Current Date

Search
Close this search box.
Search
Close this search box.

യുനെസ്‌കോക്കെതിരെ വാളെടുക്കുന്നവര്‍

Aqsa-masjid.jpg

യുനെസ്‌കോയുടെ ഫലസ്തീന്‍ ഇസ്രയേല്‍ വിഷയത്തിലുള്ള പ്രമേയം പൂര്‍ണമായി വായിച്ച ശേഷമായിരുന്നോ ഇറ്റാലിയന്‍ പ്രധാനമന്ത്രി മാറ്റിയോ റെന്‍സി അതിനെതിരെ പൊട്ടിത്തെറിച്ചത്? ‘ഇതില്‍ തെറ്റുപറ്റിയിട്ടുണ്ടെന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്, സങ്കല്‍പിക്കാന്‍ പോലും സാധ്യമല്ലാത്ത പ്രമേയമാണിത്.’ എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ”ഇസ്രയേലിനെ ആക്രമിക്കുകയെന്ന ഉദ്ദേശ്യത്തോടെയുള്ള ഐക്യരാഷ്ട്രസഭയിലെയും യുനെസ്‌കോയിലെയും ഈ പ്രമേയങ്ങളുമായി മുന്നോട്ടു പോവാന്‍ സാധ്യമല്ല. ഞെട്ടലുണ്ടാക്കുന്ന കാര്യമാണിത്. ഈ നിലപാട് (അദ്ദേഹത്തിന്റെ രാജ്യത്തിന്റെ വിട്ടുനില്‍ക്കല്‍) അവസാനിപ്പിക്കാന്‍ ഞാന്‍ കല്‍പിച്ചിട്ടുണ്ട്. മറ്റ് യൂറോപ്യന്‍ രാജ്യങ്ങളുടെ നിലപാട് ഞങ്ങളുടേതില്‍ നിന്ന് വ്യത്യസ്തമാണെങ്കിലും ശരി.” എന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.

അധിനിവിഷ്ട കിഴക്കന്‍ ജറൂസലേമിലെ ഇസ്രയേലിന്റെ ലംഘനങ്ങളെ അപലപിച്ചു കൊണ്ടുള്ള പ്രമേയത്തില്‍ ഒക്ടോബര്‍ 12ന് വോട്ടെടുപ്പ് നടന്നപ്പോള്‍ റെന്‍സിയുടെ രാജ്യം വിട്ടുനില്‍ക്കുകയായിരുന്നു ചെയ്തത്. ഈ തീരുമാനം റോമിലെ ഇസ്രയേല്‍ അംബാസഡര്‍ ഓഫര്‍ സാകിനെ ചൊടിപ്പിച്ചു. വിട്ടുനിന്നതിനെതിരെ പ്രതിഷേധിക്കാന്‍ ഇറ്റലിയിലെ ജൂത സമൂഹത്തെ അദ്ദേഹം ഇളക്കിവിടുകയും ചെയ്തു.

പ്രമേയത്തിന്റെ സ്വഭാവം ശരിയായി മനസ്സിലാക്കാതെയാണ് റെന്‍സി നിയന്ത്രണം വിട്ടത്. ഇസ്രയേലിന്റെ പച്ചയായ അന്താരാഷ്ട്ര നിയമ ലംഘനത്തെ അപലപിക്കുകയും അധിനിവിഷ്ട നഗരത്തിലെ ഫലസ്തീന്‍ സംസ്‌കാരത്തെ മാനിക്കണമെന്ന് ഇസ്രയേലിനോട് ആവശ്യപ്പെടുകയുമാണ് അതില്‍ ചെയ്യുന്നത്. യഥാര്‍ഥത്തില്‍ യുനെസ്‌കോ ചരിത്ര സാംസ്‌കാരിക പൈതൃകങ്ങളെ സംരക്ഷിക്കുകയെന്ന അതിന്റെ ഉത്തരവാദിത്വം മാത്രമാണ് നിര്‍വഹിച്ചിട്ടുള്ളത്.

റെന്‍സിയുടെ പൊട്ടിത്തെറിക്കല്‍ നിരാശാജനകമാണ്. ഏറ്റവും ചുരുങ്ങിയത് യുനെസ്‌കോ പ്രമേയത്തെ കുറിച്ച് ഭാഗികമായ ധാരണ മാത്രമേ ഉണ്ടായിരുന്നുള്ളൂ എന്ന് പറയേണ്ടി വരും. ലോകത്തെ തന്നെ ശ്രദ്ധേയമായ സാംസ്‌കാരിക വേദി കഴിഞ്ഞ ഏപ്രിലിലും അതിന് മുമ്പും നിരന്തരം ആവര്‍ത്തിച്ച് ചര്‍ച്ച ചെയ്തിട്ടുള്ള വിഷയത്തെ കുറിച്ച് അദ്ദേഹത്തിന് ധാരണയില്ലായിരുന്നു എന്ന് വേണം മനസ്സിലാക്കാന്‍.

ബെന്യമിന്‍ നെതന്യാഹുവിനെ ഒരു മാര്‍ഗദര്‍ശിയായിട്ടാണ് റെന്‍സി കാണുന്നതെന്നത് ദുഖകരമാണ്. അന്താരാഷ്ട്ര നിയമങ്ങളെ കൊഞ്ഞനം കുത്തുകയും ഐക്യരാഷ്ട്രസഭ സെമിറ്റിക് വിരുദ്ധത കാണിക്കുന്നുവെന്ന് ആക്ഷേപമുയര്‍ത്തുകയും അതിന്റെ പ്രവര്‍ത്തനങ്ങളെ ‘അസംബന്ധ നാടകം’ എന്ന് പരിഹസിക്കുകയും ചെയ്ത അനഭിമതനായ ലോകനേതാവാണ് നെതന്യാഹു എന്ന വസ്തുതയെങ്കിലും പരിഗണിക്കപ്പെടേണ്ടതായിരുന്നു. യുനെസ്‌കോയുമായുള്ള ബന്ധം വിച്ഛേദിക്കുന്നതിന് മുമ്പ് പ്രമേയത്തോടുള്ള പ്രതികരണമായി നെതന്യാഹു പറഞ്ഞത് അതായിരുന്നല്ലോ. ഇറാന്‍ ആണവ ബോംബിനെ കുറിച്ച് 2012ല്‍ അദ്ദേഹം നടത്തിയ പരാമര്‍ശത്തിലേക്ക് ചേര്‍ത്തു കൊണ്ടുള്ള പ്രശസ്തമായ കാര്‍ട്ടൂണ്‍ പോലെ തമാശ നിറഞ്ഞതായിരുന്നു അദ്ദേഹം ഉപയോഗിച്ച ഭാഷ. ”ടെംപിള്‍ മൗണ്ടുമായും വെസ്റ്റേണ്‍ വാളുമായും ഇസ്രയേലിന് ഒരു ബന്ധവുമില്ലെന്ന് പറയുന്ന് ചൈനക്ക് വന്‍മതിലുമായി ഒരു ബന്ധവുമില്ലെന്ന് പറയുന്നത് പോലെയും ഈജിപ്തിന് പിരമിഡുകളുമായി ഒരു ബന്ധവുമില്ലെന്ന് പറയും പോലെയുമാണ്.”

റൂവന്‍ റിവ്‌ലിന്‍ അടക്കമുള്ള മറ്റ് ഇസ്രയേല്‍ നേതാക്കള്‍ അതിന് കോറസ് പാടുകയാണ് ചെയ്തത്. യുനെസ്‌കോക്ക് സംഭവിച്ച പ്രശ്‌നമായിട്ടാണ് അവരതിനെ വിശേഷിപ്പിച്ചത്. സാംസ്‌കാരിക മന്ത്രി മീരി റെഗവ് പ്രമേയത്തെ ‘ലജ്ജാകരവും സെമിറ്റിക് വിരുദ്ധവും’ എന്ന് മുദ്രകുത്തി. യാഥാര്‍ഥ്യം തിരിച്ചാണെങ്കിലും.

റെന്‍സി മാത്രമല്ല, അമേരിക്കയും ചില പാശ്ചാത്യ രാഷ്ട്രങ്ങളും അതിയായ രോഷമാണ് പ്രമേയത്തിനെതിരെ ഉയര്‍ത്തിയിട്ടുള്ളത്. കഴിഞ്ഞ കാലത്ത് നിരവധി പ്രമേയങ്ങളിലൂടെ ഐക്യരാഷ്ട്രസഭ ഉയര്‍ത്തിയിട്ടുള്ള നിലവിലെ സാഹചര്യം പോലും പരിഗണിക്കാതെയാണത്. പ്രമേയത്തെ ‘വിദ്വേഷം നിറഞ്ഞതും ഇസ്രയേല്‍ വിരുദ്ധവും’ എന്ന് വിശേഷിപ്പിച്ച് ചെക്ക് പാര്‍ലമെന്റ് അതിനെ അപലപിക്കാന്‍ വോട്ടെടുപ്പ് നടത്താന്‍ വരെ ചാടിപ്പുറപ്പെട്ടിരിക്കുന്നു.

ഞാന്‍ പലതവണ ആവര്‍ത്തിച്ച് ആ പ്രമേയം വാദിച്ചു. വിദ്വേഷപരമെന്ന് ഇസ്രയേലിന്റെ കൂട്ടുകാര്‍ മനസ്സിലാക്കാനുള്ള വല്ല സാധ്യതയും അതിലുണ്ടോ എന്നന്വേഷിച്ചിട്ട് അങ്ങനെയൊന്നും കണ്ടെത്താന്‍ എനിക്ക് സാധിച്ചില്ല. മുന്‍കഴിഞ്ഞ അന്താരാഷ്ട്ര കണ്‍വെന്‍ഷനുകളെയും പ്രമേയങ്ങളെയും അന്താരാഷ്ട്ര നിയമത്തെയും ആസ്പദിച്ചുള്ളതും ജനീവ കണ്‍വെന്‍ഷനുകള്‍ പ്രകാരം ഇസ്രയേലിനെ അധിനിവേശ ശക്തിയായ സൂചിപ്പിക്കുന്നതുമായിരുന്നു അതിലെ ഓരോ വരികളും. ഇറ്റലിയുടെയും ചെക്ക് റിപബ്ലിക്കിന്റെയും അമേരിക്കയുടെയും രോഷം തീര്‍ച്ചയായും തെറ്റായദിശയിലുള്ളതും രാഷ്ട്രീയ നാടകത്തിന്റെ ഭാഗവുമാണ്.

അതേസമയം സുപ്രധാനമായ വസ്തുത കൈകാര്യം ചെയ്യാന്‍ അവര്‍ വിസമ്മതിക്കുകയാണ്. അനധികൃതമായി അധിനിവേശം നടത്തിയ നഗരമെന്ന് അന്താരാഷ്ട്ര നിയമങ്ങള്‍ വിലയിരുത്തിയിട്ടുള്ള കിഴക്കന്‍ ജറൂസലേമിന്റെ മുസ്‌ലിം ക്രിസ്ത്യന്‍ പൈതൃകം തങ്ങളുടേതാക്കി മാറ്റാനാണ് ഇസ്രയേല്‍ ശ്രദ്ധാപൂര്‍വം പണിയെടുത്തു കൊണ്ടിരിക്കുന്നത്. മസ്ജിദില്‍ നമസ്‌കരിക്കാനെത്തുന്ന മുസ്‌ലിംകള്‍ക്ക് മേല്‍ ഇസ്രയേല്‍ പോലീസും സൈന്യവും നിയന്ത്രങ്ങള്‍ അടിച്ചേല്‍പ്പിക്കുന്നു. അതോടൊപ്പം മുസ്‌ലിംകള്‍ മൂന്നാമത്തെ വിശുദ്ധ ഭവനമായി കാണുന്ന മസ്ജിദിന്റെ താഴ്ഭാഗത്ത് അവിടെയുണ്ടായിരുന്നുവെന്ന് അവര്‍ വാദിക്കുന്ന ജൂതദേവാലയത്തിന്റെ പേരില്‍ ഖനനം നടത്തുന്നു. ഇസ്രയേല്‍ ഇത്തരം പ്രവര്‍ത്തനങ്ങള്‍ തുടര്‍ന്നു കൊണ്ടിരിക്കെ അതിനെതിരെ രംഗത്ത് വന്ന നിരവധി ഫലസ്തീനികള്‍ ഇസ്രയേല്‍ അധിനിവേശ ശക്തികളും തീവ്രജൂത സംഘങ്ങളും നടത്തിയ ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടിട്ടുണ്ട്. എങ്ങനെയായിരുന്നു യുനെസ്‌കോ അതിനോട് പ്രതികരിക്കേണ്ടിയിരുന്നത്?

2000 സെപ്റ്റംബര്‍ വരെ ജോര്‍ദാന്‍ ഔഖാഫിനായിരുന്നും മസ്ജിദുല്‍ അഖ്‌സക്ക് മേലുള്ള സവിശേഷ അധികാരം. ചരിത്രപരമായ ആ അവസ്ഥ നിലനിര്‍ത്തണമെന്നാണ് പ്രമേയത്തിലൂടെ യുനെസ്‌കോ ആഹ്വാനം ചെയ്തത്. അതിലുപരിയായി പുരാതന ഖുദ്‌സ് നഗരത്തിനും അതിന്റെ മതിലുകള്‍ക്കും മേല്‍ യുനെസ്‌കോ നിരീക്ഷണം ഏര്‍പ്പെടുത്തണമെന്ന അടിയന്തിര ആവശ്യത്തെ കുറിച്ചും അത് ഊന്നിപ്പറഞ്ഞു. ഇതിലെവിടെയാണ് ‘വിദ്വേഷം’? എവിടെയാണ് ‘സെമിറ്റിക് വിരുദ്ധത’?

അതിലുള്ള ഇസ്രയേലിന്റെ രോഷം നമുക്ക് അളക്കാവുന്നതാണ്. ഫലസ്തീനിയന്‍ അറബ് നഗരത്തില്‍ അമ്പത് വര്‍ഷത്തോളമായി അനധികൃത കുടിയേറ്റങ്ങളും കൂട്ടിചേര്‍ക്കലുകളും നടത്തിക്കൊണ്ടിരിക്കുന്നവരാണവര്‍. അതിന്റെ അറബ് പൈതൃകം മായ്ച്ചു കളഞ്ഞ് ജൂതന്‍മാരുടേത് മാത്രമാക്കാന്‍ സാധ്യമായതെല്ലാം അവര്‍ ചെയ്യുന്നുണ്ട്. ജറൂസലേം ഇസ്രയേലിന്റെ ‘ശാശ്വതവും അവിഭാജ്യവുമായ തലസ്ഥാനം’ ആണെന്നതാണ് അവരുടെ മുദ്രാവാക്യം തന്നെ.

അഞ്ച് പതിറ്റാണ്ടോളം നീണ്ട നിരന്തരമായ ശ്രമങ്ങള്‍ നടത്തിയിട്ടും യുനെസ്‌കോയോ ഐക്യരാഷ്ട്രസഭയുടെ സംവിധാനങ്ങളോ ഇസ്രയേലിന്റെ പ്രവര്‍ത്തനങ്ങളെ അംഗീകരിക്കാന്‍ തയ്യാറായിട്ടില്ലെന്ന് അവരെ രോഷം കൊള്ളിക്കുന്നത് സ്വാഭാവികമാണ്. 2011ല്‍ യുനെസ്‌കോ ഫലസ്തീന് അംഗത്വം നല്‍കിയപ്പോള്‍ അതിനെതിരെ കടുത്ത പ്രതിഷേധമാണ് ഇസ്രയേല്‍ ഉയര്‍ത്തിവിട്ടത്. അതിന്റെ ഫലമായി അമേരിക്ക യുനെസ്‌കോക്ക് നല്‍കുന്ന ഫണ്ട് വെട്ടിച്ചുരുക്കുക വരെ ചെയ്തു.

യുനെസ്‌കോയെ പിടിച്ചു കെട്ടുന്നതില്‍ ഇസ്രയേലും അമേരിക്കയും പരാജയപ്പെട്ടിരിക്കുന്നു എന്നാണ് ഇക്കഴിഞ്ഞ പ്രമേയം സൂചിപ്പിക്കുന്നത്. ഹറം അശ്ശരീഫ്, അല്‍അഖ്‌സ മോസ്ഖ് തുടങ്ങിയ അറബി പ്രയോഗങ്ങളാണ് ഇത്തവണ യുനെസ്‌കോ ഉപയോഗിച്ചിരിക്കുന്നത് എന്നത് ഇസ്രയേലിനെ കൂടുതല്‍ ചൊടിപ്പിച്ചു. ഈജിപ്തിലെ ഗീസ പിരമിഡിനെയും ചൈനയിലെ വന്‍മതിലിനെയും കുറിക്കുന്നതിനും സമാനമായ രീതിയില്‍ അവയുടെ യഥാര്‍ഥ പേരുകള്‍ തന്നയാണ് ഉപയോഗിച്ചിട്ടുള്ളത്. അതുകൊണ്ട് അതില്‍ സെമിറ്റിക് വിരുദ്ധതയൊന്നും കാണാനാവില്ല.

ഫലസ്തീന്‍ നഗരങ്ങളിലെയും ഗ്രാമങ്ങളിലെയും എല്ലാറ്റിന്റെയും അറബി പേരുകള്‍ക്ക് പകരം ഹീബ്രു പേരുകള്‍ നല്‍കല്‍ ഒരു ദൗത്യമായി തന്നെ ഇസ്രയേല്‍ കൊണ്ടു നടക്കുന്ന കാര്യമാണ്. അറബ് ക്രിസ്ത്യന്‍ മുസ്‌ലിം പ്രദേശങ്ങളെ ജൂതവല്‍കരിക്കുന്നതില്‍ കഴിഞ്ഞ വര്‍ഷങ്ങളില്‍ അവര്‍ ഏറെ മുന്നോട്ടു പോയിട്ടുണ്ട്. അതേ രീതി യുനെസ്‌കോയും സ്വീകരിക്കുമെന്ന തങ്ങളുടെ പ്രതീക്ഷക്ക് മങ്ങലേറ്റപ്പോഴാണ് അതിന്റെ പ്രവര്‍ത്തനം ‘അസംബന്ധ’മായി മാറിയത്.

യുനെസ്‌കോ പ്രമേയത്തെ മാനിച്ചാല്‍ മാത്രം പോരാ, പ്രായോഗികമായി അതിലെ നിര്‍ദേശങ്ങള്‍ നടപ്പാക്കുകയും വേണം. രണ്ട് പ്രബല മതവിഭാഗങ്ങളുടെ പവിത്ര പ്രദേശങ്ങളില്‍ ഉപരോധം ഏര്‍പ്പെടുത്താനും അവിടെ ആരാധനക്കെത്തുന്നവര്‍ക്ക് മേല്‍ നിയന്ത്രണം ഏര്‍പ്പെടുത്താനും അവരെ ആക്രമിക്കാനും അധിനിവേശകരായ ഇസ്രയേലിനെ ഒരിക്കലും അനുവദിക്കരുത്.

വിവ: നസീഫ്‌

Related Articles