Current Date

Search
Close this search box.
Search
Close this search box.

മഹല്ലുകള്‍ക്ക് കീഴില്‍ പലിശരഹിത സംരംഭങ്ങള്‍ സ്ഥാപിക്കണം

interest.jpg

മഹല്ലുകളുടെ സാമ്പത്തികമായ വികസനത്തിനു സഹായകമാകുന്ന ഒന്നാണ് സമൂഹത്തില്‍ വളര്‍ന്നുകൊണ്ടിരിക്കുന്ന പലിശരഹിത സാമ്പത്തിക സംരംഭങ്ങള്‍. പരസ്പരാശ്രിതത്വത്തിന്റെയും ഊഷ്മള ബന്ധങ്ങളുടെയും അടിസ്ഥാനത്തിലായിരുന്നു മുന്‍ കാലങ്ങളില്‍ ഇടപാടുകള്‍ നടന്നിരുന്നത്. എന്നാല്‍ ഇത്തരം കൊടുക്കല്‍ വാങ്ങലുകളില്‍ ലാഭത്തിന്റെ കണക്കുകള്‍ പ്രലോഭിപ്പിക്കാന്‍ തുടങ്ങിയപ്പോഴാണ് കടത്തിനു പലിശ നിബന്ധനയായി മാറിയത്. സാധാരണക്കാരന്റെ കഴുത്തറുക്കുന്ന രൂപങ്ങളിലേക്ക് ഇന്നത് മാറുകയും ചെയ്തു. ദരിദ്രന്റെ നിസ്സഹായവസ്ഥയെ പലിശയുടെ നീരാളിക്കൈ വല്ലാതെ വരിഞ്ഞു മുറുക്കുമ്പോഴുള്ള ആശ്വാസ കേന്ദ്രങ്ങളാണ് ഇത്തരം സാമ്പത്തിക സംരംഭങ്ങള്‍. ഇത്തരം സംരംഭങ്ങള്‍ വളരെ വിജയകരമായാണ് മുന്നോട്ട് പോകുന്നതും നമുക്ക് കാണാവുന്നതാണ്.

നമ്മുടെ മഹല്ലുകളിലും ഈ രീതിയിലുള്ള പലിശ രഹിത സംരംഭങ്ങള്‍ നടപ്പാക്കുകയാണെങ്കില്‍ നിരവധി കുടുംബങ്ങള്‍ക്കത് വളരെയേറെ പ്രയോജനകരമായിരിക്കും. മാത്രമല്ല, പാരത്രിക പ്രതിഫലം നേടിത്തരാന്‍ കഴിയുന്ന ഒരു സല്‍ക്കര്‍മം കൂടിയാണ് സഹോദരന്റെ പ്രയാസത്തില്‍ അവനെ സഹായിക്കുക എന്ന കാര്യം. അതിനാല്‍ തന്നെ നമ്മുടെ പ്രാദേശികമായ വികസനത്തിനും പുരോഗതിക്കും ആവശ്യമായ ചെറിയ ചെറിയ പലിശരഹിത സംരംഭങ്ങള്‍ നാം തുടങ്ങേണ്ടിയിരിക്കുന്നു.

നമ്മുടെ മഹല്ലുകളുടെ പാതി സമൂഹമായ സ്ത്രീകളെയും ഉള്‍പ്പെടുത്തി സാമ്പത്തിക രംഗത്തും സ്വാശ്രയ രംഗത്തും ഉയര്‍ച്ച നേടാന്‍ നാം ശ്രമിക്കേണ്ടതുണ്ട്. സ്ത്രീകള്‍ക്കെതിരെയുള്ള ചൂഷണത്തിന്റെ മര്‍മം ഒരു പരിധിവരെ സാമ്പത്തികമാണ്. ദാരിദ്ര്യത്തിന്റെ നിസ്സഹായാവസ്ഥകളാണ് ഇവര്‍ ഇരകളാക്കപ്പെടുന്നതിന്റെ പ്രധാന കാരണം. സാമ്പത്തിക വളര്‍ച്ചയ്ക്ക് സഹായം നല്‍കേണ്ട മുഖ്യധാരാ സ്ഥാപനങ്ങള്‍ പലിശയെന്ന കെണിയും അവസാനിക്കാത്ത നിബന്ധനകളും വെച്ച് ഇവരുടെ മോഹങ്ങളെ വിരിയാന്‍ അനുവദിക്കുന്നുമില്ല.  കഷ്ടപ്പാടും പ്രയാസങ്ങളും കൊണ്ട് ബ്ലേഡുകാരന് അഭിമാനം പണയം വെക്കേണ്ടിവരുന്നവരാണ് കേരളത്തിലെ സാധാരണ സ്ത്രീകള്‍. ഇതിനൊക്കെ ഒരു പരിഹാരമായിക്കൊണ്ടും പ്രാദേശിക വികസനത്തിനു ഒരു പ്രതീക്ഷയേകിക്കൊണ്ടുമുള്ള ഒരു സംരംഭമാണ് മലപ്പുറം ജില്ലയിലെ മാറഞ്ചേരി ഗ്രാമപഞ്ചായത്തില്‍ പ്രവര്‍ത്തിക്കുന്ന ‘തണല്‍ വെല്‍ഫെയര്‍ സൊസൈറ്റി’. പ്രാദേശിക വികസനത്തിന് തനതായി എന്ത് സമര്‍പ്പിക്കാനാകും എന്ന അന്വേഷണത്തില്‍ നിന്ന് രൂപം കൊണ്ട ഈ കൂട്ടായ്മ, സാമ്പത്തിക പരാശ്രിതത്വം ഒഴിവാക്കി കുടുംബ ശാക്തീകരണം ത്വരിതപ്പെടുത്തണം എന്ന കാഴ്ചപ്പാടിലാണ് എത്തിച്ചേര്‍ന്നിരിക്കുന്നത്.

പ്രദേശത്തെ അഞ്ച് കോളനികളില്‍ നടത്തിയ പഠനത്തില്‍, പലിശക്കെണിയാണ് കുടുംബങ്ങളുടെ ദാരിദ്ര്യത്തിന്റെ അടിസ്ഥാനമെന്ന് തണല്‍ പ്രവര്‍ത്തകര്‍ കണ്ടെത്തിയിരുന്നു. അണ്ണാച്ചി പലിശക്കാരുടെയും നാടന്‍ മടിശ്ശീല ബ്ലേഡ് മുതലാളിമാരുടെയും തുടങ്ങി ബാങ്ക് വായ്പയുടെയും കെണികളില്‍വരെ അകപ്പെട്ടിരുന്നവരുടെ മോചനത്തിനും ദാരിദ്ര്യ നിര്‍മാര്‍ജനത്തിനും കുടുംബ ശാക്തീകരണമാണ് വഴിയെന്നും അത് സ്ത്രീകളിലൂടെ ഫലപ്രദമായി നിര്‍വഹിക്കാനുകുമെന്നും അവര്‍ മനസ്സിലാക്കി. ബ്ലേഡ് കൊളള പലിശയ്‌ക്കെതിരെ തണല്‍ പ്രവര്‍ത്തകര്‍ പ്രതിരോധം തീര്‍ത്തത് തികച്ചും പുതിയ രീതിയിലായിരുന്നു. പ്രദേശത്ത് 10 മുതല്‍ 30 വരെ സ്ത്രീകള്‍ ഉള്‍കൊള്ളുന്ന അയല്‍ക്കൂട്ടങ്ങള്‍ രൂപീകരിച്ചും അതില്‍ ദരിദ്രരെന്നോ ഇടത്തരക്കാരെന്നോ സമ്പന്നരെന്നോ ഭേദമില്ലാതെ അംഗങ്ങളെ ചേര്‍ത്തും തണല്‍ മുന്നോട്ട് പോയപ്പോള്‍ ഈ അയല്‍ക്കൂട്ടങ്ങളില്‍ പുതിയ സൗഹൃദങ്ങള്‍ നാമ്പിട്ടു. ഒരു വര്‍ഷം മുമ്പ് അഞ്ച് അയല്‍ക്കൂട്ടങ്ങളും അറുപതോളം അംഗങ്ങളുമായാണ് തണല്‍ പ്രവര്‍ത്തനം തുടങ്ങിയത്. ഇന്നത് 25 അയല്‍ക്കൂട്ടങ്ങളിലൂടെ എണ്ണൂറില്‍പരം അംഗങ്ങളായി വളര്‍ന്നിരിക്കുന്നു. പുതിയ അയല്‍ക്കൂട്ടങ്ങളുടെ രൂപീകരണവും അംഗത്വ വിതരണവും മനുഷ്യ വിഭവശേഷിയുടെ പരിമിതി കാരണം താല്‍ക്കാലികമായി നിര്‍ത്തിവെക്കേണ്ടിവന്നിരിക്കുന്നു.

പലിശരഹിത വായ്പയുടെ തണല്‍ മാതൃക
 
1. ലഘു നിക്ഷേപ പദ്ധതി
അയല്‍ക്കൂട്ടങ്ങളിലെ സ്ത്രീകളില്‍ സമ്പാദ്യശീലം വളര്‍ത്തുക എന്ന ലക്ഷ്യത്തോടെയാണ് തണല്‍ നിക്ഷേപ പദ്ധതി ആരംഭിച്ചത്. ആഴ്ചയില്‍ അയല്‍ക്കൂട്ടം അംഗങ്ങള്‍ക്ക് കുറഞ്ഞതോ കൂടിയതോ ആയ എത്ര തുകയും നിക്ഷേപിക്കാം. പല തുള്ളി പെരുവെള്ളം പോലെ കഴിഞ്ഞ ഒരു വര്‍ഷംമാത്രം ഈ വീട്ടമ്മമാര്‍ സ്വരുക്കൂട്ടിയത് മുപ്പത്തിരണ്ട് ലക്ഷത്തോളം രൂപയാണ്.
2. ഹ്രസ്വകാല വായ്പകള്‍
തണല്‍ അയല്‍ക്കൂട്ടം അംഗങ്ങള്‍ക്ക് പരസ്പര ജാമ്യത്തില്‍ അനുവദിക്കുന്ന വായ്പാപദ്ധതിയാണിത്. വായ്പക്ക് പലിശ നല്‍കേണ്ടതില്ല എന്നതാണ് ഏറ്റവും വലിയ പ്രത്യേകത. വായ്പ ലഭിക്കുന്നതിന് മറ്റ് കെട്ടുപാടുകളൊന്നുമില്ല. വായ്പ തിരിച്ചടവിന് നാല് മാസം കാലാവധിയുണ്ട്. തങ്ങളുടെ കുടുംബപരവും വ്യക്തിപരവുമായ ആവശ്യങ്ങള്‍ക്ക് ബ്ലേഡ് മുതലാളിമാരെ സമീപിച്ചിരുന്ന കുടുംബങ്ങള്‍ക്ക് ഏറെ ആശ്വാസകരമായ പദ്ധതിയാണിത്.
3. ദീര്‍ഘകാല വായ്പകള്‍
അയല്‍ക്കൂട്ടം അംഗങ്ങളുടെ നിക്ഷേപ തുകയുടെ ഇരട്ടിതുക ഒരുവര്‍ഷ കാലാവധിയില്‍ അതാത് പേര്‍ക്ക് വായ്പ നല്‍കുന്നു. ഇതും പലിശരഹിത വായ്പ തന്നെയാണ്. കുടുംബത്തിലെ സുപ്രധാന ആവശ്യങ്ങള്‍ക്ക് അയല്‍ക്കൂട്ടം അംഗങ്ങള്‍ ഈ വായ്പ ഉപയോഗപ്പെടുത്തുന്നു.
4. സ്വയം തൊഴില്‍ വായ്പകള്‍
അയല്‍ക്കൂട്ടം അംഗങ്ങള്‍ക്ക് താത്പര്യമുള്ള സ്വയംതൊഴില്‍ സംരംഭങ്ങള്‍ക്ക് വായ്പ നല്‍കുന്നു. തൊഴില്‍ സംരംഭത്തിന്റെ തെരഞ്ഞെടുപ്പ് പൂര്‍ണ്ണമായും ഗുണഭോക്താവിന്റെ അവകാശമാണ്. പരിശീലനം ആവശ്യമെങ്കില്‍ ‘തണല്‍’ നല്‍കുന്നു. ലാഭനഷ്ട പങ്കാളിത്തത്തോട് കൂടിയാണ് സംരംഭത്തില്‍ ‘തണല്‍’ പങ്കാളിത്തം വഹിക്കുന്നത്. വായ്പക്ക് പലിശ ഇല്ല എന്നത് സംരംഭകയുടെ സമ്മര്‍ദം കുറക്കുന്നു. സംരംഭത്തില്‍നിന്ന് ലഭിക്കുന്ന ലാഭത്തിന്റെ 10% തണലിന് നല്‍കുന്നു.

തണലിന്റെ തണല്‍ വഴി
തണല്‍ നല്‍കുന്ന വായ്പയുടെ തിരിച്ചടവ് 100%മാണ്. ഗുണ്ടാ, മാഫിയാ സമ്മര്‍ദങ്ങളോ ജപ്തി ഭീഷണികളോ ഇല്ലാതെ തന്നെ ഇത് സാധിക്കുന്നു എന്നത് ചെറിയ കാര്യമല്ല. പലിശ രഹിത വായ്പാ സമ്പ്രദായം കേരളത്തില്‍ പുതിയ കാര്യമല്ല. മുന്നൂറിലധികം പലിശ രഹിത വായ്പ സംഘങ്ങള്‍ കേരളത്തില്‍ പ്രവര്‍ത്തിച്ച് വരുന്നുണ്ട്. പക്ഷേ, പരമ്പരാഗത പലിശരഹിത വായ്പാസമ്പ്രദായങ്ങളില്‍ ഒതുക്കപ്പെടുമായിരുന്ന ഒരു പ്രവര്‍ത്തനത്തെ കാലത്തിന്റെയും പ്രദേശത്തിന്റെയും ആവശ്യാനുസരണം അഴിച്ചു പണിയുകയും പ്രയോഗവത്കരിക്കുകയും ചെയ്തു എന്നിടത്താണ് തണല്‍ മാതൃകയാകുന്നത്. തണലിന്റെ പ്രവര്‍ത്തനങ്ങള്‍ വായ്പാ വിതരണത്തില്‍ ഒതുങ്ങുന്നില്ല. മെഡിക്കല്‍ ക്യാമ്പ്, പ്രമേഹ രോഗ നിര്‍ണയ ക്യാമ്പ്, നേത്ര രോഗ നിര്‍ണ്ണയ ക്യാമ്പ്, രക്തദാന ഫോറം, കുടുംബ കൗണ്‍സലിംഗ്, ജൈവ കൃഷി പരിശീലനം തുടങ്ങിയ വിവിധങ്ങളായ പ്രവര്‍ത്തനങ്ങളാണ് തണല്‍ നടത്തിക്കൊണ്ടിരിക്കുന്നത്. നാലു വര്‍ഷം പിന്നിട്ട ഈ വേളയില്‍ തണല്‍ പുതിയ പദ്ധതികള്‍ മുന്നില്‍ കാണുന്നു.

ആത്മാര്‍ഥതയും സമര്‍പ്പണ ബോധവുമാണ് ഈ സംരംഭത്തിന്റെ പിന്നില്‍. തണലിന്റെ ഓഫീസ് പ്രവര്‍ത്തനംപോലും ഒരു സന്നദ്ധ സേവനമാണ്. തണല്‍ അയല്‍ക്കൂട്ടം കുടുംബങ്ങളും അതിലെ വിദ്യാര്‍ഥിനികളുമാണ് ആഴ്ചയില്‍ ഒരു ദിവസത്തെ തണലിന്റെ ഓഫീസ് പ്രവര്‍ത്തനം വ്യവസ്ഥാപിതമായി നടത്തുന്നത്. തണലിന്റെ സംഘാടകര്‍ ഇന്ന് അണിയറയിലെ കാഴ്ചക്കാര്‍ മാത്രം. ശാക്തീകരണം വാക്കുകളിലൂടെയല്ല പ്രവൃത്തിപഥത്തിലൂടെയാണ് നടപ്പിലാവുക എന്നതിന് ഇതുതന്നെ ഏറ്റവും വലിയ തെളിവ്. എ.അബ്ദുല്ലത്വീഫ് ചെയര്‍മാനും ടി. ഇബ്‌റാഹീംകുട്ടി സെക്രട്ടറിയുമായ ഭരണസമിതിയാണ് തണലിനെ നയിക്കുന്നത്.

Related Articles