Current Date

Search
Close this search box.
Search
Close this search box.

മുസ്‌ലിംകളുടെ ദേശസ്‌നേഹത്തെ സംശയിക്കുന്ന സര്‍ക്കുലര്‍

flag-muslim-up.jpg

കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ സ്വന്തം മണ്ഡലത്തിലെ ബാബ രാഗവ് ദാസ് മെഡിക്കല്‍ കോളേജില്‍ 60 തോളം പിഞ്ചുകുഞ്ഞുങ്ങള്‍ ഓക്‌സിജന്‍ ലഭ്യമല്ലാത്തതിനാല്‍ കൊല്ലപ്പെട്ട വാര്‍ത്ത പുറത്ത് വരുന്നത്. അന്നേ ദിവസം തന്നെയാണ് ഉത്തര്‍പ്രദേശിലെ എല്ലാ മദ്‌റസകളിലും സ്വാതന്ത്ര്യദിനം ആഘോഷിക്കണമെന്ന സര്‍ക്കുലര്‍ പുറപ്പെടുവിച്ച വാര്‍ത്തകളും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്  ചെയ്യുന്നത്. ഉത്തര്‍പ്രദേശ് മദ്‌റസ ശിക്ഷ പരിഷത് പുറത്തിറക്കിയ സര്‍ക്കുലറില്‍ യു.പിയിലെ വിവിധ ജില്ലകളിലുള്ള ന്യൂനപക്ഷ ക്ഷേമ ഓഫീസര്‍മാര്‍ മദ്‌റസകളില്‍ നടക്കുന്ന സ്വാതന്ത്ര്യദിനത്തില്‍ ഫോട്ടോകളും വീഡിയോകളും ശേഖരിക്കണം എന്നാണ് പറഞ്ഞിരിക്കുന്നത്. ത്രിവര്‍ണ പതാക ഉയര്‍ത്തല്‍, ദേശീയ ഗാനം ചൊല്ലല്‍ ഒപ്പം സ്വാതന്ത്ര്യ സമര സേനാനികള്‍ക്ക്. ആദരമര്‍പ്പിക്കാനും സാംസ്‌കാരിക പരിപാടികള്‍ സംഘടിപ്പിക്കാനും സര്‍ക്കുലറില്‍ നിര്‍ദേശം ഉണ്ട്. ഒറ്റ നോട്ടത്തില്‍ എന്താണ് ഇത്തരമൊരു നിര്‍ദേശത്തില്‍ അപാകത എന്ന് തോന്നിയേക്കാമെങ്കിലും നിര്‍ദേഷം അനുസരിക്കാത്ത മദ്‌റസകള്‍ക്ക് നേരെ നടപടി എടുക്കുമെന്ന് യു.പി ന്യൂനപക്ഷ കാര്യസഹമന്ത്രി ബല്‍ദേവ് സിംഗ് ഔലാഖ് മാധ്യമങ്ങളോട് പറയുകയുണ്ടായി. ആഘോഷം സംഘടിപ്പിക്കാത്ത മദ്‌റസകളെ അറിയാനാണ് വീഡിയോ പിടിക്കാന്‍ കൂടി നിര്‍ദേശിച്ചതെന്ന് അദ്ദേഹം വാര്‍ത്താ ഏജന്‌സിയായ പി.ടി.ഐയോട് വ്യക്തമാക്കുകയുണ്ടായി.

അതേ സമയം അഖിലേന്ത്യാ വ്യക്തി നിയമ ബോര്‍ഡ് അംഗം മൗലാന ഖാലിദ് റാഷിദ് ഫാറംഗി മഹല്ലി സര്‍ക്കുലറിനെ ചോദ്യം ചെയ്യുകയുണ്ടായി. മദ്‌റസകള്‍ക്ക് മാത്രമായിട്ടാണ് ഇത്തരമൊരു സര്‍ക്കുലര്‍ എങ്കില്‍ മുസ്‌ലിംകളുടെ ദേശഭക്തിയെ സംശയിക്കുന്നു എന്നല്ലേ അത് വ്യക്തമാക്കുന്നത് എന്നാണ് അദ്ദേഹത്തിന്റെ ചോദ്യം. അതേ സമയം വിവാദ സര്‍ക്കുലരിനെതിരായ എതിര്‍പ്പുകളെ തള്ളിക്കളഞ്ഞ ന്യൂനപക്ഷകാര്യ സഹമന്ത്രിയോട് മാധ്യമങ്ങള്‍ വിവാദ സര്‍ക്കുലര്‍ മദ്‌റസകള്‍ക്ക് മേല്‍ സമ്മര്‍ദം ചെലുത്തുന്ന ഒന്നല്ലേയെന്നും മദ്‌റസകളെ സ്ഥിരമായി നിരീക്ഷിക്കാനുള്ള മുന്നോടിയാണോ ഇത് എന്നൊക്കെ ചോദിക്കുകയുണ്ടായി. സര്‍ക്കാറിന്റെ ഫണ്ട് ഉപയോഗിച്ചാണ് മദ്‌റസകള്‍ പ്രവര്‍ത്തിക്കുന്നതെന്നും അത് കൊണ്ട് തന്നെ സര്‍ക്കാറില്‍ നിന്നും ഒരു സര്‍ക്കുുലര്‍ പുറപ്പെടുവിക്കപ്പെട്ടാല്‍ സ്വാതന്ത്ര്യ ദിനം ആഘോഷിക്കല്‍ മദ്‌റസകളുടെ ബാധ്യതയാണെന്നുമായിരുന്നു മന്ത്രിയുടെ പ്രതികരണം, വിദ്യാര്‍ഥികള്‍ സ്വാതന്ത്ര്യ സമര സേനാനികളുടെ ജീവിതത്തെ കുറിച്ച് അറിയണം എന്നും സ്‌കൂളുകളില്‍ മാത്രമല്ല മദ്‌റസകളിലെ സിലബസ്സിലും സ്വാതന്ത്ര്യ സമര സേനാനികളെ കുറിചുള്ള ഭാഗങ്ങള്‍ ഉള്‍പ്പെടുത്തണം എന്നും അദ്ദേഹം വ്യക്തമാക്കുകയുണ്ടായി.

മുമ്പ് ഭരിച്ചവരുടെത് പോലെ പ്രീണനമല്ല തങ്ങളുടെ വഴി എന്നും ദേശീയോദ്ഗ്രഥനമാണ് ഈ സര്‍ക്കുലര്‍ കൊണ്ട് ഉദ്ദേശിക്കുന്നത് എന്നും മന്ത്രി വ്യക്തമാക്കി. 1947 മുതല്‍ മദ്‌റസകളില്‍ ദേശീയ പതാക ഉയര്‍ത്തിയും ദേശീയ ഗാനം ആലപിച്ചും സ്വാതന്ത്ര്യ ദിനം ആഘോഷിക്കുന്നവരാണ് തങ്ങളെന്നും ഇപ്പോള്‍ മാത്രം ഇത്തരമൊരു ഉത്തരവിന്റെ പ്രസക്തി എന്താണെന്നുമാണ് മൗലാന ഖാലിദ് റാഷിദ് മഹല്ലി ചോദിക്കുന്നത്. ഇത്തരത്തില്‍ സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ വീഡിയോ എടുക്കല്‍ മദ്‌റസകളില്‍ മാത്രം പരിമിതപ്പെടുത്തിയതിനെയും സര്‍ക്കാറിന് കീഴില്‍ പ്രവര്‍ത്തിനക്കുന്ന സ്‌കൂളുകളിലേക്ക് ഇത്തരം ഒരു സര്‍ക്കുലര്‍ അയക്കാത്തത് എന്താണെന്നുമാണ് അദ്ദേഹത്തിന്റെ ചോദ്യം.

ഉത്തര്‍പ്രദേശ് മദ്‌റസ ശിക്ഷ പരിഷതിന് കീഴില്‍ ഏതാണ്ട് എണ്ണായിരത്തോളം മദ്‌റസകള്‍ ഉണ്ട്. അതില്‍ 560 മദ്‌റസകള്‍ പൂര്‍ണമായും സര്‍ക്കാര്‍ ചെലവിലാണ് പ്രവര്‍ത്തിക്കുന്നത്. 2015ല്‍ മദ്‌റസകളെ ആധുനികവല്‍ക്കരിക്കുക എന്ന് പ്രഖ്യാപിച്ചു കൊണ്ട് നൂറു കോടി രൂപ തങ്ങളുടെ കന്നി ബജറ്റില്‍ വകയിരുത്തിയ മോദി സര്‍ക്കാറിന്റെ പ്രഖ്യാപനത്തെ വക വെക്കാതെ ഭരണകൂടത്തിന് തങ്ങളുടെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടാന്‍ അനുവധിക്കാത്ത ദാറുല്‍ ഉലൂം ദയൂബന്ദിന്റെ തീരുമാനത്തെ ഇത്തരത്തിലുള്ള സര്‍ക്കുലറിനെ മുമ്പില്‍ വെച്ച് കൊണ്ട് വേണം വായിക്കാന്‍. മതകീയ വിജ്ഞാനങ്ങള്‍ക്കൊപപ്പം കണക്ക്, ഇംഗ്ലീഷ്, തുടങ്ങിയ ഭൗതിക വിജ്ഞാനങ്ങളും കൂടി മദ്‌റസകളില്‍ ഉള്‍പ്പെഇടുത്തണം എന്നതാണ് സര്‍ക്കാര്‍ സഹായത്തിനുള്ള നിബന്ധന. സാമ്പത്തികമായി തങ്ങള്‍ സ്വയം പര്യാപ്തരാണെന്നും സാമ്പത്തിക പരാധീനതയുള്ള മദ്‌റസകള്‍ക്ക് സര്‍ക്കാരിനെ സമീപിക്കാമെന്നും ദയൂബന്ദ് അന്ന് വ്യക്തമാക്കുകയുണ്ടായി. കാലങ്ങളായി ഭരണകൂടത്തിന്റെ യാതൊരു അടിച്ചേല്‍പ്പിക്കലും ഇല്ലാതെ സ്വാതന്ത്ര്യദിനം ആഘോഷിക്കുന്ന ഒരു സമൂഹത്തെ സംശയ ദൃഷ്ടിയില്‍ നിര്‍ത്തുന്നതാണ് ഉത്തര്‍പ്രദേശ് സര്‍ക്കാറിന്റെ വിവാദ സര്‍ക്കു ലര്‍. ഏതു തരം സ്വാതന്ത്ര്യ സമര സേനാനികളെ കുറിച്ചാണ് സര്‍ക്കാര്‍ പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന മദ്‌റസകളിലെ സിലബസ്സില്‍ പഠിപ്പിക്കേണ്ടി വരിക ചോദ്യം ഈയൊരു സന്ദര്‍ഭത്തില്‍ പ്രസക്തമാണ്. ഇന്ത്യയുടെ ഔദ്യോഗിക ചരിത്രം തന്നെ മാറ്റി മറിക്കുകയും മുസ്‌ലിം പേരുള്ള സ്ഥലങ്ങളെ പുനര്‍നാമകരണം നടത്തുകയും മുസ്‌ലിം വിരുദ്ധമായ ഭാഗങ്ങള്‍ പല സ്‌റ്റേറ്റ് സിലബസ്സുകളുടെയും ഭാഗം ആവുകയും ചെയ്യുന്ന കാലത്ത് ഉത്തര്‍പ്രദേശ് ന്യൂനപക്ഷ കാര്യ സഹമന്ത്രിയുടെ പ്രസ്താവനയെ ആശങ്കയോടെ മാത്രമേ കാണാനാവൂ. മദ്‌റസ സിലബസ്സില്‍ കൈകടത്തുന്ന തരത്തില്‍ മോദിയുടെയും ആദിത്യനാഥിന്റെയും ഭരണകൂടം പ്രവര്‍ത്തിച്ചു തുടങ്ങുന്നുവെങ്കില്‍, ഭരണകൂടത്തിന് ഇഷ്ട്ടപ്പെടുന്ന നല്ല മുസ്‌ലിങ്ങളെ വാര്‍ത്തെടുക്കാനുള്ള ശ്രമമായിട്ട് കൂടി ഇവയെ കാണേണ്ടി വരും. സ്വാതന്ത്ര്യദിനം ആഘോഷിക്കുന്നതിനു പകരം ആരുടെ സ്വാതന്ത്ര്യം ആരുടെ ജനാധിപത്യം എന്നിങ്ങനെയുള്ള ചോദ്യങ്ങള്‍ ഉയര്‍ത്താനാകണം നമ്മുടെ സ്വാതന്ത്ര്യ ദിനങ്ങള്‍. അത്തരം ചോദ്യങ്ങള്‍ ഉയര്‍ത്താന്‍ പ്രേരിപ്പിക്കുന്നതാവണം നമ്മുടെ മദ്‌റസകളിലെ സിലബസ്സുകള്‍. ഈ നാടിന്റെ മോചനത്തിനു വേണ്ടി ജീവന്‍ ബലി നല്‍കിയ നിരവധി മുസ്‌ലിം നേതാക്കളുടെയും ഇസ്‌ലാമിക പണ്ഡിതരുടെയും ചരിത്രം ആവണം അത്തരം ചോദ്യങ്ങള്‍ ഉയര്‍ത്തുന്നതിന് നമുക്കുള്ള പ്രചോദനം.

Related Articles