Current Date

Search
Close this search box.
Search
Close this search box.

രാജ്യം വില്‍ക്കപ്പെടുകയാണോ?

republic-pared.jpg

1950 ജനുവരി 26-നാണ് ഇന്ത്യയുടെ ഭരണഘടന നിലവില്‍ വരികയും, ഒരു പരമാധികാര സ്വതന്ത്രരാഷ്ട്രമായി ഇന്ത്യ ലോകഭൂപടത്തിലേക്ക് കാലെടുത്തു വെക്കുകയും ചെയ്തത്. അന്നു മുതല്‍ക്ക് ജനുവരി 26 റിപ്പബ്ലിക് ദിനമായി ആചരിച്ചു വരുന്നു, നമ്മുടെ പരമാധികാര ലബ്ദിയുടെ ആഘോഷം. പരേഡിന്റെ ഭാഗമായി വിവിധ സംസ്ഥാനങ്ങളുടെയും വകുപ്പുകളുടെയും വര്‍ണശബളമായ ടാബ്ലോകള്‍ ഉണ്ടാവാറുണ്ട്. പക്ഷെ പ്രധാനമായും സൈനികശക്തി വിളിച്ചോതുന്ന പ്രദര്‍ശന-പ്രകടനങ്ങള്‍ക്കാണ് ആഘോഷ പരിപാടികളില്‍ ആധിപത്യമുള്ളത് എന്ന് കാണാന്‍ കഴിയും. സൂക്ഷ്മമായി പരിശോധിക്കുകയാണെങ്കില്‍, 1991-ല്‍ നവസാമ്പത്തിക നയങ്ങളുടെ സ്വീകരണത്തിന് ശേഷമാണ് – രാഷ്ട്രത്തിന്റെ സാമ്പത്തിക പരമാധികാരം ഇവിടുത്തെ ഭരണവര്‍ഗം അടിയറവെച്ചതിന് ശേഷമാണിത് – റിപ്പബ്ലിക് ദിനാഘോഷ പരിപാടികള്‍ കൂടുതല്‍ അത്യാഢംബരപൂര്‍ണ്ണമായത് എന്ന് മനസ്സിലാക്കാന്‍ സാധിക്കും. കഴിഞ്ഞ മൂന്ന് ദശാബ്ദ കാലത്തിനിടെ, സാമ്പത്തിക പരമാധികാരത്തിന്റെ കൂടെ രാഷ്ട്രത്തിന്റെ രാഷ്ട്രീയ പരമാധികാരവും അടിയറവെക്കപ്പെട്ടതോടു കൂടി രാജ്പഥിലെ അത്യാഢംബരപൂര്‍ണ്ണമായ റിപ്പബ്ലിക് ദിനാഘോഷം അതിന്റെ പരകോടിയിലെത്തി.

ഇത്തരത്തിലുള്ള പ്രകടാനാത്മക ആഘോഷങ്ങളുടെ പൂര്‍ണ്ണതക്കൊപ്പമാണോ നമ്മുടെ പരമാധികാരവും അതിന്റെ പൂര്‍ണ്ണതയിലെത്തിയത് എന്നതാണ് ചോദ്യം. ഭരണവര്‍ഗങ്ങള്‍ ഭരണകൂടത്തെ പരമാധികാരത്തിന്റെ ആണിക്കല്ലായ ഭരണഘടനാതത്വങ്ങളില്‍ നിന്നും മാറ്റി, ലോകബാങ്ക്, ഇന്റര്‍നാഷണല്‍ മോണിറ്ററി ഫണ്ട്, വേള്‍ഡ് ട്രേഡ് ഓര്‍ഗനൈസേഷന്‍ തുടങ്ങിയ ആഗോള മൂലധന വ്യവസ്ഥിതിയുടെ നിയോലിബറല്‍ സ്ഥാപനങ്ങളുടെ നുകത്തില്‍ കെട്ടിയിട്ടതായി  നവഉദാരവാദത്തിന്റെ ആഗമനത്തോടൊപ്പം എടുക്കപ്പെട്ട തീരുമാനങ്ങളിലൂടെ ഒന്ന് വേഗത്തില്‍ കണ്ണോടിച്ചാല്‍ നമുക്ക് വ്യക്തമായി മനസ്സിലാകും. ദേശീയ, അന്താരാഷ്ട്രീയ കോര്‍പറേറ്റ് ഹൗസുകളുടെയും, ബഹുരാഷ്ട്രാ കമ്പനികളുടെയും താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്നതിന് വേണ്ടി ആഗോള മൂലധന സാമ്പത്തിക സ്ഥാപനങ്ങളുടെ ആജ്ഞകള്‍ പ്രകാരം എടുക്കപ്പെട്ട തീരുമാനങ്ങളും, ഉടമ്പടികളുമാണവ. കഴിഞ്ഞ 70 വര്‍ഷക്കാലം ഭരിച്ച സര്‍ക്കാറുകള്‍ ഒന്നും ചെയ്തില്ലെന്ന് വാദിക്കുന്ന നിലവിലെ ഭരണനേതൃത്വം, കേവലം രണ്ടര വര്‍ഷം കൊണ്ടാണ് രാജ്യത്തിന്റെ പരമാധികാരം തീറെഴുതി കൊടുത്തത്. എന്താണ് സ്വാതന്ത്ര്യം എന്നതിനെ കുറിച്ചോ, രാജ്യത്തിന് സ്വാതന്ത്ര്യം നേടികൊടുക്കാന്‍ ജീവന്‍ ത്യജിച്ചവരെ കുറിച്ചോ അവര്‍ക്ക് യാതൊന്നും തന്നെ അറിയില്ല. അതുകൊണ്ടു തന്നെ രാജ്യത്തിന്റെ പരമാധികാരം കുത്തകള്‍ക്ക് അടിയറവെക്കുന്നതില്‍ അവര്‍ക്ക് യാതൊരു മനസാക്ഷികുത്തും ഉണ്ടാവാന്‍ പോവുന്നില്ല. നരസിംഹറാവുവിന്റെയും, മന്‍മോഹന്‍ സിംഗിന്റെയും, സോണിയ ഗാന്ധിയുടെയും പ്രശ്‌നം ഇതുതന്നൊയിരുന്നു. അതുകൊണ്ടാണ് രാജ്യത്തിന് സ്വാതന്ത്ര്യം നേടി തരുന്നതില്‍ സുപ്രധാന പങ്ക് വഹിച്ച ഒരു പാര്‍ട്ടിയെ, രാജ്യത്തിന്റെ സ്വാതന്ത്ര്യം പണയം വെച്ച പാര്‍ട്ടിയാക്കി അവര്‍ മാറ്റിയത്.

സൈനിക ശക്തിയെ രാഷ്ട്രത്തിന്റെ പരമാധികാരത്തിന്റെ പ്രതീകമായാണ് ഭരണവര്‍ഗം അവതരിപ്പിക്കുന്നത്. പക്ഷെ അതൊരു ശുദ്ധ നുണയാണ്. കാരണം ഇന്ന് പ്രതിരോധ മേഖലയില്‍ 100 ശതമാനം നേരിട്ടുള്ള വിദേശ നിക്ഷേപമാണ്. നമ്മുടെ പ്രതിരോധ സംവിധാനങ്ങളില്‍ ഇടപെടാന്‍ അമേരിക്കക്ക് ഇളവ് അനുവദിച്ച് കൊടുക്കുകയും ചെയ്തിട്ടുണ്ട്. സര്‍ക്കാറുകള്‍, പ്രത്യേകിച്ച് ഇപ്പോഴത്തെ സര്‍ക്കാര്‍, ജനങ്ങളെ വഴിതെറ്റിക്കാനായി ഭ്രാന്തമായ ദേശീയതാ വികാരം സന്ദര്‍ഭമനുസരിച്ച് ഇളക്കി വിടുന്നു. ഈ ഉന്മാദ ദേശീയത തലച്ചോറിനെ ബാധിച്ച് കഴിഞ്ഞാല്‍ പിന്നെ, ഭരണകൂടം പരമാധികാരത്തെ ഒറ്റുകൊടുക്കുന്നതോ, അല്ലെങ്കില്‍ രാഷ്ട്രം വിറ്റുതുലക്കുന്നതോ ജനങ്ങള്‍ക്ക് കാണാനോ മനസ്സിലാക്കാനോ സാധിക്കില്ല. പാകിസ്ഥാന്‍ എന്ന അയല്‍രാജ്യത്തിനെതിരെയാണ് എല്ലായ്‌പ്പോഴും ദേശീയതാ വികാരം ഇളക്കിവിടപ്പെടാറുള്ളത്. പാകിസ്ഥാനെ തോല്‍പ്പിക്കാനുള്ള എല്ലാ അനിവാര്യ വിഭവങ്ങളും എല്ലായ്‌പ്പോഴും ഇന്ത്യയുടെ പക്കലുണ്ട്. ഇന്ത്യയുടേതെന്ന് ഇന്ത്യന്‍ ഭരണവര്‍ഗം പറയുന്ന ഏതാനും ആയിരം ചതുരശ്ര കിലോമീറ്റര്‍ അതിര്‍ത്തി പ്രദേശം ഇന്ന് ചൈനയുടെ അധീനതയിലാണുള്ളത്. പക്ഷെ ഈ ചൈനീസ് അധിനിവേശത്തിനെതിരെ ഇന്ത്യന്‍ ഭരണവര്‍ഗങ്ങള്‍ ഒരിക്കല്‍ പോലും ദേശീയതാവികാരത്തെ ഇളക്കിവിടുകയോ, സൈനിക പരിഹാരത്തിന് ശ്രമിക്കുകയോ ചെയ്തിട്ടില്ല. പരമാധികാരം നഷ്ടപ്പെട്ടതിന്റെ ഫലമായാണ് പൗരസമൂഹവും, സാധാരണജനങ്ങളും കാഴ്ച്ചക്കാരായി നില്‍ക്കുന്ന, ഭരണവര്‍ഗങ്ങള്‍ നേതൃത്വം നല്‍കുന്ന ഒരു ചടങ്ങായി റിപ്പബ്ലിക്ക് ദിനത്തിലെ നയനമനോഹര പരേഡ് മാറിയത്. രാഷ്ട്രത്തിന്റെ പരമാധികാരത്തിന് മേല്‍ നവഉദാരവാദത്തിന്റെ കുരുക്ക് കൂടുതല്‍ കൂടുതല്‍ മുറുകും തോറും, ഈ പ്രദര്‍ശന-പ്രകടനങ്ങള്‍ കൂടുതല്‍ കൂടുതല്‍ അത്യാഢംബരപൂരിതമാകും. ഉന്മാദ ദേശീയത കൂടുതല്‍ ഉന്മാദമായി തീരും.

വളരെയധികം പ്രയാസകരവും, വേദനാജനകവുമാണ് ഈ അവസ്ഥ. പക്ഷെ, ഒരുപാട് കാലത്തെ പോരാട്ടത്തിലൂടെ നേടിയെടുത്ത നമ്മുടെ പരമാധികാരത്തെ രക്ഷിച്ചെടുക്കാനും, ശക്തിപ്പെടുത്താനുമുള്ള ഒരു അവസരവും ഇവിടെയുണ്ട്. പ്രത്യേകിച്ച് യുവതലമുറക്ക്. ഒരു അധികാര സ്വരത്തിനും വിധേയപ്പെടാത്ത ഇന്ത്യയുടെ യുവതലമുറ. സാമ്പത്തികവും, സാമൂഹികവും, വിദ്യാഭ്യാസപരവുമായ അധികാര ഇടങ്ങള്‍ ഇവിടെയുണ്ട്. ഈ മൂന്ന് ഇടങ്ങളിലും, വിദ്യാസമ്പന്നരും, അര്‍ദ്ധവിദ്യാസമ്പന്നരും, നിരക്ഷരരുമായ തൊഴില്‍ രഹിതരുടെ ഒരു വലിയ വിഭാഗം തന്നെയുണ്ട്. ദേശത്തെ കുറിച്ചും, തങ്ങളുടെ ഇടത്തെ കുറിച്ചുമൊക്കെ വ്യത്യസ്തമായ കാഴ്ച്ചപ്പാടുകളാണ് യുവതലമുറക്കുള്ളത്. രാഷ്ട്രത്തിന്റെ പരമാധികാരത്തിന് മേലുള്ള നവഉദാരവാദ ആക്രമണത്തെ കുറിച്ച് അവര്‍ക്കെല്ലാം ഒരേ അഭിപ്രായം തന്നെ ഉണ്ടായിരിക്കണമെന്ന് നിര്‍ബന്ധവുമില്ല. ഭൂരിഭാഗവും, ഇന്ത്യ ഒരു വന്‍ശക്തിയായി മാറണമെന്ന് ആഗ്രഹിക്കുന്നവരാണ്. ചിലര്‍ ഇന്ത്യ ഇപ്പോള്‍ തന്നെ വന്‍ശക്തിയാണെന്ന് വിശ്വസിക്കുന്നു.

പരമാധികാരം അടിയറ വെച്ച ഒരു രാഷ്ട്രത്തിന് ഒരിക്കലും വന്‍ശക്തിയാവാന്‍ കഴിയില്ലെന്ന് യുവതലമുറ മനനസ്സിലാക്കണം. ഭാവിയിലെ റിപ്പബ്ലിക് ദിനപരേഡുകളില്‍ വന്‍കിട സ്വകാര്യ കമ്പനികളുടെ പ്രകടന-പ്രദര്‍ശനങ്ങളും ഉണ്ടാകും. നേരത്തെ സൂചിപ്പിച്ച പ്രതിരോധ മേഖലയിലെ 100 ശതമാനം വിദേശ/സ്വകാര്യ നിക്ഷേപത്തിനും പരേഡില്‍ ഇടമുണ്ടാവും. ഈ രാഷ്ട്രത്തിന്റെ ഒരു പങ്ക് അവര്‍ക്കും വേണ്ടി വരില്ലെ? അതോ പരമാധികാര ഇന്ത്യയുടെ നേതൃത്വം ഏല്‍പ്പിക്കപ്പെട്ടവര്‍ തങ്ങളുടെ ഉത്തരവാദിത്തം യഥാവിധി നിറവേറ്റുമോ? രാജ്യത്തെ യുവതലമുറ തയ്യാറായെങ്കില്‍ മാത്രമേ നഷ്ടപ്പെട്ടു കൊണ്ടിരിക്കുന്ന നമ്മുടെ പരമാധികാരത്തെ സംരക്ഷിക്കാന്‍ സാധിക്കുകയുള്ളു.
(ഡല്‍ഹി സര്‍വകലാശാല ഹിന്ദി പ്രൊഫസറാണ് ഡോ. പ്രേം സിങ്)

വിവ: ഇര്‍ഷാദ് കാളാചാല്‍

Related Articles