളെ സാമ്പത്തികവും, രാഷ്ട്രീയവും, സാമൂഹികവുമായ താല്‍പര്യങ്ങള്‍ക്ക് വേണ്ടിയാണ് രാഷ്ട്രീയ നേതൃത്വം ഉപയോഗിക്കുന്നത്. വംശീയ ഉന്മൂലനത്തിനുള്ള ഉപകരണമായി ഭൂരിപക്ഷ സമുദായം മതത്തെ ഉപയോഗപ്പെടുത്തുകയാണോ? മുസ്‌ലിം സമുദായത്തെ ‘അപരന്‍’മാരായാണോ അവര്‍ കാണുന്നത്? മണിപ്പൂരിലെ സ്വദേശികളെ ആരാണ് തീരുമാനിക്കുന്നത്? സാമുദായിക സംഘട്ടനം സാമൂഹികബന്ധങ്ങളില്‍ വിള്ളലുകള്‍ വീഴ്ത്തുന്നുണ്ട്. അതുകൊണ്ട് തന്നെ മെയ്തികളും മുസ്‌ലിം സമുദായവും തമ്മിലുള്ള പരസ്പരബന്ധം മനസ്സിലാക്കേണ്ടത് വളരെ പ്രധാനമാണ്.

ഔദ്യോഗിക നിയമപരിപാലന പ്രക്രിയക്ക് പുറത്ത് സംഭവിക്കുന്നതാണ് ജനക്കൂട്ട നീതി അഥവാ ‘പോപ്പുലര്‍ ജസ്റ്റിസ്’. ക്രിമിനല്‍ നീതിന്യായ വ്യവസ്ഥയെ വെല്ലുവിളിക്കുന്നതാണ് ഭരണകൂടബാഹ്യ ശക്തികളുടെ ശിക്ഷാ നടപടികള്‍. ശിക്ഷ നടപ്പാക്കുന്നതിന് ഒരു സംഘം ആളുകള്‍ അല്ലെങ്കില്‍ ഒരു ജനകൂട്ടം പൊതുസാക്ഷികള്‍ ആയിത്തീരുന്നു. അതൊരു വലിയ ആഘോഷ സംഭവത്തിന്റെയും, ധാര്‍മിക ‘വിദ്യാഭ്യാസത്തിന്റെയും’ മുഹൂര്‍ത്തമായി രൂപാന്തരപ്പെടുന്നു. മറ്റു സംസ്‌കാരങ്ങളില്‍ നിയമം കൈയ്യിലെടുക്കല്‍ എന്നാണ് ഇതിനെ വിളിക്കുക. ഒരു കുറ്റകൃത്യത്തോടുള്ള അതിവൈകാരികവും, യുക്തിരഹിതവുമായ പ്രതികരണമായി ‘ജനകൂട്ട നീതിയെ’ കണക്കാക്കുന്നത് തെറ്റാണ്. ‘ജനകൂട്ട നീതി’യുടെ സാമൂഹിക-ചരിത്രപരവും, സാമൂഹിക-മതപരവുമായ വേരുകളിലേക്ക് നാം നോക്കേണ്ടതുണ്ട്. അത്തരം ക്രൂരതകള്‍ ഇല്ലായ്മ ചെയ്യുന്നതിന് അത് നമ്മെ സഹായിക്കും.

വ്യത്യസ്ത പണ്ഡിതന്‍മാര്‍, ചരിത്രകാരന്‍മാര്‍, നരവംശശാസ്ത്രജ്ഞര്‍, സാമൂഹികശാസ്ത്രജ്ഞര്‍ എന്നിവര്‍ വര്‍ഗീയതക്ക് വ്യത്യസ്ത നിര്‍വചനങ്ങളാണ് നല്‍കിയിട്ടുള്ളത്. വര്‍ഗീയവാദത്തിന്റെ കാരണങ്ങള്‍ നിര്‍ബന്ധമായും സൂക്ഷ്മപരിശോധനക്ക് വിധേയമാക്കപ്പെടണം. സത്താവാദികള്‍, കണ്‍സ്ട്രക്റ്റവിസ്റ്റുകള്‍, ഇന്‍സ്ട്രുമെന്റലിസ്റ്റുകള്‍ എന്നിവരുടെ നിര്‍വചന പ്രകാരം മതസ്വത്വങ്ങള്‍ തമ്മിലുള്ള പഴക്കമാര്‍ന്ന ശത്രുത, തൊഴിലില്ലായ്മ, മത മേധാവിത്വം, അസഹിഷ്ണുത, വോട്ട് ബാങ്ക് രാഷ്ട്രീയം, സാമ്പത്തിക വിഭവങ്ങളുടെ വിതരണം, വര്‍ഗ, ജാതി വിഭജനം, മതപരമായ ഇടങ്ങളോടുള്ള അനാദരവ്, കൊള്ളസംഘങ്ങളുടെയും അക്രമി സംഘങ്ങളുടെയും അധികാരം, പ്രാദേശിക പോര് തുടങ്ങിയവാണ് വര്‍ഗീയതയുടെ പ്രധാനകാരണങ്ങള്‍. വര്‍ഗീയതയുടെ വ്യത്യസ്ത ഘടകങ്ങളില്‍, രാഷ്ട്രീയ, സാമ്പത്തിക ഘടകങ്ങളുടെ കൂടെ തന്നെയുള്ള മതപരമായ വ്യത്യാസങ്ങള്‍ക്ക് മണിപ്പൂരിലെ സമുദായങ്ങള്‍ക്കിടയിലുള്ള നിലവിലെ സംഘട്ടനത്തില്‍ സുപ്രധാനപങ്കുണ്ട്.

17-ാം നൂറ്റാണ്ട് മുതല്‍ക്ക് 1993 മെയ് കലാപം ഉണ്ടാവുന്നത് വരേക്കും മുസ്‌ലിംകളും മെയ്തികളും തമ്മില്‍ യാതൊരു വിധ സാമുദായിക പ്രശ്‌നങ്ങളും ഉണ്ടായിരുന്നില്ലെന്നതിന് ചരിത്രം സാക്ഷിയാണ്. മെയ് 1993 മെയ് കലാപം മണിപ്പൂരിന്റെ ചരിത്രത്തിലെ കറുത്ത അധ്യായമാണ്. മെയ്തികളും മുസ്‌ലിംകളും തമ്മില്‍ നിലനിന്നിരുന്ന വളരെകാലം നീണ്ടുനിന്ന സുദൃഢബന്ധത്തിന് വിള്ളലുകള്‍ വീണുകഴിഞ്ഞു. പ്രസ്തുത കലാപത്തിന് ശേഷമാണ് ‘ഞങ്ങള്‍’ ‘അവര്‍’ എന്നിങ്ങനെയുള്ള ബോധ്യങ്ങള്‍ മണിപ്പൂര്‍ സമൂഹത്തില്‍ കണ്ടുതുടങ്ങിയത്. നൂറിലധികം മുസ്‌ലിംകളും നാല് മെയ്തികളും കൊല്ലപ്പെട്ടുവെന്നാണ് ഔദ്യോഗിക രേഖകള്‍ പറയുന്നത്. രണ്ട് സമുദായങ്ങള്‍ തമ്മിലുള്ള ഒരുമിച്ചുള്ള ജീവിതത്തിന് അതൊരു വിലങ്ങുതടിയായി മാറി.  Peoples United Liberation Front (PULF) പോലെയുള്ള മിലിറ്റന്റ് സംഘടനകള്‍ രൂപപ്പെടുന്നതിന് അത് വഴിവെച്ചു.

പ്രാദേശിക മാധ്യമങ്ങള്‍ മാത്രമല്ല, ദേശീയ മാധ്യമങ്ങളും മണിപ്പൂരി മുസ്‌ലിംകളും അല്‍ഖാഇദയും തമ്മില്‍ ബന്ധമുണ്ടെന്ന തരത്തിലുള്ള അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ വാര്‍ത്തകളായി പടച്ചുവിട്ടു. ദേശീയ സ്‌പോര്‍ട്‌സ് സര്‍വകലാശാലയുടെ നിര്‍മാണത്തിന് വേണ്ടി മുസ്‌ലിംകളുടെ കൃഷിസ്ഥലമാണ് ഏറ്റെടുത്തത്. പശുവിനെ മോഷ്ടിച്ചെന്ന് ആരോപിച്ച് കളിസ്ഥലത്ത് വെച്ചാണ് ഒരു സ്‌കൂള്‍ ഹെഡ്മാസ്റ്ററെ കൊലപ്പെടുത്തിയത്. പിന്നീട് മണിപ്പൂര്‍ യൂണിവേഴ്‌സിറ്റി പ്രൊഫസര്‍ ഇസ്‌ലാമുദ്ദീനും കൊല്ലപ്പെട്ടു. അതുമായി ബന്ധപ്പെട്ട ഒരുപാട് വൈകാരിക സംഭവങ്ങള്‍ പിന്നീടുണ്ടായി. മണിപ്പൂര്‍ ടൈംസിന്റെ ഫേസ്ബുക്ക് വാളില്‍ പോലും, ഒരുപാട് വലതുപക്ഷ ഗ്രൂപ്പുകള്‍ ചോദിക്കുകയുണ്ടായി: ലോകത്തിലെ ഏതെങ്കിലും രാജ്യത്ത് മുസ്‌ലിംകള്‍ മറ്റു സമുദായങ്ങളുമായി സഹവര്‍ത്തിത്വത്തോടെ ജീവിക്കുന്നുണ്ടോ? അവര്‍ ബംഗ്ലാദേശികളാണോ? ഇത്തരത്തിലാണ്, അവര്‍ മുസ്‌ലിംകളുടെ പ്രതിച്ഛായക്ക് കളങ്കമേല്‍പ്പിക്കാന്‍ ശ്രമിക്കുന്നത്.

രണ്ട് സമുദായങ്ങളിലും വളര്‍ന്ന് കൊണ്ടിരിക്കുന്ന ഇത്തരത്തിലുള്ള വര്‍ഗീയ പ്രവണതകള്‍ എന്തു വിലകൊടുത്തും തടയേണ്ടതുണ്ട്. സംസ്ഥാന തലത്തില്‍ അടിയന്തര നടപടികള്‍ എടുത്താന്‍ മാത്രമേ അത് സാധ്യമാവുകയുള്ളു. എന്തു കൊണ്ടാണ് ഭരണകൂടവും, മാധ്യമങ്ങളും, പൗരസംഘടനകളും, മറ്റും കേവലം കാഴ്ച്ചക്കാരായി കൈയ്യും കെട്ടി എല്ലാം നോക്കിനില്‍ക്കുന്നത്? വര്‍ഗീയ വൈറസിനെ എത്രയും പെട്ടെന്ന് നശിപ്പിക്കാനുള്ള അടിയന്തര നടപടികള്‍ കൈക്കൊള്ളാനുള്ള സമയം അതിക്രമിച്ചിരിക്കുന്നു.

വിവ:  ഇര്‍ഷാദ് കാളാച്ചാല്‍
അവലംബം:  തെഹല്‍ക്ക

Related Articles