Current Date

Search
Close this search box.
Search
Close this search box.

മാംസബുക്കുകളെ വിരട്ടാതെ!

carnivore.jpg

നേപ്പാളില്‍ ഇന്ത്യയുടെ അതിര്‍ത്തിയോടു ചേര്‍ന്നുകിടക്കുന്ന ബരിയപ്പൂര്‍ എന്ന ഗ്രാമത്തില്‍ എല്ലാ അഞ്ചുവര്‍ഷം കൂടുമ്പോഴും നവംബര്‍ അവസാനം ഗാധിമായി എന്നപേരില്‍ ഒരുത്സവം നടക്കുന്നുണ്ട്. 10 ലക്ഷത്തോളം ആളുകള്‍ പങ്കെടുക്കുന്ന ഈ ഹൈന്ദവ ഉത്സവം വാര്‍ത്തയില്‍ ഇടംനേടാറുള്ളത് വമ്പന്‍ മൃഗബലിയുടെ പേരിലാണ്. ഇക്കുറിയും ഗാധിമായി ലോകത്ത് ചര്‍ച്ചയായി. ഗാധിമായി എന്ന ദൈവത്തെ പ്രീതിപ്പെടുത്താനായി 250000 മൃഗങ്ങളെയാണത്രേ ഇത്തവണയും ബലിയര്‍പ്പിച്ചത്. ഉത്സവ ചടങ്ങുകള്‍ ആരംഭിക്കുന്നത് ക്ഷേത്രത്തിനകത്ത് പക്ഷിമൃഗാദികളെ ബലി നല്‍കിക്കൊണ്ടാണ്. ആദ്യം രണ്ട് എലികള്‍, തുടര്‍ന്ന് രണ്ട് പ്രാവുകള്‍, പിന്നീട് ഒരു പന്നി, ഒരു ആട്, ഒടുവില്‍ ഒരു പൂവന്‍ കോഴി എന്നിങ്ങനെ ബലിനല്‍കുന്നതാണ് ക്ഷേത്രപാരമ്പര്യം. പ്രത്യേകം തയ്യാറാക്കിയ 250 ഭക്തന്മാരാണ് രണ്ടരലക്ഷത്തോളം മൃഗങ്ങളെ കഴുത്തു വെട്ടിക്കൊല്ലുന്നത്.

ഇന്ത്യയില്‍ ഹിമാചല്‍പ്രദേശിലെ ധാരാളം ക്ഷേത്രങ്ങളില്‍ ഗോബലി നടക്കുന്നുണ്ട്. ക്ഷേത്രപരിസങ്ങളില്‍, വിശിഷ്യ പശുപതി ക്ഷേത്രത്തില്‍ മൃഗബലി നടക്കുന്നതിനെതിരെ ഹൈക്കോടതി ഇടപെട്ട സംഭവവും ഈയിടെ അവിടെ ഉണ്ടായി. ചില സംസ്ഥാനങ്ങളില്‍ ഗോവധം നിരോധിക്കുകയും ഗോസംരക്ഷണ നിയമത്തിനുവേണ്ടി മുറവിളി ഉയരുകയും ചെയ്യുന്ന സാഹചര്യത്തില്‍ ഇത്തരം വാര്‍ത്തകള്‍ക്കു പ്രാധാന്യമുണ്ട്. ഹൈന്ദവ വിശ്വാസ പ്രകാരം പശു ഒരു വിശുദ്ധ മൃഗമായി ഒരു വിഭാഗം കരുതുമ്പോള്‍ തന്നെ, മറ്റു ചില ഹൈന്ദവ ഭക്തര്‍ അതിനെ ബലിനല്‍കുന്നത് പുണ്യകരമായി കാണുന്നു. ദളിതുകളും ആദിവാസികളും പിന്നോക്ക ജാതിക്കാരും പശുവിനെ ദൈവമായി കാണുന്നില്ലെന്ന് മാത്രമല്ല അവരുടെ ഭക്ഷണത്തില്‍ മാട്ടിറച്ചിക്ക് വലിയ സ്ഥാനവും നല്‍കുന്നു. അഥവാ സവര്‍ണ ബ്രാഹ്മണര്‍ മാത്രമാണ് സസ്യാഹാരത്തിനു പവിത്രത കല്പിക്കുന്നത്. രാജ്യത്തെ ബഹുഭൂരിഭാഗം ഹിന്ദുക്കളും സസ്യഭുക്കുകള്‍ അല്ലെന്നതാണ് വാസ്തവം. സസ്യഭുക്കുകള്‍ പരിശുദ്ധന്മാരും മാട്ടിറച്ചിയും മത്സ്യങ്ങളും ഭക്ഷിക്കുന്നവര്‍ ചണ്ഡാളരുമാണെന്നു വരുത്തിത്തീര്‍ക്കാന്‍ ബ്രാഹ്മണരാണ് ശ്രമിച്ചത്. സംഘപരിവാരം സസ്യാഹാരവാദത്തെയും ഗോസംരക്ഷണത്തെയും തങ്ങളുടെ ദേശീയവാദ ഹിന്ദുത്വ സാംസ്‌കാരികവല്‍ക്കരണ പരിപാടിയുടെ ഭാഗമായി ഏറ്റെടുക്കുകയും ചെയ്തു.

മാംസാഹാരികള്‍, പ്രത്യേകിച്ച് ബീഫ് കഴിക്കുന്നവര്‍ അശുദ്ധരാണെന്ന ഒരു പൊതുബോധം നന്നേ ചുരുങ്ങിയത് ഉത്തരേന്ത്യയിലെങ്കിലും ഇന്നും നിലനില്‍ക്കുന്നുണ്ട്. നമ്മുടെ ഔപചാരിക ദേശീയ ഭക്ഷണ മെനുവില്‍ ബീഫ് വരത്തനാണ് ഇന്നും!. എന്തിനു നമ്മുടെ കേരളത്തില്‍ പോലും പൊതുപരിപാടികളില്‍ (യുവജനോല്‍സവ ഊട്ടുപുരകള്‍ ഓര്‍ക്കുക) മാംസാഹാരത്തിന് അപ്രഖ്യാപിത വിലക്കുണ്ടല്ലോ. ഈ സസ്യാഹാര വിശുദ്ധി വിശ്വാസത്തിന്റെ രാഷ്ട്രീയം ഡോ. അംബേദ്കര്‍ നിശിതമായി തുറന്നുകാട്ടിയിട്ടുണ്ട്. പൗരാണിക ഇന്ത്യന്‍ ചരിത്രം ബുദ്ധിസവും ബ്രാഹ്മണിസവും തമ്മിലുള്ള പോരാട്ട ചരിത്രമാണ്. ബുദ്ധിസം എല്ലാ തരത്തിലുമുള്ള മൃഗബലിയെയും വിലക്കിയപ്പോള്‍ കൃഷിയെ ആശ്രയിച്ചു കഴിഞ്ഞിരുന്ന അന്നത്തെ സമൂഹത്തിനു അത് സ്വീകാര്യമായി. ബുദ്ധിസത്തിന്റെ പ്രചാരം കൂടുന്നു എന്ന് മനസ്സിലാക്കിയ ബ്രാഹ്മണര്‍, ബുദ്ധ മതത്തെ മറികടക്കാന്‍ വേണ്ടിയാണ് പശുവിനെ കൊല്ലാത്തവരും മാംസാഹാരം കഴിക്കാത്തവരുമായി മാറിയതെന്നു അംബേദ്കര്‍ എഴുതിയിട്ടുണ്ട്. സസ്യാഹാര വിശുദ്ധി വാദത്തിനെ ചോദ്യം ചെയ്തുകൊണ്ട് കഴിഞ്ഞ വര്‍ഷങ്ങളില്‍ രാജ്യത്തെ ചില സര്‍വകലാശാലകളില്‍ ദളിത് വിദ്യാര്‍ഥികള്‍ കൊണ്ടാടിയ ‘ബീഫ് ഫെസ്റ്റിവല്‍’ ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു.

മുസ്‌ലിംകള്‍ക്ക് മാട്ടിറച്ചി എന്തോ പുണ്യാഹാരമാണെന്ന ധാരണ ഇന്ത്യയില്‍ ചിലരെങ്കിലും പുലര്‍ത്തുന്നുണ്ട്. രാജ്യത്ത് ഗോവധ നിരോധം എന്ന ആവശ്യം സംഘികള്‍ ഇടയ്ക്കു ഉയര്‍ത്തുന്നത് തന്നെ മുസ്‌ലിംകളെ ഉദ്ദേശിച്ചാണ്. മാടുകളെ അറക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കങ്ങള്‍ ഇന്ത്യയില്‍ ഉണ്ടായ ഒട്ടേറെ വര്‍ഗീയ കലാപങ്ങള്‍ക്ക് കാരണമായിട്ടുണ്ട്. എന്നാല്‍ മാംസാഹാരത്തിന് പ്രത്യേക പുണ്യമോ സസ്യാഹാരത്തിന് അവിശുദ്ധിയോ ഇസ്‌ലാമില്‍ ഇല്ല. അത് വ്യക്തികളുടെ സ്വാതന്ത്ര്യം മാത്രമായി വിടുകയാണ് ഇസ്‌ലാം ചെയ്തത്. ലോകത്ത് ഏറ്റവും കൂടുതല്‍ മാട്ടിറച്ചി ഉപയോഗിക്കുന്നത് ക്രിസ്ത്യാനികളും ജൂത മതസ്ഥരുമാണ്. മാട്ടിറച്ചി ഏറ്റവും കൂടുതല്‍ കയറ്റിയയക്കുന്ന രാജ്യം ഒരു മുസ്‌ലിം രാജ്യമല്ല; ബ്രസീല്‍ ആണ്. മാട്ടിറച്ചി കയറ്റുമതിയില്‍ ബ്രസീല്‍ കഴിഞ്ഞാല്‍ യഥാക്രമം ഇന്ത്യ, ആസ്‌ത്രേലിയ, യു എസ്, യു കെ എന്നീ രാജ്യങ്ങളാണ് മുന്നിട്ടുനില്‍ക്കുന്നത്. മാത്രമല്ല, ഇന്ത്യയില്‍ മാട്ടിറച്ചി കയറ്റുമതിയില്‍ ഒന്നാം നിരയിലുള്ള ആറു വന്‍കിട സ്ഥാപനങ്ങളും ഹിന്ദുമത വിശ്വാസികളുടെതാണ്. മാട്ടിറച്ചി വ്യവസായ രംഗത്തെ ഇന്ത്യയിലെ വന്‍കിട കമ്പനികളായ അല്‍കബീര്‍ എക്‌സ്‌പോര്‍ട്‌സ്, അറേബ്യന്‍ എക്‌സ്‌പോര്‍ട്‌സ്, എം കെ ആര്‍ ഫ്രോസന്‍ ഫുഡ് എക്‌സ്‌പോര്‍ട്‌സ്, പി എം എല്‍ ഇന്‍ഡസ്ട്രീസ് എന്നിവ ഹിന്ദു വിശ്വാസികളായ വ്യവസായികളുടേതാണ്. മാട്ടിറച്ചിയുടെയും ഗോവധത്തിന്റെയും പേരില്‍ വിരട്ടാന്‍ വരുന്നവര്‍ ഈ വക കാര്യങ്ങളൊക്കെ മനസ്സിലാക്കിയിരിക്കുന്നത് നന്നായിരിക്കും!

കടപ്പാട്: kinalur.com

Related Articles