Current Date

Search
Close this search box.
Search
Close this search box.

മുസ്‌ലിംകളില്ലാത്ത ലോകം; അള്‍ജിബ്രയും അനസ്‌തേഷ്യയുമില്ലാത്ത ലോകം

world-without-muslim.jpg

2001 ലെ വേള്‍ഡ് ട്രേഡ് സെന്റര്‍ അക്രമണത്തോടെ പടിഞ്ഞാറന്‍ രാജ്യങ്ങളില്‍ ശക്തിപ്പെട്ട ഇസ്‌ലാംഭീതി ഐ.എസിന്റ ആഗമനത്തോടെ കൂടുതല്‍ വ്യാപകമായി കൊണ്ടിരിക്കുകയാണ്. ഐ.എസ്സിന്റെ അംഗസംഖ്യ ലോക മുസ്‌ലിം ജനസംഖ്യയുടെ ന്യൂനാല്‍ ന്യൂനപക്ഷം മാത്രമാണെങ്കിലും (ഒരു കണക്കനുസരിച്ച മുസ്‌ലിം ജനസംഖ്യയുടെ 0.00625 ശതമാനം മാത്രമാണ് ഐ.എസില്‍ അംഗമായിട്ടുള്ളത്), ഈ ന്യൂനപക്ഷം ചെയ്യുന്ന അപരാധങ്ങള്‍ക്കെല്ലാം ലോകത്തെ മൊത്തം മുസ്‌ലിംകളും ഉത്തരവാദികളാണെന്നാണ് ഇസ്‌ലാം ഭീതിയുടെ വക്താക്കള്‍ പറഞ്ഞുകൊണ്ടിരിക്കുന്നത്.

വേള്‍ഡ് ട്രേഡ് അക്രമണത്തിന്റെ 15 ാം വാര്‍ഷികത്തിന് ഏതാനും ദിവസങ്ങള്‍ മാത്രം ശേഷിക്കവെ, സോഷ്യല്‍ നെറ്റ്‌വര്‍ക്കായ തംബ്ലറില്‍ (Tumblr) വന്ന ഒരു പോസ്റ്റും അതിന് ലഭിച്ച മറുപടിയും ഇപ്പോള്‍ സൈബര്‍ ലോകത്ത് വൈറല്‍ ആയിക്കൊണ്ടിരിക്കുകയാണ്. അംബരചുംബികളായി ഉയര്‍ന്ന് നിന്നിരുന്ന വേള്‍ഡ് ട്രേഡ് സെന്ററിന്റെ രണ്ട് ഗോപരുങ്ങളുടെയും ഫോട്ടോയും ഒപ്പം ‘മുസ്‌ലിംകളില്ലാത്ത ലോകം സങ്കല്‍പ്പിച്ചു നോക്കൂ’ എന്ന അടിക്കുറിപ്പും ആയിരുന്നു തംബ്ലറില്‍ വന്ന പോസ്റ്റ്. ഈ പോസ്റ്റിന് താഴെ ണവമുേമവേ എന്ന യൂസര്‍നെയിമുള്ള ഒരാള്‍ പരിഹാസ്യരൂപേണ നല്‍കിയ കമന്റാണ് ഇപ്പോള്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. ‘ശരി, മുസ്‌ലിംകളില്ലാത്ത ലോകം നമുക്ക് സങ്കല്‍പ്പിച്ചു നോക്കാം’ എന്ന് തുടങ്ങുന്ന കമന്റ് ശേഷം മാനവരാഷിക്കും മാനവിക നാഗരികതക്കും മുസ്‌ലിംകള്‍ ഇന്നോളം നല്‍കിയിട്ടുള്ള സംഭാവനകള്‍ അക്കമിട്ടു നിരത്തിയിരിക്കുന്നു. സോഷ്യല്‍ മീഡിയയില്‍ വൈറലായ ആ കമന്റിന്റെ പൂര്‍ണ രൂപം ഇങ്ങനെ:

ശരി, മുസ്‌ലിംകളില്ലാത്ത ലോകം നമുക്ക് സങ്കല്‍പ്പിച്ചു നോക്കാം, അല്ലേ?
മുസ്‌ലിംകളില്ലായിരുന്നുവെങ്കില്‍ ഇതൊന്നും നമുക്ക് ഉണ്ടാകുമായിരുന്നില്ല:
1. കോഫി
2. കാമറ
3. ചെസ്സ്
4. ഷാമ്പൂ
5. പെര്‍ഫ്യൂം
6. ജലസേചനം
7. യന്ത്രവല്‍കൃത തോക്ക്, മെഷീന്‍, വാള്‍വ്‌സ്
8. വാസ്തുവിദ്യയുടെ പുത്തന്‍ രീതികള്‍ (യൂറോപ്പിലെ ക്രിസ്ത്യന്‍ കത്ത്രീഡലുകള്‍ കെട്ടിടങ്ങള്‍ക്ക് ഉറപ്പ് കിട്ടാന്‍ വേണ്ടി ഈ വാസ്തുവിദ്യയാണ് കടം കൊണ്ടത്)
9. ശസ്ത്രക്രിയാ ഉപകരണങ്ങള്‍
10. അനസ്‌തേഷ്യ
11. കാറ്റാടി യന്ത്രം
12. വസൂരി രോഗത്തിനുള്ള കുത്തിമരുന്ന്
13. ഫൗന്റന്‍ പേന
14. നമ്പറിംഗ് സിസ്റ്റം
15. ബീജഗണിതം
16. രഹസ്യകോഡുകള്‍ ഉണ്ടാക്കുന്നതും അവ ഉപയോഗിച്ച് കാര്യങ്ങള്‍ മനസ്സിലാക്കുകയും ചെയ്യുന്ന കല (Modern Cryptology)
17. പളുങ്ക് ചില്ല്
18. കാര്‍പെറ്റ്
19. ആസ്വാദനത്തിനും ആത്മശാന്തിക്കും വേണ്ടി ഉദ്യാനങ്ങളും പൂന്തോട്ടങ്ങളും നിര്‍മ്മിക്കുന്ന രീതി
20. സര്‍വകലാശാലകള്‍
21. ദര്‍ശനശാസ്ത്രം
22. സംഗീതം
23. ടൂത്ത്‌പേസ്റ്റ്
24. ആശുപത്രികള്‍
25. കുളി
26. കോസടി
27. വടക്കുനോക്കി യന്ത്രം
28. പെന്‍ഡുലം
29. ബ്രൈല്‍ ലിപി
30. സൌന്ദര്യവര്‍ധക വസ്തുക്കള്‍
31. പ്ലാസ്റ്റിക് സര്‍ജറി
32. കാലിഗ്രഫി
33. വസ്ത്ര, പേപ്പര്‍ നിര്‍മാണം

ഗ്രീക്കുകാരില്‍ നിന്നും നാം മനസ്സിലാക്കി വെച്ചിരുന്ന, രശ്മികള്‍ നമ്മുടെ കണ്ണില്‍ നിന്നും പുറപ്പെടുകയാണെന്ന ധാരണ തിരുത്തി പ്രകാശം നമ്മുടെ കണ്ണില്‍ പ്രവേശിക്കുകയാണെന്ന ദര്‍ര്‍ശന ശാസ്ത്രത്തിലെ സുപ്രധാന വിവരം നമ്മെ പഠിപ്പിച്ചത് മുസ്‌ലിംകളാണ്. ഈ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് കാമറ കണ്ടുപിടിക്കുന്നത്.  

ക്രിസ്തു വര്‍ഷം 852 ല്‍ ആദ്യമായി പറക്കാനുള്ള ഉദ്യമം നടത്തുന്നത് ഒരു മുസ്‌ലിം ആയിരുന്നു. എന്നാല്‍ റൈറ്റ് സഹോദരന്മാര്‍ക്കാണ് അതിന്റെ അംഗീകാരം കിട്ടിയത്.

ജാബിറുബ്‌നു ഹയ്യാന്‍ എന്ന മുസ്‌ലിം ശാസ്ത്രജ്ഞനാണ് ആധുനിക രസതന്ത്രത്തിന്റെ പിതാവ്. ആല്‍ക്കമിയെ കെമിസ്ട്രിയിലേക്ക് പരിവര്‍ത്തിപ്പിച്ചത് അദ്ദേഹമാണ്. രസതന്ത്രത്തില്‍ ധാരാളം പുതിയ കണ്ടുപിടുത്തങ്ങള്‍ നടത്തിയ അദ്ദേഹമാണ് സള്‍ഫ്യൂറിക് ആസിഡും നൈട്രിക് ആസിഡും കണ്ടുപിടിച്ചത്.

അല്‍ ജസാഇരി എന്ന മുസ്‌ലിം ശാസ്ത്രജ്ഞനാണ് റോബോര്‍ട്ടുകളുടെ പിതാവ്. ഇംഗ്ലണ്ടിലെ പ്രശസ്തമായ ഹെന്റി വി (Henry V) കോട്ടാരത്തിന്റെ ശില്‍പി ഒരു മുസ്‌ലിം ആയിരുന്നു. തിമിര ചികിത്സക്ക് ഇന്നും ഉപയോഗിക്കുന്ന അകം പൊള്ളയായ നൂലുകള്‍ കണ്ടുപിടിച്ചതും ഒരു മുസ്‌ലിം ആയിരുന്നു.
വസൂരിക്കുള്ള കുത്തിവെപ്പ് കണ്ടുപിടിച്ചത് ജെന്നറോ, പാസ്റ്ററററോ അല്ല, മറിച്ച് ഒരു മുസ്‌ലിം ആയിരുന്നു. തുര്‍ക്കിയില്‍ നിന്നുമാണ് പടിഞ്ഞാണ് ഈ വിദ്യ കരഗതമാക്കിയത്.

ഗണിതശാസ്ത്രത്തിലെ പ്രധാന കണ്ടുപിടുത്തമായ ബീജഗണിതത്തിന്റെ ഉപജ്ഞാതാക്കളും മുസ്‌ലിംകള്‍ തന്നെ. ബീജഗണിതം മുസ്‌ലിംകള്‍ കണ്ടുപിടിച്ച് 300 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് പടിഞ്ഞാറും മറ്റും അത് അറിയുന്നത് തന്നെ. ഭൂമി ഉരുണ്ടതാണെന്ന് ഗലീലിയോ കണ്ടെത്തുന്നതിനും 500 വര്‍ഷം മുമ്പ് മുസ്‌ലിംകള്‍ അത് കണ്ടെത്തിയിരുന്നു. ഈ പട്ടിക ഇവിടെ അവസാനിക്കുന്നില്ല, അത് തുടരുകയാണ്…..

ഇനി നിങ്ങള്‍ മുസ്‌ലിംകളില്ലാത്ത ഒരു ലോകത്തെ കുറിച്ച് സങ്കല്‍പ്പിച്ചു നോക്കൂ. ഒരുപക്ഷെ നിങ്ങള്‍ ഉദ്ദേശിച്ചത് ഭീകരവാദികള്‍ ഇല്ലാത്ത ഒരു ലോകത്തെ കുറിച്ച് സങ്കല്‍പ്പിക്കാനായിരിക്കും. അങ്ങനെയെങ്കില്‍ ഞാനും അതംഗീകരിക്കുന്നു. അതിക്രമകാരികളായ ഈ മ്ലേച്ഛ വിഭാഗമില്ലാത്ത ഒരു ലോകം എന്തുകൊണ്ടും മെച്ചപ്പെട്ടതായിരിക്കും, തീര്‍ച്ച. എന്നാല്‍ ചുരുക്കം ചിലര്‍ ചെയ്യുന്ന അതിക്രമങ്ങള്‍ക്ക് ലോകത്തെ എല്ലാ മുസ്‌ലിംകളും ഉത്തരവാദികളാണെന്ന വാദം തീര്‍ത്തും വംശീയവും നിസ്സങ്കോചം തള്ളിക്കളയേണ്ടതുമാണ്. ഒക്‌ലഹോമയില്‍ അക്രമണം നടത്തിയ തിമോത്തിയും നോര്‍ വെയില്‍ കൂട്ടക്കൊല നടത്തിയ ബേവിക്കും ക്രിസ്ത്യാനിയും വെള്ളക്കാരുമായതിനാല്‍ എല്ലാ ക്രിസ്ത്യാനികളും തൊലിവെളുത്തവരും ഈ അക്രമണങ്ങളുടെ ഉത്തരവാദികളാണെന്ന് ആരും പറഞ്ഞിട്ടില്ല. യു.എസ് കോണ്ഗ്രസ് അംഗമായിരുന്ന ഗിഫോര്‍ഡ് അടക്കം ആറു പേരെ വധിക്കുകയും 12 പേര്‍ക്ക് പരിക്കേല്‍പ്പിക്കുകയും ചെയ്ത അക്രമണം നടത്തിയ വ്യക്തി വെള്ളക്കാരനും ക്രിസ്ത്യാനിയും ആയതിനാല്‍ അക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ലോകത്തെ മൊത്തം ക്രിസ്ത്യാനികളുടെയും വെള്ളക്കാരുടെയും മേല്‍ കെട്ടിവെച്ചിട്ടില്ല. ഈ സംഭവങ്ങളിലൊന്നും അവര്‍ക്കാര്‍ക്കും ഒരു പങ്കുമില്ലാത്തതിനാല്‍ അവരുടെ മേല്‍ അന്യായമായി ഉത്തരവാദിത്തം കെട്ടിവെക്കാത്തത് തന്നെയാണ് ശരിയും. അതുപോലെ തന്നെ ഏതാനും മുസ്‌ലിം നാമധാരികള്‍ നടത്തുന്ന അക്രമണത്തിന്റെ പേരില്‍ ലോകത്തെ 1.5 ബില്യണ് മുസ്‌ലിംകളെയും കുറ്റവാളികളും അതിന്റെ ഉത്തരവാദികളുമായി ചിത്രീകരിക്കാനും ആകില്ല.
(സോഷ്യല്‍ നെറ്റ് വര്‍ക്കില്‍ നിന്നുള്ള പോസ്റ്റ് ആയതിനാല്‍ ലേഖകന്റെ പേര്‍ ഇല്ല.)

അവലംബം: sabrangindia.in
വിവ: ജലീസ് കോഡൂര്‍

Related Articles