Current Date

Search
Close this search box.
Search
Close this search box.

യുപി തെരെഞ്ഞെടുപ്പും മോദിയുടെ മുസ്‌ലിം സ്ത്രീ സ്‌നേഹവും

modilkdjfkld.jpg

ദ്വിരാഷ്ട്ര സിദ്ധാന്തത്തിലും ജാതിവ്യവസ്ഥയിലും അസമത്വത്തിലും ന്യൂനപക്ഷങ്ങളോടുള്ള, പ്രത്യേകിച്ചും മുസ്‌ലിംകളോടും ക്രിസ്ത്യാനികളോടുമുള്ള വിരോധത്തിലും വിശ്വസിക്കുന്ന ഹിന്ദുത്വ രാഷ്ട്രീയത്തോട് നരേന്ദ്ര ദാമോദര്‍ദാസ് മോദിക്കുള്ള കടപ്പാടില്‍ സംശയമൊന്നുമില്ല. ബി.ജെ.പി നേതാവായി രാഷ്ട്രീയത്തില്‍ ചേര്‍ന്നാല്‍ അദ്ദേഹത്തിന്റെ കാഴ്ച്ചപാടില്‍ മാറ്റം വരുമെന്നാണ് ചിലരെല്ലാം പ്രതീക്ഷിക്കുന്നത്. അത്തരം പ്രതീക്ഷകളൊക്കെ ഉപേക്ഷിക്കാന്‍ സമയമായിരിക്കുന്നു. 2013ല്‍ ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ താനൊരു ഹിന്ദു ദേശീയവാദിയാണെന്ന് റോയിട്ടേഴ്‌സിന് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം തന്നെ പ്രഖ്യാപിച്ചിട്ടുള്ളതാണ്. ആ പ്രയോഗത്തെ കുറിച്ച് ശരിക്ക് മനസ്സിലാക്കാതെയാണ് മോദി അതുപയോഗിച്ചതെന്ന് ബുദ്ധിശൂന്യര്‍ മാത്രമേ പറയൂ. എല്ലാ മതങ്ങളിലും വിശ്വസിച്ചിരുന്ന ആളുകള്‍ ഒറ്റക്കെട്ടായി നിലകൊണ്ടിരുന്ന സ്വാതന്ത്ര്യസമര പ്രസ്ഥാനത്തെ എതിര്‍ത്തുകൊണ്ടാണ് സ്വാതന്ത്ര്യസമര കാലത്ത് ഹിന്ദു ദേശീയതയും അതിന്റെ മുസ്‌ലിം വകഭേദങ്ങളും രൂപപ്പെട്ടത്. ബ്രിട്ടീഷ് ഭരണാധികാരികളുടെ സഹകാരികളായി ഹിന്ദു ദേശീയവാദികളും മുസ്‌ലിം ദേശീയവാദികളും ഉണ്ടായിരുന്നു എന്നതും ശ്രദ്ധേയമാണ്. 1948ല്‍ ഗാന്ധിയെ കൊന്ന ഹിന്ദുത്വ ഭീകരവാദികള്‍ പോലും സ്വയം വിശേഷിപ്പിച്ചിരുന്നത് ‘ഹിന്ദു ദേശീയവാദികള്‍’ എന്നായിരുന്നു.

ആര്‍.എസ്.എസിന്റെ മുതിര്‍ന്ന പ്രചാരകായ മോദിക്ക് പ്രധാനമന്ത്രിയായതു കൊണ്ട് പ്രത്യേക മാറ്റമൊന്നും ഉണ്ടായിട്ടില്ല. മുസ്‌ലിംകളടക്കമുള്ള മുഴുവന്‍ ഇന്ത്യക്കാരുടെയും പ്രധാനമന്ത്രിയായി കണക്കാക്കപ്പെടുന്ന അദ്ദേഹം അങ്ങേയറ്റത്തെ മുസ്‌ലിം വിരോധമാണ് വെച്ചുപുലര്‍ത്തുന്നത്. അവരെ ഒന്നടങ്കം തരംതാഴ്ത്താനുള്ള ഒരവസരവും അദ്ദേഹം പാഴാക്കാറില്ല. ഉത്തര്‍പ്രദേശിലെ മഹോബ നഗരത്തിലേതാണ് അതില്‍ ഏറ്റവും പുതിയത്. വിശാലമായ ബുന്ദേല്‍ഖണ്ഡ് പ്രദേശത്തെ നഗരമാണ് മഹോബ. ഉത്തര്‍പ്രദേശിലെ 8 ജില്ലകളടക്കം 13 ജില്ലകളടങ്ങിയ പ്രദേശമാണ് ബുന്ദേല്‍ഖണ്ഡ്. ഉത്തര്‍പ്രദേശിലെ ഏറ്റവുമധികം ദലിതര്‍ അധിവസിക്കുന്ന, ഉത്തര്‍പ്രദേശ് മാനദണ്ഡങ്ങള്‍ പ്രകാരമുള്ള ഏറ്റവും ദരിദ്രമായ പ്രദേശമാണത്.

വരള്‍ച്ചയും ദാരിദ്ര്യവും ചൂഷണവും ജാതിയുടെ പേരിലുള്ള പീഡനങ്ങളും കര്‍ഷക ആത്മഹത്യകളും പട്ടിണിയില്‍ നിന്ന് രക്ഷതേടിയുള്ള പലായനങ്ങളും അവിടെ സാധാരണ സംഭവങ്ങളാണ്. കഴിഞ്ഞ വര്‍ഷം അവിടെ 40നും 50നും ഇടയില്‍ ആളുകള്‍ സ്വയം ജീവനൊടുക്കിയിട്ടുണ്ടെന്നാണ് ഔദ്യോഗിക കണക്കുകള്‍. എന്നാല്‍ യഥാര്‍ഥ സഖ്യ അതിന്റെ പത്തിരട്ടിയോളം വരുമെന്ന് പ്രാദേശികമായ കണക്കുകള്‍ വ്യക്തമാക്കുന്നു. ഐ.ഐ.ടി പ്രൊഫസര്‍ സ്ഥാനം രാജിവെച്ച് കര്‍ഷകര്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന പ്രകാശ് പറയുന്നു, ”ഇവിടത്തേത്ത് പ്രകൃത്യാലുള്ള വരള്‍ച്ചയല്ല, മനുഷ്യര്‍ തന്നെ ഉണ്ടാക്കിയിട്ടുള്ളതാണ്. കാടുകളും കുന്നുകളും അടക്കമുള്ള പ്രദേശത്തിന്റെ വിഭവങ്ങള്‍ ശിക്ഷിക്കപ്പെടുമെന്ന യാതൊരു ഭയവുമില്ലാതെ കവര്‍ന്നെടുക്കപ്പെടുകയാണ്. ഈ നില തുടര്‍ന്നാല്‍ അടുത്ത് തന്നെ ബുന്ദേല്‍ഖണ്ഡ് ഒരു വലിയ മരുഭൂമിയായി മാറും.” കൊമ്പന്‍ സ്രാവുകളും അവരുടെ ഏജന്റുമാരും പ്രദേശത്തെ കുടുംബങ്ങളെ പാപ്പരാക്കിയിരിക്കുന്നു.

ഇന്ത്യയില്‍ കര്‍ഷകരെ സംബന്ധിച്ചടത്തോളം ഏറ്റവും മോശപ്പെട്ട പ്രദേശമായിട്ടാണ് സാമൂഹിക ശാസ്ത്രജ്ഞര്‍ പ്രദേശത്തെ കണക്കാക്കുന്നത്. ബുന്ദേല്‍ഖണ്ഡിലെ ഏഴ് ഉത്തര്‍ പ്രദേശ് ജില്ലകളില്‍ മാര്‍ച്ച് 1നും ഏപ്രില്‍ 23നും (2016) ഇടയില്‍ 217 കര്‍ഷകര്‍ ആത്മഹത്യ ചെയ്യുകയോ ആഘാതം താങ്ങാനാവാതെ മരണപ്പെടുകയോ ചെയ്തിട്ടുണ്ടെന്നാണ് ദാരിദ്ര്യ-മനുഷ്യാവകാശ രംഗത്ത് പ്രവര്‍ത്തിക്കുന്ന ആക്ഷന്‍ എയ്ഡ് എന്ന എന്‍.ജി.ഒ വ്യക്തമാക്കുന്നത്. കഴിഞ്ഞ വര്‍ഷങ്ങളില്‍ ബുന്ദേല്‍ഖണ്ഡില്‍ നിന്നും 18 ലക്ഷത്തോളം ആളുകള്‍ പലായനം ചെയ്തിട്ടുണ്ടെന്നാണ് ആക്ടിവിസ്റ്റായ സഞ്ജയ് സിങ് പറയുന്നത്. 2003ന് ശേഷം 3500 കര്‍ഷകര്‍ പ്രദേശത്ത് ആത്മഹത്യ ചെയ്തിട്ടുണ്ട്. ഈ വര്‍ഷം ഇപ്പോള്‍ തന്നെ 174 പേര്‍ ജീവനൊടുക്കിയിട്ടുണ്ടെന്നും അദ്ദേഹം പറയുന്നു.

പ്രദേശത്തെ തകര്‍ക്കുന്നതിനെയും അവിടത്തെ ദാരിദ്ര്യത്തെയും സംബന്ധിച്ച സാമൂഹ്യ പ്രവര്‍ത്തകനായ യോഗേന്ദ്ര യാദവിന്റെ ശ്രദ്ധേയമായ റിപോര്‍ട്ട് ബുന്ദേല്‍ഖണ്ഡിനെ കുറിച്ച ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവിടുന്നത്. ബീഫും പശുവുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ കത്തിനിന്ന സമയത്ത് ബുന്ദേല്‍ഖണ്ഡിലെ കാലികളുടെ ദുരിതത്തെ കുറിച്ച് എല്ലാവരും മൗനം പാലിക്കുകയായിരുന്നു എന്നാണദ്ദേഹം പറയുന്നത്. അദ്ദേഹത്തിന്റെ കണ്ടെത്തലനുസരിച്ച് 2016 മേയില്‍ പ്രദേശത്തെ ബാധിച്ച വരള്‍ച്ചയില്‍ മൂന്ന് ലക്ഷത്തോളം കാലികള്‍ (അതിലേറെയും പശുക്കളായിരുന്നു) ചത്തുപോയിട്ടുണ്ട്.

2017ലെ ഉത്തര്‍പ്രദേശ് തെരെഞ്ഞെടുപ്പിന്റെ പ്രചാരണം മോദി ആരംഭിച്ചത് മഹോബയിലാണ്. പ്രദേശവുമായി ബന്ധപ്പെട്ട വരള്‍ച്ച, ദാരിദ്ര്യം, കര്‍ഷക ആത്മഹത്യ, ജാതിയുടെ പേരിലെ ആക്രമണങ്ങള്‍ തുടങ്ങിയ പ്രദേശത്തിന്റെ പ്രശ്‌നങ്ങളൊന്നും അദ്ദേഹം സ്പര്‍ശിച്ചില്ല. മുസ്‌ലിം സ്ത്രീയായിരുന്നു അദ്ദേഹത്തിന്റെ സംസാര വിഷയം. മുസ്‌ലിം സ്ത്രീയുടെ നീതിക്ക് വേണ്ടി നിലകൊള്ളുന്ന പോരാളിയായിട്ടാണ് അദ്ദേഹം അലറിയത്. മാതാവിന്റെ ഗര്‍ഭപാത്രത്തില്‍ കിടക്കുന്ന പെണ്‍കുട്ടിയെ ഒരു ഹിന്ദു കൊന്നാല്‍ അവന്‍ അഴിക്ക് പിന്നില്‍ പോവേണ്ടി വരും. ടെലഫോണിലൂടെ തലാഖ് എന്ന് മൂന്ന് വട്ടം പറഞ്ഞ് മുസ്‌ലിം സഹോദരിയുടെ ജീവിതം നശിപ്പിക്കുന്നതും അതുപോലെയാണെന്നാണ് അദ്ദേഹം പറഞ്ഞത്.

മുസ്‌ലിം സ്ത്രീകളോടുള്ള അദ്ദേഹത്തിന്റെ സ്‌നേഹം ആശ്ചര്യമുണ്ടാക്കുന്നതാണ്. ”മുസ്‌ലിം പെണ്‍കുട്ടികളുടെ ജീവിതം സംരക്ഷിക്കപ്പെടേണ്ടതല്ലേ? മുസ്‌ലിം അമ്മമാരും സഹോദരിമാരും സംരക്ഷിക്കപ്പെടേണ്ടതില്ലേ? മുസ്‌ലിം സഹോദരിമാര്‍ക്ക് തുല്യാവകാശം ലഭിക്കേണ്ടതില്ലേ? ചില മുസ്‌ലിം സഹോദരിമാര്‍ തങ്ങളുടെ അവകാശങ്ങള്‍ക്കായി കോടതിയില്‍ പോരാടേണ്ടി വരുന്നു. അതില്‍ ഇന്ത്യന്‍ ഭരണകൂടത്തിന്റെ നിലപാടെന്താണെന്ന് ഞങ്ങളോട് സുപ്രീം കോടതി ചോദിക്കുന്നു. അമ്മമാരോടും സഹോദരിമാരോടും ഒരു അനീതിയും കാണിക്കാന്‍ പാടില്ലെന്നും മതത്തിന്റെ പേരില്‍ ഒരു വിവേചനവും അനുവദിക്കുകയില്ലെന്നും വളരെ വ്യക്തമായി ഞങ്ങള്‍ മറുപടി നല്‍കി.” എന്നും അദ്ദേഹം തുടര്‍ന്ന് പറഞ്ഞിട്ടുണ്ട്.

മുത്വലാഖിനെ ഹിന്ദുക്കളും മുസ്‌ലിംകളും തമ്മിലുള്ള ഒരു പ്രശ്‌നമാക്കി മാറ്റരുതെന്നും മാധ്യമങ്ങളോട് അദ്ദേഹം പറഞ്ഞു. ദുഖകരമെന്ന് പറയട്ടെ മാധ്യമങ്ങള്‍ തെറ്റായി റിപോര്‍ട്ട് ചെയ്തില്ലെങ്കിലും ഹിന്ദുക്കളും മുസ്‌ലിംകളും തമ്മിലുള്ള ഒരു വിഷയമാക്കി അതിനെ മാറ്റാനാണ് നമ്മുടെ പ്രധാനമന്ത്രി യഥാര്‍ഥത്തില്‍ ശ്രമിച്ചത്. മുസ്‌ലിംകള്‍ നിയമത്തിനും അപ്പുറത്താണെന്ന് കാണിക്കാന്‍ മുത്വലാഖ് വിഷയവുമായി ഒരു ബന്ധവുമില്ലാത്ത ഒരു ഉദാഹരണമാണ് അദ്ദേഹം എടുത്തിട്ടത്. ‘മാതാവിന്റെ ഗര്‍ഭപാത്രത്തില്‍ കിടക്കുന്ന പെണ്‍കുട്ടിയെ ഒരു ഹിന്ദു കൊന്നാല്‍ അവന്‍ അഴിക്ക് പിന്നില്‍ പോവേണ്ടി വരും.’ എന്ന് പറഞ്ഞതിലൂടെ എന്താണ് അദ്ദേഹം ഉദ്ദേശിച്ചത്? മുത്വലാഖ് വിഷയവുമായി അതിനെന്ത് ബന്ധമാണുള്ളത്? ഭ്രൂണഹത്യയുടെ പേരില്‍ ഹിന്ദുക്കള്‍ മാത്രമാണ് നിയമനടപടിക്ക് വിധേയരാക്കപ്പെടുന്നത് മുസ്‌ലിംകള്‍ അങ്ങനെയല്ല എന്ന് ഹിന്ദുക്കള്‍ ഭൂരിപക്ഷമായ സദസിനോട് പറയാനല്ലേ അദ്ദേഹം ശ്രമിച്ചത്? ഭ്രൂണഹത്യയുടെ കാര്യത്തില്‍ ഹിന്ദുക്കള്‍ക്കും മുസ്‌ലിംകള്‍ക്കും വെവ്വേറെ നിയമങ്ങള്‍ ഇവിടെയുണ്ടോ? തീര്‍ച്ചയായും ഇല്ല, എന്നാല്‍ ഭ്രൂണഹത്യയുടെ പേരില്‍ പോലും ശിക്ഷിക്കപ്പെടാത്തവരായിട്ടാണ് അദ്ദേഹം മുസ്‌ലിംകളെ അവതരിപ്പിച്ചത്. ഈ സന്ദര്‍ഭത്തില്‍ മറ്റൊരു കാര്യം കൂടി സൂചിപ്പിക്കട്ടെ. 2011ലെ സെന്‍സസ് അനുസരിച്ച് മുസ്‌ലിംകള്‍ക്കിടയിലെ സ്ത്രീ പുരുഷ ആനുപാതം 1000 പുരുഷന്‍മാര്‍ക്ക് 951 സ്ത്രീയെന്നതാണ്. അതേസമയം ഹിന്ദുക്കള്‍ക്കിടയില്‍ അത് 939 സ്ത്രീകളാണ്. മുഴുവന്‍ മുസ്‌ലിംകളെ താറടിച്ചു കാണിക്കാനാണ് അദ്ദേഹം മുത്വലാഖിനെ ഭ്രൂണഹത്യയോട് സമീകരിക്കാന്‍ ശ്രമിച്ചത്.

ഇന്ത്യയിലെ മുസ്‌ലിം സ്ത്രീയുടെ അവസ്ഥ പരിതാപകരമല്ലെന്ന വാദം ആര്‍ക്കുമില്ല. എന്നാല്‍ മുസ്‌ലിം സ്ത്രീകള്‍ മാത്രമാണ് അങ്ങേയറ്റം പരിതാപകരമായ ഈ അവസ്ഥയിലുള്ളതെന്ന് പറയുന്നത് എത്രത്തോളം സത്യസന്ധമായിരിക്കും. മതമോ സംസ്‌കാരമോ ജാതിയോ പ്രദേശമോ മാറിയാലും സ്ത്രീയുടെ അവസ്ഥക്ക് മാറ്റം വരുന്നില്ലെന്നതാണ് വസ്തുത. ഇസ്‌ലാം നീതിയും സമത്വവുമാണെന്ന ഇസ്‌ലാമിന്റെ കൊടിവാഹകരുടെ വാദം ശരിയാണ്. എന്നാല്‍ സമത്വം പലപ്പോഴും സ്ത്രീകളുടെ കാര്യത്തില്‍ വേണ്ടത്ര പരിഗണിക്കപ്പെടാതെ പുരുഷന്‍മാരില്‍ പരിമിതപ്പെടുന്നതാണ് കാണുന്നത്. സുന്നി മുസ്‌ലിംകള്‍ക്കിടയിലെ വളരെ ചെറിയ ഒരു വിഭാഗം മാത്രമേ മുത്വലാഖ് അനുഷ്ടിക്കുന്നുള്ളൂ എന്നതും പ്രമുഖ പണ്ഡിതന്‍മാരടക്കമുള്ള നിരവധി മുസ്‌ലിം നേതാക്കളും സംഘടനകളും ഹീനമായ ഈ നടപടിയെ തള്ളിപ്പറഞ്ഞിട്ടുണ്ട് എന്നതും എല്ലാവരെയും ഉള്‍ക്കൊള്ളുന്ന ഒരു ജനാധിപത്യ രാജ്യത്തിന്റെ പ്രധാനമന്ത്രി എന്ന നിലയില്‍ മോദി മനസ്സിലാക്കേണ്ടതുണ്ട്. മുസ്‌ലിം സ്ത്രീകളുടെ അവകാശങ്ങളെ ചൊല്ലിയുള്ള ചര്‍ച്ചകള്‍ക്ക് നമ്മുടെ സ്വാതന്ത്ര്യത്തോളം പഴക്കമുണ്ട്. അവയെ വെല്ലുവിളിച്ച് മുസ്‌ലിം സ്ത്രീകള്‍ കോടതിയ സമീപിച്ചിട്ടുമുണ്ട്. മുത്വലാഖിന്റെ പേരില്‍ മുഴുവന്‍ മുസ്‌ലിംകളെയും കരിവാരിത്തേക്കാനുള്ള ശ്രമം ഹിന്ദുത്വ തന്ത്രമല്ലാതെ മറ്റൊന്നുമല്ല. നമ്മുടെ ജനാധിപത്യ മതേതര ഘടനയുടെ ആരോഗ്യത്തിനത് ദോഷം ചെയ്യുകയും ചെയ്യും.

വരാനിരിക്കുന്ന ഉത്തര്‍പ്രദേശ് തെരെഞ്ഞെടുപ്പില്‍ ആര്‍.എസ്.എസിന്റെയും ബി.ജെ.പിയുടെയും ധ്രുവീകരണ നയം മനസ്സിലാക്കാന്‍ അത്ര പ്രയാസമൊന്നുമില്ല. രാമക്ഷേത്രം, ഗര്‍ വാപസി, ലൗ ജിഹാദ്, ഗോ മാതാവ് തുടങ്ങിയ വിഷയങ്ങളിലെല്ലാം ആവശ്യത്തിലേറെ ചര്‍വിതചര്‍വണങ്ങള്‍ നടന്നിരിക്കുന്നു. ഹിന്ദു വോട്ടുകള്‍ ഏകീകരിക്കാന്‍ പുതിയ വിഷയങ്ങള്‍ ആവശ്യമായിരിക്കുകയാണ്. മോദിയും കൂട്ടാളികളും മുത്വലാഖ് വിഷയത്തെ ധ്രുവീകരണത്തിനാണ് ഉപയോഗിക്കുന്നത്. മുത്വലാഖിനെ ഇസ്‌ലാമിനോട് സമീകരിക്കുന്ന പുരുഷ മേധാവിത്വ മനസ്സിനുടമകളായ മുസ്‌ലിം പുരോഹിതന്‍മാര്‍ ഹിന്ദുത്വ ശക്തികളെ സഹായിക്കുകയാണെന്നതില്‍ സംശയമില്ല.

മുസ്‌ലിം സ്ത്രീകളെ മാത്രം പരിഗണിക്കുന്നതിന് പകരം എല്ലാ മതങ്ങളിലെയും സ്ത്രീകളെ പരിഗണിക്കുകയായിരുന്നു പ്രധാനമന്ത്ര മോദി ചെയ്യേണ്ടത്. സ്വാമി രാം സുഖ്ദാസ് രചിച്ച് ഗീത പ്രസ് പ്രസിദ്ധീകരിച്ച, ആര്‍.എസ്.എസ് പുസ്തകശാലകളില്‍ ലഭ്യമായ How to Lead a Household Life (എങ്ങനെ ഗാര്‍ഹിക ജീവിതം നയിക്കാം) എന്ന പുസ്തകത്തെ കുറിച്ച് മുതിര്‍ന്ന ആര്‍.എസ്.എസ് പ്രചാരക് എന്ന നിലയില്‍ അദ്ദേഹത്തിന് അറിവുണ്ടാവും. ചോദ്യോത്തര രൂപത്തിലുള്ള പുസ്തകമാണത്. ‘ഭാര്യയെ അവളുടെ ഭര്‍ത്താവ് അടിക്കുകയും പ്രയാസപ്പെടുത്തുകയുമാണെങ്കില്‍ അവള്‍ എന്താണ് ചെയ്യേണ്ടത്?’ എന്ന ചോദ്യത്തിന് സ്വാമി രാംസുഖ്ദാസ് അടിക്കപ്പെട്ട ഭാര്യക്കും അവളുടെ രക്ഷിതാക്കള്‍ക്കും നല്‍കുന്ന വിലപ്പെട്ട ഉപദേശം ഇതാണ്: ”കഴിഞ്ഞ ജന്മത്തിലെ തന്റെ കടം വീട്ടുകയാണെന്നാണ് ഭാര്യ മനസ്സിലാക്കേണ്ടത്. അതിലൂടെ പാപങ്ങള്‍ നശിപ്പിക്കപ്പെട്ട് അവള്‍ ശുദ്ധീകരിക്കപ്പെടും. അവളുടെ രക്ഷിതാക്കള്‍ ഇതറിയുമ്പോള്‍ അവര്‍ക്ക് തങ്ങളുടെ വീട്ടിലേക്ക് അവളെ കൂട്ടികൊണ്ടു പോകാവുന്നതാണ്. കാരണം, ഇത്തരം മോശമായ പെരുമാറ്റം നേരിടാനല്ല അവര്‍ തങ്ങളുടെ മകളെ അയച്ചിട്ടുള്ളത്.” ആര്‍.എസ്.എസിന്റെ പുരുഷ ഘടകം ദേശീയ സന്നദ്ധ പ്രവര്‍ത്തകരുടെ കൂട്ടായ്മ എന്നര്‍ഥമുള്ള ‘രാഷ്ട്രീയ സ്വയംസേവക് സംഘ്’ എന്ന പേരിലറിയപ്പെടുമ്പോള്‍ അതിന്റെ തന്നെ വനിതാ വിഭാഗം വേലക്കാരികളുടെ ദേശീയ സമിതി എന്നര്‍ഥമുള്ള ‘രാഷ്ട്രീയ സേവികാ സമിതി’ എന്നാണ് അറിയപ്പെടുന്നത്. അതിനൊരു വിശദീകരണം പ്രധാനമന്ത്രി നല്‍കേണ്ടതുണ്ട്. വളരെ വ്യക്തമായ ലിംഗവിവേചനമാണത്. എപ്പോഴാണ് നമ്മുടെ പ്രധാനമന്ത്രി അതിനെ കുറിച്ച് സംസാരിക്കുക?

ഹിന്ദു സ്ത്രീകളെ ദലിതുകള്‍ക്കൊപ്പം മനുഷ്യരെക്കാള്‍ താണവരായി വിവരിക്കുന്ന മനുസ്മൃതി ഇന്ത്യയുടെ ഭരണഘടനയായി നടപ്പാക്കണമെന്ന വാദത്തോടുള്ള അദ്ദേഹത്തിന്റെ ആത്മാര്‍ഥത അദ്ദേഹം വിമര്‍ശനാത്മകമായി വിലയിരുത്തേണ്ടതുണ്ട്. ഇന്ത്യക്ക് വേണ്ടിയുള്ള ആര്‍.എസ്.എസിന്റെ ഈ ഭരണഘടനയിലെ ഒരു ശ്ലോകം ഇങ്ങനെയാണ്: ”ഇരവുപകല്‍ സ്ത്രീകള്‍ അവരുടെ പുരുഷന്‍മാരാല്‍ സ്വാധീനകളാക്കി വെക്കപ്പെടേണ്ടതാണ്. രൂപരസാദി വിഷയങ്ങളില്‍ ആസക്തകളായ അവരെ പുരുഷന്‍മാര്‍ തങ്ങള്‍ക്ക് അധീനകളാക്കി നിര്‍ത്തേണ്ടതാകുന്നു.” (ചാപ്റ്റര്‍ 9, ശ്ലോകം 2) ലിംഗനീതിയെന്നത് ഏതെങ്കിലും ഒരു വിഭാഗത്തിന്റെ മാത്രമല്ല പ്രശ്‌നമല്ലെന്നും എല്ലാതുറകളിലുമുള്ള സ്ത്രീകള്‍ ശാക്തീകരിക്കപ്പെടേണ്ടതുണ്ടെന്നും നമ്മുടെ പ്രധാനമന്ത്രി മനസ്സിലാക്കേണ്ടതുണ്ട്. യഥാര്‍ഥത്തില്‍ ഏറ്റവും വലിയ മതവിഭാഗത്തിലെ സ്ത്രീകളെ ശാക്തീകരിച്ച് മറ്റു സമുദായങ്ങള്‍ക്ക് മാതൃക കാണിക്കുകയാണ് വേണ്ടത്. അസഖ്യം മുസ്‌ലിം സ്ത്രീകള്‍ ബലാല്‍സംഗത്തിനിരയാക്കപ്പെടുകയും ജീവനോടെ കത്തിക്കപ്പെടുകയും ഗര്‍ഭിണികളായ സ്ത്രീകളെ അവരുടെ ഉദരത്തിലുള്ള ഗര്‍ഭസ്ഥ ശിശുക്കളെയടക്കം കൊലപ്പെടുത്തുകയും ചെയ്ത 2002ലെ ഗുജറാത്ത് കലാപം രാജ്യം മറക്കണമെന്നാണ് മോദി ആഗ്രഹിക്കുന്നത്. ന്യൂനപക്ഷങ്ങള്‍ക്ക് നേര്‍ക്കുള്ള ഹിന്ദുത്വ അജണ്ടകള്‍ നടപ്പാക്കുന്ന ആളായിട്ടല്ല, ഇന്ത്യയുടെ പ്രധാനമന്ത്രിയായിട്ടാണ് അദ്ദേഹം പെരുമാറേണ്ടത്.
(ഡല്‍ഹി യൂണിവേഴ്‌സിറ്റിയിലെ റിട്ടയേര്‍ഡ് പ്രൊഫസറാണ് ലേഖകന്‍)

കടപ്പാട്: countercurrents.org
വിവ: നസീഫ്‌

Related Articles