Current Date

Search
Close this search box.
Search
Close this search box.

ലോക കായികരംഗത്തെ മുസ്‌ലിം വിരുദ്ധത

muhammadali.jpg

ഇക്കഴിഞ്ഞ ആഗസ്റ്റ് 25-ന്, മുന്‍ താരവും, ഇ.എസ്.പി.എന്‍-ന്റെ മേജര്‍ ലീഗ് ബേസ്ബാള്‍ (എം.എല്‍.ബി) വിശകലനവിദഗ്ദനുമായ കര്‍ട്ട് ഷിലിംങ്, ‘മുസ്‌ലിം തീവ്രവാദികളെ’ ‘നാസികളോട്’ താരതമ്യം ചെയ്തു കൊണ്ട് ട്വീറ്റ് ചെയ്തിരുന്നു. മുസ്‌ലിംകള്‍ക്കെതിരെയുള്ള ദോഷാരോപണം ലോക കായികരംഗത്തേക്ക് കൂടി തിരുകികയറ്റുന്നതായിരുന്നു പ്രസ്തുത ട്വീറ്റ്. ‘മുസ്‌ലിംകളിലെ 5-10 ശതമാനം പേരും തീവ്രവാദികളാണ്’ എന്നതിനെ ‘7 ശതമാനം ജര്‍മന്‍കാരും നാസികളായിരുന്നു’ (സിര്‍ക രണ്ടാം ലോകമഹായുദ്ധം) എന്നതിനോട് താരതമ്യം ചെയ്തുകൊണ്ടുള്ള സാംസ്‌കാരികമായി പകര്‍ന്നുകിട്ടിയ വിവരവും ട്വീറ്റില്‍ അനുബന്ധമായി ചേര്‍ത്തിട്ടുണ്ട്. അഡോള്‍ഫ് ഹിറ്റലറെ ആധികാരികമായി പരാമര്‍ശിക്കുന്ന ട്വീറ്റില്‍, മുസ്‌ലിം തീവ്രവാദികളെ കുറിച്ചുള്ള കൃത്യമായ സ്ഥിതിവിവരകണക്കിന്റെ അഭാവം മുഴച്ച് നിന്നിരുന്നു.

ഒരു കായിക വിശകലന വിദഗ്ദന്റെ കേവല അഭിപ്രായ പ്രകടനത്തേക്കാള്‍ ഉപരിയായി ഷിലിംങിന്റെ ട്വീറ്റിന് പ്രതീകാത്മകമായ ഒരുപാട് മാനങ്ങളുണ്ട്. പക്ഷെ അതിനേക്കാളുപരി, അമേരിക്കന്‍ സ്‌പോര്‍ട്‌സിന്റെ ബ്രാന്‍ഡിംഗിലും, മാര്‍ക്കറ്റിംഗിലും നിറഞ്ഞ് നില്‍ക്കുന്ന ഒരു തരം രാഷ്ട്രീയമുണ്ട് : സ്വന്തം ടീമെന്ന കണക്കെ അമേരിക്കന്‍ സൈനികശക്തിയെയും ആധിപത്യത്തെയും കൊണ്ടാടുന്ന ഭയങ്കരമായ ദേശഭക്തിയും, വെറുക്കപ്പെട്ട ശത്രു എന്ന നിലയില്‍ ഇസ്‌ലാമിനും മുസ്‌ലിംകള്‍ക്കും എതിരെയുള്ള ഇന്നത്തെ പകവീട്ടലും.

കായികരംഗം അരാഷ്ട്രീയമായ ഇടമാണ്. കായിക ലോകം കാല്‍പ്പനികവല്‍ക്കരിക്കപ്പെട്ടിരിക്കുന്നു. യാഥാര്‍ത്ഥ്യത്തില്‍ നിന്നുള്ള ഒളിച്ചോട്ടമാണ് അവിടെ നടക്കുന്നത്. യഥാര്‍ത്ഥത്തില്‍, അമേരിക്കയില്‍, ഒരു മഹത്തായ ഒളിച്ചോട്ടമായി തന്നെയാണത് പ്രവര്‍ത്തിക്കുന്നത്. അവിടെ രാഷ്ട്രീയവും, പൊതുപ്രവര്‍ത്തനവും ‘അപ്രസക്തവും’, ‘അപരിചിതവും’ ആയി മാത്രമല്ല അവതരിപ്പിക്കപ്പെടുന്നത്, ‘അതിരുകളാല്‍ നിയന്ത്രിക്കപ്പെട്ടത്’ എന്ന നിലയില്‍ കൂടി അവ പരിഗണിക്കപ്പെടുന്നു. അമേരിക്കയിലെ (യൂറോപ്പിലെയും) പ്രമുഖ സ്‌പോര്‍ട്‌സ് ലീഗുകളെല്ലാം ഈ മിത്തിനെ വളരെ ഉത്സാഹത്തോടെ മാര്‍ക്കറ്റ് ചെയ്തു. തങ്ങളുടെ ബ്രാന്‍ഡുകള്‍ക്ക് ഭീഷണിയാവുന്ന തരത്തിലുള്ള രാഷ്ട്രീയ നിലപാടുകള്‍ കൈക്കൊള്ളുന്നതില്‍ നിന്നും ഫ്രാഞ്ചൈസികളെയും, അത്‌ലറ്റുകളെയും, ഒഫീഷ്യലുകളെയും തടയുന്നതിനും, അവരെ രാഷ്ട്രീയമായി ഷണ്ഡീകരിക്കുന്നതിനും വേണ്ടി ആ മിത്ത് വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടു.

അത്യതികം സൂക്ഷ്മതയോടെ നിര്‍മിക്കപ്പെടുകയും, തന്ത്രപരമായി പ്രചരിപ്പിക്കപ്പെടുകയും ചെയ്യുമ്പോഴും, കായിക താരങ്ങളില്‍ നിന്നും ഈ മിത്ത് തുടര്‍ച്ചയായി തടസ്സങ്ങള്‍ നേരിടുന്നുണ്ട്. താരങ്ങളാല്‍ പ്രസ്തുത മിത്ത് തുറന്ന്കാട്ടപ്പെട്ടിരുന്നു. നല്ലതും ചീത്തതുമായ, പുരോഗമനപരം അഥവാ പ്രതികരണാത്മകമായ രാഷ്ട്രീയ പ്രവര്‍ത്തനത്തിനായി താരങ്ങള്‍ അവരുടെ കളിയിടങ്ങളെ രാഷ്ട്രീയ പ്രസംഗവേദിയാക്കി ഉപയോഗിച്ചു. രാഷ്ട്രീയവും, വര്‍ണ്ണവെറിയും, അസഹിഷ്ണുതയും വളരെ ശക്തമായി ആധിപത്യം പുലര്‍ത്തി പോരുന്ന ഒരു ഇടമാണ് ലോക കായികരംഗം.

നിയമാനുസൃതമായ വര്‍ണ്ണരേഖകള്‍, ബഹുരാഷ്ട്ര കമ്പനികളുടെയും, സ്വകാര്യ ജയിലുകളുടെയും പേരുകളിട്ട, നികുതിദായകരുടെ പണം ഉപയോഗിച്ച് നിര്‍മിക്കുന്ന സ്‌റ്റേഡിയങ്ങളും അറീനകളും – സ്‌പോര്‍ട്‌സ് വളരെയധികം രാഷ്ട്രീയമാണെന്നതിന് തെളിവുകളാണിത്. ആശയങ്ങള്‍ക്കും, ബ്രാന്‍ഡുകള്‍ക്കും ഭീഷണിയുയര്‍ത്തുന്ന രാഷ്ട്രീയ കാഴ്ച്ചപ്പാടുകളെ അരിച്ചെടുത്ത് പുറന്തള്ളുന്ന തരത്തിലാണ് പ്രസ്തുത മിത്ത് പ്രവര്‍ത്തനപരമായി ശക്തിപ്പെടുത്തപ്പെട്ടിരിക്കുന്നത്. ബ്രാന്‍ഡുകളുടെ മുന്നോട്ട് പോക്കിന് സഹായകരമായ രാഷ്ട്രീയ ഗൂഢാലോചനകള്‍ക്കും ഉപജാപങ്ങള്‍ക്കും അത് പച്ചക്കൊടി കാട്ടുന്നു.

ലോക ഹെവിവെയ്റ്റ് ചാമ്പ്യന്‍ എന്ന നിലയിലെ ഐതിഹാസിക ജൈത്രയാത്ര തുടരുന്നതിനിടയില്‍, ബോക്‌സിംഗ് ആരാധകരെയെന്ന പോലെ, രാഷ്ട്രീയ കാണികളെയും മുഹമ്മദ് അലി തുടര്‍ച്ചയായി അമ്പരപ്പിച്ചിരുന്നു. സോണി ലിസ്റ്റണെ തോല്‍പ്പിച്ചതിന് ശേഷം തൊട്ടുടനെ തന്നെ, അലി ‘നാഷണ്‍ ഓഫ് ഇസ്‌ലാം’-ല്‍ അംഗമായി. ഇത് വെളുത്ത അമേരിക്കക്കാരില്‍ നിന്നുള്ള വംശീയമായ വിദ്വോഷം ക്ഷണിച്ചു വരുത്തി. ഇസ്‌ലാമിനെയും പുതിയ ലോകചാമ്പ്യന്റെ ‘മാപ്പര്‍ഹിക്കാത്ത’ കറുത്തനിറത്തെയും അവര്‍ വെറുത്തു.

ബോക്‌സിംഗ് റിംഗിലും, മൈക്രോഫോണിന് പിന്നിലും ഒരുപോലെ അഗ്രഗണ്യനായിരുന്ന അലി, ശക്തമായ രാഷ്ട്രീയോപകരണം എന്ന നിലക്കാണ് തന്റെ ഹെവിവെയ്റ്റ് ആധിപത്യത്തെ ഉപയോഗിച്ചത്. വെളുത്തവര്‍ഗാധിപത്യ ബോധത്തിനെതിരെ തുടര്‍ച്ചയായി രംഗത്ത് വന്ന അദ്ദേഹത്തിന്റെ വാക്കുകള്‍ക്ക് ഒരിക്കലും ക്ഷമാപണസ്വരമുണ്ടായിരുന്നില്ല, തന്റെ കറുത്ത നിറം ആഘോഷിക്കുന്നതില്‍ അദ്ദേഹം നാണിച്ചിരുന്നില്ല, ഇസ്‌ലാമിനെ പ്രചരിപ്പിക്കുന്ന കാര്യത്തില്‍ യാതൊരു വിട്ടുവീഴ്ച്ചക്കും, വിശ്രമത്തിനും അദ്ദേഹം തയ്യാറായിരുന്നില്ല. ഏതുപോലെ, ജോ ഫ്രേസ്യര്‍, ഒസ്‌കാര്‍ ബൊനാവെന, ജോര്‍ജ്ജ് ഫോര്‍മാന്‍ എന്നിവര്‍ക്ക് നേരെ എയ്തുവിട്ട മുഖമടച്ചു കൊണ്ടുള്ള ഇടികളുടെ പരമ്പര പോലെയായിരുന്ന അത്. പൗരാവകാശങ്ങളുടെ കാലഘട്ടം അതിന്റെ ഉച്ചസ്ഥായിയില്‍ നില്‍ക്കുന്ന സമയത്താണ്, സ്‌പോര്‍ട്‌സും, രാഷ്ട്രീയവും പരസ്പരം കൂടിചേരുന്നത് എങ്ങനെയെന്ന് അലി അപാരമായ മെയ്‌വഴക്കത്തോടെ കാണിച്ചു തന്നത്. ശക്തമായ രാഷ്ട്രീയ സ്വാധീനം ഉണ്ടാക്കിയെടുക്കാന്‍ എങ്ങനെ പ്രൊഫഷണല്‍ കായികതാരങ്ങളെ ചലിപ്പിക്കാമെന്നതിനും, ദിശാബോധം നല്‍കാമെന്നതിനും ഒരു മികച്ച മാതൃക കൂടിയാണ് അലി.

ഡേവ് സിരിനെ പോലെയുള്ള പ്രമുഖ കായിക നിരീക്ഷകരെല്ലാം തന്നെ, ആധുനിക സ്‌പോര്‍ട്‌സ് രംഗത്ത് പുരോഗമനപരമായ സജീവഇടപെടലുകള്‍ ക്ഷയിച്ചു പോയി എന്ന് വിലപിച്ചിരുന്നു. ഇ.എസ്.പി.എന്‍ അടക്കമുള്ള പ്രബല സ്‌പോര്‍ട്‌സ് സ്‌റ്റേഷനില്‍ നിന്നും ഉയര്‍ന്ന് കേള്‍ക്കുന്ന ശബ്ദങ്ങളില്‍, കായികരംഗത്ത് രാഷ്ട്രീയത്തിന് ഇടമില്ലെന്ന വാദം മുഴങ്ങി കേള്‍ക്കുന്നു.

ഔദ്യോഗിക സ്ഥാപനങ്ങള്‍ സംഘടിതമായാണ് ആധുനിക കായികരംഗത്തെ പുരോഗമന രാഷ്ട്രീയ ഇടപെടലുകളെ അമര്‍ച്ച ചെയ്യുന്നത് എന്ന വളരെ അപകടകരമായ ഒരു വശമാണ് ഈ നിരീക്ഷണങ്ങളില്‍ തെളിഞ്ഞ് കാണുന്നത്. അമേരിക്കന്‍ സൈനികശക്തിയെയും, ആധിപത്യത്തെയും ഉയര്‍ത്തികാട്ടുന്ന ഒരുതരം മാര്‍ക്കറ്റിംഗിന്റെ മുകളിലാണ് ഇന്നത്തെ രാഷ്ട്രീയവും സ്‌പോര്‍ട്‌സും സ്ഥിതി ചെയ്യുന്നത്. ഇസ്‌ലാമിനെയും, മുസ്‌ലിം ശരീരങ്ങളെയും ശത്രുക്കളായി ചിത്രീകരിക്കുന്നതിലാണ് അതിന്റെ അടിസ്ഥാനങ്ങള്‍ ഊട്ടിയുറപ്പിച്ചിരിക്കുന്നതെന്ന് കാണാന്‍ സാധിക്കും.

ഫുട്ബാള്‍ സ്റ്റേഡിയങ്ങള്‍ക്ക് മുകളില്‍ കൂടി പറന്ന് നടക്കുന്ന ഫൈറ്റര്‍ ജെറ്റുകള്‍, ബേസ്ബാള്‍ ഇന്നിംഗ്‌സുകള്‍ക്കിടയില്‍ സംപ്രേഷണം ചെയ്യുന്ന അമേരിക്കന്‍ മിലിറ്ററിയുടെ പരസ്യങ്ങള്‍, ബേസ്ബാള്‍ കളങ്ങള്‍ക്കടുത്തു കൂടെ നടന്നു പോകുന്ന ചെറുപ്പക്കാരായ പുരുഷന്‍മാരെയും സ്ത്രീകളെയും നോട്ടമിടുന്ന മിലിറ്ററി റിക്രൂട്ടര്‍മാര്‍, കൂട്ടത്തില്‍ പെട്ട ഒരു സൈനികനെ ആദരിക്കുന്നതിന് വേണ്ടി മില്ല്യന്‍ കണക്കിന് ഡോളറാണ് അമേരിക്കന്‍ പ്രതിരോധ മന്ത്രാലയം എന്‍.എഫ്.എല്‍ ഫ്രാഞ്ചൈസികള്‍ക്ക് നല്‍കുന്നത്.

അമേരിക്കയില്‍ ഇന്ന്, എല്ലാ പ്രമുഖ കായിക മാമാങ്കത്തിലെയും സജീവസാന്നിധ്യവും, അനിവാര്യഘടകവുമാണ് അമേരിക്കന്‍ സൈന്യം. എണ്ണമറ്റ യുദ്ധചിത്രങ്ങളില്‍ കൂടിയും, അമേരിക്കന്‍ ആധിപത്യത്തിന്റെ ചിഹ്നങ്ങളില്‍ കൂടിയും കണ്ണോടിക്കാതെ ഒരാള്‍ക്ക് ഒരു കായിക മത്സരം കാണാനും പങ്കെടുക്കാനും കഴിയാത്ത അവസ്ഥയാണ് നിലവിലുള്ളത്. സൈനിക ചിഹ്നങ്ങളും, അവ ഒരേസമയം ഉല്‍പ്പാദിപ്പിക്കുന്ന സന്ദേശങ്ങളുമാണ് പ്രൊഫഷണല്‍ കായികരംഗത്തെ ബ്രാന്‍ഡുകളെ മുന്നോട്ട് നയിക്കുന്ന ഘടകങ്ങള്‍. കൂടാതെ, പരദേശി വിദ്വേഷത്തിന്റെയും, അപരന്റെ രക്തത്തിന് വേണ്ടി ആര്‍ത്തിപ്പൂണ്ട ദേശസ്‌നേഹത്തിന്റെയും ഒരു സംസ്‌കാരത്തെ അത് വളര്‍ത്തുകയും ചെയ്യുന്നുണ്ട്. സ്റ്റേഡിയങ്ങളിലും, കളിക്കളങ്ങള്‍ക്ക് ചുറ്റും നാമത് കണ്ടുകഴിഞ്ഞതാണ്.

അതുകൊണ്ടു തന്നെ, ഷില്ലിംഗിന്റെ മുസ്‌ലിം വിരുദ്ധ ട്വീറ്റിനെ പിന്തുണച്ചും, പങ്കുവെച്ചും ആയിരക്കണക്കിന് വരുന്ന സ്‌പോര്‍ട്‌സ് പ്രേമികള്‍ സാമൂഹിക മാധ്യമങ്ങളില്‍ ഓടികൂടിയതില്‍ അത്ഭുതപ്പെടാനൊന്നുമില്ല. രണ്ട് കാര്യങ്ങള്‍ ഇത് തെളിയിക്കുന്നുണ്ട്. ഒന്ന്, ഇസ്‌ലാമോഫിയ ബാധിച്ച ഭ്രാന്തന്‍മാരില്‍ നിന്ന് ലോകകായികരംഗവും സുരക്ഷിതമല്ല. അവര്‍ അതിനെ വലയം ചെയ്ത് നില്‍ക്കുകയാണ്; രണ്ട്, കായികരംഗത്തെ സൈനികവല്‍ക്കരിക്കപ്പെട്ട മാര്‍ക്കറ്റിംഗാണ്, അതിന്റെ അതിരുകള്‍ക്കുള്ളില്‍ ഇസ്‌ലാമോഫോബിയയെ വിപുലമായി വ്യാപിപ്പിക്കുന്നത്. അക്കാരണം കൊണ്ടു തന്നെ, ഷില്ലിംഗിന്റെ പ്രസ്താവന കേവലമൊരു അഭിപ്രായ പ്രകടമല്ലെന്ന് ഇവിടെ വ്യക്തമാകുന്നു.

വര്‍ണ്ണവെറി, വംശീയത, പരദേശീ വിദ്വേഷം, ഇസ്‌ലാമോഫോബിയ എന്നിവ ഒരുപാട് കാലമായി യൂറോപ്യന്‍ ഫുട്ബാളിലെ ഉള്‍ച്ചേരുവകളാണ്. ഷില്ലിംഗിന്റെ പ്രസ്താവനയില്‍ വരച്ചുകാണിക്കപ്പെട്ട ഇസ്‌ലാമോബിയയും, സൈനികവല്‍കൃത മര്‍ക്കറ്റിംഗ് തന്ത്രവും, അവ ഉല്‍പ്പാദിപ്പിക്കുന്ന സംസ്‌കാരവും, അമേരിക്കന്‍ കായികരംഗത്ത് വളര്‍ന്നു വരുന്ന ഇസ്‌ലാമോഫോബിയയുടെ അടയാളങ്ങളാണ്.

ട്വീറ്റിന്റെ പേരില്‍ ഷില്ലിംഗിനെ ഇ.എസ്.പി.എന്‍ ശാസിച്ചുവെങ്കിലും, ഇസ് ലാമോഫോബിക് മനോഭാവത്തിന് വിത്തിടുന്ന, അതിനെ ശക്തിപ്പെടുത്തുന്ന സ്‌പോര്‍ട്‌സ് മാര്‍ക്കറ്റിംഗിന്റെ (സാമ്പത്തികം, ബ്രാന്‍ഡിംഗ്) സൈനികവല്‍ക്കരണം നാം ഗൗരവത്തിലെടുക്കേണ്ടതുണ്ട്. അമേരിക്കന്‍ സ്‌പോര്‍ട്‌സിനെ സ്‌നേഹിക്കുകയും, അതിന് വേണ്ടി സമ്പത്ത് ചെലവഴിക്കുകയും ചെയ്യുന്ന മില്ല്യന്‍ കണക്കിന് വരുന്ന മുസ്‌ലിംകളെ സംബന്ധിച്ചിടത്തോളം, ആര്‍ക്കു വേണ്ടിയാണ് ആര്‍പ്പു വിളിക്കേണ്ടതെന്ന് തീരുമാനിക്കുന്നതും, സ്വന്തം ടീമും ശത്രുടീമും ഏതെന്ന് തിരിച്ചറിയുന്നതും വളരെ പ്രയാസകരമായ സംഗതികളാണ്.

വിവ: ഇര്‍ഷാദ് കാളാച്ചാല്‍

Related Articles